ഡ്രൈവിങ് ഏറെ ആസ്വാദ്യകരമാണ് ഡീസൽ വാഹനങ്ങളിൽ. അതിനു കാരണം ഡീസൽ വാഹനങ്ങളുടെ എൻജിൻ നൽകുന്ന തുടക്കത്തിലെ കുതിപ്പാണ്. ഭാരത് സ്റ്റേജ് 6 മലിനീകരണനിയന്ത്രണ ചട്ടം നിലവിൽ വന്നപ്പോൾ പുതിയ ഡീസൽ വാഹനങ്ങൾ കുറഞ്ഞു. പ്രമുഖ വാഹനനിർമാതാക്കൾ ഡീസൽ മോഡലുകളെ കയ്യൊഴിഞ്ഞെങ്കിലും ഡ്രൈവിങ് ഇഷ്ടമുള്ളവർ ഇപ്പോഴും ഡീസൽ മോഡലുകളുടെയും ഇഷ്ടക്കാരാണ്.
ഡീസൽ മോഡലുകളുടെ പരിപാലനം
പെട്രോൾ വാഹനങ്ങളേക്കാൾ ചെലവേറിയതാണു ഡീസൽ വാഹന പരിപാലനം. പാർട്ടുകളുടെ വിലയും താരതമ്യേന കൂടുതലാണ്. അതുകൊണ്ടുതന്നെ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുകയും പരിപാലിക്കുകയും ചെയ്താൽ നമ്മുടെ കീശ ചോരില്ല.
ഒന്നാമതായി കൃത്യമായി സർവീസ് ചെയ്യിക്കുക. ഓരോ സർവീസ് ഇടവേളയ്ക്കും എത്ര കിലോമീറ്റർ ഓടണം /എ ത്ര വർഷമാകണം എന്നതു കമ്പനികൾ കണക്കാക്കിയിട്ടുണ്ട്. ഓരോ കമ്പനിക്കും ഈ കണക്കു വ്യത്യാസപ്പെട്ടിരിക്കും എങ്കിലും ഇതു പാലിക്കുക. വാഹനം ആ കണക്കിൽ പറഞ്ഞ കിലോമീറ്റർ ഓടിയില്ലല്ലോ. പിന്നെന്തിനാ സർവീസ് ചെയ്യുന്നത് എന്നു ചോദിക്കുന്ന ചിലരുണ്ട്. ദൂരം അധികമോടിയില്ലെങ്കിലും ഒരു നിശ്ചിത കാലമായാൽ വാഹനത്തിലെ ചില ഓയിലുകളുടെ സ്വഭാവം മാറും. അത് എൻജിന്റെ പ്രവർത്തനത്തെ ബാധിക്കും.
ആഴ്ചയിൽ ഒരിക്കലെങ്കിലും ഓയിൽ/ കൂളന്റ് ലെവലുകൾ സ്വയം പരിശോധിക്കുക. എന്തെങ്കിലും വ്യതിയാനം അനുഭവപ്പെട്ടാൽ സർവീസ് സെന്ററുകളെ ആശ്രയിക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പുതിയ ഡീസൽ വാഹനങ്ങളിൽ ചേർക്കേണ്ട ആഡ് ബ്ലൂ എന്ന പദാർഥമാണ്. കൃത്യമായ കാലയളവിൽതന്നെ ആഡ് ബ്ലൂ മാറ്റുകയോ റീഫിൽ ചെയ്യുകയോ വേണം.
ഇന്ധനക്ഷമത
ഡീസൽ വാഹനങ്ങളോടുള്ള പ്രിയത്തിന് ഒരു കാരണം കൂടിയ ഇന്ധനക്ഷമതയാണ്. പെട്രോൾ വാഹനത്തെക്കാൾ ‘മൈലേജ്’ കിട്ടും. ഡീസൽ വാഹനങ്ങളിൽ കമ്പനി പറയുന്ന ഇന്ധനക്ഷമത കിട്ടാൻ മിതവേഗത്തിൽ ഓടിക്കുക. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗമാണ് ഇന്ധനക്ഷമത കിട്ടാൻ നല്ലത് എന്നു വിദഗ്ധർ പറയുന്നു. കൂടുതൽ ആക്സിലറേഷൻ കുറവ് ഇന്ധനക്ഷമതയ്ക്കു കാരണമാകും. പെട്ടെന്നുള്ള ആക്സിലറേഷൻ, അമിത വേഗം എന്നിവ ഒഴിവാക്കുക.