Friday 10 May 2024 02:46 PM IST : By സ്വന്തം ലേഖകൻ

എഐ സൃഷ്ടിക്കും ‘സെക്സി’ ലുക്ക് ഫോട്ടോസ്, ചെന്നെത്തുന്നത് ഹണി ട്രാപുകാരുടെ കയ്യിൽ: തിരിച്ചറിയണം ഈ അപകടം

ai-danger

കാലചക്രം മുന്നോട്ടുരുണ്ട ശേഷമുള്ള ഈ രംഗം സങ്കൽപിച്ചു നോക്കിയാലോ? വർഷം 2050. ചായ കുടിക്കാൻ നിങ്ങളൊരു റെസ്റ്ററന്റിലേക്കു ചെല്ലുന്നു. പ്രധാനവാതിലിലെ സ്കാനർ കടക്കുമ്പോൾ തന്നെ അടുക്കളയിലെ കംപ്യൂട്ടറിൽ വിവരമെത്തും. സന്ദർഭമനുസരിച്ചു നിങ്ങളുടെ മുന്നിലെത്തിക്കേണ്ട മെനു മുതൽ മുൻപ് അവിടെ നിന്നു കഴിച്ച വിഭവങ്ങളുടെ ലിസ്റ്റും കുടിച്ച ചായയുടെ മധുരവും കടുപ്പവും വരെ അതിലുണ്ടാകും.

ഇത്തവണ ഓർഡർ ചെയ്യുന്ന ചായ എങ്ങനെ നിങ്ങളുടെ മുന്നിലെത്തിക്കണമെന്ന് ആ ‘കംപ്യൂട്ടർ ജാതകം’ പാചകക്കാർക്കു പറഞ്ഞുകൊടുക്കും. ആർട്ടിഫിഷൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയുടെ (എഐ) ഏറ്റവും ‘ലൈറ്റ്’ആയ ഉദാഹരണമാണിത്.

ഓൺലൈനിൽ കണ്ണട വാങ്ങുന്ന സൈറ്റിൽ മിക്കവരും കയറിയിട്ടുണ്ടാകും. ഓരോ ഫ്രെയിമും നമുക്ക് ഇണങ്ങുമോ എ ന്നറിയാനായി അതിലൊരു സിംപിൾ ട്രിക് ഉണ്ട്. വെബ്സൈറ്റിലെ ക്യാമറ ഒാപ്ഷന്‍ ഉപയോഗിച്ചു നിങ്ങളുടെ ചിത്രമെടുക്കുക. അത് അപ്‌ലോഡ് ആയാൽ പിന്നെ പല തരം കണ്ണടകൾ ധരിച്ച നിങ്ങളുടെ ചിത്രങ്ങളാകും വരുന്നത്. ഇണക്കം തോന്നുന്ന ഫ്രെയിം തിരഞ്ഞെടുക്കാം. ഇതിന്റെ പിന്നിലും മറ്റാരുമല്ല, എഐ തന്നെ.

സംസാരവും പരിസരവും ‘കേട്ടറിഞ്ഞു’ നമ്മുടെ സ്മാർട്ട് ഫോണിലേക്കു പരസ്യങ്ങൾ എത്തുന്നതു കണ്ടിട്ടില്ലേ. അത്തരം ചെറിയ പരസ്യം മുതൽ റോക്കറ്റ് സയൻസു വരെയായി നീണ്ടുനിവർന്നു കിടക്കുന്ന അദ്ഭുത പ്രതിഭാസമാണ് എഐ. ലോകത്തെ തന്നെ മാറ്റിമറിക്കുന്ന ഈ ‘യന്ത്രബുദ്ധി’യെ കുറിച്ചു കൂടുതൽ അറിയാം.

എന്താണ് ആർട്ടിഫിഷൽ ഇന്റലിജൻസ് ?

എന്തിരൻ സിനിമയിലെ ചിട്ടി റോബോട്ടിനെ പോലെ, മനുഷ്യനു സമാനമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ‘സൂപ്പർമാൻ’മാരെ സങ്കൽപിച്ചു നോക്കൂ.

കംപ്യൂട്ടർ പ്രോഗ്രാമിനു സ്വന്തമായി ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവുനൽകുന്ന, സാധാരണയായി മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾക്കായി മനുഷ്യബുദ്ധിയെ കൃത്രിമമായി അനുകരിക്കുന്ന യന്ത്രങ്ങളുടെ സഹായം തേടുന്ന ശാസ്ത്ര– സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ്. ഒരു ടാസ്ക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്മാർട്ട് ഫോൺ പോലുള്ള യന്ത്രങ്ങൾ മുതൽ ഗവേഷണത്തിനും മറ്റും ഉപയോഗിക്കാവുന്ന, മനുഷ്യബുദ്ധിയെയും ശക്തിയെയും പോലും മറികടക്കാവുന്ന അതിനൂതന സംവിധാനം വരെ ഇതിൽ പെടും.

ഫോണിലേക്കു നമ്മുടെ മനസ്സറിഞ്ഞതു പോലെ വരുന്ന പരസ്യങ്ങളെ കുറിച്ചു നേരത്തേ പറഞ്ഞല്ലോ. ഇത്തരത്തിൽ കണ്ടും കേട്ടും അറിഞ്ഞും ശേഖരിച്ചുവയ്ക്കുന്ന ഒരുപാടു വിവരങ്ങളിൽ (ഡാറ്റ) നിന്നു പാറ്റേണുകൾ ഉണ്ടാക്കി പഠിക്കുന്ന അൽഗോരിതമാണ് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ തലച്ചോറ്. പിന്നീടു ലഭിക്കുന്ന ഓരോ വിവരത്തിൽ നിന്നും സമാന പാറ്റേണുകൾ തിരിച്ചറിഞ്ഞു സ്വയം തീരുമാനമെടുത്തു പ്രവർത്തിക്കാൻ ഇവയ്ക്കാകും.

ഗുണം മെച്ചം, വിലയോ?

ഗൂഗിൾ അസിസ്റ്റന്റും സിരിയും ആമസോൺ അലക്സയുമൊക്കെയായി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന എഐ സേവനങ്ങൾ നിരവധി. വോയ്സ് അസിസ്റ്റന്റ്സ്, കസ്റ്റമർ കെയർ, ചാറ്റ് ബോട്ടുകൾ തുടങ്ങി വിവിധ മേഖലകളിൽ ഇതിനോടകം തന്നെ എഐ പ്രയോജനപ്പെടുത്തുന്നുണ്ട്. ആവർത്തിച്ചു വരുന്ന ജോലികൾ പോലെ ‘യാന്ത്രിക’മായവ മാത്രമല്ല, കൃത്യമായ അളവുകളെടുക്ക ൽ, ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ തുടങ്ങിയ ‘ബുദ്ധി പ്രവർത്തി’ക്കേണ്ട പണികളും എഐയെ ഏൽപ്പിക്കാം. എല്ലാ ജോലിയും റോബോട്ടുകൾ ചെയ്താൽ നമുക്കു ‘പ ണി’യില്ലാതാകുമോ എന്നു ചോദിക്കുന്നവരും കുറവല്ല.

മാധ്യമപ്രവർത്തനത്തിൽ വരെ എഐ എത്തി. കുറച്ചു നാൾ മുൻപ് ഒരു പ്രമുഖ മലയാളം ചാനലിൽ വാർത്ത വായിച്ചത് എഐ അവതാരകനാണ്. പക്ഷേ, അതൊന്നും മ നുഷ്യനു പകരമാകില്ല. പഠിപ്പിച്ചു വച്ച വിവരങ്ങൾക്കു പുറ ത്തു ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയില്ല എന്നതാണ് എഐയ്ക്കു നിലവിൽ ഉള്ള പോരായ്മ.

ചാറ്റ് ജിപിടി പോലുള്ള എഐ ബോട്ടുകൾ ലഭിച്ച വിവ രങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ലേഖനം തന്നെ എഴുതി തന്നേക്കും. പക്ഷേ, തെറ്റായ വിവരം നൽകിയാൽ അതു ശരിയാണെന്നു ധരിച്ചുവരെ ലേഖനം എഴുതും. ഇവിടെയാ‌ണു മനുഷ്യന്റെ സർഗാത്മകതയ്ക്കു മുന്നിൽ എഐ തോൽക്കുന്നത്.

എഐയെ എങ്ങനെ മനുഷ്യന്റെ സഹായി ആക്കാം എന്നാണു ശാസ്ത്രലോകം ചിന്തിക്കുന്നത്. അപകടസാധ്യത കൂടുതലുള്ള ജോലികൾ റോബോട്ടുകളെ കൊണ്ടു ചെയ്യിക്കാം. ബോംബ് നിർവീര്യമാക്കൽ, സമുദ്രാന്തർ ഭാഗത്തെ പഠനങ്ങൾ തുടങ്ങിയവയിൽ ഉപയോഗപ്പെടുത്താം. അനുകൂലമല്ലാത്ത അന്തരീക്ഷത്തെ അതിജീവിക്കാൻ യ ന്ത്രങ്ങൾക്കു കഴിയുമെന്നു മാത്രമല്ല, മനുഷ്യരെപ്പോലെ ജോലി ചെയ്തു തളരുന്ന പ്രശ്നവുമില്ല. ബാങ്കിങ് പോലെ ആവർത്തന വിരസതയുള്ള ജോലികൾ ‘എണ്ണയിട്ട യന്ത്രം’ പോലെ എഐ ചെയ്യും.

‘തെറ്റു പറ്റാത്തവരായി ആരുണ്ട്’ എന്ന ചോദ്യം എഐയുടെ മുന്നിൽ തോറ്റുപോകും. മനുഷ്യസഹജമായ തെറ്റുകൾ ഇല്ല എന്നതാണ് എഐയുടെ ഗുണം. പിഴവുകൾ കുറയുമെന്നു മാത്രമല്ല, അൽഗോരിതത്തിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ചു വ്യക്തതയും കൃത്യതയും കൂടുതലുള്ള ഫലം കണ്ടെത്താനും എഐയ്ക്കാകും.

584819980

പക്ഷേ, മനുഷ്യന്റെ ബുദ്ധിയെ അനുകരിക്കാൻ കഴിയുന്ന ഒരു റോബോട്ട് (മെഷീൻ) ഉണ്ടാക്കിയെടുക്കാനുള്ള ചെലവ് അത്ര ചെറുതൊന്നുമല്ല. ഭീമമായ ചെലവും അധ്വാനവും പരിശീലനവുമൊക്കെ കൊണ്ടേ ഒരു മെച്ചപ്പെട്ട എഐ സംവിധാനം പൂർണമാകൂ.

ഗംഗ, നാഗവല്ലി ആകുമോ?

ശരിയായി ഉപയോഗിച്ചില്ലെങ്കിലോ ശരിയായി ഉപയോഗിക്കുന്നവരുടെ കയ്യിലല്ലെങ്കിലോ എഐ ‘നാഗവല്ലി’യായി മാറും. പിന്നെ, തൊട്ടടുത്തു കിടക്കുന്ന നകുലന്റെ ഉറക്കത്തിന്റെ ആഴമളന്ന് ഓങ്കാര നടനമാടും.

എഐ മനുഷ്യരാശിക്ക് ആപത്താകും എന്ന് അടുത്തിടെ മുന്നറിയപ്പ് തന്നത് എഐയുടെ ഉപജ്ഞാതാവു കൂടിയായ ജെഫ്രി ഹിന്റൺ തന്നെയാണ്. ഗൂഗിളിലെ ജോലി രാജി വച്ച ശേഷം ബിബിസിക്കു നൽകിയ അഭിമുഖത്തിലാണ് ജെഫ്രി ലോകത്തിന് ഈ മുന്നറിയിപ്പു നൽകിയത്.

താൻ വിത്തുപാകിയ എഐ സൃഷ്ടിക്കാൻ പോകുന്ന അപകടം ചെറുതല്ലെന്നും, കാര്യങ്ങൾ മനസ്സിലാക്കി ഇടപെടുന്ന മനുഷ്യമസ്തിഷ്കം പോലെ എഐ മെച്ചപ്പെടുമെന്നും അതു മനുഷ്യബുദ്ധിയെ പോലും മറികടക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

തൊട്ടടുത്തിരിക്കുന്നയാളുടെ മനസ്സിലെ ചിന്ത പോലും പലപ്പോഴും നമുക്ക് അറിയാൻ കഴിയില്ല. അപ്പോൾ നമ്മുടെ മനസ്സിലേക്കു കടന്നു കയറി ചിന്ത മനസ്സിലാക്കി പ്രവർത്തിക്കുന്ന റോബോട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സങ്കൽപിച്ചു നോക്കൂ. തെറ്റായ ദിശയിൽ സഞ്ചരിച്ചാൽ എഐ മനുഷ്യകുലത്തിന്റെ ‘എൻഡ് ഗെയിം’ ആകുമെന്ന മുന്നറിയിപ്പ് പ്രസക്തമാണ്.

കാണുന്നതെല്ലാം സത്യമല്ല

നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്താൽ 70 വയസ്സി ൽ നിങ്ങൾ എങ്ങനെയുണ്ടാകും എന്നു കാണിച്ചു തരുന്ന ആപ്ലിക്കേഷനുകൾ കണ്ടിട്ടില്ലേ. ഇതൊക്കെ എഐയുടെ ആദ്യകാല പതിപ്പുകളാണ്. ഈയിടെ വൈറലായ ഒരു മോദി ചിത്രമുണ്ട്. ഗോകർണത്തു വച്ച് ഏതോ ഫ്രഞ്ചു ടൂറിസ്റ്റ് പകർത്തിയതെന്ന മട്ടിൽ തെങ്ങോലകളുടെ ചാഞ്ഞും ചരിഞ്ഞുമുള്ള നിൽപു കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം വരച്ചിട്ട പോലെ ആരോ പോസ്റ്റ് ചെയ്ത ഒരെണ്ണം. അതിന്റെ പിന്നിലെ സത്യമിതാണ്.

ടെക്സ്റ്റ് ടു ഇമേജ് ജനറേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു സൃഷ്ടിച്ച ആ ചിത്രം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. അതു കോപ്പി ചെയ്തെടുത്ത ആരോ യഥാർഥ ചിത്രമെന്ന മട്ടിൽ പ്രചരിപ്പിച്ചു. മുണ്ടുടുത്ത സ്പൈഡർമാനും, ബോളിവുഡ് പാട്ടിനു നൃത്തം ചെയ്യുന്ന സ്റ്റ്യാച്യൂ ഓഫ് ലിബർട്ടിയും ഡപ്പാംകൂത്തു ചെയ്യുന്ന ഗ്രീക്കു ദേവതയും ഇങ്ങനെ ചിലതു മാത്രം.

ഫെയ്സ്ബുക് അക്കൗണ്ട് വ്യാജമായി സൃഷ്ടിച്ചു പ ണം തട്ടുന്നതിന്റെ ‘എഐ വെർഷൻ’ രംഗത്തെത്തിയിട്ടുണ്ടെന്നു ടെക് വിദഗ്ധനായ രതീഷ് ആർ. മേനോൻ പറയുന്നു. ‘‘നിങ്ങളുടെ ഫോണിലേക്ക് അപ്രതീക്ഷിതമായി സുഹൃത്തിന്റെ വിഡിയോ കോൾ വരുന്നു. സംസാരത്തിനിടെ അത്യാവശ്യമായി പണം ചോദിക്കുന്നു. അപ്പോൾ തന്നെ അവർ പറയുന്ന നമ്പരിലേക്കു പണം കൈമാറിയ നിങ്ങൾ പിന്നീട് അതു തിരികെ ചോദിക്കുമ്പോഴാകും തട്ടിപ്പു തിരിച്ചറിയുക. കൂട്ടുകാരൻ നിങ്ങളെ വിളിച്ചിട്ടേ ഉണ്ടാകില്ല.

വിഡിയോ കോളിലൂടെ പണം തട്ടിച്ചെടുക്കുന്ന സംഭവങ്ങൾ കേരളത്തിലും എത്തിയിട്ടുണ്ട്. ഫെയ്സ് സ്വാപ് (Swap faces) വഴി ഏതു വിഡിയോയിലേയും മുഖം മാറ്റി വയ്ക്കാനാകും എന്നിരിക്കെ അപകടകരമായ വിഡിയോകൾ വരെ സൃഷ്ടിക്കപ്പെടാം. അതിനാൽ കരുതലാണു പ്രധാനം,’’ രതീഷ് ആർ. മേനോൻ പറയുന്നു.

കുരുട്ടുബുദ്ധിക്കാരുടെ കയ്യിൽ മറ്റൊരു തട്ടിപ്പുണ്ട്. പ ണ്ട് ഫോട്ടോഷോപ് ആപ്പുകളിലൂടെ സുന്ദരന്മാരും സുന്ദരിമാരും ആയിരുന്നതു പോലെ ‘സെക്സി’ ലുക്കിലുള്ള ഫോട്ടോകൾ സൃഷ്ടിച്ചെടുക്കും. ഇവ ഹണി ട്രാപ് പോലുള്ള തട്ടിപ്പുകൾക്കായി ഉപയോഗിക്കും. ഇന്റർനെറ്റിൽ എഐ ചിത്രങ്ങൾ തിരഞ്ഞാൽ കിട്ടുന്നതിൽ പകുതിയിലേറെയും ഇത്തരത്തിലുള്ളവയാണ്.

കെണികളെ പേടിക്കരുത്

ഈയിടെ സ്‌പെയിനിൽ ഒരു കൂട്ടം അമ്മമാർ പരാതിയുമായി പൊലീസിനെ സമീപിച്ചു, അവരുടെ പെൺമക്കളുടെ നഗ്‌നചിത്രങ്ങള്‍ അയച്ചു കിട്ടിയത്രേ. എഐ ഉപയോഗിച്ചു സൃഷ്ടിച്ചവയെന്നു തെളിഞ്ഞെങ്കിലും നിരവധി വിദ്യാര്‍ഥിനികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെട്ടു.

എഐ തട്ടിപ്പ് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തതു കോഴിക്കോടാണ്. ഇത്തരം കേസുകൾക്കെതിരേ കേരള പൊലീസും ജാഗരൂകരാണെങ്കിലും തട്ടിപ്പുകള്‍ വ്യാപകമായേക്കുമെന്നു ടെക്, ബാങ്കിങ് വിദഗ്ധനായ വി.കെ. ആദർശ് പറയുന്നു. ‘‘എഐ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളും ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എസ്എംഎസ്, വാട്സാപ്പ് വഴി വരുന്ന ലിങ്കുകളിൽ ക്ലിക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളിലേക്കു നൽകുന്ന വിവരങ്ങൾ കെണിയാകാനുള്ള സാധ്യത തിരിച്ചറിയുക. ഒരു കാരണവശാലും ബാങ്കിങ് പാസ്‌വേഡുകളോ എടിഎം കാർഡിന്റെ ചിത്രമോ ഒടിപിയോ കൈമാറരുത്.

വിവരസുരക്ഷയും സ്വകാര്യതയും വളരെ പ്രധാനമാണ്. കോണ്ടാക്ട് ലിസ്റ്റ്, ഫോട്ടോ ഗാലറി എന്നിവ ദുരുപയോഗം ചെയ്യപ്പെട്ടാലോ പണം നഷ്ടപ്പെട്ടാലോ പരാതിപ്പെടാൻ വൈകരുതെന്നും ആദർശ് ഓർമിപ്പിക്കുന്നു.

രൂപാ ദയാബ്ജി