ഓൺലൈൻ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് ഒരുപാടു പരാതികൾ വരുന്ന സമയമാണിത്. ഈ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യും മുൻപ് അവ നിയമവിധേയമാണോ എന്നറിയണം. റിസർവ് ബാങ്ക് അനുമതിയോടെ പ്രവർത്തിക്കുന്ന ബാങ്കുകൾ, ബാങ്ക് ഇതര സ്ഥാപനങ്ങൾ അഥവാ എൻബിഎഫ്സി, സഹകരണ സംഘങ്ങൾ, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെറുകിടക്കാർ (ഉദാ: സ്വർണപണയ സ്ഥാപനങ്ങൾ) എന്നിവയ്ക്കു മാത്രമാണു വായ്പ നൽകാൻ അനുമതി ഉള്ളത്. ആപ്പ് അനുമതിയുള്ളതു തന്നെയെന്ന് ഉറപ്പു വരുത്തുക.
എസ്എംഎസ്, വാട്സാപ്പ് വഴി വരുന്ന ലിങ്കുകളിൽ ക്ലിക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളിലേക്കു നൽകുന്ന രേഖകൾ കെണിയാകാനുള്ള സാധ്യത കൂടി തിരിച്ചറിയുക. ആധാർ, പാൻകാർഡ്... പോലെയുള്ളവ സ്വീകരിക്കാനും സൂക്ഷിക്കാനും കർശനമായ ഉപാധികളോടെയാണ് അംഗീകൃത സ്ഥാപനങ്ങൾക്കു പോലും നിർദേശമുള്ളത്.
തിരിച്ചറിയൽ രേഖകൾ ആപ്പിലേക്കു സ്കാൻ/ ഫോട്ടോ എടുത്തു നൽകുമ്പോൾ അവ വിവരസുരക്ഷയും സ്വകാര്യതയും അപകടത്തിലാക്കില്ല എന്നുറപ്പാക്കണം. ഇവ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ കോൺടാക്ട് ലിസ്റ്റ്, എസ്എംഎസ്, ഫോട്ടോ ഗ്യാലറി എന്നിവയുടെ പെർമിഷനുകൾ നൽകിയിട്ടുണ്ടാകും. വായ്പ തിരിച്ചു പിടിക്കാനായി ഇതെല്ലാം ദുരുപയോഗം ചെയ്തു മാനഹാനി വരുത്താൻ ശ്രമിക്കുമെന്നും ഓർക്കണം.
കടപ്പാട്- വി.കെ. ആദർശ്
ചീഫ് മാനേജർ
ടെക്നിക്കൽ,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ