Thursday 25 April 2024 12:23 PM IST : By സ്വന്തം ലേഖകൻ

ആ അബദ്ധം ഒരിക്കലും കാണിക്കരുത്... മൊബൈൽ ഫോൺ വെള്ളത്തിൽ പോയാൽ ഉടൻ എന്തു ചെയ്യണം?

mobile-drown

ആ അബദ്ധം ഒരിക്കലും കാണിക്കരുത്... മൊബൈൽ ഫോൺ വെള്ളത്തിൽ പോയാൽ ഉടൻ എന്തു ചെയ്യണം?

‘മൊബൈൽ’ വെറുമൊരു ‘ഫോൺ’ മാത്രമല്ലാതായിട്ട് കാലം ഏറെയായി. ഫോൺ നമ്പരുകൾ, ഫോട്ടോ ഇങ്ങനെ നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാനാത്ത ഒരുപാടു കാര്യങ്ങൾ ഓരോ മൊബൈലിലും ഉണ്ട്.

നിമിഷ നേരത്തെ അശ്രദ്ധകൊണ്ട് മൊബൈല്‍ വെള്ളത്തിൽ വീണുപോകാം, അല്ലെങ്കിൽ ഗ്ലാസിലെ വെള്ളം തട്ടിമറിഞ്ഞു കൃത്യം ഫോണിനു മുകളിലേക്കു വീഴാം. എന്തു ചെയ്യണമെന്നറിയാതെ മൊബൈലും കയ്യിൽ പി‌ടിച്ചു നിന്നു പോകുന്നതു സ്വാഭാവികം. എന്നാൽ മനസാന്നിധ്യം വീണ്ടെടുത്ത് ഉടൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ...

ഉ‍ടൻ ചെയ്യാം ഈ 5 കാര്യങ്ങൾ

∙ വെള്ളത്തിൽ നിന്നെടുത്ത ഉടൻ ഫോൺ ഒാഫ് ചെയ്യുക. കോൾ പോകുന്നുണ്ടോ, ഡിസ്പ്ലേ തകരാറിലായോ എന്നൊന്നും നോക്കാനുള്ള സമയമല്ലിത്. ഇങ്ങനെ ചെയ്താൽ ചില ഇലക്ട്രിക്കൽ തകരാറുകൾ ഉണ്ടായേക്കാം.

∙ ഫോണിൽ നിന്ന് ഊരി മാറ്റാവുന്നവയെല്ലാം മാറ്റുക. ഉദാ. ഫോൺകവർ, സിം ട്രേ ഊരി അതിലുള്ള സിം. ബാറ്ററി എടുത്തുമാറ്റാനാകുന്ന തരം ഫോൺ ആണെങ്കിൽ ബാറ്ററി ഊരി മാറ്റുക. പുതിയ ഫോണുകളിൽ ഉപയോഗിക്കുന്ന മൊബൈൽ പെന്നുകളും എടുത്തു മാറ്റണം.

∙ ഫോൺ നന്നായി തുടച്ചു വൃത്തിയാക്കിയ ഉടൻ സർവീസ് സെന്ററിൽ എത്തിക്കുകയാണ് ഉചിതം. അതിനുള്ള സാഹചര്യമില്ലെങ്കിൽ മാത്രം ചെയ്യാവുന്ന ഒന്നുണ്ട്.

∙ വെള്ളം വലിച്ചെടുക്കുന്ന സിലിക്ക ഏജന്റ്സ് ( ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും വാങ്ങുമ്പോൾ അതിനുള്ളിൽ കാണുന്ന ചെറിയ പാക്കറ്റുകൾ ഉണ്ട്. ഉള്ളിൽ ചെറിയ മുത്തു പോലെയോ തരികൾ പോലെയോ കാണാം.) ഒരു ബോക്സിൽ ഇടുക. അതിൽ മൊബൈൽ ഇട്ടു വയ്ക്കുക. 10-15 പാക്കറ്റ് സിലിക്ക ഏജന്റ്സ് എങ്കിലും വേണം.

∙ 48 മണിക്കൂറിനു ശേഷം സിം കാർഡും ബാറ്ററിയും ഇട്ടശേഷം ഫോൺ ഒാണ്‍ ചെയ്യുക. വലിയ തകരാറുകളില്ലെങ്കിൽ ഒാൺ ആയേക്കും.

∙ ഇങ്ങനെ ചെയാതാൽ മൊബൈലിനകത്തെ ജലാംശം പൂർണമായും പോകണമെന്നില്ല. പൂപ്പൽ ബാധിച്ച് ബോർഡിനു കേടുപാടുകൾ സംഭവിക്കാം. സ്വയം പരീക്ഷണത്തേക്കാൾ നല്ലതു സർവീസ് സെന്ററിൽ കൊടുക്കുന്നതാണ്.

ഒരിക്കലും ചെയ്യരുതാത്ത 2 കാര്യങ്ങൾ

∙അരിയിൽ ഇട്ടു വയ്ക്കുക: അരി ജലാംശം വലിച്ചെടുക്കുന്ന ഡ്രൈ ഏജന്റായി പ്രവർത്തിക്കും എന്നതു ശരിയാണ്. എന്നാൽ അരിയിലെ പൊടിപടലങ്ങൾ പോർട്ട് വഴി അകത്തേക്കു കയറാനുള്ള സാധ്യതയുണ്ട്.

∙ ചൂടാക്കുക: അടുപ്പിന്റെയോ സ്റ്റൗവിന്റെയോ അടുത്തു കൊണ്ടു പോയി ഫോൺ ചൂടാക്കരുത്. ഫോണിനുള്ളിലെ കണക്‌ഷൻ ഏരിയകൾ വളരെ മൈന്യൂട്ട് ആണ്. അമിതമായി ചൂടായിക്കഴിഞ്ഞാൽ ഇവ കേടുവരാം.

ഡാറ്റ നഷ്ടമാകാതിരിക്കാൻ‌ ചെയ്യേണ്ട 6 കാര്യങ്ങൾ

ഫോണിലെ ഡാറ്റയുടെ പ്രൈവസി പലരെയും ഭയപ്പെടുത്തുന്നുണ്ട്. ആ ഡാറ്റ സർവീസ് സെന്ററിലുള്ളവർക്ക് ആക്സസ് ചെയ്യാം. അല്ലെങ്കിൽ അവർ റീസെറ്റ് ചെയ്യുമ്പോൾ ഡാറ്റ നഷ്ടപ്പെടാം. ഇതൊഴിവാക്കാൻ വഴിയുണ്ട്.

∙ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ഗൂഗിളുമായി കോൺടാക്ട്സ് സിങ്ക് ചെയ്യുക. നമ്പരുകൾ ഫോണിലോ സിമ്മിലോ സേവ് ചെയ്യാതെ ഗൂഗിൾ െഎഡിയിലാണ് സേവ് ചെയ്യുക. പുതിയ ഡിവൈസിൽ ഈ മെയിൽ െഎഡി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ നമ്പരുകൾ തിരിച്ചെടുക്കാം.

∙ ഫോട്ടോകൾക്കായി ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കുക. ഫോൺ നഷ്ടപ്പെട്ടാലും ഗൂഗിൾ െഎഡി ലോഗിൻ ചെയ്താൽ എല്ലാ ഫോട്ടോയും തിരികെ എടുക്കാം. മറ്റു ഫയലുകൾ ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്യാം. ആപ്പിൾ ഫോൺ ഉപയോഗിക്കുന്നവർ െഎക്ലൗഡ് ഉപയോഗിക്കാം.

∙ ഡിസ്പ്ലേയിൽ ഗ്രീൻ ലൈനോ ഫ്ലാഷ് സ്ക്രീനോ ക ണ്ടാൽ േകടുപാടുകൾ സംഭവിക്കാനുള്ള സാധ്യത തിരിച്ചറിയുക. ഉടൻ ബാക്അപ് ചെയ്യുക. ഗൂഗിളിൽ ബാക്ക് അപ് ചെയ്തില്ലെങ്കിൽ പേഴ്സണൽ കംപ്യൂട്ടറിലേക്കോ സ്റ്റോറേജ് ഉപകരണത്തിലേക്കോ ഡാറ്റ കോപ്പി ചെയ്യാം. നഷ്ടമായ ഡാറ്റ വിദഗ്ധ സഹായത്തോടെ തിരികെ എടുക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

 പ്രതാപ് ജി. ടെക് സോഷ്യൽ മീഡിയ വിദഗ്ധൻ, പ്രതാപ് ജി ടെക്