Wednesday 08 November 2023 03:54 PM IST : By സ്വന്തം ലേഖകൻ

‘സമൂഹത്തിൽ മാന്യൻ, പക്ഷേ ഫേക്ക് ഐഡിയിലൂടെ ബന്ധുക്കളുടെ പോസ്റ്റിൽ അശ്ലീല കമന്റിടും’: സുഹൃത്തിന്റെ അനുഭവം: മറുപടി

social-media-fraud

എന്റെ മധ്യവയസ്കനായ സുഹൃത്തിന്റെ പ്രശ്നമാണു പങ്കുവയ്ക്കാനുള്ളത്. അദ്ദേഹം ഫെയ്സ്ബുക്കിൽ സജീവമാണ്. എന്നാൽ മറ്റൊരു പേരിലും ഐഡി ഉണ്ടാക്കിയിട്ടുണ്ട്. അതിൽ നിന്നു മറ്റുള്ളവരുെട - സുഹൃത്തുക്കളുെട, ബന്ധുക്കളുെട, സെലിബ്രിറ്റികളുെട പോസ്റ്റിനു കീഴെ അനാവശ്യമായി കമന്റുകൾ ഇടും. ചിലത് അശ്ലീലമായിരിക്കും. ഇദ്ദേഹം സമൂഹത്തിലും കുടുംബത്തിലും വലിയ നിലയിൽ ജീവിക്കുന്ന വ്യക്തിയാണ്. പക്ഷേ അദ്ദേഹത്തിന്റെ ഇങ്ങനെയൊരു മുഖം അടുത്ത സുഹൃത്തായ എനിക്കേ അറിയൂ. ട്രെയിനിലെ ടോയ്‌ലറ്റിൽ സ്ത്രീകളുടെ മോശം പടം വരച്ചിട്ടുണ്ട് കക്ഷി. എത്ര പറഞ്ഞിട്ടും ഈ സ്വഭാവം അദ്ദേഹം ഉപേക്ഷിക്കാൻ തയാറാകുന്നില്ല. ഇത് എന്തു ത രം പ്രശ്നമാണ്. ?

ജയൻ സി. , എറണാകുളം

ഒളിഞ്ഞിരുന്ന് അപവാദവും അശ്ലീലവും പ്രദർശിപ്പിക്കുന്നതു മാനസികരോഗമല്ല, മറിച്ച് ഒരുതരം വ്യക്തിത്വ വൈകല്യമാണ്. മാന്യതയുടെ പൊയ്മുഖങ്ങളുടെ പുറകിൽ അസഭ്യത്തിലും അശ്ലീലത്തിലും അപവാദത്തിലും ഒക്കെ അഭിരമിക്കുന്ന യഥാർഥ മുഖങ്ങൾ ഉള്ള അനേകം പേർ നമ്മുടെ ഒക്കെ ഇടയിലുണ്ട്. ഇരയുടെ വേദന ഇത്തരക്കാർക്ക് ആഹ്ലാദം മാത്രമല്ല, അവരുടെ പിടച്ചിൽ ഒരു ഹരമായിട്ടുകൂടിയാണ് ഇവർക്ക് അനുഭവപ്പെടുക. ഇനി എന്താണ് ആ വ്യക്തിത്വ വൈകല്യം എന്നതു വ്യക്തമാക്കാം.

‘ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർ ഡർ (ASPD)’ എന്ന വിഭാഗത്തിലാണ് ഇത്തരക്കാർ പെടുക. ∙ മറ്റുള്ളവരുടെ സ്വകാര്യതയും അന്തസ്സും ഉൾപ്പെടെയുള്ള അവകാശങ്ങൾ ലംഘിക്കുക. ∙ അപരന്റെ മാനസികാവസ്ഥയുമായി താദാത്മ്യം പ്രാപിക്കുവാൻ (Empathy) ഉള്ള കഴിവു തീരെ ഇല്ലാതിരിക്കുക. ∙ മറ്റൊരാളെ നശിപ്പിക്കത്തക്ക രീതിയിലുള്ള ഗൂഢാലോചനയും ചതിപ്രയോഗവും അപവാദ പ്രചാരണവും നടത്തുക. ∙ യാതൊ രു തരത്തിലുമുള്ള കുറ്റബോധമോ, മനസ്സാക്ഷിക്കുത്തോ ഇല്ലാതിരിക്കുക. ∙ സ്വന്തം ആഹ്ലാദത്തിനുവേണ്ടിയും ആഗ്രഹപൂർത്തീകരണത്തിനുവേണ്ടിയും എന്തും ചെയ്യുക. ∙ ആന്തരികമായ ധാർമിക നിയമങ്ങളും ബാഹ്യമായ രാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നതിൽ ഒരു മടിയും കാണിക്കാതെ വീണ്ടും ആവർത്തിക്കുക - ഇവയൊക്കെയാണ് ഇത്തരക്കാരുെട മുഖമുദ്ര.

ബോധപൂർവം സൃഷ്ടിക്കുന്നു

ഇവരിൽ ചിലർ മാന്യതയുടെയും ധാർമികതയുടെയും പൊയ്മുഖങ്ങൾ ബോധപൂർവ്വം സ‍ൃഷ്ടിച്ചെടുക്കുന്നവരായിരിക്കും. ഇരകൾക്ക് ഒരിക്കലും ഇവർ ഇത്തരക്കാരാണ് എന്നു മനസ്സിലാകാത്ത രീതിയിൽ പ്ലാനിങ് നടത്താൻ വൈദഗ്ധ്യം ഉണ്ടാകാം. മാന്യമായ വസ്ത്രധാരണം, അന്തസ്സുള്ള, ആകർഷണീയമായ പെരുമാറ്റം, ആത്മാർത്ഥതയുടെ ആൾരൂപമാണ് എന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള സംഭാഷണ ശൈലി ഇവയിലൂടെ ഇവർ മറ്റുള്ളവരുടെ വിശ്വാസം വേഗം നേടും. ഇ ത്തരത്തിൽ ഇവർ സൃഷ്ടിച്ചെടുക്കുന്ന ആകർഷണീയത (Psychopathic Charm) മൂലം ഇവരിലെ നീചഭാവങ്ങളും ദുഷ്ടതയും ക്രൂരതയും തിരിച്ചറിയപ്പെടാതെ പോകാം. താങ്കളുടെ സുഹൃത്ത് ഇത്തരത്തിലുള്ള ഒരു സൈക്കോപതിക് വ്യക്തിത്വത്തിന്റെ ഉടമയാകാനാണു സാധ്യത.

കൗമാരത്തിലോ, യൗവനത്തിന്റെ ആദ്യ ഘട്ടത്തിലോ ഒക്കെ ഇത്തരം ചില പെരുമാറ്റങ്ങൾ ഉ ണ്ടായാൽ ഉടനെ അവരെ ഇത്തരക്കാരായി മുദ്രകുത്തരുത്. പ്രായത്തിന്റെ പക്വതയില്ലായ്മ, ഭവിഷ്യത്തുകളെപ്പറ്റിയുള്ള ധാരണയില്ലായ്മ, തീവ്ര ആവേശത്തോടു കൂടിയ പ്രതികരണങ്ങൾ, വാ ശി, വ്യക്തിവിദ്വേഷം തുടങ്ങിയ കാര്യങ്ങൾ കൊണ്ട് ഒരു ചെറുപ്പക്കാരൻ ഇത്തരം കാര്യങ്ങളിൽ ഏർപ്പെട്ടാൽ അവരോടുള്ള സമീപനം തിരുത്തലിന്റെയും ചികിത്സയുടെയും ആയിരിക്കണം.

പക്ഷേ താങ്കളുടെ മധ്യവയസ്കനായ സുഹൃത്തിന്റെ കാര്യത്തിൽ വേണ്ടത് ഉപദേശമോ, കാരുണ്യമോ ഒന്നുമല്ല, നിയമത്തിന്റെ കർശന ഇടപെടലുകളാണ്. സുഹൃത്ത് എന്ന നിലയിൽ കർശനമായ താക്കീത് ആദ്യഘട്ടത്തിൽ കൊടുക്കാം. വഴങ്ങുന്നില്ല എങ്കിൽ ഇദ്ദേഹത്തോടുള്ള സൗഹൃദം പൂർണമായും പിൻവലിക്കുക. ‘‘എനിക്ക് ഇതിൽനിന്നുമൊക്കെ മാറണമെന്ന് ആഗ്രഹമുണ്ട്, അതിനായി ശ്രമിക്കുന്നുമുണ്ട്. പക്ഷേ പറ്റുന്നില്ല.’’ എ ന്ന രീതിയിലാണു പ്രതികരണമെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാൻ പ്രേരിപ്പിക്കുക. ആന്റിസോഷ്യൽ പെരുമാറ്റം മറ്റെന്തെങ്കിലും രോഗങ്ങളുെട ഭാഗമാണോ എന്നു മനോരോഗവിദഗ്ധർ വിലയിരുത്തും. അപൂർവമായി തലച്ചോർ സംബന്ധമായ രോഗംÐ ഉദാ: പ്രായമായവരിൽ തലച്ചോറിലെ രോഗങ്ങൾ കാരണം ഫ്രോണ്ടൽ ലോബിൽ വരുന്ന വ്യതിയാനം ചില പെരുമാറ്റ പ്രശ്നങ്ങൾ വരുത്താം. ഇത്തരം പ്രശ്നമുണ്ടെങ്കിൽ അതിനുള്ള ചികിത്സ എടുക്കണം. ചികിത്സയുെട അടുത്ത പടിയായി വ്യക്തി എന്തെങ്കിലും തരത്തിലുള്ള ലഹരിയ്ക്ക് അടിമയാണോ എന്നു മനസ്സിലാക്കി ചികിത്സിക്കണം.

പങ്കാളിയുെടയോ വിശ്വസ്തനായ സുഹൃത്തിന്റെയോ ഒരു ബാഹ്യനിരീക്ഷണം വ്യക്തിയുടെ മേൽ ആരംഭിക്കണം. അതിന് അദ്ദേഹത്തിന്റെ സമ്മതം വേണം. താൻ നിരീക്ഷിക്കപ്പെടുകയാണ് എന്ന ബോധ്യം വ്യക്തിക്ക് ഉണ്ടാകണം. ഇതിനു ശേഷം വ്യക്തിയിൽ നിന്നു പൊസിറ്റീവായ മാറ്റം കണ്ടാൽ പ്രോത്സാഹിപ്പിക്കുകയും വേണം.

ഇതിലൂെടയും ഫലപ്രദമാകുന്നില്ലെങ്കിൽ വ്യക്തിത്വ വൈകല്യം കാരണം ജയിലിൽ കിടക്കേണ്ടിവരിക, അതിനെ തുടർന്നുള്ള അപമാനം തുടങ്ങിയ കാര്യങ്ങൾ സങ്കൽപ്പിക്കാൻ പറയുക. ഇങ്ങനെ തന്റെ പ്രവൃത്തിയുെട ഭവിഷ്യത്തായി അപമാനകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നു എന്നു സങ്കൽപിക്കുമ്പോൾ അത്തരം പെരുമാറ്റങ്ങളോടു വിരക്തി തോന്നാം. ഈ തത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചികിത്സയാണിത്.

സമൂഹത്തിന് അല്ലെങ്കിൽ വ്യക്തിപരമായ ഉ ന്നമനത്തിനു വ്യക്തിയ്ക്കുള്ള കഴിവിനെ വർധിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തി, അതിലേക്കു ശ്രദ്ധ തിരിക്കാം. ഇതിനു കുടുംബാംഗങ്ങളു
െടയും സുഹൃത്തുക്കളുടെയും പിന്തുണ ആവശ്യമാണ്. ഇത്തരം വ്യക്തിത്വ വൈകല്യങ്ങൾക്ക് ഔഷധചികിത്സ പ്രയോജനപ്രദമല്ല.

ഇതിനോടൊന്നും സഹകരിക്കാത്ത പക്ഷം ആളുടെ കാപട്യം തുറന്നുകാട്ടുക. ഇദ്ദേഹത്തെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുക.

നല്ല വിദ്യാഭ്യാസവും ജോലിയും സമൂഹത്തി ൽ സ്ഥാനവും ഉണ്ടായിട്ടുമെന്തേ വ്യക്തി ഇങ്ങനെയുള്ള വഷളത്തരം കാണിക്കുന്നു? ഉത്തരം ല ളിതമല്ല. സൈക്കോപതിയുടെ പിന്നിൽ ജനിതകമായ കാരണങ്ങൾ, ബാല്യÐ കൗമാരÐ യൗവന കാലത്തിലെ ജീവിതാനുഭവങ്ങൾ, പരിശീലനങ്ങൾ, ധാർമിക ബോധ്യങ്ങളുടെ അഭാവം എ ന്നിവയൊക്കെയുണ്ടാവും. ഒരു കാല ഘട്ടത്തിന്റെ സവിശേഷതകൾ ചെലുത്തുന്ന സ്വാധീനങ്ങളും നിസ്സാരമല്ല.

മറ്റൊരാളുടെ നന്മയോടും പ്രസിദ്ധിയോടും ഉ ണ്ടാകുന്ന അസൂയ, പരദുഃഖത്തിൽ ഉണ്ടാകുന്ന ആഹ്ലാദം, അന്തർലീനമായ അപകർഷത, ലൈംഗികതയെപ്പറ്റിയുള്ള അനാരോഗ്യകരമായ കാഴ് ചപ്പാടുകൾ, വ്യത്യസ്ത നിരീക്ഷണങ്ങളോടുള്ള അസഹിഷ്ണുത എന്നീ അധമ പ്രതികരണങ്ങൾ സുരക്ഷിതമായി പ്രകടിപ്പിക്കുവാൻ പറ്റിയ ഒളി ഇടങ്ങൾ സമൂഹമാധ്യമവും ഒരുക്കിക്കൊടുക്കുന്നു. ഉയർന്ന ബുദ്ധിയും സാമൂഹിക വിരുദ്ധ മനോഭാവവും തമ്മിലുള്ള ചേരുവ വളരെ വിഷലിപ്തമാണ്. ഒറ്റയ്ക്കും കൂട്ടായും ഉള്ള പരിശ്രമങ്ങൾ കൊണ്ടേ ഈ തിന്മയുെട കളകളെ ഇല്ലാതാക്കാൻ കഴിയൂ.

ഡോ. വർഗീസ് പുന്നൂസ്

പ്രഫസർ & ഹെഡ്, സൈക്യാട്രി വിഭാഗം,

മെഡിക്കൽ കോളജ്, കോട്ടയം

vargheseppunnoose

@yahoo.com

Tags:
  • Manorama Arogyam