Saturday 09 November 2019 02:39 PM IST : By Ratheesh R. Menon

‘8000 രൂപയ്ക്ക് ഐഫോണ്‍’; യുക്തിക്കു നിരക്കാത്ത വിലക്കുറവിന്റെ വഴിയേ പോകുന്നവർ അറിയാൻ!

ratheesh-r-menon99790

ഫെയ്സ്ബുക്കിലും മറ്റും പലപ്പോഴും 8000 രൂപയ്ക്ക് ഐഫോണ്‍ എന്നൊക്കെ പരസ്യം കണ്ടിട്ടുണ്ടാകും. പലരും കണ്ടപാതി, വായിക്കാനോ ശ്രദ്ധിക്കാനോ നില്‍ക്കാതെ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഓര്‍ഡര്‍ നല്‍കും. പണി കിട്ടിക്കഴിഞ്ഞാണ് മിക്കപ്പോഴും ഗവേഷണം തുടങ്ങുന്നതു തന്നെ.

പരസ്യം വന്നിരിക്കുന്നതിനു മുകളില്‍ ഏത് സൈറ്റ് അല്ലെങ്കില്‍ ഏതു ഫെയ്സ്ബുക് പേജ് എന്നതിന്റെ വിവരമുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്ത് എത്ര ലൈക്കുണ്ട്, മറ്റു പരസ്യങ്ങള്‍ക്ക് വന്ന കമന്റുകള്‍ എന്നിവ പരിശോധിക്കുക. വമ്പന്മാരായ സൈറ്റുകള്‍ക്ക് ലക്ഷക്കണക്കിനു ലൈക്ക് (ഫോളോവേഴ്സ്) ഉണ്ടാകും. പറ്റിപ്പ് മാത്രം തൊഴിലാക്കിയവര്‍ക്ക് പതിനായിരം ലൈക്ക് പോലും തികച്ചുണ്ടാകില്ല. തട്ടിപ്പിനായി മാത്രം പേജ് ക്രിയേറ്റ് ചെയ്ത് പരസ്യവും  നല്‍കുന്നവർ, കിട്ടിയ പണം വേഗം പോക്കറ്റിലാക്കി പേജ് ഡിലീറ്റ് ആക്കി മുങ്ങും. ഓഫർ നൽകിയിരിക്കുന്ന സൈറ്റിന്റെ പേരു കൃത്യമായി വായിക്കുക. സ്പെല്ലിങ്ങിലും മറ്റും ചെറിയ വ്യത്യാസമാകും ഉണ്ടാകുക.

ഒന്ന് വിളിച്ചുറപ്പിക്കാം

ഓഫർ ലിങ്കിൽ ക്ലിക്ക് ചെയ്ത് സൈറ്റിലെത്തിയാൽ ആദ്യം കോണ്ടാക്റ്റ് വിവരങ്ങള്‍ ചെക്ക് ചെയ്യുക. ഫോണ്‍ നമ്പർ ഉണ്ടെങ്കില്‍ വിളിച്ചു നോക്കുക. 99% ഫേക്ക് സൈറ്റുകളുടെയും ‘CONTACT US’ എന്ന ലിങ്കിൽ ഓൺലൈനിൽ ബന്ധപ്പെടാനുള്ള ഫോം മാത്രമേ ഉണ്ടാകൂ. ഫോണ്‍ നമ്പർ ഉണ്ടെങ്കില്‍ തന്നെ സ്വിച്ച്ഡ് ഓഫ് ആയിരിക്കും. പ്രൊഡക്റ്റുകള്‍ സേര്‍ച്ച് ചെയ്താല്‍ ആകെ  പത്തോ  ഇരുപതോ ഉല്‍പന്നങ്ങള്‍ മാത്രമാകും  ലിസ്റ്റ് ചെയ്യുക. അവയെല്ലാം തന്നെ വമ്പന്‍ ഓഫറുകളില്‍ വിറ്റഴിക്കുന്നു എന്നു തോന്നിക്കുന്നവയുമാകും. ഈ ഉല്‍പന്നത്തിന്റെ പേരു ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മറ്റേതെങ്കിലും സൈറ്റില്‍ ഈ ഓഫര്‍ ഉണ്ടോ എന്നറിയാം.

യുക്തിക്കു നിരക്കാത്ത വിലക്കുറവിന്റെ വഴിയേ പോകുന്ന പലർക്കും ‘ഡെലിവർ’ ചെയ്യപ്പെടുന്നത് മാനഹാനിയും ധനനഷ്ടവും മാത്രം.

ലിങ്ക് വഴി വരുന്ന പണി

വാട്ട്സാപ്പിലും മറ്റും വരുന്ന വന്‍ ഓഫറുകളുടെ ലിങ്ക് സംശയ ദൃഷ്ടിയോടെ മാത്രം കാണുക. അത്തരം ലിങ്കുകള്‍ ഷെയര്‍ ചെയ്തവരോട് ഉൽപന്നം കിട്ടിയോ എന്നും കിട്ടിയെങ്കില്‍ ഫോട്ടോ ഷെയര്‍ ചെയ്യാനും ആവശ്യപ്പെടുക. അപ്പോഴും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുക.

1) തരുന്ന ലിങ്ക് ഏതെങ്കിലും പ്രശസ്തമായ ഇ കോമേഴ്സ് വെബ് സൈറ്റിന്റേത് എന്നാകും ഒറ്റനോട്ടത്തില്‍ തോന്നുക. ഉദാഹരണമായി ഫ്ലിപ് കാര്‍ട്ടിന്റെ ശരിയായ ലിങ്ക് https://www.flipkart.com എന്നാണ്. ഫേക്ക് സൈറ്റില്‍ ഇത് https://flipkart.amazingoffer.com എന്നോ ഫ്ലിപ്കാര്‍ട്ടിന്റെ സ്പെല്ലിങ് തെറ്റുള്ളതോ ഒക്കെ ആകാം. അത്തരം ലിങ്കുകൾ പത്ത് വാട്ട്സാപ്പ് സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യൂ എന്നൊക്കെ പറയുന്നുണ്ടെങ്കില്‍ 100% ഫേക്ക് ആകും.  

2) ഏത് ഓഫറിനൊപ്പവുമുള്ള ലിങ്കിലെ സൈറ്റ് അഡ്രസ് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍, കണ്‍സ്യൂമര്‍ കംപ്ലയിന്റ്സ് പോലെയുള്ള ഫോറം വെബ് സൈറ്റുകളില്‍ അതിനെക്കുറിച്ച് മറ്റുള്ളവര്‍ ചോദിച്ചിരിക്കുന്ന ചോദ്യങ്ങളോ, അതിന് അവര്‍ക്ക് കിട്ടിയ മറുപടികളോ കാണാം. അതൊക്കെ ചതിക്കപ്പെടാതിരിക്കാന്‍ നമ്മളെ സഹായിക്കും

ഓഫർ ലിങ്കിൽ നേരിട്ട് ക്ലിക്ക് ചെയ്യാതെ ആ സൈറ്റുകള്‍ സ്പെല്ലിങ് തെറ്റാതെ ടൈപ്പ് ചെയ്ത് ഓപ്പണാക്കി, അതില്‍ ആ ഓഫറുണ്ടോ എന്നു നോക്കുക. തീരെ പരിചിതമല്ലാത്ത  വെബ് സൈറ്റുകള്‍ ഒഴിവാക്കുക. ഇന്റര്‍ നാഷനൽ ഡെബിറ്റ് സൗകര്യമുള്ള കാര്‍ഡുകള്‍ ഓണ്‍ ലൈന്‍ ഷോപ്പിങ്ങിനായി ഉപയോഗിക്കുമ്പോൾ 100% സുരക്ഷിതമാണെന്നു ഉറപ്പാക്കുക. അല്ലെങ്കില്‍ ഒടിപി മെസ്സേജ് നൽകാതെയും പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ‘ഞാൻ ഓൺലൈൻ ഷോപ്പിങ്ങിൽ പുലിയല്ലേ?’ എന്ന ചിന്തയുള്ളവരാകും കബളിപ്പിക്കപ്പെടാൻ കൂടുതൽ സാധ്യത. സൂക്ഷിച്ചാൽ ഓൺലൈൻ ഷോപ്പിങ്ങിലും ദുഃഖിക്കേണ്ട എന്ന തത്വം ഓർമിക്കുന്നത് നന്നായിരിക്കും.