റേറ്റിങ്, ടാസ്ക്, ട്രേഡിങ് തട്ടിപ്പ് വഴി 17 ലക്ഷം നഷ്ടപ്പെട്ട ഡോക്ടര്‍ പറയുന്നു...
എന്റെ ടെലഗ്രാം അക്കൗണ്ടിലേക്ക് ഒരു മെസേജ് വന്നു. ഹോട്ടലുകൾക്ക് റേറ്റിങ് നൽകിയാൽ 150 രൂപ കിട്ടും. തമാശയ്ക്ക് ലിങ്കിൽ അമർത്തി. അതോടെ ടെലഗ്രാമിലൂടെ വിശദമായ വിവരങ്ങളെത്തി. എങ്ങനെ റേറ്റിങ് ചെയ്യണം, എത്ര പണം ലഭിക്കും, എങ്ങനെ പിൻവലിക്കാം എല്ലാം. കൗതുകത്തിന് ഒരെണ്ണം ചെയ്തു നോക്കി. രൂപ ക്രെഡിറ്റ് ആയെന്ന് ലിങ്ക് വഴി കിട്ടിയ സൈറ്റിൽ കണ്ടു. അതോടെ വീണ്ടും ചെയ്തു. 800 രൂപ ആയപ്പോൾ പിൻവലിക്കാന്‍ തീരുമാനിച്ചു.
അതും ഓൺലൈനായി തന്നെ ചെയ്യണം. ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ പുതിയൊരു സ്ക്രീൻ വരും. അതിൽ പിൻവലിക്കാനുള്ള ഓപ്‍ഷനും. യെസ് ഓർ നോ എന്ന ബട്ടൻ ക്ലിക് ചെയ്യുക. അക്കൗണ്ടിൽ പണം വരും. അതാണ് രീതി. കൃത്യമായി എല്ലാം ചെയ്തു. അക്കൗണ്ടിൽ പണം വന്നു. 15 മിനിറ്റു കൊണ്ട് 800 രൂപ. സംഭവം കൊള്ളാമെന്നു തോന്നി.
രണ്ടാമത്തെ ദിവസം വീണ്ടും ടെലഗ്രാമിൽ മെസേജ്. തലേദിവസം നിർദേശങ്ങൾ തന്ന അതേ പെൺകുട്ടി. ഇന്ന് മറ്റൊരു ടാസ്ക് തരാം. അതിൽ നിന്നു ലഭിക്കുന്ന തുക ട്രേഡിങ് നടത്താം. വൻ ലാഭം കിട്ടും. അങ്ങനെ ലാഭം നേടിയവരുടെ ഗ്രൂപ്പിൽ ചേർത്തു. അവരുടെ കഥകൾ കേട്ടതോടെ ആവേശമായി. 5000 രൂപ വരെ ടാസ്കിലൂടെ നേടി. അതു ട്രേഡിങ്ങിനായി നൽകി. പണം പല മടങ്ങായി ഇരട്ടിക്കുന്നത് ലിങ്ക് വഴി തുറന്നു കിട്ടുന്ന സൈറ്റിൽ കണ്ടു.
മൂന്നാം ദിവസം വീണ്ടും മെസേജ്. ടാസ്കിലൂടെ അല്ലാതെ വേണമെങ്കിലും പണം ഇടാം. ഇന്ന് മാർക്കറ്റ് ഹൈ ആണ്. വൻ ലാഭം കിട്ടും. അതോടെ അഞ്ചു ലക്ഷം നിക്ഷേപിച്ചു. രണ്ടു മണിയായപ്പോൾ ഏതാണ്ട് 12 ലക്ഷം രൂപയായി വർധിച്ചു. പണം പിൻവലിക്കാൻ തീരുമാനിച്ചു. ടെലഗ്രാമിലൂടെ തന്നെ നിർദേശങ്ങൾ കിട്ടി. ഒരു കാര്യം പ്രത്യേകം പറഞ്ഞു, ലിങ്കിൽ ക്ലിക് ചെയ്താൽ പല പേജുകളിലൂടെ മുന്നോട്ടു പോകും. ശ്രദ്ധിച്ചു മുന്നോട്ടു പോയാലെ പണം പിൻവലിക്കാനാകൂ. തെറ്റിയാൽ ഫൈൻ ഈടാക്കും.
ആദ്യ ഘട്ടത്തിൽ തന്നെ തെറ്റി. സൗമ്യമായി നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്ന പെൺകുട്ടി ചെറുതായി ചൂടാകാൻ തുടങ്ങി. കുഴപ്പം നിങ്ങളുടേതാണ്, ശ്രദ്ധിക്കണം, ഫൈൻ വലുതാണ്, നിക്ഷേപിച്ച തുക പോലും നഷ്ടപ്പെടും എന്നു ഭീഷണിയായി. നിങ്ങൾക്ക് അശ്രദ്ധ കൂടുതലാണ്, ഇതു പറ്റുമെന്നു തോന്നുന്നില്ല തുടങ്ങിയ പരിഹാസങ്ങളും ആത്മവിശ്വാസം തകർക്കലും വേറെ.
കുറേ തവണ സോറി പറഞ്ഞപ്പോൾ ഒരു ചാൻസ് കൂടി കിട്ടി. ആദ്യ ഘട്ടം ഒരുവിധം കടന്നു കിട്ടി. അടുത്ത സ്ക്രീനിൽ വച്ചു വീണ്ടും തെറ്റി. യെസ് ഓപ്ഷനു പകരം നോ കൊടുത്തു. എനിക്ക് ഉറപ്പുണ്ട് ഞാൻ ക്ലിക്ക് ചെയ്തത് യെസ് ആണ്. പക്ഷേ, വന്നത് ‘നോ’ ആണ്.
അതോടെ നിക്ഷേപിച്ച അഞ്ചു ലക്ഷം രൂപയും ലാഭം കിട്ടിയ 12 ലക്ഷവും നഷ്ടപ്പെടും എന്ന മെസേജ് കിട്ടി. മൊത്തം തിരികെ കിണമെങ്കില്‍ മൂന്നു ലക്ഷം ഫൈന്‍ അടയ്ക്കണം. അക്കൗണ്ടിൽ പൈസയുണ്ട്. മറ്റൊന്നും ആലോചിക്കാതെ മൂന്നു ലക്ഷം ഫൈൻ അടച്ചു. ഫൈൻ ഉൾപ്പെടെയുള്ള പണം ഒരിക്കൽ കൂടി ട്രേഡിങ്ങിനായി നൽകണോ എന്നു ചോദിച്ചു. കേട്ടപാടെ യെസ് പറഞ്ഞു. വൈകീട്ടോടെ ലാഭം 28 ലക്ഷമായെന്ന് മെസേജ് വന്നു.
സമാധാനമായി. ഉടൻ പിൻവലിക്കാൻ തീരുമാനിക്കുന്നു. ഓപ്ഷൻ അമർത്തുന്നു, തെറ്റുന്നു. മുഴുവൻ തുകയും പോയെന്ന് മെസേജ് വരുന്നു. ചെയ്യുന്നതു ശരിയാണെന്നുറുപ്പുണ്ട്. പക്ഷേ, തെറ്റായാണ് കാണുന്നത്. ഇതിനെക്കുറിച്ചു നേരിട്ടു സംസാരിക്കാൻ വിളിക്കട്ടെ എന്നു ചോദിച്ചപ്പോൾ സമ്മതിച്ചില്ല. ചാറ്റ് ചെയ്യാൻ മാത്രമേ പറ്റൂ എന്നായി. ലൈഫ് ലൈൻ തരാം അഞ്ചു ലക്ഷം പിഴയൊടുക്കണം എന്നായി ആവശ്യം. കിട്ടിയ 22 ലക്ഷം നഷ്ടപ്പെടരുതല്ലോ എന്നു മാത്രമാണ് അപ്പോള്‍ ഞാൻ ചിന്തിച്ചത്.
സുഹൃത്തുക്കളെ വിളിച്ചു. അഞ്ചു ലക്ഷം ഒപ്പിച്ചു. അവർ തന്ന പല അക്കൗണ്ടുകളിലേക്കു പണം ട്രാൻസ്ഫർ ചെയ്തു. അതോടെ എല്ലാം പരിഹരിച്ചു എന്നു കരുതി. ഇനിയെങ്കിലും ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യാൻ അവര്‍ നിർദ്ദേശിച്ചു. വളരെ സൂക്ഷിച്ചു പണം പിൻവലിക്കാനുള്ള ഒാപ്ഷനിൽ യെസ് കൊടുത്തു. പക്ഷേ, ഇത്തവണയും തെളിഞ്ഞത് ‘നോ’ ആയിരുന്നു.
ഞാൻ കരഞ്ഞു പോയി. സംഭവിക്കാൻ പോകുന്നതെന്താണെന്ന് അറിയാം. നിർദ്ദേശങ്ങൾ തന്നുകൊണ്ടിരുന്ന പെൺകുട്ടി ചീത്തവിളി തുടങ്ങി. തെറ്റിന് ഞാൻ സോറി പറഞ്ഞു കൊണ്ടിരുന്നു. വലിയൊരു തുകയാണു നഷ്ടമാകുന്നതെന്ന സത്യം ഉൾക്കൊള്ളാനായില്ല. ആ അവസ്ഥ കണ്ടു പെൺകുട്ടി പറഞ്ഞു, പണം നഷ്ടപ്പെടാതിരിക്കാൻ ഒറ്റ വഴിയേയുള്ളൂ. ഫൈൻ 10 ലക്ഷം അടയ്ക്കണം. അല്ലെങ്കിൽ ഇതുവരെ നിക്ഷേപിച്ച 13 ലക്ഷം രൂപ ഉൾപ്പെടെ ട്രേഡിങ്ങിലൂടെ നേടിയ മുഴുവന്‍ തുകയും പോകും.
ഒരു ഘട്ടത്തിൽ ഞാൻ പറഞ്ഞു, ഇതു തട്ടിപ്പാണ്, കേസു കൊടുക്കും. വളരെ കൃത്യമായിരുന്നു അവരുെട മെസേജ്. ‘ഒരു കാര്യവുമില്ല. ഇത് കമ്പനിയുടെ നിയമമാണ്. ഇതൊക്കെ താങ്കള്‍ അക്സെപ്റ്റ് ചെയ്തിട്ടാണ് പണം നിക്ഷേപിച്ചത് എന്നതിന്‍റെ തെളിവ് ഞങ്ങളുെട കയ്യിലുണ്ട്.’ പിന്നീടു നടന്നത് മെന്റൽ ടോർച്ചറിങ് ആയിരുന്നു. നിക്ഷേപിച്ച 13 ലക്ഷത്തേക്കാൾ അവർ ഉണ്ടെന്നു പറയുന്ന വലിയ േനട്ടം കൈവിട്ടു പോകുന്ന സങ്കടത്തിലായിരുന്നു ഞാൻ.
കൂടുതൽ ട്രാൻസാക്ഷൻ നടന്നതുകൊണ്ടാണോ എന്നറിയില്ല എന്റെ അക്കൗണ്ട് ബ്ലോക്ക് ആയി. ടെൻഷൻ വന്ന് ബോധക്ഷയം ഉണ്ടാകുമെന്നു തോന്നി. സമയം നാലുമണിയായി. 10 ലക്ഷം എങ്ങനെ ഉണ്ടാക്കും എന്നറിയില്ല.
ഒരു ദിവസത്തെ സമയം ചോദിച്ചു. കുറേ അപേക്ഷിച്ചപ്പോൾ തൽക്കാലം നാലു ലക്ഷം ഉടൻ അടയ്ക്കാൻ പറഞ്ഞു. അതു സ്വർണം പണയം വച്ചു കണ്ടെത്തി. ബാക്കി ആറു ലക്ഷം കൂടി കണ്ടെത്തണം. ഈ ഘട്ടമെത്തിയപ്പോഴേക്കും ഞാൻ പാനിക് ആയി തളർന്നു വീണു. ആശുപത്രിയിൽ പോകാൻ പോലും തയാറായില്ല. പിറ്റേന്നു പണം ട്രാൻസ്ഫർ ചെയ്യണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. മറ്റു വഴികളില്ലാതായപ്പോൾ ഞാൻ ഭാര്യയോടും മ ക്കളോടും സംഭവിച്ചതു പറഞ്ഞു.
എല്ലാം കേട്ടതോടെ മകൻ പറഞ്ഞു. ‘ഇത് സൈബർ തട്ടിപ്പാണ്. അച്ഛൻ പെട്ടുപോയി.’
ദേഷ്യം നിയന്ത്രിക്കാനായില്ല. അലറിക്കൊണ്ട് ഞാന്‍ എഴുന്നേറ്റു. ‘എന്റെ ഭാഗത്തു വന്ന തെറ്റു കൊണ്ടാണ് പണം നഷ്ടപ്പെട്ടത്. നാളെ എല്ലാം തിരിച്ചു കിട്ടും.’ ഇനി ഒരു രൂപ പോലും നിക്ഷേപിക്കാൻ സമ്മതിക്കില്ലെന്ന് മകൻ തീർത്തു പറഞ്ഞു. ഞാൻ കാലു പിടിച്ചു. പക്ഷേ, ഭാര്യയും സമ്മതിച്ചില്ല. ഭ്രാന്ത് വരുമെന്നു തോന്നി. അപ്പോഴും സൈബർ തട്ടിപ്പിന് ഇരയായെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഒടുവിൽ പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചത് രാത്രി പതിനൊന്നുമണി കഴിഞ്ഞാണ്. 1930 വിളിച്ച് കേ സ് റജിസ്റ്റർ ചെയ്തു. അപ്പോഴേക്കും പണം തിരിച്ചുപിടിക്കാനുള്ള അവസരം നഷ്പ്പെട്ടിരുന്നു. പണം ഇട്ട അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നത് വെറും ആയിരത്തി ഇരുന്നൂറു രൂപ മാത്രം.
ഈ അനുഭവം വായിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. തട്ടിപ്പിന്റെ വാർത്തകള്‍ കേട്ട് ഇരകളായവർ മണ്ടന്മാർ എന്നു പരിഹസിക്കും മുൻപ് ഒന്നോർക്കുക. അന്ധമായി നമ്മെ വിശ്വസിപ്പിക്കാനുള്ള കഴിവ് അവർക്കുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ മതി. ആരും വീണുപോകും. അടുത്തത് നിങ്ങളാകാതിരിക്കട്ടെ.