Friday 05 October 2018 02:32 PM IST

‘ഇതു താൻടാ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ’; ഡിജിറ്റൽ തരംഗം കരുത്താക്കിയ ജീന വഹീദിന്റെ വിജയഗാഥ

V N Rakhi

Sub Editor

Untitled-1

സ്വന്തം കമ്പനി തുടങ്ങുകയാണെങ്കിൽ നമുക്കത് ഇന്ത്യയിൽ തന്നെ തുടങ്ങണം.’ കുഞ്ഞുന്നാൾ മുതല്‍ മനസ്സിൽ സൂക്ഷിച്ച ആഗ്രഹം വിദേശ നാട്ടിലെ ജീവിതത്തിനിടെ ജീന ഇടയ്ക്കിടെ ഭർത്താവ് അൻസാറിനോടു പറയുമായിരുന്നു. ബിസിനസ് പാരമ്പര്യം ഒട്ടുമില്ലാതിരുന്നിട്ടും ആ രാജ്യസ്നേഹം കമ്പനിയുടെ വിജയത്തിന് നല‍്‍കിയ പിന്തുണയിൽ ജീന വളരെയേറെ സന്തോഷവതിയാണിന്ന്.

തുണയായത് ഡിജിറ്റൽ തരംഗം

ഫെയ്സസ് ഇന്നവേഷൻസ് എന്ന ഓൺലൈൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണ് ജീന വഹീദ്. ഔദ്യോഗിക കാര്യങ്ങളിൽ കടലാസിന്റെ ഉപയോഗം പരമാവധി കുറച്ച് ഡിജിറ്റൽ ട്രാൻസ്ഫർമേഷനു ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുകയാണ് ഫെയ്സസ് ഇന്നവേഷൻസ് ചെയ്യുന്നത്. ബിസിനസ് ആയാസരഹിതമാക്കാനും ഡിജിറ്റൽ പ്രോസസിങ് ലഘൂകരിക്കാനും കൂടെ നിൽക്കും. ഇതിനായി ക്ലൗഡ് സോഫ്റ്റ്‌വെയറുകളും പ്രത്യേകം ഡിസൈൻ ചെയ്ത സോഫ്റ്റ്‌വെയറുകളും നൽകും. വെബ്‌സൈറ്റ് ഡിസൈനിങ്, മൊബൈൽ ആപ് ടീം, ഓൺലൈൻ പോസ്റ്റർ കസ്റ്റമൈസിങ്, പ്രോസെസിങ്–മാർക്കറ്റിങ് ടൂൾ തുടങ്ങിയ സേവനങ്ങളുമുണ്ട്.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിടെക് ഡിഗ്രി നേടിയ ഉടനെയായിരുന്നു ജീനയുടെ വിവാഹം. ദുബായ് എമിറേറ്റ്സ് സർക്കാർ വകുപ്പിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്ന മുഹമ്മദ് അൻസാറിന്റെ ജീവിതസഖിയായി ജീന ദുബായിലെത്തി. നാലു വർഷത്തോളം എൻജിനീയർ ആയി ദുബായിൽ ജോലി ചെയ്തു. പത്തു വർഷത്തിലേറെ ഐ. ടി മേഖലാ പരിചയമുണ്ടായിരുന്നു അൻസാറിന്.

പാർട്ണർഷിപ്പിൽ കമ്പനി തുടങ്ങാൻ ടീം അംഗം ഡാനിയേൽ ഹോൺ അൻസാറിനെ ഡെൻമാർക്കിലേക്കു ക്ഷണിച്ചതാണ് ജീനയുടെയും ജീവിതത്തിലെ വഴിത്തിരിവായത്. സ്വന്തം കമ്പനി എന്ന ആശയം യാഥാർഥ്യമാക്കാൻ ജോലി മതിയാക്കി ജീനയും അൻസാറും ഇന്ത്യയിൽ തിരിച്ചെത്തി. 2011ൽ കൊച്ചിയിൽ ഓഫിസ് തുടങ്ങി.

സെയിൽസ്–മാർക്കറ്റിങ് വിഭാഗങ്ങൾ ‍ഡെൻമാർക്കിലെ പ്രധാന ഓഫിസിലിരുന്ന് സിഇഒ ദാനിയേൽ കൈകാര്യം ചെയ്യും. റിക്രൂട്ട്മെന്റ്, മാനേജിങ് വിഭാഗങ്ങൾ ജീനയ്ക്കും ടെക്നിക്കൽ വിഭാഗത്തിന്റെ ചുമതല അൻസാറിനുമാണ്. അഞ്ചോ ആറോ ക്ലയന്റിൽ നിന്നാണു തുടക്കം. ആദ്യ വർഷാവസാനമായപ്പോഴേക്കും ക്ലയന്റിന്റെ എണ്ണം ഇരുപത്തഞ്ചിലെത്തി. 2017 സെപ്റ്റംബർ മുതൽ ഓഫിസ് പ്രവർത്തിക്കുന്നത് കൊച്ചിയിലെ ഇൻഫോപാർക്കിലാണ്. നാസ്കോമിന്റെ ടെക്നിക്കൽ ഹെൽപ് കിട്ടുന്നുണ്ട്. മൂന്നു പേരാണു ജോലിക്കാരായി തുടക്കത്തിൽ ഉണ്ടായിരുന്നത്. മൂന്നു കൊല്ലത്തിനു ശേഷം അത് മുപ്പതായി ഉയർന്നു.

‘ഇന്ത്യയില‍്‍ ജോലി അന്തരീക്ഷം എങ്ങനെയാവും എന്നൊന്നും ധാരണയില്ലാതെയാണു കമ്പനി തുടങ്ങുന്നത്. സോഫ്റ്റ്‌വെയർ രംഗവുമായി ബന്ധമില്ലാത്ത ഞാൻ ഒരു കമ്പനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നൊക്കെ ആശങ്കയുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു. ഫെയ്സസിലെ സ്റ്റാഫാണ് അപ്പോഴെല്ലാം ശ ക്തിയായത്.

ഇത്രയും വർഷത്തെ അനുഭവത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് രണ്ടു മാസം മുമ്പ് ‘വെർട്ടിക്കൽ ഓപ്ഷൻസ്’ എന്ന പുതിയൊരു ഐടി കമ്പനിക്കു കൂടി തുടക്കമിട്ടു കഴിഞ്ഞു ജീന. മറ്റു കമ്പനികളിലെ ആവശ്യങ്ങൾക്ക് ഏറ്റവും യോജിച്ച ഉദ്യോഗാർഥികളെ എത്തിച്ചുകൊടുക്കുന്ന റിക്രൂട്ട്മെന്റ് കമ്പനിയാണിത്. ജീനയ്ക്കും അൻസാറിനും മൂന്നു മക്കളാണ്. പ ത്തുവയസ്സുകാരി മൻഹ, മൂന്നു വയസ്സുകാരൻ അയാൻ, രണ്ടു വയസ്സുകാരി ഇനായ.