Friday 30 June 2023 03:08 PM IST

തൊട്ടപ്പുറത്തെ ഫ്ലാറ്റ് കൂടി വാങ്ങി കൂട്ടിച്ചേർത്തു, ഷാജോണിന്റെ വീട്ടിൽ 8 വർഷങ്ങൾക്കിപ്പുറം എത്തിയപ്പോൾ കണ്ടത് വിസ്മയിപ്പിക്കും കാഴ്ചകൾ

Sunitha Nair

Sr. Subeditor, Vanitha veedu

shajon 1

എട്ട് വർഷങ്ങൾക്കു മുൻപാണ് നടൻ കലാഭവൻ ഷാജോണിന്റെ കൊച്ചി കലൂരിലെ അപാർട്മെന്റിൽ ആദ്യമെത്തിയത്. ഇപ്പോൾ വീണ്ടും വന്നപ്പോൾ അപാർട്മെന്റിന് പുറമേക്ക് ഒരു മാറ്റവും ഇല്ല. നേരെ പതിമൂന്നാം നിലയിലേക്ക്. വാതിൽ തുറന്നപ്പോൾ കണ്ടതാകട്ടെ, അന്നു കണ്ട കാഴ്ചകളൊന്നുമല്ല.

shajon 2 ലിവിങ് റൂം ചുമരിൽ സിമന്റ് െടക്സ്ചർ ഫിനിഷ്

ഒറ്റപ്പാലത്ത് ഷൂട്ടിനു പോകാനൊരുങ്ങിയ ആളെ പിടിച്ചുനിർത്തിയാണ് അന്ന് വീട്ടുവിശേഷങ്ങൾ സംഘടിപ്പിച്ചത്. ഷൂട്ട് കഴിഞ്ഞെത്തി വിശ്രമിക്കാനൊരുങ്ങിയ കക്ഷിയെ വിളിച്ചുണർത്തിയാണ് ഇത്തവണ വീട്ടുവിശേഷങ്ങളിലേക്ക് കടന്നത്. തിരക്കാണെങ്കിലും ക്ഷീണമുണ്ടെങ്കിലും ഷാജോണിന്റെ മുഖത്തെ ചിരിക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ല.

shajon 4 പൊതുഇടങ്ങൾ പാർട്ടീഷൻ വഴി വേർതിരിച്ചു

അന്നത്തെ മൂന്നാം ക്ലാസ്സുകാരിയും എൽകെജിക്കാരനും പന്ത്രണ്ടിലും എട്ടിലുമായി. മക്കൾ വലുതായപ്പോൾ വീടിനും അൽപം കൂടി വലുപ്പമാവാം എന്ന തോന്നലിലാണ് തൊട്ടപ്പുറത്തെ ഫ്ലാറ്റ് കൂടി വാങ്ങി കൂട്ടിച്ചേർത്ത് വീട് വിശാലമാക്കിയത്. മൂന്ന് വർഷമായി തൊട്ടടുത്ത ഫ്ലാറ്റ് കൂടി വാങ്ങിയിട്ട്. ഇപ്പോഴാണ് പക്ഷേ, പണിയാനുള്ള സാഹചര്യം ഒത്തുവന്നത്.

shajon 3 ഊണുമുറി

ഭാര്യ ഡിനിക്കും മക്കള്‍ ഹന്നയ്ക്കും യോഹനും പുതിയ ഇന്റീരിയറിനെക്കുറിച്ച് കൃത്യമായ ധാരണകളുണ്ടായിരുന്നു. എല്ലാവരും കൂടി ചേർന്നാണ് വീടിന്റെ മുഖം മിനുക്കിയെടുത്തത്. പഴയ ഫ്ലാറ്റിന്റെ ഇന്റീരിയർ ഒരുക്കിയ ഡിലൈഫിനെത്തന്നെ ഇത്തവണയും ഏൽപിച്ചു. ഡിലൈഫിന്റെ സേവനത്തിൽ പൂർണ തൃപ്തരാണ് ഷാജോണും കുടുംബവും. അതിനാൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

shajon 5 അടുക്കള

പുതുക്കിപ്പണിയാൻ ഒരു വർഷമൊക്കെ വേണ്ടി വരും എന്നുപറഞ്ഞ് സുഹൃത്തുക്കളൊക്കെ പേടിപ്പിച്ചുവെങ്കിലും ആറ് മാസം കൊണ്ട് പണി തീർത്തു കൊടുത്ത് ഡിസൈനിങ് ടീം വീട്ടുകാരെ ഞെട്ടിച്ചു. പണിയുടെ സമയത്ത് മറ്റൊരു ഫ്ലാറ്റിലേക്കു താമസം മാറി.

പഴയ 2000 ചതുരശ്രയടിക്കൊപ്പം പുതിയ ഫ്ലാറ്റ് കൂടി ചേർന്നപ്പോൾ 4000 ചതുരശ്രയടി വിസ്തീർണമായി. ‘‘ഞങ്ങളുടെ ആശയങ്ങൾക്കനുസരിച്ചാണ് വീടിന്റെ മുക്കും മൂലയും ഒരുക്കിയത്. നമ്മുടെ ഇഷ്ടത്തിനാവണം വീട് എന്നത് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. ഡിസൈനിങ് ടീമിന്റെ പൂർണ പിന്തുണയുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ആശയങ്ങൾ പങ്കു വച്ചും സ്വീകരിച്ചുമാണ് വീട് പൂർത്തിയാക്കിയത്. ഇപ്പോൾ വീടിന്റെ ഓരോ ഇടവും കാണുമ്പോൾ ഇതു നമ്മുടെ ആശയമാണല്ലോ എന്ന് ഓർക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു,’’ഷാജോൺ പറയുന്നു.

ഫോയറിൽ ചുമരിൽ വലിയ കണ്ണാടി കൊടുത്തിരിക്കുന്നു. വീട്ടിലേക്കു കയറുമ്പോൾ തന്നെ വിശാലമായി തോന്നാൻ ഇതു സഹായിക്കുന്നു. അലങ്കാര വസ്തുക്കൾ ഭംഗിയേകുന്ന ഫോയർ കടന്നാൽ ലിവിങ് റൂമായി. പുതിയ ഫ്ലാറ്റിന്റെ ലിവിങ് ആണ് ഇത്. ഫർണിച്ചറെല്ലാം പണിതു നൽകിയത് ഡിസൈനിങ് ടീം തന്നെ. ലിവിങ്ങിന്റെ ചുമരിൽ സിമന്റ് ടെക്സ്ചർ ചെയ്ത് മോടി കൂട്ടിയിട്ടുണ്ട്. പഴയ ലിവിങ് ഇപ്പോൾ ഊണുമുറിയായി രൂപാന്തരം പ്രാപിച്ചു. അതോടു ചേർന്ന് ഓപ്പൻ കിച്ചൻ. മഹാഗണി കൊണ്ടാണ് ഊണുമേശ. ഊണുമേശയുടെ കസേരകളുടെ അപ്ഹോൾസ്റ്ററിക്കു നൽകിയ പിങ്ക് നിറം ഡിസൈനിങ് ടീമിന്റെ നിർദേശമായിരുന്നു. നിലവിലുള്ള ആക്സസറിയുമായി ചേർന്നു പോകുന്ന നിറമാണ് ഇത്.

അടുക്കളയുടെ സ്ഥാനം പഴയതു തന്നെ. െഎലൻഡ് കിച്ചനാണ്. കെട്ടും മട്ടും മാറിയിട്ടുണ്ടെന്നു മാത്രം. കാബിനറ്റുകളുടെ സ്ഥാനം മാറി; പുതുക്കിയിട്ടുമുണ്ട്. ലാമിനേറ്റഡ് പ്ലൈ കൊണ്ടാണ് കാബിനറ്റ്. കൗണ്ടർടോപ്പിനൊന്നും മാറ്റമില്ല.

shajon 6 എട്ട് വർഷങ്ങൾക്കു മുൻപ് 2015 മാർച്ച് ലക്കം വനിത വീടിൽ പ്രസിദ്ധീകരിച്ച ഷാജോണിന്റെ ഫ്ലാറ്റിനെക്കുറിച്ചുള്ള ഫീച്ചർ

പഴയ രണ്ട് കിടപ്പുമുറികൾ ചേർത്ത് ഹോംതിയറ്റർ നിർമിച്ചു. ഒരു കൊച്ചു സിനിമാ തിയറ്ററിന്റെ പ്രതീതി ഉണർത്തുന്ന ഇത് ഷാജോണിന്റെ സുഹൃത്തായ തിരുവല്ലാക്കാരൻ പ്രിൻസാണ് ചെയ്തു നൽകിയത്. കിടപ്പുമുറിയിലെ വാഡ്രോബിന് ഒരു മാറ്റവും വരുത്തിയില്ല. അതോടു ചേരുന്ന രീതിയിൽ ഇന്റീരിയർ ഒരുക്കിയെടുക്കുകയായിരുന്നു. പുതിയതായി ചേർത്ത ഫ്ലാറ്റിന്റെ ഡൈനിങ്, പ്രെയർ ഏരിയയായി. മൂന്ന് കിടപ്പുമുറികളിൽ ഒന്ന് ഓഫിസ് മുറിയായി. വിശാലമായ മാസ്റ്റർ ബെഡ്റൂമിൽ ടിവി യൂണിറ്റും സീറ്റിങ്ങുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ നിന്നിറങ്ങാൻ പാകത്തിൽ നീണ്ട ബാൽക്കണിയുണ്ട്. അവിടെ നിറയെ ചെടികൾ വച്ച് മനോഹരമാക്കി. പഴയ ലിവിങ് അഥവാ പുതിയ ഡൈനിങ്ങിലെ ബാൽക്കണി സ്പേസ്, ഡെക്ക് പോലെയായിരുന്നു. അത് മാറ്റി. സ്ലൈഡിങ് ഗ്ലാസ്സ് ഡോർ വഴി ബാൽ‍ക്കണിയിലെ കാഴ്ചകൾ ആസ്വദിക്കാം. ലിവിങ്ങിലും ഡൈനിങ്ങിലും തടിയുടെ ഫിനിഷിലുള്ള ടൈൽ ഇട്ട് ബാക്കിയിടങ്ങളിൽ നിന്ന് വേർതിരിച്ചിട്ടുണ്ട്.

നീണ്ടു കിടക്കുന്ന പാസേജ് ആണ് കോമൺ ഏരിയയുടെ ഹൃദയം. ഫ്ലാറ്റിനെ വിശാലമാക്കുന്നതിലും ആകർഷകമാക്കുന്നതിലും ഈ പാസേജിന്റെ പങ്ക് എടുത്തു പറയേണ്ടതുണ്ട്.

നന്നായി വരയ്ക്കുന്ന ഡിനിയുടെ ക്രോഷ്യോ കലാവിരുതുകൾ വീട്ടിലെമ്പാടും കാ ണാം. റണ്ണർ, അലങ്കാര വസ്തുക്കൾ, ടിഷ്യു ബോക്സ് കവർ തുടങ്ങിയവ അവയിൽ ചിലതു മാത്രം. വീട്ടുകാർക്കൊപ്പം വളരുന്ന വീട് എന്ന ആശയത്തിന് പ്രാധാന്യമേറുകയാണ്. ഫ്ലാറ്റിലും ഇത് പ്രാവർത്തികമാക്കാമെന്ന് കാണിച്ചു തരുന്നു ഷാജോണും കുടുംബവും.

കലാഭവൻ ഷാജോണിന്റെ ഫ്ലാറ്റിന്റെ കൂടുതൽ വിശേഷങ്ങളും ചിത്രങ്ങളും ജൂലൈ ലക്കം വനിത വീടിലുണ്ട്....

ഇന്റീരിയർ: ഡിലൈഫ് ഇന്റീരിയേഴ്സ്, dlifecare@jmlifestyle.in

Tags:
  • Celebrity Homes
  • Architecture