കൃത്യമായി പ്രജനനം നടത്തിയാൽ ആഫ്രിക്കൻ ലവ് ബേർഡ്സിനെ വളർത്തൽ ആനന്ദത്തോടൊപ്പം നല്ലൊരു വരുമാന മാർഗം കൂടിയാണ്.
∙ ശരീരം പ്രജനന സജ്ജമാകാൻ പറ്റിയ ആഹാരങ്ങളാണു പയർ, വെള്ളക്കടല, സൂര്യകാന്തിക്കുരു എന്നിവയടങ്ങിയ സീഡ് മിക്സ്ചർ. ബ്രീഡിങ് പ്രായമടുക്കുമ്പോൾ നാലോ അഞ്ചോ തുള്ളി മൾട്ടി വൈറ്റമിൻ ഡ്രോപ്‌സ് വെള്ളത്തിൽ കലർത്താം. ചീരയില ഉൾപ്പെടുത്തിയാൽ കൂടുതൽ പോഷക സമൃദ്ധമാകും.
∙ ഒരുപാടു പക്ഷികളുള്ള കൂടാണെങ്കിൽ ജോഡികളെ കണ്ടെത്തലാണ് ആദ്യ പടി. കൊക്കുകൾ ഉരുമ്മുന്നവരെയും അടുത്തിടപഴകുന്നവരെയും മനസ്സിലാക്കി ആരോഗ്യമുള്ളവരാണ് എന്ന് ഉറപ്പിക്കുക.
∙ അധികം ബഹളവും ആൾസഞ്ചാരവുമില്ലാത്ത സ്ഥലമാണ് ഇണ ചേരാൻ ഉത്തമം. പെൺ പക്ഷിയെയാണ് ആദ്യം കൂട്ടിലേക്കു മാറ്റേണ്ടത്. വൃത്തിയുള്ള മൺകലവും അൽപം വൈക്കോലും ചകിരിയും കൂട്ടിലിട്ടാൽ പെൺപക്ഷി കൂടു കൂട്ടാൻ ആരംഭിക്കും. ഒരു ദിവസം കഴിഞ്ഞ് ആൺകിളിയെ കൂട്ടിലേക്കു കൊണ്ടുവരാം.
∙ ഇണ ചേർന്നാൽ മൂന്നോ നാലോ മുട്ടകൾ പ്രതീക്ഷിക്കാം. 21 ദിവസത്തിനുള്ളിൽ മുട്ട വിരിയുകയും രണ്ടാഴ്ചയാകുമ്പോഴേക്കും കിളിക്കുഞ്ഞുങ്ങൾ കണ്ണു തുറക്കുകയും ചെയ്യും.
കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ