പൂച്ചകുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ജനിച്ചു കഴിഞ്ഞുള്ള ആദ്യത്തെ 12 ആഴ്ചകൾ സുപ്രധാനമാണ്. മറ്റു പൂച്ചകളുമായും മനുഷ്യരുമായും വീടും പരിസരവുമായും എങ്ങനെ ഭയരഹിതമായി ഇടപെടാം എന്നതിന്റെ ആദ്യ പാഠങ്ങൾ പഠിക്കുന്നത് ആ പ്രായത്തിലാണ്.
∙ ജനിച്ചു രണ്ടാഴ്ചയ്ക്കു ശേഷം കണ്ണു തുറന്നു കഴിഞ്ഞാൽ ഉടൻ അമ്മപ്പൂച്ചയുടെ ക്ലാസ് ആരംഭിക്കുകയായി. എങ്ങനെ എപ്പോൾ മലമൂത്രവിസർജനം ചെയ്യണമെന്നും ആഹാരം ചവച്ചു കഴിക്കുന്ന രീതിയും പരിക്കുകൾ പറ്റാതെ എങ്ങനെ പല്ലും നഖവും ഉപയോഗിക്കാം എന്നുമൊക്കെ ആദ്യത്തെ ഒന്നര മാസത്തിനുള്ളിൽ അമ്മ പഠിപ്പിക്കുന്നു. കളിക്കിടയിൽ പരിക്കു പറ്റാൻ സാധ്യതയുള്ള ഘട്ടങ്ങളിൽ അമ്മ ഉടനടി ഇടപെടുന്നതു നമുക്കു കാണാം.
∙ ഈ പ്രായമെത്തുന്നതിനു മുൻപു പൂച്ചക്കുഞ്ഞുങ്ങളെ അമ്മപ്പൂച്ചയുടെ അടുത്തു നിന്നു എടുത്തു വളർത്താൻ ശ്രമിച്ചാൽ അവർ എളുപ്പം ഭയപ്പെടുന്നവരും ആവശ്യമില്ലാതെ പല്ലും നഖവും ഉപയോഗിക്കുന്നവരുമായിരിക്കും.
എന്നാൽ ജനിച്ചു നാല് ആഴ്ചകൾ കഴിയുമ്പോൾ മുതൽ ഘട്ടം ഘട്ടമായി പല പ്രാവശ്യം അവയെ കയ്യിലെടുക്കുകയും കളിപ്പിക്കുകയും തിരിച്ച് അമ്മയുള്ള കൂട്ടിൽ ഇടുകയും ചെയ്താൽ വലുതാകുമ്പോൾ മനുഷ്യരുമായി ഇണങ്ങാൻ അവർക്ക് അതിവേഗം സാധിക്കും.
∙ അമ്മയില്ലാത്ത, കണ്ണു തുറന്നു വരുന്ന കുഞ്ഞുങ്ങൾ ആണെങ്കിൽ പാല് കുടിപ്പിക്കുന്ന മറ്റൊരു അമ്മപ്പൂച്ചയുടെ അടുത്തു കൊണ്ടു പോയി അതിന്റെ കുട്ടികളുടെ കൂട്ടത്തിൽ ചേർക്കാൻ ശ്രമിക്കുന്നതാണ് കുപ്പി പാൽ കൊടുക്കുന്നതിനേക്കാൾ അനുയോജ്യം.