Saturday 10 August 2019 04:03 PM IST

ഭാരമായി മാറല്ലേ, കൊതിച്ചു വാങ്ങിയ ഫ്ലാറ്റ്; നിയമപ്രശ്നങ്ങളിൽ കുരുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

Rakhy Raz

Sub Editor

shutterstock_308023208

മോഹിച്ചു വാങ്ങിയ ഫ്ലാറ്റ് നിയമപ്രശ്നങ്ങളിൽ കുരുങ്ങി ബാധ്യതയായി മാറാതിരിക്കാൻ ഫ്ലാറ്റ് വാങ്ങും മുൻപ് തീർച്ചയായും അറിയേണ്ട കാര്യങ്ങൾ...

ഫ്ലാറ്റ് വാങ്ങിയവരെയും വാങ്ങാനിരിക്കുന്നവരെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു കൊച്ചി മരടിൽ തീരദേശനിയമം ലംഘിച്ചു നിർമിച്ചതിന്റെ പേരിൽ അപാർട്മെന്റുകൾ പൊളിച്ചു നീക്കാനുള്ള സുപ്രീം  കോടതി ഉത്തരവ്. തൽക്കാലികമായി അൽപം സമയം നീട്ടിക്കിട്ടിയത് ആശ്വാസമായെങ്കിലും താമസക്കാരുടെ ആശങ്ക ഒ ട്ടും അകന്നിട്ടില്ല.

നിയമക്കുരുക്കുകൾ മാത്രമല്ല സ്വകാര്യതയും വെള്ളത്തിന്റെയും ഗ്യാസിന്റെയും ലഭ്യതയും മാലിന്യ സംസ്കരണവും അടക്കം ഒട്ടേറെ പ്രശ്നങ്ങളാണ് ഫ്ലാറ്റ് നിവാസികൾ നേരിടേണ്ടി വരുന്നത്. എന്നാൽ ഫ്ലാറ്റ് തന്നെയാണ് നഗരങ്ങളിൽ ഏറ്റവും യോജിച്ച താമസ വ്യവസ്ഥ എന്നും സമ്മതിക്കാതെ വയ്യ.  പ്രശ്നം ഏതു വിധത്തിലുള്ളതായാലും സ്വൈര ജീവിതത്തെയാണ് ബാധിക്കുന്നത് എന്നതിനാൽ ഫ്ലാറ്റ് വാങ്ങുമ്പോൾ  കരുതലോടെ വാങ്ങുക മാത്രമാണ് പോംവഴി. ഫ്ലാറ്റ് വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് അറിയാം.

നിയമക്കുരുക്കുകൾ ഒഴിവാക്കാനാകുമോ

ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ കാര്യത്തിൽ  നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ പ്രത്യാഘാതം ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരും നേരിടേണ്ടി വരും. അതിനാൽ നിയമപ്രകാരം നേരായ മാർഗത്തിലാണ് സ്ഥലം വാങ്ങി കെട്ടിടം പണിതിട്ടുള്ളത് എന്ന് രേഖകൾ കണ്ട് ഉറപ്പു വരുത്തണം.

ഫ്ലാറ്റ് നിർമാതാവ് നൽകുന്ന നിബന്ധനകൾ പൂർണമായി വായിച്ചു നോക്കി മനസ്സിലാക്കിയ ശേഷം മാത്രമേ മുന്നോട്ടു നീങ്ങാവൂ. ഭൂമിയും നിർമാണവും സംബന്ധിച്ച് ആവശ്യമായ നിയമപരമായ രേഖകൾ എല്ലാം ബിൽഡറുടെ കയ്യിലുണ്ടോ, അവ യഥാർഥമാണോ എന്ന് പരിശോധിക്കണം.

നിശ്ചിത ഓഫിസുകളിൽ നിന്നാണ് വിവരങ്ങൾ മനസ്സിലാക്കേണ്ടത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച് കാര്യങ്ങൾ മനസ്സിലാക്കാം. നിയമവിദഗ്ധന്റെ സഹായത്തോടെ രേഖകളുടെ നിയമസാധുത ഉറപ്പാക്കാം.

കെട്ടിട നിർമാണ ചട്ടപ്രകാരം സുരക്ഷിതമായ ഫ്ലാറ്റ് വാങ്ങാൻ എന്തു ചെയ്യണം ?

ബിൽഡിങ് നമ്പർ ലഭിച്ചിട്ടുണ്ടോ എന്നത്  പ്രധാനമാണ്.  ഒരു ഫ്ലാറ്റ് വാങ്ങുമ്പോൾ പ്രാഥമികമായ ലൈസൻസ് എന്നു പറയുന്നത് ബിൽഡിങ് പെർമിറ്റ്, അപ്രൂവ്ഡ് ബിൽഡിങ് പ്ലാൻ, എന്നിവയാണ്.  ഇതിനനുസരിച്ച് കെട്ടിടം പണിതാൽ ലഭിക്കുന്ന അംഗീകാരമാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്.  അപ്രൂവൽ വാങ്ങിയ പ്ലാൻ പ്രകാരമല്ലാതെ കെട്ടിടം പണിതാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ല. കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചാലേ ബിൽഡിങ് നമ്പർ ലഭിക്കൂ. ബിൽഡിങ് നമ്പറിനെക്കുറിച്ചുള്ള ശരിയായ വിവരം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നു ലഭിക്കും.

പണി നടക്കുമ്പോൾ തന്നെ പണം നൽകി വാങ്ങുന്ന ഫ്ലാറ്റുകളിൽ കംപ്ലീഷൻ കഴിയുമ്പോഴേ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തിയാണോ പണിതിട്ടുള്ളത് എന്ന് അറിയൂ. ഇത്തരത്തിലുള്ള ഫ്ലാറ്റ് ബുക്ക് ചെയ്യുന്നവർ ഓരോ ഘട്ടത്തിലും പണം അടയ്ക്കുന്നതിനൊപ്പം പണി സുതാര്യമാണോ എന്ന് എൻജിനീയർമാരെക്കൊണ്ട് പരിശോധിപ്പിക്കണം.

കെട്ടിട നിർമാണ ചട്ടപ്രകാരം ജലസംഭരണത്തിനുള്ള സംവിധാനം, ജലവിതരണം, മാലിന്യ ശേഖരണത്തിനും നിർമാർജനത്തിനുമുള്ള സൗകര്യം, മഴവെള്ള സംഭരണി, സ്വീവേജ്, സെപ്റ്റിക് ടാങ്കിന് മതിയായ ശേഷി, അഗ്നി ബാധ ഉണ്ടായാൽ രക്ഷപ്പെടാനുള്ള ഗോവണി, സുരക്ഷാ മുൻകരുതൽ എന്നിവയെല്ലാം ഫ്ലാറ്റുകളിലും വില്ലകളിലും ഉൾപ്പെടുത്തേണ്ടതാണ്.

stock-photo-cropped-image-of-real-estate-agent-assisting-client-to-sign-contract-paper-at-desk-with-house-model-1006773244

പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ‘കൺസെന്റ് ടു എസ്റ്റാബ്ലിഷ്’ അനുമതിയാണ് വേണ്ടത്. വാഹനം കൺസ്ട്രക്‌ഷൻ സൈറ്റിലേക്ക് വരികയും പോകുകയും ചെയ്യേണ്ടപ്പോ ൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ, ജല സ്രോതസ് എവിടെ നിന്നാണ്, മലിനജലം എങ്ങിനെ കൈകാര്യം ചെയ്യും ഇവ പരിശോധിച്ചാണ് ഈ അനുമതി നൽകുന്നത്.

ഡയറക്ടറേറ്റ് ഒഫ് ഫയർ ആൻഡ് റെസ്ക്യൂവിൽ നിന്നുള്ള ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റും ഉണ്ടാകണം. തിരുവനന്തപുരത്താണ് ഫയർ ഡയറക്ടറേറ്റ്.

ഫ്ലാറ്റിൽ സ്വസ്ഥമായ ജീവിതംഉറപ്പാക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?

അംഗീകൃത ബിൽഡറുടെ ഫ്ലാറ്റ് ആണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്ലാറ്റ് ജീവിതം സ്വസ്ഥതയുള്ളതാക്കാം.

∙ ഫ്ലാറ്റ് വാങ്ങുമ്പോൾ ലൊക്കേഷൻ ശ്രദ്ധിക്കുക. നഗരത്തിന്റെ ഹൃദയഭാഗത്ത് വാങ്ങുന്നതിനെക്കാൾ വികസനങ്ങൾ വ രുന്ന ഭാഗത്ത് ഫ്ലാറ്റ് വാങ്ങിയാൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാകും. ഭാവിയിൽ മൂല്യവും ചുറ്റുവട്ടത്തുള്ള സൗകര്യങ്ങളും കൂടും.

∙ കുട്ടികളുടെ പഠന സൗകര്യം, ജോലി സ്ഥലം എന്നിവ ഏ റെക്കുറെ അടുത്തായിരിക്കാൻ ശ്രദ്ധിച്ചാൽ കുടുംബത്തോ           ടൊപ്പം ചെലവിടാൻ കൂടുതൽ സമയം ലഭിക്കും.

∙ ശബ്ദ മലിനീകരണവും വായു മലിനീകരണവും ഉള്ള ഇടങ്ങൾ ഒഴിവാക്കാം. ഫ്ലാറ്റ് നിർമിക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള സ്ഥലം പരിശോധിക്കണം. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലം, കെമിക്കൽ കമ്പനികൾ എന്നിവയുള്ള സ്ഥലം ഒഴിവാക്കുന്നതും നല്ലത്.

∙ ജിം, സ്വിമ്മിങ് പൂൾ, ക്ലബ് ഹൗസ് എന്നീ സൗകര്യങ്ങൾ ഉ ണ്ടോ എന്ന് അന്വേഷിച്ചറിയാം. സൗകര്യങ്ങൾ കൂടുംതോറും മെയിന്റനൻസ് ചാർജ് കൂടും. താമസിക്കുമ്പോൾ‌ ഉണ്ടാകാനിടയുള്ള ചെലവ് കൂടി ഫ്ലാറ്റ് വാങ്ങും മുൻപ് പരിഗണിക്കണം.

∙ ഗ്യാസ് കണക്‌ഷൻ, മാലിന്യ നിർമാർജനത്തിനുള്ള സൗകര്യം, ജല ലഭ്യത എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

∙ ഫർണിച്ചർ ഉണ്ടെങ്കിൽ അവ ഇടാൻ തക്ക സ്ഥലം ഫ്ലാറ്റിൽ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

∙ മുറികളിൽ വായു സഞ്ചാരം സുഗമമാക്കും വിധം ക്രോസ്  വെന്റിലേഷൻ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ബാത് റൂം വെന്റിലേഷനുകൾ തുറക്കുന്നത് സ്വകാര്യത ഉറപ്പു വരുത്തുന്ന വിധമാണോ എന്നും പരിശോധിക്കുക.

shutterstock_195036131

∙ വാഷിങ് മെഷീൻ, മുഷിഞ്ഞ തുണികൾ, ചൂൽ, മോപ്പ് പോലുള്ള ക്ലീനിങ് സാമഗ്രികൾ വയ്ക്കാൻ യൂട്ടിലിറ്റി ഏരിയ, ടോ ൾ യൂണിറ്റുകൾ, തുണി ഉണക്കാനുള്ള ഡ്രയിങ് ബാൽക്കണി എന്നിവ ഉണ്ടായിരിക്കുന്നതു നല്ലതാണ്.

∙ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന ഫ്ലാറ്റിന്റെ ഫ്ലോറിൽ നിന്ന് സീലിങ് വരെ മൂന്നു മീറ്ററിൽ കൂടുതൽ ഉയരം ഉണ്ടോയെന്ന് ശ്ര   ദ്ധിക്കണം. കെട്ടിടത്തിൽ കൂടുതൽ ഫ്ലാറ്റുകൾ ഉൾക്കൊള്ളിക്കാനായി ചിലർ ഫ്ലാറ്റിന്റെ ഉയരം കുറയ്ക്കാറുണ്ട്.  

∙ സ്റ്റോറേജിനുള്ള സംവിധാനങ്ങൾ ഫ്ലാറ്റിലുണ്ടോ എന്ന് ശ്രദ്ധിക്കണം. ചുമരിനോട് ചേർന്ന് വാർഡ്രോബ്, അടുക്കളയ്ക്കായി സ്റ്റോറേജ് തുടങ്ങിയവ ഇല്ലെങ്കിൽ സാധനങ്ങൾ വേണ്ടവിധം അടുക്കി വയ്ക്കാൻ സാധിക്കില്ല.

∙ ലൈറ്റിങ് ലേഔട്ട് പരിശോധിക്കണം. സ്വിച്ചുകളും പ്ലഗ് പോയിന്റുകളും ആവശ്യമുള്ള സ്ഥാനത്താണോ, കൂടുതൽ പ്ലഗ് പോയിന്റുകൾ വേണോ തുടങ്ങിയ കാര്യങ്ങൾ ഫ്ലാറ്റ് പണി ന ടക്കുമ്പോൾ തന്നെ അന്വേഷിക്കുക.

∙ ജനലുകളുടെ കട്ടിളകൾ, വാതിൽ കട്ടിളകൾ, സാനിറ്ററി ഫിറ്റിങ്സ് എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുക.

∙ ഏറെ നിലകളുള്ള ഫ്ലാറ്റിലേക്കുള്ള റോഡിന് കുറഞ്ഞത് അഞ്ച് മീറ്റർ വീതി വേണം. ഫ്ലാറ്റ് സമുച്ചയം ആണെങ്കിൽ ആ നുപാതികമായി വഴിക്ക് വീതിയുണ്ടോ എന്നു നോക്കുക. കാരണം ഇവിടെ വാഹനഗതാഗതം കൂടുതലായിരിക്കും.

∙ ലിഫ്റ്റിന് സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പാക്കണം. അത്യാവശ്യം വന്നാൽ വീൽ ചെയറോ, സ്ട്രച്ചറോ കയറ്റാനുള്ള വീതിയും നീളവും ഉണ്ടായിരിക്കുന്നതു നല്ലതാണ്.

∙ ബാൽക്കണിയുടെ ഗ്രില്ലിന് സുരക്ഷിതമായ പൊക്കം ഉ ണ്ടോ എന്ന് ശ്രദ്ധിക്കുക.

ചതിക്കപ്പെട്ടാൽ ഉപഭോക്താവിന് നിയമസഹായം ലഭിക്കുമോ ?

ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് രണ്ടു വിധത്തിലാണ് ഉപഭോക്താവ് ചതിക്കപ്പെടാൻ ഇടയുള്ളത്. ഒന്ന് ബിൽഡർ ഭൂമി സംബന്ധമായും കെട്ടിട നിർമാണ ചട്ടപ്രകാരവും നടത്തുന്ന  നിയമലംഘനങ്ങൾ. മറ്റൊന്ന് ഉപഭോക്താവുമായുള്ള കരാർ പ്രകാരമുള്ള കാര്യങ്ങൾ പാലിക്കാതെ വരുന്നത്. അതിൽ സമയത്ത് പണി പൂർത്തിയാക്കാത്തതും കെട്ടിടത്തിന്റെ ഗുണനിലവാരമില്ലായ്മയും എല്ലാം ഉൾപ്പെടും.

ഭൂമി സംബന്ധമായും കെട്ടിട നിർമാണ ചട്ടപ്രകാരവും ബി ൽഡർ നടത്തുന്ന നിയമലംഘനങ്ങളിൽ ഉപഭോക്താവിന് നേരിട്ട് പങ്കില്ലെങ്കിലും അതിനുള്ള നടപടികൾ നേരിടേണ്ടതായി വരും. ഇതിനെതിരേ ബിൽഡറിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്താവിന് മുൻസിഫ് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യാനാകും.  

വീട് നിർമാണവും അനുബന്ധ സേവനങ്ങളും ഉപഭോക്തൃ സേവനത്തിന്റെ പരിധിയിൽ വരുമോ ?

വീടു നിർമാണവുമായി ബന്ധപ്പെട്ട കരാർ ലംഘനങ്ങൾ ഉപഭോക്തൃ തർക്ക പരിഹാര കോടതി വഴി പരിഹരിക്കാനാകും.  കരാർ കാലാവധിക്കുള്ളിൽ കെട്ടിടം പൂർത്തിയാക്കി കൈമാ റാതിരിക്കുക, കെട്ടിടത്തിന് വാഗ്ദാനം ചെയ്ത ഗുണനിലവാരം ഇല്ലാതിരിക്കുക, വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ കുറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുക തുടങ്ങിയ പരാതികൾക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാം.   

ഫ്ലാറ്റിൽ താമസം തുടങ്ങിയ ശേഷം ശ്രദ്ധയിൽ പെടുന്ന പ്രശ്നങ്ങളാണ് വിള്ളൽ, ചോർച്ച തുടങ്ങിയവ. ഇവയ്ക്കും ഉപഭോക്തൃ കോടതിയിൽ പരാതിപ്പെടാം. എല്ലാ ജില്ലകളിലും ഉ പഭോക്തൃ തർക്ക പരിഹാര സമിതികളുണ്ട്.  

fhhkkl

ഉപഭോക്തൃ തർക്ക പരിഹാര സമിതിയിൽ വക്കീൽ ഇല്ലാതെ നേരിട്ടു വാദിക്കാനാകും. തർക്ക വസ്തുവിന്റെ വിലയ്ക്ക് ആനുപാതികമായി സിവിൽ കോടതിയിൽ കെട്ടിവയ്ക്കേണ്ട ഭാരിച്ച കോർട്ട് ഫീ ഒഴിവാക്കാൻ ഈ സൗകര്യം സഹായിക്കും.

ബിൽഡറുടെ വിശ്വാസ്യത എങ്ങിനെ മനസ്സിലാക്കും ?

പരസ്യങ്ങളുടെ വലുപ്പമല്ല ബിൽഡറുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള അളവുകോൽ. മുൻകാല ഇടപാടുകൾ പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കണം. എത്ര കാലമായി നിർമാണ മേഖലയിൽ ഉണ്ട് എന്നു പരിശോധിക്കാം. ഇക്കാലയളവിൽ കേസുകളോ, മറ്റു പരാതികളോ ബിൽഡർക്കെതിരേ ഉയർന്നിട്ടുണ്ടോ എന്നും അറിയണം. മുൻകാല ഫ്ലാറ്റ് പ്രോജക്റ്റുകളിലെ താമസക്കാരെ കണ്ടെത്തി സംസാരിക്കാം.

വിദേശത്തായിരിക്കുമ്പോൾ കേരളത്തിൽ ഫ്ലാറ്റ് വാങ്ങാൻ ഭയക്കേണ്ടതുണ്ടോ ?

സുതാര്യമായ ഇടപാടുകളാണെങ്കിൽ വിദേശത്തിരുന്ന് സുരക്ഷിതമായി കേരളത്തിൽ ഫ്ലാറ്റ് വാങ്ങാം. പക്ഷേ, അധികം ശ്രദ്ധ വേണ്ടിവരും. പ്രവാസികൾ പലപ്പോഴും ഫ്ലാറ്റിന്റെ ബ്രോഷറുകളെയാണ് ആശ്രയിക്കുക. ബ്രോഷറിൽ കാണുന്ന മനോഹരമായി തയാറാക്കിയ ത്രിമാന ചിത്രങ്ങൾ യഥാർഥത്തിൽ പണിയാൻ പോകുന്ന ബിൽഡിങ്ങിന്റേതു തന്നെ ആയിരിക്കില്ല. ബ്രോഷറുകളിലെ പ്ലാനുകളിൽ കാണിച്ചിരിക്കുന്ന അളവുകളും കൃത്യതയുള്ളതാകണമെന്നില്ല. കൃത്യമായ അളവുകൾ രേഖപ്പെടുത്താതെയുള്ള വിശദീകരണങ്ങൾ സൗകര്യങ്ങൾ ധാരാളമുള്ളതായി തോന്നിപ്പിച്ചേക്കാം.

ഒരു ആർക്കിടെക്റ്റിന്റെ സഹായത്തോടെ പ്ലാനിനെക്കുറിച്ചും അതു പ്രകാരം ഉണ്ടാക്കുന്ന കെട്ടിടത്തിന്റെ നിലവാരത്തെക്കുറിച്ചും പരിശോധിച്ച ശേഷം മാത്രം വാങ്ങുക. നിക്ഷേപമായാണ് ഫ്ലാറ്റ് വാങ്ങുന്നതെങ്കിൽ ഭാവിയിലെ അവയുടെ മൂല്യ വർധനവിനെക്കുറിച്ചും വിപണന സാധ്യതയെക്കുറിച്ചും വിദഗ്ധരോട് ചോദിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടസാധ്യത ഉണ്ടാകാം.

പണി തുടങ്ങുന്നതിനു മുൻപ്  മുൻകൂർ പണം  അടയ്ക്കേണ്ടതുണ്ടെങ്കിൽ പ്ലാൻ പ്രകാരമാണോ പണിയുന്നത് എന്ന് പരിശോധിപ്പിക്കണം. നിയമ ലംഘനങ്ങളോ, കരാർ ലംഘനങ്ങളോ നടക്കുന്നുണ്ടോ എന്നറിയുന്നതിന് നാട്ടിൽ വിശ്വസ്തരായ ആരെയെങ്കിലും പണിയുടെ പുരോഗതി നേരിട്ട് പരി    ശോധിക്കുവാൻ ഏൽപിക്കാം.

ഓൺലൈനായി പണിയുടെ പുരോഗതി വീക്ഷിക്കാനുള്ള സൗകര്യം ബിൽഡറോട് ചോദിക്കാവുന്നതാണ്. കരാർ ഒപ്പിടുന്നതിനു മുൻപ് ഉടമ്പടി നേരിട്ട് വായിച്ചു നോക്കുകയും നിയമം അറിയാവുന്നവരെക്കൊണ്ട് പരിശോധിപ്പിക്കുകയും വേണം.  

പദ്ധതി പൂർത്തീകരിക്കുന്ന കാലാവധി ഉൾക്കൊള്ളിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഫ്ലാറ്റ്/വില്ല കൈമാറുന്നതിന് മുൻപ് പണം മുഴുവനും നൽകരുത്. ഫിറ്റിങ്സിന്റെയും ഫിക്ചറുകളുടേയും വാറന്റി എഴുതി വാങ്ങുക. ബിൽറ്റ് ഡ്രോയിങ്ങുകൾ ചോദിച്ചു വാങ്ങുക. ബിൽഡർക്ക് നൽകുന്ന പണത്തിന് രസീത് വാങ്ങുക.

stock-photo-estate-agent-giving-house-keys-to-man-and-sign-agreement-in-office-657530335-(1)

 കേരളത്തിന് പുറത്ത് ഫ്ലാറ്റ് വാങ്ങുന്നവരും ഇക്കാര്യങ്ങ          ൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മറ്റു സംസ്ഥാനങ്ങളിൽ ഫ്ലാറ്റ് വാങ്ങുന്നവർ ഭൂമിയുടെ ഉടമസ്ഥാവകാശം പ്രത്യേകം ശ്രദ്ധിക്കണം. ബിൽഡറുടെ സ്വന്തം ഭൂമിയിൽ ആണോ മറ്റാരുടെയെങ്കിലും ഭൂമിയിൽ ആണോ അപാർട്മെന്റ് പണിയുന്നത് എന്ന് മനസ്സിലാക്കുക. മറ്റൊരാളുടെ ഭൂമിയിൽ ആണെങ്കിൽ ബിൽഡർക്ക് അതിനുള്ള അവകാശമുണ്ടോ എന്നുള്ള രേഖകൾ പ രിശോധിക്കുകയും ഭൂമിയുടെ മേൽ കടബാധ്യതകളില്ലെന്ന് ഉ റപ്പാക്കുകയും വേണം.

അനുമതി ഉണ്ടോ എന്നറിയാം

പല സ്ഥലത്തും പല നിയമങ്ങളാണ് ഭൂമിയെ സംബന്ധിച്ച് ഉള്ളത്. പരിസ്ഥിതി നിയമങ്ങൾ, കെട്ടിട നിർമാണ നിയമങ്ങൾ എന്നിവ എല്ലായിടത്തും ബാധകമാണ്. ഉപ്പു വെള്ളം ഉള്ള ജലാശയങ്ങളുടെ തീരത്ത് തീരദേശ നിയമം ബാധകമാണ്. പുറമ്പോക്ക് ഭൂമി, കൃഷി ഭൂമി, വന ഭൂമി, തണ്ണീർ തടങ്ങൾ, മിച്ച ഭൂമി എന്നിവിടങ്ങളിൽ കെട്ടിടം വയ്ക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. തീരദേശ നിയമാനുമതികൾ അ റിയാൻ സിആർസെഡ് (CRZ-Coastal Regulation Zone) ഓഫിസ്, പരിസ്ഥിതി നിയമാനുമതി അറിയാൻ സംസ്ഥാന പരിസ്ഥിതി നിർണയ അതോറിറ്റി തുടങ്ങിയ ഇടങ്ങളിൽ അന്വേഷിക്കാം. തീരദേശ നിയമാനുമതിയോ പരിസ്ഥിതി അനുമതിയോ ഉണ്ടെങ്കിലും അനുമതിയിൽ പറയുന്ന നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടി വരും. കൃഷി ഭൂമി, തണ്ണീർ തടങ്ങൾ, സർക്കാർ ഏറ്റെടുത്ത മിച്ച ഭൂമി തുടങ്ങിയ ഇടങ്ങളാണോ എന്ന് വില്ലേജ് ഓഫിസ്, മുനിസിപ്പാലിറ്റി ഓഫിസ്, താലൂക്ക് ഓഫിസ്, കോർപറേഷൻ, കലക്ടറേറ്റ് ഇവിടങ്ങളിൽ നിന്ന് അറിയാം.

എന്താണ് പരിസ്ഥിതി ക്ലിയറൻസ് ?

ബിൽഡിങ് തീരദേശത്തോ നഗരമധ്യത്തിലോ എവിടെ ആ യിരുന്നാലും ലഭിക്കേണ്ട അനുമതി ആണ് പരിസ്ഥിതി ക്ലിയറൻസ്. പണി തുടങ്ങുന്നതിന് മുൻപ് ഇത് കിട്ടണം. ഇരുപതിനായിരം ചതുരശ്ര അടിക്ക് (ഒരു ലക്ഷത്തി അമ്പതിനായിരം ചതുരശ്ര മീറ്റർ) മുകളിലുള്ള കെട്ടിടങ്ങൾക്ക് ഇത് നിർബന്ധമാണ്.

ചിലർ പതിനേഴായിരം സ്ക്വയർ മീറ്ററിന്റെ ടവർ പ്ലാൻ ചെയ്യുന്നു. ഇത് ഇരുപതിനായിരത്തിൽ താഴെ ആയതിനാ ൽ പരിസ്ഥിതി ക്ലിയറൻസ് വേണ്ട എന്ന് ഉപഭോക്താക്കളെ ധരിപ്പിക്കുന്നു. എന്നാൽ അത് ശരിയല്ല. ടോട്ടൽ  ബിൽറ്റ് അപ് ഏരിയ ആണ് കണക്കിലെടുക്കുന്നത്. അതിനാൽ പ്ലോട്ടിൽ ഉള്ള ഏതു തരം നിർമാണ പ്രവർത്തനവും ബിൽറ്റ് അപ് ഏരിയയിൽ പെടും. പാർക്ക്, സ്വിമ്മിങ് പൂൾ ഇവയെല്ലാം ചേർന്ന് ഇരുപതിനായിരം ചതുരശ്ര മീറ്ററിന് മുകളിൽ വന്നാൽ പരിസ്ഥിതി ക്ലിയറൻസ് എടുക്കേണ്ടതാണ്.

ചില പ്രോജക്റ്റുകൾ ഫ്ലാറ്റ് പ്രോജക്റ്റുകൾ ആയിരിക്കില്ല. ഒരു ഫ്ലാറ്റ്, ഒപ്പം മാൾ, മൾട്ടിപ്ലെക്സ് സിനിമാ സമുച്ചയം ഇവയെല്ലാം ചേർന്ന ടൗൺഷിപ് പ്രോജക്റ്റുകളായിരിക്കും. ഇവയ്ക്ക് ആവശ്യമായ നിയമങ്ങൾ ഫ്ലാറ്റിന്റേതിൽ നിന്നും കുറച്ച് വ്യത്യസ്തമായിരിക്കുമെന്നു മാത്രം.

സംസ്ഥാന പരിസ്ഥിതി നിർണയ അതോറിറ്റിയിൽ നിന്നാണ് പരിസ്ഥിതി ക്ലിയറൻസ് എടുക്കേണ്ടത്. ഈ സർട്ടിഫിക്കറ്റ് ബിൽഡറുടെ കയ്യിൽ ഉണ്ടാകണം.

വാങ്ങാനുദ്ദേശിക്കുന്ന ഫ്ലാറ്റിരിക്കുന്ന പ്ലോട്ടിലെ നിർമിതിയുടെ വലുപ്പം കണക്കാക്കി പരിസ്ഥിതി ക്ലിയറൻസ് സ ർട്ടിഫിക്കറ്റ് ബിൽഡറോട് ചോദിച്ചു വാങ്ങി കണ്ട് ബോധ്യപ്പെടണം.

പരിഹാരമായി റെറ (RERA)

കേന്ദ്ര ഗവൺമെന്റ് പാസാക്കിയ നിയമത്തിന്റെ  അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിലും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. കേരള റിയൽ എ സ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലൂടെ (RERA) ഇനി മുതൽ ഫ്ലാറ്റ് നിർമാണം നിയമപരമായാണോ നടക്കുന്നത് എന്ന് പരിശോധിക്കാം. പുതിയ ഫ്ലാറ്റുകൾ റെറയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉപഭോക്താവിന് ആദ്യം തന്നെ പരിശോധിച്ച് ഉറപ്പിക്കാം.

2017 മേയ് ഒന്നിന് മുൻപ് ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചവ ഒഴിച്ചുള്ള മറ്റെല്ലാ പ്രോജക്റ്റുകളും റെറയിൽ റജിസ്റ്റർ ചെയ്യണം എന്നാണ് നിയമം.

റജിസ്റ്റേഡ് പ്രോജക്റ്റുകളുടെ പ്രോജക്റ്റ് പ്ലാൻ, ലേഔട്ട് പ്ലാൻ, അനുമതികൾ, പദ്ധതിയുമായി ബന്ധപ്പെട്ട ആർക്കിടെക്റ്റുമാർ, എൻജിനീയർമാർ തുടങ്ങിയവരുടെ വിവരങ്ങൾ, പദ്ധതി പൂർത്തിയാക്കുന്നതിന്റെ സമയക്രമം എ ന്നിവ റെഗുലേറ്ററി അതോറിറ്റിയുടെ വെബ്സൈറ്റിൽ നിന്നും ലഭിക്കും.

റെറയിൽ റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പദ്ധതികളുടെ പരസ്യം, വിൽപന, നിക്ഷേപം സ്വീകരിക്കൽ എന്നിവ അനുവദനീയമല്ല.

പരസ്യങ്ങളിൽ അതത് പ്രോജക്റ്റുകളുടെ റജിസ്ട്രേഷൻ നമ്പർ ചേർക്കണം എന്നത് റെറ ആക്റ്റ് പ്രകാരം നിർബന്ധമാണ്.

സുരക്ഷിതമായി ഫ്ലാറ്റ് വാങ്ങുന്നതിന് ഉപഭോക്താവിന് റെറയുടെ വെബ്സൈറ്റ് സന്ദർശിച്ച് പ്രോജക്റ്റ് റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും മറ്റു വിവരങ്ങളും പരിശോധിക്കാവുന്നതാണ്.  

ഉപഭോക്താക്കളുടെയും ബിൽഡർമാരുടെയും പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി  റെറയുടെ മുകളിൽ അപ്പലേറ്റ് ട്രൈബ്യൂണൽ ഉണ്ടാകും.

വിവരങ്ങൾക്ക് കടപ്പാട്: അഡ്വ. ഹരീഷ് വാസുദേവൻ,  ഹൈ കോർട്ട് ഒഫ് കേരള, ആൻഡ് നാഷനൽ ഗ്രീൻ ട്രിബ്യൂണൽ, അഡ്വ. മാത്യു എം. പി, ഹൈ കോർട്ട് ഒഫ് കേരള. ജിബു ജോൺ, പ്രിൻസിപ്പൽ ആർക്കിടെക്ട്, ജിബു ആൻഡ് തോമസ് ആർക്കിടെക്റ്റ്സ്, കൊച്ചി.

Tags:
  • Vanitha Veedu
  • Budget Homes