തലമുറകൾ ജീവിച്ച തറവാട് മരങ്ങാട്ടുപിള്ളിയിൽ നിന്നു വൈക്കത്തിനടുത്തുള്ള ചെമ്പ് ഗ്രാമത്തിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ വിശേഷങ്ങളുമായി സന്തോഷ് ജോർജ് കുളങ്ങര.
ഓർമകളുടെ വാതിൽ തുറന്ന് സന്തോഷ് മുന്നിൽ നടന്നു. ഭാര്യ സോൺസിയും മകന്‍ ജോർജും കൂടെയുണ്ട്. ‘‘മകള്‍ ശാരിക ബെംഗളൂരുവിലാണ്. ക്രിസ്മസിന് വരും’’ പൂമുഖത്തെ കസേരയിൽ ചാഞ്ഞിരുന്നപ്പോൾ സഞ്ചാരിയുടെ സംഭാഷണ ശൈലി മാറി.
മരങ്ങാട്ടുപിള്ളി കുളങ്ങര വീട്ടിൽ ഔസേഫ് ഔസേഫിന്റെ മകന്റെ മകന്‍റെ മകന്‍ പണ്ടും ഇങ്ങനെയാണ്. തറവാടിന്റെ മുറ്റത്തെത്തിയാൽ മുണ്ടിന്റെ കുത്തഴിച്ച് ഉമ്മറത്തു കൂടി നടക്കും. ഇഞ്ചിയും മഞ്ഞളും മണക്കുന്ന നടുത്തളത്തിൽ മുൻപേ കടന്നു പോയവരുടെ ഗന്ധം തിരയും. അങ്ങനെ ആത്മബന്ധത്തിന്റെ ഹൃദയതാളം തൊട്ടറിഞ്ഞ ഒരു ദിവസം സന്തോഷ് തന്റെ തറവാടിനെ അടിയോടെ പൊക്കിയെടുത്ത് മറ്റൊരിടത്തു സ്ഥാപിച്ചു. മൂവാറ്റുപുഴയാറിന്റെ തീരത്ത് ചെമ്പ് ഗ്രാമത്തിലെ തറവാട്ടിലിരുന്ന് സന്തോഷ് പഴയ കഥകളൊക്കെഒാര്‍ത്തു...
കുളങ്ങര ഔസേഫ് ഔസേഫ് കണിശക്കാരനായിരുന്നു. ഒന്നോ രണ്ടോ വാക്കുകളിൽ കാര്യം പറയുന്നയാൾ. സ്വന്തം ഭൂമിയിൽ കൃഷി ചെയ്തുണ്ടാക്കിയ ഇഞ്ചിയും കുരുമുളകും മാത്രമല്ല അടുത്ത വീട്ടുകാർ വിൽക്കുന്ന പലവ്യഞ്ജനങ്ങളും വാങ്ങി വില കൂടുന്ന സമയത്ത് വിറ്റു കിട്ടിയ പണം െകാണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
‘‘ആ അപ്പന്റെ മൂത്ത മകന്റെ മൂത്ത മകന്റെ മൂത്തമകനാണു ഞാൻ. അതുകൊണ്ടു തന്നെ വല്യപ്പൻ എന്റെ പേരു വിളിച്ചു സ്നേഹ വാത്സല്യത്തോടെ വർത്തമാനം പറയുമായിരുന്നു.’’ സന്തോഷ് ഒാര്‍ക്കുന്നു. ‘‘അതിനൊരു കാരണം അമ്മയാണ്. കുളങ്ങര തറവാട്ടിലെ ആദ്യത്തെ സർക്കാർ ജോലിക്കാരിയായിരുന്നു എന്റെയമ്മ റോസമ്മ. അധ്യാപികയായതിനാൽ അമ്മയ്ക്ക് തറവാട്ടിലെ എല്ലാവരുടെയും ആദരവു ലഭിച്ചു. എെന്‍റ അച്ഛന്‍റ പേര് േജാര്‍ജ്. ഞാന്‍ അച്ചാച്ചനെന്നാണു വിളിച്ചിരുന്നത്.’’
കല്യാണത്തിനും ശ്രാദ്ധത്തിനും ബന്ധുക്കളെല്ലാവരും ഒത്തുകൂടും. ഒരു വിശേഷ ദിവസം മുതിർന്നവരുടെ വർത്തമാനം കേട്ടിരിക്കുന്നതിനിടെ തിണ്ണയിലെ തൂണിനിടയിൽ എന്റെ വലതുകൈ കുടുങ്ങി. ആ തിണ്ണയിൽ ഇരട്ടത്തൂണുകളായിരുന്നു. എത്ര ശ്രമിച്ചിട്ടും െെകയൂരിയെടുക്കാൻ കഴിഞ്ഞില്ല. സദ്യ തുടങ്ങിയപ്പോൾ അമ്മ വിളിച്ചു. ഏറെനേരം പണിപ്പെട്ട് തൂണിന്റെ മുകൾഭാഗത്തെ വിടവിലൂടെ കൈ ഊരിയെടുത്തപ്പോഴേക്കും സദ്യ കഴിയാറായിരുന്നു.’’
പൊന്നുംവിലയുള്ള സ്മരണകൾ
അമ്മയുടെ തറവാടാണ് ബാല്യകാലത്തെ സുഖമുള്ള ഓർമ. ഉരുളയ്ക്കുപ്പേരി പോലെ തമാശകൾ പൊട്ടിക്കുന്ന സ്ഥലമായിരുന്നു ആ തറവാടിന്റെ നടുത്തളം. അമ്മാവന്മാരും അമ്മയുടെ സഹോദരിമാരും അവരുടെ മക്കളും മറ്റു ബന്ധുക്കളും അവിടെ ഒത്തുചേരും. കുടുംബവീട് മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുമ്പോൾ അമ്മയുടെ തറവാട്ടിലേതു പോലെ കുടുംബങ്ങൾക്ക് ഒത്തുചേരാനൊരിടം നിർമിക്കണമെന്നു മനസ്സിലുറപ്പിച്ചിരുന്നു.
ഇവിടെ കുളങ്ങര തറവാടിന്‍റെ മുകൾനില പൂർണമായും പഴയതു തന്നെയാണ്. താഴത്തെനില പുതുക്കി നിർമിച്ചു. പഴമയ്ക്ക് യോജിച്ച വിധത്തിലാണു ഗ്രൗണ്ട് ഫ്ളോർ ഡിസൈൻ ചെയ്തത്. തെക്കുഭാഗത്തെ ടവർ കൂട്ടിച്ചേർത്തതാണ്. വീടിന്റെ മുൻവശത്ത് ടവർ നിർമിക്കുന്നതിൽ പ്രധാന തച്ചന്‍ തങ്കപ്പനാശാരി സംശയം പ്രകടിപ്പിച്ചു. ടവറിനുള്ളിൽ ടോയ്െലറ്റാണെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് ആശങ്കയേറി. നിർമാണം പൂർത്തിയായിക്കഴിഞ്ഞ ശേഷം തച്ചൻ മാറി നിന്ന് അതിന്റെ ഭംഗിയാസ്വദിക്കുന്നത് ഞാൻ കണ്ടു.
താഴെയും മുകളിലും രണ്ടു മുറികൾ വീതമാണിപ്പോൾ. ഒന്നാംനിലയിൽ വരാന്തയും ബാൽക്കണിയും. താഴത്തെ നിലയിൽ നിന്നു ചെറിയ ഇടനാഴി നിർമിച്ച് അടുക്കളയുമായി ബന്ധിപ്പിച്ചു. മരങ്ങാട്ടുപിള്ളിയിലെ തറവാട്ടു വീട്ടിലെ അടുക്കള ഇങ്ങനെയായിരുന്നില്ല. പുതിയ വീടിന്റെ ഡിസൈനിന് ഇണങ്ങും വിധം പഴമ തോന്നുന്ന മറ്റൊരു അടുക്കള കൂട്ടിച്ചേർത്തതാണ്.
പാശ്ചാത്യ രാജ്യങ്ങളിലുള്ളവർ തറവാടുകളും പുരാ തന മന്ദിരങ്ങളും പൊന്നുപോലെ സംരക്ഷിക്കുന്നതു ക ണ്ടിട്ടുണ്ട്. വീടിന്റെ കാലപ്പഴക്കം പുറംചുമരിൽ എഴുതിവയ്ക്കുന്നതിൽ അവർക്ക് അഭിമാനമാണ്. അതേസമയം, ഇ ങ്ങനെയൊരു തീരുമാനമെടുത്തിരുന്നില്ലെങ്കിൽ എന്റെ തറവാട് പണ്ടേയ്ക്കു പണ്ടേ ആക്രിക്കടയിൽ എത്തിയേനെ. എന്റെ പിതാവിന്റെ കസിൻ തോമസാണ് ഇവിടെ താമസിച്ചിരുന്നത്. പുതിയ വീടു വയ്ക്കാൻ തീരുമാനിച്ചപ്പോൾ തോമാച്ചൻ എന്നെ വിളിച്ചു ചോദിച്ചു. ‘പഴയ വീടുകൾ വാങ്ങുന്നുണ്ടെന്നു കേട്ടു. തറവാട് പൊളിക്കുകയാണ്. നിനക്കു വേണോ.’ അഞ്ഞൂറു വർഷത്തിലേറെ പഴക്കമുള്ള വീട് നിസ്സാരവിലയ്ക്ക് വാങ്ങിയിട്ടു പോലും എനിക്കു വട്ടാണെന്നു കരുതിയവരുണ്ട്. തറവാട് ഇവിടേക്കു മാറ്റി സ്ഥാപിച്ച ശേഷം ആദ്യത്തെ കുടുംബകൂട്ടായ്മയ്ക്ക് അക്കൂട്ടരേയെല്ലാം ക്ഷണിച്ചിരുന്നു.
വൈക്കത്തിനടുത്തു മുറിഞ്ഞപുഴ പാലത്തിനു സമീപം സ്ഥലം വാങ്ങിയ ശേഷമാണ് തറവാട് ഇവിടേക്കു കൊണ്ടു വരുന്നതിനെ കുറിച്ച് ആലോചിച്ചത്. തങ്കപ്പനാശാരിയും സംഘവും തറവാടിന്റെ മേൽക്കൂരയും നിരപ്പലകകളും ഗോവണിയുമൊക്കെ അഴിച്ചെടുത്ത് അതിൽ നമ്പരെഴുതി. ഓരോ മരക്കഷണങ്ങളും വെവ്വേറെയാക്കി ഇവിടെ കൊണ്ടു വന്നു ക്രമപ്രകാരം കൂട്ടി യോജിപ്പിക്കുകയായിരുന്നു. നമുക്കു മുൻപേ കടന്നു പോയവരുടെ ഓർമകൾ നമ്മളല്ലാതെ മറ്റാരാണ് സംരക്ഷിക്കുക?’’
ഒറ്റപ്പെടലിന്റെയും കണ്ണീരിന്റെയും വില
വലിയ ഭാഗ്യവാനെന്നും സമ്പന്നനായ ഒരാൾക്ക് എവിടേക്കും ഇങ്ങനെയാക്കെ യാത്ര പോകാമെന്നും എന്നെക്കുറിച്ചു പറയുന്നതു കേട്ടിട്ടുണ്ട്. തുറന്നു പറയട്ടെ, യാത്രയ്ക്കായി കുടുംബത്തിൽ നിന്ന് ഇന്നു വരെ ചില്ലിക്കാശ് വാങ്ങിയിട്ടില്ല. ആദ്യത്തെ ടെലിഫിലിമിനായി മുടക്കിയ നാൽപതിനായിരം രൂപ മാത്രം പിതാവ് തന്നതാണ്. ഇക്കാലത്തിനിടെ 130 രാജ്യങ്ങൾ സന്ദർശിച്ചു. നയാപൈസ പൂർവികരുടെ സമ്പാദ്യത്തിൽ നിന്നെടുത്തിട്ടില്ല. തൊഴിലാളി സമരം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും കോടികളുടെ സാമ്പത്തിക ബാധ്യതയുമുള്ള സ്ഥാപനമാണ് അച്ചാച്ചനിൽ നിന്ന് കൈമാറിക്കിട്ടിയത്. പത്തു വർഷത്തിനിടെ അതിന്റെ വളർച്ച പത്തിരട്ടിയിലെത്തിച്ചു. കഠിനാധ്വാനത്തിന്റെ മൂല്യമറിയുന്നവർ ഈ പറഞ്ഞ കാര്യങ്ങളിൽ ആത്മപ്രശംസയുടെ പര്യായം കണ്ടെത്താൻ ശ്രമിക്കില്ലെന്ന് ഉറപ്പുണ്ട്.
അമ്മ ഈ വീടിന്റെ ഐശ്വര്യം
1997ൽ സഞ്ചാരം ആരംഭിക്കുമ്പോൾ കൈമുതലായി ഉണ്ടായിരുന്നത് ഒരു വലിയ ക്യാമറയും ആത്മവിശ്വാസവും മാത്രമായിരുന്നു. ഇന്റർനെറ്റും മൊബൈൽ ഫോണും ഗൂഗിൾ മാപ്പുമില്ലാതെ ലോകം മുഴുവൻ സഞ്ചരിച്ചു. ജീവനോടെ തിരിച്ചുമെത്തുമെന്ന് ഉറപ്പില്ലാത്തതിനാൽ മേശപ്പുറത്ത് കത്തെഴുതി വച്ചാണ് അക്കാലത്ത് ഓഫിസിൽ നിന്നിറങ്ങിയിരുന്നത്. ഊരു ചുറ്റിയുണ്ടാക്കിയ വിഡിയോകൾ ജനങ്ങളെ കാണിക്കാൻ ചാനൽ ഓഫിസുകൾ തോറും കയറിയിറങ്ങി. ഒരാൾ ലോകം ചുറ്റുന്നതു കാണാൻ പ്രേക്ഷകരുണ്ടാകില്ലെന്നു പറഞ്ഞ് അവർ എന്നെ മടക്കി അയച്ചു.
ഓരോ തവണയും കോട്ടയത്തേക്കു മടങ്ങുമ്പോള്‍ ട്രെയിനിന്റെ ജനറൽ കംപാർട്മെന്റിലിരുന്ന് എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതിനു കാരണം ഭാര്യയുടെ ആഭരണങ്ങൾ വിറ്റു കിട്ടിയ പണം തിരിച്ചു പിടിക്കാനുള്ള കർത്തവ്യബോധം മാത്രമായിരുന്നില്ല. എന്റെ പ്രയത്നം മലയാളികളെ കാണിക്കണമെന്നുള്ള അടങ്ങാത്ത ആഗ്രഹം കൂടിയായിരുന്നു. മണ്ണിനോടു മല്ലടിച്ചു കൃഷി ചെയ്യുന്ന മരങ്ങാട്ടുപിള്ളിക്കാരന്റെ ആത്മധൈര്യം അന്ന് സിരകളിൽ ഊർജം പകർന്നുവെന്നു ഞാൻ വിശ്വസിക്കുന്നു.
ഞങ്ങള്‍ നാലു മക്കളാണ്. മൂത്തയാള്‍ ലാലി. പിന്നെ ഞാന്‍. സുജ, രാജേഷ് എന്നീ ഇളയ സഹോദരങ്ങള്‍. ഏറെക്കാലം കാൻസർ രോഗത്തോടു പോരാടിയാണ് അമ്മ മരിച്ചത്. ഒരുദിവസം സ്റ്റുഡിയോയിൽ നിന്നു വൈകിട്ട് വീട്ടിലെത്തിയപ്പോൾ അമ്മ അന്ത്യനിമിഷങ്ങളിലേക്കു കടക്കുകയാണെന്നു മനസ്സിലായി. അവസാന സമയത്ത് അമ്മയോടൊപ്പം തീര്‍ച്ചയായും ഉണ്ടാകേണ്ടതാണ്. പക്ഷേ, ‘സഞ്ചാരം’ പരമ്പര മുടങ്ങരുത്. പെട്ടെന്നു തിരികെ സ്റ്റുഡിയോയിലേക്കു പാഞ്ഞു. പിറ്റേന്നു രാവിലെ ചാനലില്‍ എത്തിക്കാനുള്ള എപ്പിസോഡിന്റെ അവസാന ജോലികൾ പൂർത്തിയാക്കി. അമ്മ വിടവാങ്ങുന്നതിനു പത്തു മിനിറ്റു മുൻപ് വീട്ടിൽ മടങ്ങിയെത്തി. അന്നുണ്ടായ നെഞ്ചിടിപ്പിന്റെ ചൂട് ഇപ്പോഴും വിട്ടു പോയിട്ടില്ല. ജീവിതത്തിന്റെ പുസ്തകത്തിലെ നഷ്ടക്കണക്കിൽ എന്തെങ്കിലും കുറിച്ചു വച്ചിട്ടുണ്ടെങ്കിൽ ഒരേയൊരു സംഭവം അതു മാത്രമാണ്.
പത്താം ക്ലാസ് കഴിഞ്ഞു നേരേ പോയത് അച്ചാച്ചന്റെ പ്രസ്സിലേക്കാണ്. അവിടെ ജോലി ചെയ്തു കൊണ്ട് ഡിഗ്രി വരെയുള്ള പഠനം പൂർത്തിയാക്കി. അന്നു ദേവമാതാ കോളജിലെ ഡിഗ്രി ക്ലാസ്മേറ്റാണ് സോൺസി. ഞാനും സോ ൺസിയുമായുള്ള പ്രണയം കോളജിലെ പ്രഫസർമാരിലൂടെ അച്ചാച്ചൻ അറിഞ്ഞു. ‘പഠനത്തിനൊപ്പം മറ്റു കലാപരിപാടികളും നടക്കുന്നുണ്ടല്ലേ’ ഇതായിരുന്നു അച്ചാച്ചന്റെ പ്രതികരണം. ഞാൻ അബദ്ധത്തിൽ ചാടില്ലെന്ന് അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു.
പഠനം കഴിഞ്ഞ് ഞാൻ ടെലിവിഷൻ രംഗത്തേക്കു കടന്ന സമയത്ത് സോൺസിക്കു വിവാഹാലോചന തുടങ്ങി. അവള്‍ എന്നെ വിവരമറിയിച്ചു.
ഞാൻ സോൺസിയുടെ സഹോദരന്‍ ജോണ്‍സണെ വിളിച്ച് നേരിൽ കാണണമെന്നു പറഞ്ഞു. മഴയുള്ള ഒരു ദിവസമാണ് ജോൺസൺ എന്നെ കാണാൻ വന്നത്. സഹോദരിയെ വിവാഹം കഴിച്ചു തരണമെന്നു മാത്രമായിരുന്നു എെന്‍റ ഒരേയൊരാവശ്യം. ജോണ്‍സണെ തിരികെ വീട്ടിലേക്കു െകാണ്ടുവിട്ടതും ഞാനാണ്. നെഞ്ചിടിപ്പോടെ കാത്തിരുന്ന സോൺസിയുടെ മുന്നിലേക്ക് അളിയനോടൊപ്പം ഞാൻ കയറിച്ചെന്നു. അത്താഴവും കഴിച്ചാണ് അന്ന് ആ വീട്ടിൽ നിന്നു മടങ്ങിയത്.
ആത്മാർഥമായി സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന സ്വപ്നങ്ങൾ കഠിനാധ്വാനത്തിലൂടെ നടപ്പാക്കാൻ കഴിയുമെന്നാണ് എന്റെ അനുഭവം.
എന്റെ പ്രതിസന്ധികളും ഉയർച്ചയും കണ്ടിട്ടുണ്ട് സോ ൺസി. വർഷത്തിലൊരു യാത്ര കുടുംബത്തിനായി മാത്രം മാറ്റി വയ്ക്കാറുണ്ട്. ഞങ്ങളൊരുമിച്ച് ഇന്തോനീഷ്യ, സിംഗപ്പുർ, മാലദ്വീപ്, യുഎഇ, ഇസ്രയേൽ, ഇത്യോപ്യ, അസർബെയ്ജാൻ തുടങ്ങിയ രാജ്യങ്ങളിൽ പോയി.
ലോകയാത്രകളാണ് എന്റെ കണ്ണു തുറപ്പിച്ചത്. ഒരു ദിവസം ഞാനും ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷനാകും. പൂർവികരുടെ ഓർമകളുറങ്ങുന്ന തറവാട് അപ്പോഴും ഇവിടെയുണ്ടാകും. പിൻതലമുറയിലുള്ളവർ ഈ മുറ്റത്ത് ഒത്തുചേരും. അവരുടെ വർത്തമാനങ്ങളിൽ മുൻപേ നടന്നവരുടെ പേരും ജീവിതകഥയുമുണ്ടാകും. തറവാട് സംരക്ഷിക്കാൻ ഇത്രയേറെ സമയവും പണവും ചെലവഴിച്ചത് എന്തിനെന്നു ചോദിക്കുന്നവർക്കുള്ള മറുപടി അതാണ്.