ചതിയുടെ ചതുപ്പുനിലങ്ങളാണ് ചുറ്റും. തരംകിട്ടിയാൽ അവളെ അതിലേക്ക് വലിച്ചിടാൻ തക്കംപാർത്തിരിപ്പുണ്ട് കഴുകൻമാർ. പെണ്ണിനെ കാമക്കണ്ണുകളോടെ മാത്രം കാണുന്ന ആണധികാരങ്ങളെ ചിത്രങ്ങളിലൂടെ വരച്ചിടുകയാണ് അരുൺ രാജ് ആർ നായർ എന്ന ഫൊട്ടോഗ്രാഫർ.
ഛായം കണക്കെ തേയ്ച്ചുപിടിപ്പിച്ച ചിരിയിൽ തുടങ്ങി മറഞ്ഞിരിക്കുന്ന ചതിവരെ നീളുന്ന കഥ ചിത്രങ്ങളിലൂടെയാണ് അനാവരണം ചെയ്യുന്നത്. ലോക വനിത ദിനത്തിനൊപ്പം അരുണിന്റെ ചിത്രങ്ങളെയും സോഷ്യൽ മീഡിയ ആഘോഷിക്കുമ്പോൾ ഫൊട്ടോസ്റ്റോറിയിൽ രക്ഷകയുടെ പരിവേഷമണിഞ്ഞ ട്രാൻസ്ജെൻഡർ നാദിറ മെഹ്റിൻ വനിതയോട് സംസാരിക്കുന്നു.
ഒരു പെൺകുട്ടി പെണ്ണ് ജനിച്ച് അവളെ കല്ലറയിലേക്ക് എടുക്കുന്നത് വരെ അവളെ പിന്തുടരും ചതിയുടേയും ചൂഷണത്തിന്റേയും നിഴലുകൾ. അരുൺ രാജ് തന്റെ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കാൻ ശ്രമിക്കുന്നതും അതാണ്. നമ്മുടെ കുഞ്ഞുങ്ങൾ എന്ത്രമാത്രം സുരക്ഷിതരാണെന് ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ എണ്ണം പറഞ്ഞ ചിത്രങ്ങൾ. പ്രണയം നടിച്ചും, കൊഞ്ചിച്ചിരിച്ചും അവളുടെ പിന്നാലെ കൂടുന്ന എത്രയോ പേർ. അതിൽ ആത്മാർത്ഥതയുടെ കണിക എത്രപേർക്കുണ്ടാകും. നമ്മളെ ചതിക്കാനും കുടുക്കാനും തക്കംപാർത്തിരിക്കുന്ന എത്രയോ പേരുണ്ടാകും. അരുൺരാജിന്റെ ചിത്രങ്ങൾ അതാണ് പങ്കുവയ്ക്കുന്നത്– നാദിറ പറയുന്നു.
ഒരു സ്കൂൾ വിദ്യാർത്ഥിനിയെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥപറഞ്ഞു തുടങ്ങുന്നത്. അവളുടെ കാമുകനുമായി പിന്നാലെ കൂടുന്ന വ്യക്തി അവളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതും ഒടുവിൽ ചതിതിരിച്ചറിയുമ്പോഴുള്ള കണ്ണീരും മനോഹരമായി പറഞ്ഞുവയ്ക്കുന്നു. കൂട്ടുകാരന് പങ്കുവയ്ക്കാൻ അവളെ എറിഞ്ഞു കൊടുക്കുമ്പോഴുള്ള ആ വഷളൻ ചിരികൾ ഇന്ന് നമ്മുടെ സമൂഹത്തിന് ചുറ്റും ഒരുപാട് കാണാനുണ്ടാകും. ചതിക്കപ്പെട്ടുവെന്ന് അറിയുമ്പോഴുള്ള ആ നിസഹായ ഭാവം ഞാനും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്.
ക്ലൈമാക്സിലാണ് ഞാൻ പ്രത്യക്ഷപ്പെടുന്നത്. അവൾക്ക് രക്ഷകയായി ഞാൻ എത്തുമ്പോഴും എനിക്കു നേരെ പരിഹാസ ചിരി നീളുകയാണ്. ഞാനെന്ന കഥാപാത്രം ട്രാൻസ്ജെൻഡർ ആയി എന്ന പരിഹാസച്ചിരി. അത് ജീവിതത്തിലും ഞങ്ങൾ നേരിട്ടിട്ടുണ്ട്. ആണിന്റെ വീര്യവും പെണ്ണിന്റെ മനസും പേറുന്നവരാണ് ഞങ്ങൾ ട്രാൻസ്ജെൻഡറുകൾ. കരുത്തും തന്റേടവും സമന്വയിക്കുന്ന അവർക്ക് പലതും ചെയ്യാനാകും... ഉശിരോടെ പ്രതികരിക്കാനാകും എന്ന് ക്ലൈമാക്സ് കാണിച്ചുതരുന്നു.
അനഘ എന്ന പ്ലസ്ടു പെൺകുട്ടിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. നിലമേൽ വച്ചായിരുന്നു ചിത്രീകരണം. വനിത ദിനത്തിന് ഒരു ദിവസം മുമ്പ് ഷൂട്ട് ചെയ്ത ചിത്രം ഇന്നേ ദിവസം പുറത്തിറക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്. അതിലേറെ അഭിമാനവും– നാദിറ പറഫയുന്നു.
ചിത്രങ്ങൾ കാണാം: