Monday 13 June 2022 02:47 PM IST

അപസ്മാരം ഉള്ളവർ, അമിതവണ്ണമുള്ളവർ... ആ ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമാകാം ഗർഭധാരണം

Rakhy Raz

Sub Editor

aster-med-before-pregnancy

ചെറുപ്രായത്തിൽ തന്നെ ചിലർ രോഗങ്ങളുടെ പിടിയിലാകുന്നു. പക്ഷേ, അമ്മയാകാനുള്ള മോഹം അവർക്കുണ്ട്. രോഗത്തിന്റെ കഠിനപാത എങ്ങനെ കടക്കും ? ഗർഭം രോഗാവസ്ഥയെ എങ്ങനെ ബാധിക്കും ? അങ്ങനെ പല കാര്യങ്ങൾ ദമ്പതികളെ ആശങ്കയിലാക്കാം.

രോഗം അമ്മയാകാനുള്ള മോഹത്തിന് തടയിടേണ്ടതില്ല. ശ്രദ്ധയോടെ, വിദഗ്ദ്ധ ഡോക്ടറുടെ സഹായത്തോടെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാൻ രോഗബാധയുള്ളവർക്കും സാധിക്കും.

കരുതലോടെ തുടങ്ങാം

ആരോഗ്യമുള്ള വ്യക്തിയാണെങ്കിൽ പോലും ഗർഭധാരണത്തിനു മുമ്പ് തയാറെടുപ്പുകൾ വേണം. ഏതെങ്കിലും രോഗം തല പുറത്തു കാട്ടാതെ നിങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ അത് ഗർഭകാലത്തു തല പൊക്കാം. ശരിയായ ആരോഗ്യ നിരീക്ഷണത്തിനു ശേഷമാണ് ഗർഭധാരണമെങ്കിൽ നിനച്ചിരിക്കാതെ വരുന്ന സങ്കീർണതകൾ ഒരുപരിധി വരെ തടയാൻ കഴിയും.

ഏതെങ്കിലും വിധത്തിലുള്ള രോഗബാധകളുള്ളവർക്ക് ഗർഭപൂർവ കരുതൽ അഥവാ പ്രീ കൺസെപ്ഷനൽ കെയർ തീർച്ചയായും വേണം. ഡോക്ടർ പരിശോധിച്ച് ഗ്രീൻ സിഗ്‌നൽ നൽകിയാൽ രോഗബാധിതർക്കും ആശങ്കകളില്ലാതെ ഗർഭധാരണമാകാം. ശാരീരികാവസ്ഥയനുസരിച്ച് ഗർഭപൂർവ കരുതൽ വ്യത്യസ്തമാകണം എന്നു മാത്രം.

പ്രമേഹമുള്ളവർക്കുള്ള മുൻകരുതൽ

പ്രമേഹമുള്ളവർ ഗർഭിണിയാകുമ്പോൾ പ്രത്യേകമായ ക രുതൽ വേണമെന്ന് മിക്കവർക്കും അറിയില്ല. പ്രമേഹമുള്ളവരും പ്രമേഹ സാധ്യതയുള്ളവരും ഗർഭിണിയാകുമ്പോൾ ശരിയായ ഗർഭപൂർവ കരുതൽ എടുത്തില്ലെങ്കിൽ ഗുരുതരമായ സങ്കീർണതകൾ വരാം.

ഗർഭകാലത്ത് ചിലർക്ക് പ്രമേഹം (ജെസ്റ്റേഷനൽ ഡയബറ്റിസ്) പിടിപെടാറുണ്ട് എന്നതിനാൽ പ്രമേഹമില്ലാത്തവരും ഗർഭിണിയാകും മുൻപ് ഗൈനക്കോളജിസ്റ്റിന്റെ മേ ൽനോട്ടത്തിൽ പ്രമേഹപരിശോധന നടത്തേണ്ടതാണ്.

പ്രമേഹം ഉള്ളവർക്ക് പൊതുവേ ആർത്തവചക്രം ക്രമമായിരിക്കില്ല. ചികിൽസ, ഭക്ഷണക്രമം, ഡോക്ടറുടെ നിർദേശപ്രകാരമുള്ള ജീവിത ശൈലീ മാറ്റങ്ങൾ ഇവയിലൂടെ ആർത്തവചക്രം ക്രമപ്പെടുത്താം. അല്ലാത്ത പക്ഷം ആരോഗ്യകരമായ ഗർഭധാരണം സാധ്യമാകണമെന്നില്ല.

വേണ്ട മുൻകരുതൽ എടുത്തില്ലെങ്കിൽ പ്രമേഹമുള്ളവരിലെ ഗർഭധാരണം രോഗാവസ്ഥയെ വർധിപ്പിക്കാം.

പ്രമേഹം കൂടുന്നത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. പ്രമേഹം ഫോളിക് ആസിഡ് നിലയിൽ കുറവ് വരുത്തും. ഫോളിക് ആസിഡ് കുറയുന്നത് കുഞ്ഞിന് ന്യൂറൽ ട്യൂബ് ഡിഫക്റ്റ്സ് ഉണ്ടാക്കാം. കുഞ്ഞിന് വലുപ്പക്കൂടുതൽ, പ്രസവത്തിലെ സങ്കീർണതകൾ എന്നിവയ്ക്കും നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം കാരണമാകാറുണ്ട്.

എന്താണ് ചെയ്യേണ്ടത് ?

പ്രമേഹം തുടങ്ങിയിട്ട് എത്ര നാളായി, പ്രമേഹം ഏതെങ്കിലും അവയവങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നെല്ലാം മനസ്സിലാക്കി അവ പരിഹരിച്ച ശേഷം വേണം ഗർഭധാരണം.

പ്രമേഹ നിയന്ത്രണത്തിനായി കഴിക്കുന്ന ഗുളികകളിൽ ചിലത് ഗർഭരക്ഷയ്ക്ക് ദോഷമാകാറുണ്ട്. അവ മാറ്റി അനുയോജ്യമായ മരുന്നുകളോ ഇൻസുലിനോ തുടങ്ങിയ ശേ ഷം ആരോഗ്യകരമായ ഗർഭകാലത്തേക്ക് കടക്കാം.

അപസ്മാരം, മരുന്നുകൾ ശ്രദ്ധിക്കാം

അപസ്മാരത്തെക്കാൾ അപസ്മാരത്തിനു കഴിക്കുന്ന മരുന്നുകളാണ് ഗർഭാവസ്ഥയെ പ്രതികൂലമായി ബാധിക്കുക. മരുന്നുകളിലെ ടെറാജനിക് എന്ന ഘടകത്തിന്റെ അളവാണ് സങ്കീർണത ഉണ്ടാക്കുന്നത്.

അപസ്മാരം നിയന്ത്രിക്കാനായി ചിലപ്പോൾ രണ്ടോ മൂന്നോ മരുന്നുകൾ ഒന്നിച്ചു കഴിക്കുന്നുണ്ടാകാം. അപസ്മാരത്തിനായി കഴിക്കുന്ന അനുയോജ്യമല്ലാത്ത മരുന്നുകൾ ന്യൂറൽ ട്യൂബ് ഡിഫക്റ്റ്, ജന്മനാലുള്ള വൈകല്യങ്ങൾ, മുറിചുണ്ട് എന്നിവ വരാനുള്ള സാധ്യത കൂട്ടും. വേണ്ട മുൻകരുതലുകളോടെയല്ലെങ്കിൽ ഗർഭധാരണം മൂലം അപസ്മാരം വരുന്നതിന്റെ തവണകൾ കൂടാനും സാധ്യതയുണ്ട്.

എന്താണ് ചെയ്യേണ്ടത് ?

അപസ്മാരമുള്ളവർ ഗർഭിണിയാകും മുൻപ് അപസ്മാര രഹിതമായ, ആരോഗ്യകരമായ അവസ്ഥയിലേക്ക് ഉയരണം. ഇരുത്തിപത്തിയഞ്ചു വയസ്സിനു താഴെ പ്രായമുള്ളവർക്ക് അഞ്ചു വർഷത്തെ അപസ്മാരരഹിത വർഷങ്ങൾ ഉറപ്പാക്കിയ ശേഷം ഗർഭധാരണത്തിനൊരുങ്ങാം. ഇരുപത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ളവർ കുറഞ്ഞത് രണ്ട് അപസ്മാര രഹിത വർഷങ്ങളെങ്കിലും പൂർത്തിയാക്കണം. 35 വയസ്സിനോട് അടുത്ത സ്ത്രീയാണെങ്കിൽ ഗർഭധാരണം ഇനിയും വൈകുന്നത് ആരോഗ്യകരമല്ലാത്തതിനാൽ ഒരു വർഷത്തെ അപസ്മാരരഹിതമായ സമയത്തിനു ശേഷം ഗർഭധാരണത്തിന് ഒരുങ്ങാം.

അപസ്മാരമുള്ളവർ ഗർഭിണിയാകും മുൻപ് ഇലക്ട്രോ എൻസഫലോഗ്രാഫി ടെസ്റ്റ് ( ഇഇജി) ടെസ്റ്റ് എടുക്കണം. മസ്തിഷ്ക്കത്തിലെ നാഡീ വ്യൂഹ കോശങ്ങൾ ജനിപ്പിക്കുന്ന സിഗ്‌നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധനാ സംവിധാനമാണ് ഇഇജി ടെസ്റ്റ്.

അമിതവണ്ണമുള്ളവരുടെ ഗർഭപ്രശ്നങ്ങൾ

രോഗമായി ഗണിക്കാറില്ലെങ്കിലും അമിതവണ്ണമുള്ളവർക്കും വേണം മുന്നൊരുക്കം. ഫോളിക് ആസിഡ് അളവിൽ കുറവ്, പ്രസവ സംബന്ധമായി പ്രമേഹം വരാനുള്ള സാധ്യത എന്നിവ ഇവർക്കുണ്ടാകാം. അമിതവണ്ണമുള്ളവരിൽ ചെറിയ തോതിൽ രക്താതിമർദം ബാധിക്കാം. ചിലര്‍ ഇതു തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ഇത് മനസ്സിലാക്കാതെയുള്ള ഗർഭധാരണം സങ്കീർണതകളിലേക്ക് നയിക്കാം.

എന്താണ് ചെയ്യേണ്ടത് ?

അമിതവണ്ണമുള്ളവർ ഗൈനക്കോളജിസ്റ്റിനെ കണ്ട് മറ്റു രോഗങ്ങളില്ല എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. അതിനു ശേഷം ഡയറ്റീഷന്റെയും ഗൈനക്കോളജിസ്റ്റിന്റെയും മേൽനോട്ടത്തിൽ അമിതവണ്ണം ആരോഗ്യകരമായ രീതിയിൽ കുറച്ചശേഷം ഗർഭധാരണത്തിന് ഒരുങ്ങാം.

വിവരങ്ങൾക്ക് കടപ്പാട്:  

ഡോ. നിത്യ ചെറുകാവിൽ
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്