Thursday 16 June 2022 04:17 PM IST : By സ്വന്തം ലേഖകൻ

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉള്ളവരിൽ വന്ധ്യത കണ്ടെത്തിയാൽ? ചികിത്സ എങ്ങനെ? ഡോക്ടറുടെ മറുപടി

pcodd45fuuuu

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (Polycystic Ovarian Disease) എന്ന രോഗാവസ്ഥ ഇക്കാലത്തെ സ്ത്രീകൾക്കു നന്നേ പരിചിതമാണ്.പിസിഒഡി എന്നാണിതിൻെറ ചുരുക്കപ്പേര്. കൗമാരക്കാരികളും വിവാഹിതകളും അമ്മമാരുമൊക്കെ പിസിഒഡി തങ്ങൾക്കുണ്ടെന്നു വിഷാദത്തോടെ തിരിച്ചറിയുന്നു. പോളി എന്നാൽ ഒന്നിലധികം, സിസ്റ്റിക് എന്നുപറഞ്ഞാൽ കുമിളകൾ. ഇതു സ്ത്രീകളുടെ അണ്ഡാശയങ്ങളിൽ (Ovaries) ഉണ്ടാകുന്ന രോഗാവസ്ഥയാണ്.

അണ്ഡാശയങ്ങൾ സ്കാൻ ചെയ്തുനോക്കുമ്പോൾ അവയുടെ ഉപരിതലത്തിൽ ഒരേ വലുപ്പത്തിൽ നീർകുമിളകൾ പോലുള്ള ഭാഗങ്ങൾ മാല കോർത്തതുപോലെ കാണാം. നെക്ക്േലസ് പാറ്റേൺ (Necklace pattern) എന്നാണ് ഈ സംവിധാനത്തെ ഡോക്ടർ വിശേഷിപ്പിക്കുന്നത്. അണ്ഡാശയങ്ങളിലെ ഈ ചെറുനീർക്കുമിളകൾ വന്ധ്യതയിലേക്കു നയിക്കുമെന്നതിനാൽ പെൺമനസ്സുകളിൽ വലിയ ആശങ്കയുണ്ടാക്കുന്നു.

Q. വണ്ണമുള്ളവർക്കാണ് പിസിഒഡി വരുന്നത് എന്നാണ് കേട്ടിട്ടുള്ളത്. മെലിഞ്ഞവരിലും ഈ രോഗം കാണുന്നുണ്ടല്ലോ? എന്തുകൊണ്ടാണ്?

വണ്ണമുള്ളവരിലാണു പിസിഒഡി കൂടുതൽ കാണുന്നതെങ്കിലും മെലിഞ്ഞവരിലും ഉണ്ടാകാറുണ്ട്. വണ്ണക്കൂടുതൽ പിസിഒഡി മൂലമുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ മൂലവും ആകാം. ജനിതക, പാരമ്പര്യ കാരണങ്ങളാലാകാം മെലിഞ്ഞവർ പിസിഒഡിയ്ക്ക് ഇരകളാകുന്നത്. കാരണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് വിപുലമായ ഗവേഷണങ്ങൾ ആഗോളതലത്തിൽ നടക്കുകയാണ്.

Q. പ്രസവിച്ച സ്ത്രീകളിലും പിസിഒഡി ആരംഭിക്കുന്നതായി കാണുന്നു. കാരണമെന്താണ്?

പിസിഒഡിയുടെ ഒരു പ്രധാന അനന്തരഫലം വന്ധ്യതയാണ്. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും കാരണം ഉണ്ടാകുന്ന അമിതവണ്ണവും തന്മൂലം ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളുമാണു കുഞ്ഞുങ്ങൾ ജനിച്ച ശേഷവും പലരെയും പിസിഒഡിയിലേക്ക് നയിക്കുന്നത്. അപൂർവമായി മറ്റു ചില രോഗങ്ങളുടെ പ്രതിഫലനമായും പിസിഒഡിയുടെ ലക്ഷണങ്ങൾ കാണാം.

Q. രോഗനിർണയം എങ്ങനെയാണ്? ഏതു ഘട്ടത്തിലാണ് രോഗനിർണയത്തിനെത്തേണ്ടത്?

ആർത്തവത്തിലെ മാറ്റങ്ങൾ, രോമവളർച്ച പോലെ നേരിയപുരുഷലക്ഷണങ്ങൾ, മിക്കവാറുമുള്ള അമിതവണ്ണം എന്നിവ മനസ്സിലാകുമ്പോൾ തന്നെ ഡോക്ടറെ കാണണം. വിശദമായി ചോദിച്ചറിഞ്ഞും ശരീരപരിേശാധന നടത്തിയും സ്കാൻ ചെയ്തും രക്തപരിശോധനകൾ നടത്തിയും ഡോക്ടർ രോഗനിർണയം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചില വസ്തുതകൾ കൂടി അറിഞ്ഞിരിക്കണം.

അണ്ഡാശയങ്ങൾ ഈസ്ട്രജൻ (Oestrogen), പ്രോജസ്റ്ററോൺ (Progesterone) എന്നീ സ്ത്രീ ഹോർമോണുകൾ കൃത്യമായ അനുപാതത്തിൽ ഉൽപാദിപ്പിക്കുന്നതുമൂലമാണ് അണ്ഡവിസർജനം നടക്കുന്നത്. അതോടൊപ്പം ഗർഭാശയത്തിന്റെ അകവശത്തെ ആവരണം ഗർഭധാരണത്തിന് അനുയോജ്യമാകുംവിധം മാറുകയും ചെയ്യുന്നു. എന്നാൽ പിസിഒഡി ഉള്ളപ്പോൾ ഈസ്ട്രജൻ കൂടിയും പ്രോജസ്റ്ററോൺ കുറഞ്ഞും പോകുന്നു. ഇതാണ് വന്ധ്യത തുടങ്ങി അനേകം പ്രശ്നങ്ങളുണ്ടാക്കുന്നത്.

ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷഹോർമോണും അണ്ഡാശയങ്ങൾ ഈ അവസ്ഥയിൽ കൂടുതലായി പുറത്തുവിടുന്നു. ഇതു പുരുഷലക്ഷണങ്ങൾ വരുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ചുനിർത്തുന്നത് പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിനാണല്ലോ. പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉള്ളവരുടെ ശരീരകോശങ്ങൾക്ക് ഇൻസുലിൻ ശരിയായി സ്വീകരിക്കാൻ കഴിയാതെ വരുന്നു. ഇതു ക്രമേണ പ്രമേഹത്തിലേക്കു വഴിതെളിക്കുന്നു.

പിസിഒഡിയിൽ െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവും കുറഞ്ഞുപോകുന്നു. ടിഎസ് എച്ച് എന്ന ഹോർമോണിന്റെ അളവിൽ വ്യത്യാസം വരുന്നു. എന്നാൽ പ്രോലാക്റ്റിൻ എന്ന ഹോർമോൺ അമിതമാകാം. ഇതു സ്തനങ്ങളിൽ മാറ്റം വരുത്തുന്നു. വ‍ൃക്കയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന അഡ്രിനൽ (Adrenal) എന്നു പേരായ ഗ്രന്ഥികൾ സ്രവിപ്പിക്കുന്ന ഹോർമോൺ അളവുകളിലും മാറ്റം വരാം. ഇതൊക്കെ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

എല്ലാ ഹോർമോൺ മാറ്റങ്ങളും രക്തപരിശോധനയിലൂടെ കണ്ടുപിടിക്കാമെങ്കിലും വളരെ വിപുലമായ ടെസ്റ്റുകൾ അപൂർവമായേ വേണ്ടിവരൂ. മറ്റു രോഗങ്ങൾ അല്ല, പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് മാത്രമാണ് എന്നത് ഉറപ്പാക്കാൻ കൂടിയാണു രക്തപരിശോധന നടത്തുന്നത്. പ്രമേഹം, അമിതരക്തസമ്മർദം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവു കൂടുതലാകുന്നതുമൂലമുണ്ടാകുന്ന ഹൃദ്രോഗസാധ്യത, ഗർഭാശയത്തിലും സ്തനങ്ങളിലും ഉണ്ടാകാവുന്ന കാൻസർ എന്നിവയൊക്കെ കണക്കിലെടുത്താകണം രോഗനിർണയം.

കറുത്ത പാടുകൾ കഴുത്തിലും കക്ഷങ്ങളിലും വയറിലും വിരലുകളിലും കാണാറുണ്ട്. മുഖക്കുരു, മുടിപൊഴിച്ചിൽ എന്നിവ മറ്റു പ്രശ്നങ്ങളാണ്. മീശ–താടി രോമങ്ങൾ എന്നിവ അമിതമായി വളരുന്നു, മുലക്കണ്ണുകൾക്കു ചുറ്റും വയറിലും പുറത്തുമെല്ലാം രോമവളർച്ച കാണാം. അമിതവണ്ണം, രോമവളർച്ച, വയർ വീർത്തിരിക്കുക, കഴുത്തിലെ കറുത്ത പാടുകൾ എന്നിവ കാണുമ്പോൾ തന്നെ പിസിഒഡി ഉണ്ടെന്ന് ഏകദേശരൂപം കിട്ടും. അതിനാൽ മിക്കപ്പോഴും ഗൈനക്കോളജിസ്റ്റ്, എൻഡോെെക്രനോളജിസ്റ്റ്, ചർമരോഗവിദഗ്ധൻ, ഫിസിഷ്യൻ എന്നിവരുടെ സംയുക്തവിശകലനം ആവശ്യമായി വരാം.

Q. പിസിഒ‍ഡിയുടെ ചികിത്സാരീതി എങ്ങനെയാണ് ? ഏതൊക്കെയാണ് ഫലപ്രദമായ മരുന്നുകൾ?

പിസിഒഡി എന്നു കേൾക്കുമ്പോഴേ മക്കളുടെ വിവാഹജീവിതത്തെപ്പറ്റിയും വന്ധ്യതയെപ്പറ്റിയും ഏറെ ഉത്കണ്ഠപ്പെടുന്ന മാതാപിതാക്കളെയാണ് ഇപ്പോൾ കാണുന്നത്. ശരിയായ അറിവു നൽകുകയാണ് ആദ്യം വേണ്ടത്. ചിലപ്പോൾ ലഘുവായ മരുന്നുകൾ ദീർഘകാലം വേണ്ടിവരാം. ഹോർമോൺ ഗുളികകൾ നിർദേശിച്ച രീതിയിൽ കഴിച്ചാൽ കുഴപ്പമില്ലെന്നു മനസ്സിലാക്കണം.

അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യ പ്രതിവിധി. പൊക്കത്തിനൊത്ത തൂക്കം ഡോക്ടർ നിർദേശിച്ചുതരും. ഇതിനായുള്ള ഡയറ്റ് ചാർട്ട് ഡോക്ടറോ ഡയറ്റീഷനോ കുറിച്ചുതരും. എളുപ്പത്തിൽ പറഞ്ഞാൽ 150 സെന്റീമീറ്റർ ഉയരമുള്ള ഒരു സ്ത്രീക്ക് 50 കിലോഗ്രാം തൂക്കമേ ആകാവൂ. ആഹാരത്തിൽ കാർബോ

െെഹഡ്രേറ്റ് (അന്നജം) കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിച്ചാൽ മതി. കൊഴുപ്പു തീർച്ചയായും കുറയ്ക്കണം. കൊഴുപ്പുള്ള മത്സ്യം, മാംസം എന്നിവ വറുത്തതും പൊരിച്ചതും ഒഴിവാക്കുക. കറി വച്ചു മിതമായി കഴിക്കാം. എണ്ണ, നെയ്യ് എന്നിവ വളരെ കുറയ്ക്കുക. മാർക്കറ്റിൽ ലഭ്യമാകുന്ന ആകർഷകങ്ങളായ വിഭവങ്ങൾ അതായത്, പിസ, നൂഡിൽസ്, ബർഗേഴ്സ്, പഫ്സ്, ചിപ്സ്, ടിന്നിലടച്ച കൃത്രിമച്ചേരുവകളുള്ള ആഹാരപദാർഥങ്ങൾ, പഴ രസങ്ങൾ, സിറപ്പുകൾ, ജാം, ചോക്ലേറ്റ്, െഎസ്ക്രീം എന്നിവ കഴിവതും കുറയ്ക്കുക. അനാരോഗ്യകരമായ തൂക്കം വർധിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. മാംസാഹാരം നിയന്ത്രിക്കണം. മെലിഞ്ഞ പ്രകൃതമുള്ള സ്ത്രീകളും ഇത്തരം കൃത്രിമ ഭക്ഷണങ്ങൾ ഒഴിവാക്കണം.

വീട്ടിലുണ്ടാക്കുന്ന കഞ്ഞി, ചോറ്, ദോശ, ഇഡ‌്ലി, ചപ്പാത്തി, പുട്ട്, ഇടിയപ്പം, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയാകട്ടെ ഭക്ഷണവസ്തുക്കൾ. പാൽ, നാടൻമുട്ട ഇവ നിയന്ത്രിതമായി കഴിക്കാം. ശുദ്ധമായ പച്ചക്കറികൾ, പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ കൊണ്ടു വീട്ടിൽ തയാറാക്കുന്ന ഭക്ഷണം മാത്രമാണ് ആരോഗ്യകരം.

ഫലപ്രദമായ മരുന്നുകളുണ്ട്. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകി ഹോർമോൺ പ്രവർത്തനം ശരിയാക്കുന്നു. ഇവ പുരുഷഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനത്തെയും തടയുന്നു. പിസിഒഡി രോഗികളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അതിപ്രസരം മൂലം ഗർഭാശയകാൻസർ സാധ്യത കൂടുതലാണ്. ഇതിനെതിരെയുള്ള ഫലപ്രദമായ ചികിത്സ കൂടിയാണ് ഈ ഗുളികകൾ. ഗുളികരൂപത്തിലല്ലാതെ തൊലിപ്പുറമേ ഒട്ടിക്കുന്ന പാച്ചുകളായും യോനിക്കുള്ളിൽ വയ്ക്കാവുന്ന ക്രീം, ഗുളിക എന്നിവയായും ഇവ ലഭ്യമാണ്. ഗർഭപാത്രത്തിനകത്തു കോപ്പർ ടി പോലെ വയ്ക്കുന്ന ഹോർമോൺ ഉപാധികൾ ഉണ്ട്.

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉള്ളവരിൽ വന്ധ്യത കണ്ടെത്തിയാൽ ക്ലോമിഫിൻ(Clomiphene), ലെട്രോസോൾ (Letrozol) ഗുളികകൾ, െഗാണാഡോട്രോഫിൻ (Gonadotrophin) ഇൻജക്‌ഷനുകൾ എന്നിവ കൃത്യതയോടെ നൽകേണ്ടതുണ്ട്. മെറ്റ്ഫോമിൻ (Metformin) എന്ന ഗുളിക പിസിഒഡി ചികിത്സയിൽ വലിയ സ്ഥാനം വഹിക്കുന്നു. ഇതു പ്രമേഹം നിയന്ത്രിക്കുന്ന മരുന്നാണ്. പിസിഒഡി ഉള്ളവരിൽ ഭാവിയിലും ഗർഭിണിയാകുമ്പോഴും പ്രമേഹസാധ്യതയുണ്ട്. ബ്ലഡ് ഷുഗറിന്റെ അളവു നോർമൽ ആണെങ്കിലും മെറ്റ്ഫോമിൻ സ്ഥിരമായി ദീർഘകാലം കൊടുക്കാറുണ്ട്. അമിതമേദസ്സ് നിയന്ത്രിച്ചു ശരീരം ഒതുങ്ങാനും അണ്ഡവിസർജനം നടക്കാനും രോമവളർച്ച നിയന്ത്രിക്കാനും വന്ധ്യതാസാധ്യത കുറയ്ക്കാനും പ്രമേഹനിയന്ത്രണത്തിനുമെല്ലാം ഇത് ഉത്തമമാണ്.

െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിയാക്കാൻ മരുന്നുകൾ എൽട്രോക്സിൻ (Eltroxin) ആവശ്യമെങ്കിൽ നൽകുന്നു. ബ്രോമോക്രിപ്റ്റിൻ (Bromocryptin), കേബർഗോളിൻ (Cabergolin) എന്നിവ പ്രൊലാക്ടിൻ ഹോർമോൺ അളവു നിയന്ത്രിക്കാൻ പ്രയോജനപ്പെടും. ഹോർമോൺ തകരാറുമൂലം എല്ലുകൾക്കു ബലക്കുറവ് (Osteoporosis) വരാതിരിക്കാൻ കാൽസ്യം, വൈറ്റമിൻ ഡി എന്നിവ ഉപകരിക്കുന്നു. ഈസ്ട്രോജൻ, പ്രോജസ്റ്റിറോൺ ഗുളികകൾ, സ്പൈറോണോലാക്റ്റോൺ( Spironolactone) ഗുളിക, എഫ്ളോർണിതിൻ (Eflornithin) എന്ന ക്രീം, മെറ്റ്ഫോമിൻ എന്നിവ രോമവളർച്ച നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു. സിപ്രോടെറോൺ (Ciproterone), ഡ്രോസ്പെരിനോൺ‍ (Drosperinon ) എന്നിവ പുരുഷഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം നിയന്ത്രിച്ചു മുഖക്കുരു, രോമവളർച്ച എന്നിവയ്ക്ക് പരിഹാരം ഉണ്ടാക്കുന്നു.

രോമങ്ങൾ പിഴുതുകളയുക (Depilation), രോമങ്ങളുടെ കറുത്തനിറം മാറ്റുക (Bleaching), കൂടിയ രീതിയിലുള്ള രോമവളർച്ച മാറ്റുക (Waxing), രോമം വടിച്ചുകളയുക (Shaving) എന്നിവ അമിതരോമവളർച്ചയ്ക്കുള്ള പ്രതിവിധികളാണ്. വൈദ്യുതി ഉപയോഗിച്ചു രോമവളർച്ച സ്ഥിരമായി ചികിത്സിച്ചു മാറ്റാനുള്ള ഉപാധിയാണ് ഇലക്ട്രോലൈസിസ്. ലേസർ രശ്മികൾ ഉപയോഗിച്ചുള്ള സ്ഥിരമായ രോമം കളയൽ ചികിത്സയും ലഭ്യമാണ്. കീഹോൾ ഒാപ്പറേഷൻ (Ovarian Diathermy) വഴി അണ്ഡാശയത്തിലെ കുമിളകളെ കരിച്ചു കളയുന്ന രീതി വളരെ ഫലപ്രദമാണ്.

വിവരങ്ങൾക്ക് കടപ്പാട്; ഡോ. ഭവാനി ചന്ദ്രശേഖരൻ, റിട്ട. കൺസൽറ്റൻറ് ഗൈനക്കോളജിസ്റ്റ്, ഹോളിഫാമിലി, ഹോസ്പിറ്റൽ, തൊടുപുഴ

Tags:
  • Health Tips