Friday 29 July 2022 11:18 AM IST

‘വിവാഹം എന്നത് എല്ലാം സഹിച്ചിരിക്കേണ്ട ഇടമല്ല’: അച്ഛന്റെ തേപ്പുപെട്ടിയുമായി തെരുവിലേക്ക്, പിഎച്ചിഡ് തിളക്കത്തിൽ അമ്പിളി

Vijeesh Gopinath

Senior Sub Editor

ambili-phd-holder

പത്തൊമ്പതാമത്തെ വയസ്സിലാണ് ‌‌‌അമ്പിളിക്ക് അച്ഛനെ നഷ്ടമാകുന്നത്. പ്രീഡിഗ്രി മുഴുമിപ്പിക്കാനായില്ല. അച്ഛൻ വിജയൻ ഇരിങ്ങാലക്കുടയിൽ 35 വർഷമായി തേപ്പുകട നടത്തിയിരുന്നു. ജീവിതം മുന്നിൽ കനൽ കൂട്ടിയിട്ടപ്പോൾ മറികടന്നല്ലേ പറ്റൂ. അച്ഛന്റെ ഇരുമ്പു തേപ്പുപെട്ടി അമ്പിളി കയ്യിലെടുത്തു.

18 വർഷം ഇസ്തിരിയിട്ട് കടന്നു പോയി. അമ്പിളി നാട്ടുകാരുടെ ഉടുപ്പുകൾ മാത്രമല്ല ചുളിവു വീണ സ്വന്തം ജീവി തം കൂടി തേച്ചു വൃത്തിയാക്കി. ജീവിതക്കനൽ കോരിയ കയ്യിൽ ഇന്ന് ഒരു ഡോക്ടറേറ്റ് ഉണ്ട്. ഡോ.അമ്പിളി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗസ്റ്റ് ലക്ചറർ ആണ്.

‘‘ഞാനന്ന് ക്ഷീണിച്ച ഒരു പെൺകുട്ടി. പത്തു കിലോയോളം ഭാരമുള്ള തേപ്പുപെട്ടി. പ്രാരബ്ധത്തേക്കാൾ ഭാരം അതിനില്ലല്ലോ. തുണി തേക്കാനൊന്നും അറിയില്ലായിരുന്നു. കസ്റ്റമേഴ്സ് പറഞ്ഞു തന്നു. കൈയും നടുവും പൊള്ളുന്ന വേദനയാണ്. കനൽച്ചൂടിൽ വെന്തുരുകും. പിന്നെ ശീലമായി.

ഇതിനിടയിൽ സഹോദരന് വീടു വിട്ടു കൊടുത്ത് എനിക്കും അമ്മയ്ക്കും ഇറങ്ങേണ്ടി വന്നു. ഉള്ള പൈസയ്ക്ക് കുറച്ചു സ്ഥലവും ഇടിഞ്ഞു വീഴാറായ ഒരു വീടും കിട്ടി. അടുത്തൊരു കാവുണ്ടായിരുന്നു. രാത്രിയിലും പകലും വീടിനുള്ളിൽ പാമ്പുകള്‍ വരും. കഴുക്കോലിൽ തൂങ്ങിയാടുന്നത് കാണാം. മേശപ്പുറത്തൊക്കെ ചുരുണ്ടിരിക്കും. പാമ്പുകളെ ഞങ്ങളും അവ ഞങ്ങളെയും ഉപദ്രവിച്ചില്ല.

വീണ്ടും പരീക്ഷണം

ഇതിനിടയിൽ വിവാഹാലോചനകൾ വന്നു. നല്ലൊരു മാല വാങ്ങാനുള്ള പണം പോലുമില്ല. ആരുടെ മുന്നിലും കൈ നീട്ടാൻ തയാറായില്ല. താമസിക്കുന്ന സ്ഥലം വിറ്റു വിവാഹം നടത്താൻ പലരും പറഞ്ഞു. ഇതു വിറ്റാൽ അമ്മ എങ്ങോട്ടു പോകും?. വിവാഹം പിന്നെയും നടക്കും. പക്ഷേ, എനിക്കു വേറൊരു അമ്മയെ കിട്ടില്ലല്ലോ.‌ എല്ലാം മനസ്സിലാക്കിയെന്നു വിശ്വസിച്ച ഒരാൾ വന്നു. എന്നാൽ ഒന്നരവർഷത്തിനു ശേഷം വിവാഹജീവിതം ഉപേക്ഷിക്കേണ്ടി വന്നു.

നിർവികാരതയായിരുന്നു പിന്നെ. സഹതാപത്തണലി ൽ കരഞ്ഞിരിക്കാൻ തോന്നിയില്ല. അങ്ങനെയിരുന്നാൽ അ വിടെ ഇരിക്കുകയേയുള്ളൂ. പിന്നെയും അച്ഛന്റെ തേപ്പു പെട്ടിയെടുത്തു.

ആയിടയ്ക്കാണ് കോഴിക്കോട് സർവകലാശാലയിൽ വിദൂരവിദ്യാഭ്യാസത്തിനായി അപേക്ഷ ക്ഷണിച്ചെന്ന വാർത്ത കണ്ടത്. മലയാളം ബിഎയ്ക്ക് ചേർന്നു. ശനിയും ഞായറും കേരളവർമ കോളജിൽ ക്ലാസ്. ജീവിതത്തിലേക്ക് വെളിച്ചം വന്നു. ക്ലാസ്സില്ലാത്ത ദിവസം ഇസ്തിരി ജോലി തുടർന്നു. ഡിഗ്രി നല്ല മാർക്കോടെ വിജയിച്ച് എംഎയ്ക്ക് ചേർന്നു. കൂടെയുള്ളവരൊക്കെ നെറ്റ് പരീക്ഷ എഴുതാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ അതുകൊണ്ടുള്ള ഗുണമൊന്നും എനിക്ക് മനസിലായില്ല. എല്ലാവർക്കും ഒപ്പം ഞാനും എഴുതി. രണ്ടാമത്തെ ചാൻസിന് പാസായി. സർട്ടിഫിക്കറ്റ് എടുത്തു വച്ചിട്ട് വീണ്ടും ഇസ്തിരി ജോലി തുടർന്നു.

അടുത്തുള്ള കടകളിലെ ചിലർക്ക് ഞാൻ എംഎ എടുത്തെന്ന വിവരമൊക്കെ അറിയാമായിരുന്നു. അതിൽ ഒരാളുടെ അനിയൻ എന്നെ പരിചയപ്പെട്ടു. ക്രൈസ്റ്റ് കോളജിൽ ബയോഡാറ്റ കൊടുക്കാൻ പറഞ്ഞു.

രണ്ടു മാസം കഴിഞ്ഞപ്പോൾ ഗസ്റ്റ് അധ്യാപികയായി ഇന്റർവ്യൂവിന് വിളിച്ചു. കുറച്ചു മാസത്തേക്കുള്ള ജോലിയാണെന്നു പറഞ്ഞപ്പോൾ സംശയമായി. അതിനു വേണ്ടി ഇസ്തിരി കട അടച്ചിട്ടാൽ തിരിച്ചു വരുമ്പോഴേക്കും കസ്റ്റമേഴ്സ് പോകും. രണ്ടും ഇല്ലാതാകും. പിന്നെ, ആലോചിച്ചപ്പോൾ തോന്നി, ഇങ്ങനെ ഒരു ജോലിക്കു വേണ്ടിയല്ലേ പഠിച്ചത്. അത് ഉപേക്ഷിക്കേണ്ട.

ആദ്യ ക്ലാസ്. 70 കുട്ടികൾ. ഞാനാദ്യമായാണ് അത്രയും കുട്ടികളെ ഒന്നിച്ചു കാണുന്നത്. പോരെങ്കിൽ ആദ്യമായാണ് സാരിയുടുത്തത്. പതറിപ്പോയെങ്കിലും പിന്നീട് തിരിച്ചു പിടിച്ചു. രണ്ടു പിരീയഡ് ക്ലാസ് കഴിഞ്ഞ് കടയിലേക്ക് തിരിച്ചോടും. അധ്യാപികയുടെ വേഷം മാറ്റി ഇസ്തിരിയിടുന്ന വർക്കിങ് ഡ്രസ് ഇടും.

ഡോക്ടറേറ്റ് എന്ന സന്തോഷം

ക്രൈസ്റ്റ് കോളജിലെ അധ്യാപകരാണ് ഗവേഷണം എന്ന സ്വപ്നം മനസ്സിൽ നട്ടത്. കേരള വർമ കോളജിലെ രാജേഷ് സാറിനടുത്തേക്ക് റിസർച്ച് സിനോപ്സിസുമായി ഞാൻ ചെന്നു. സിനോപ്സിസ് അദ്ദേഹം ആദ്യം അംഗീകരിച്ചില്ല. റെഗുലർ കോളജിൽ പഠിക്കാത്ത,സെമിനാറുകൾ അവതരിപ്പിക്കാത്ത എനിക്ക് എങ്ങനെ ഗവേഷണം ചെയ്യാനാവുമെന്ന് സ്വയം തോന്നി. പക്ഷേ, തോറ്റു പോകരുതല്ലോ. വീണ്ടും എഴുതിയ സിനോപ്സിസ് അംഗീകരിച്ചു.

രാജേഷ് സാറിനു കീഴിൽ ഗവേഷക വിദ്യാർഥിനിയായി. കേരള വർമ്മ കോളജാണ് എന്നെ മാറ്റി മറിച്ചത്. ഒരു കൂടിനുള്ളിൽ നിന്ന എന്നെ അവിടുത്തെ സൗഹൃദങ്ങളും സെമിനാറുകളും മാറ്റി മറിച്ചു. അപ്പോഴും ഇസ്തിരിക്കടയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പിഎച്ച്ഡി കിട്ടി. ഒരുപാടു സന്തോഷം തോന്നിയ നിമിഷം.

ഇപ്പോഴും ക്രൈസ്റ്റ് കോളജിൽ ഗസ്റ്റ് ലക്ചറർ ആണ്. ക്ലാസ്സുകളുടെ എണ്ണം കൂടിയപ്പോൾ ഇസ്തിരി ജോലി മുന്നോട്ടു കൊണ്ടുപോകാൻ ആകാതെ വന്നു. പ്രളയം വന്നതോടെ ആ കട ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു.

ഞാൻ പഠിച്ചത് ഒരേ ഒരു കാര്യമാണ്, നമ്മുടെ ജീവിതം നമ്മുടേതാണ്. വിവാഹം എന്നത് എല്ലാം സഹിച്ചിരിക്കേണ്ട ഇടമല്ല. അടിമയെ പോലെ ജീവിക്കാതെ സ്വന്തം വഴികൾ കണ്ടെത്താനുള്ള കരുത്തുണ്ടാക്കുക.

വിജീഷ് ഗോപിനാഥ്

ഫോട്ടോ ശ്രീകാന്ത് കളരിക്കൽ