Friday 11 November 2022 02:09 PM IST

‘നീ അവിടെ പോയിട്ട് എന്തു ചെയ്യാനാണ്, അന്ന് ആത്മവിശ്വാസത്തിന്റെ ട്രാൻസ്ഫോമർ അടിച്ചു പോയി’: അനീറ്റയെന്ന ചിരിക്കുടുക്ക

Vijeesh Gopinath

Senior Sub Editor

aneetta-comedy

ചിരിക്കാൻ എളുപ്പമാണെങ്കിലും ചിരിപ്പിക്കൽ അത്ര എളുപ്പമല്ലല്ലോ. അതിന് ചിരിയുടെ ‘ലാടവൈദ്യം അറിയണം.

സ്റ്റാൻഡ് അപ് കോമഡി ചെയ്യുന്ന ചിരിക്കുടുക്കയെ രിചയപ്പെടാം. മുന്നിൽ മൈക്ക് ഉണ്ടെങ്കിൽ ഒറ്റനിൽപ്പിൽ ചിരിയുടെ ഒാലപ്പടക്കവും മാലപ്പടക്കവും ഗുണ്ടുമൊക്കെ പൊട്ടിക്കാൻ അറിയുന്നവർ. ചാനലുകളിലൂം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചിരിയുടെ വെടിക്കെട്ടൊരുക്കുന്ന അനീറ്റ ജോമിയുടെ ചിരിവഴികൾ

നാട്ടിൻപുറത്തെ ചിരി

‘‘എന്റെ പേര് അനീറ്റ ജോഷീന്നാണ്. 23 വയസ്. തൊടുപുഴ അടുത്ത് വണ്ണപ്പുറം എന്നു പറയുന്ന സ്ഥലത്താണ്. ശരിക്കും ഒരു ഗ്രാമം. ചുമ്മാ കൊണ്ടു വന്നു ക്യാമറ വച്ചാൽ മതി ശ്യാമള കോമള ഭംഗിയൊക്കെ വാരിക്കോരി കിട്ടും.

പക്ഷേ കൗമാരത്തിലൊക്കെ എത്തുമ്പോ നമുക്ക് അക്കര പച്ച എന്നൊരു ഫീൽ വരും. നാട്ടിൻ പുറക്കാരിക്ക് അകലെയുള്ള നഗരം െഎശ്വര്യ റായിയായും അനുഷ്ക ശർമയായും ഒക്കെ തോന്നും. എനിക്കും തോന്നി. അപ്പോഴാണ് അതാ വരുന്നു ഒരു ചാൻസ്. ഞാൻ പഠിച്ചത് ഗ്രാഫിക് ഡിസൈനിങ് ആണ്. ജോലി കിട്ടിയത് കൊച്ചിയിൽ.

കൊച്ചി പഴയ കൊച്ചിയല്ലെന്ന് മമ്മൂക്ക പറയുന്നത് ചുമ്മാതാണ്. കൊച്ചിയെന്നും കുട്ടിക്കാലം തൊട്ടേ ഞങ്ങള് തൊടുപുഴക്കാരെ മോഹിപ്പിച്ചോണ്ടിരുന്ന സ്ഥലമാണ്. ബാഗും എടുത്ത് ഞാൻ പറന്നു.

സിനിമയും ചാനലും എഫ്എം ഉം ഒക്കെ എന്നും മോഹങ്ങളായിരുന്നു. കൊച്ചിയിലെത്തി കുറച്ചു കഴിഞ്ഞ് മനസ്സിലെ ആ സ്വപ്നങ്ങൾ ഒന്നു നട്ടു നോക്കി. ഒന്നും സംഭവിച്ചില്ല മുള പോലും വന്നില്ല.

ആർ ജെ ഹണ്ടിനു പോയി. സൗണ്ട് മോശമാണെന്നു പറഞ്ഞ് ഒാടിച്ചിട്ടു. ഒന്നു രണ്ട് ഒാഡീഷനിലൊക്കെ പോയി നോക്കി. രക്ഷയില്ല. അപ്പോഴാണ് മഴവിൽ മനോരമയുടെ ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന പ്രോഗ്രാം കാണുന്നത്. ഒരു ജോൺ ജോ സ്റ്റാൻഡപ് കോമഡി ചെയ്യുന്നതാണ് ഞാൻ ആദ്യം കണ്ടത്. കണ്ടപ്പം ഭയങ്കര രസമായിട്ടു തോന്നി. ഞാൻ കുറെ ചിരിച്ചു.

ഒരിക്കൽ പോലും ഒരു മനുഷ്യന്റെ അടുത്ത് തമാശയ്ക്ക് പോലും ഒരു തമാശ പറയുന്ന വ്യക്തി ആയിരുന്നില്ല ഞാൻ. അങ്ങനെയൊരു ഞാൻ ടിവിയിൽ ‘ആർക്കും പങ്കെടുക്കാം’ എന്നു കണ്ടപ്പോൾ കൊള്ളാമല്ലോ എന്നു വിചാരിച്ചു. പെൺകുട്ടികൾ സ്റ്റാൻഡപ് കോമഡി രംഗത്ത് അങ്ങനെ വന്നിട്ടില്ല. അവിടെയും ഒരു സാദ്ധ്യത തോന്നി.

തല്ലിക്കൊന്നാൽ‌ പോലും കോമഡി വരില്ല. എന്നാലും ഒരു കൈ നോക്കാൻ തീരുമാനിച്ചു,. ഫോണെടുത്ത് ജനലിൽ കെട്ടിവച്ച് ഒരു സ്റ്റാൻഡ് അപ് കോമഡി റോക്കോർഡ് ചെയ്തു. മഴവിൽ മനോരമയിലേക്ക് അയച്ചു കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞ് ഒരു ഫോൺ – അനീറ്റ വന്ന് പെർഫോം ചെയ്യൂ. അപ്പോഴത്തെ എന്റെ അവസ്ഥയ്ക്ക് കിലുക്കത്തിലെ ഇന്നസെന്റിന്റെ ലോട്ടറി സീനിനോട് സാമ്യം തോന്നിയാൽ തെറ്റു പറയാനാവില്ല.

aneetta-coemdy-1 അനീറ്റ അമ്മ.... ചേച്ചി....

ഇത്രയും നല്ല സ്റ്റേജ് കിട്ടിയതല്ലേ ഒന്നു പറഞ്ഞു നോക്കാമെന്നു വിചാരിച്ച് ഞാൻ ഹോസ്റ്റലിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ എന്റെ കൂടെയുള്ള കുട്ടികൾ പറഞ്ഞു നീ ഒരിക്കൽപോലും ഒരു തമാശ പറഞ്ഞ് ഞങ്ങളെ ആരെയും ചിരിപ്പിക്കുന്നത് കണ്ടിട്ടില്ല. നീ അവിടെ പോയിട്ട് എന്തു ചെയ്യാനാണ്. ആത്മവിശ്വാസത്തിന്റെ ട്രാൻസ്ഫോമർ അടിച്ചു പോയി. ഫുൾ നെഗറ്റീവിന്റെ ഇരുട്ട്. ഞാൻ മഴവില്ലിലേക്ക് വിളിച്ചു പറഞ്ഞു ‘വരുന്നില്ല എനിക്കതിനുള്ള ധൈര്യം ഇല്ലാ’ എന്നു പറഞ്ഞു.

പക്ഷേ പെട്ടെന്ന് ആത്മവിശ്വാസത്തിന്റെ മെഴുകു തിരി തെളിഞ്ഞു. അമ്മയും ചേച്ചിയും വീട്ടുകാരും ജിൽഷാനയും നൂർബിനയും ഉൾപ്പടെയുള്ള കൂട്ടുകാരും കട്ടയ്ക്ക് കൂട്ടു നിന്നു. അതോടെ പറ്റത്തില്ല പറ്റത്തില്ല എന്നു സ്വയം പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്ന് മനസിലായി. രണ്ടും കൽപിച്ച് മഴവിൽ മനോരമയിലേക്ക് ബസ് കയറി.

പെർഫോം െചയ്തു കഴിഞ്ഞപ്പോൾ ഫസ്റ്റ് തന്നെ ബംപർ ആയിരുന്നു. മൂന്നു ജഡ്ജസും ചിരിച്ചു, ശരിക്കും സർപ്രൈസ് ആയിരുന്നു. ബംപർ ചിരിയിൽ നിന്നു വീണ്ടും കോൾ വന്നു തുടങ്ങി. അങ്ങനെ അങ്ങനെ ചെയ്യാൻ തുടങ്ങിയതാണ്. ആ പ്രോഗ്രാമിൽ ഏഴെട്ടു ബംപർ അടിച്ചു.അങ്ങനെ ഒരുപാടു പെർഫോമൻസ് ചെയ്യാൻ പറ്റി. നല്ല അഭിപ്രായങ്ങൾ കേൾക്കുന്നു. ആളുകൾ തിരിച്ചറിയുന്നു. ലൈഫ് കംപ്ലീറ്റ് ചേഞ്ച് ആയി ബംപർ ചിരിയിലൂടെ.

സത്യത്തിൽ നമ്മുടെയൊക്കെ ചില തീരുമാനങ്ങളാണ് ജീവിതത്തെ മാറ്റി മറിക്കുന്നത്. ആ തീരുമാനങ്ങൾക്ക് നമ്മൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഒരുപാട് ചോദിക്കണമെന്നില്ല. നമ്മുടെ പൊട്ടൻഷ്യൽ എന്താണെന്ന് നമുക്കല്ലേ അറിയത്തുള്ളു. ആ പൊട്ടൻഷ്യൽ വച്ച് മുന്നോട്ടു പോയാൽ മതി. ഏതു സ്ത്രീയുടെ ഉള്ളിലും ഒരു ഫയർ ഉണ്ട് അത് അണയാതെ സൂക്ഷിച്ചാൽ മതി.

വിജീഷ് ഗോപിനാഥ്

ഫോട്ടോ ബേസിൽ പൗലോ