Friday 20 May 2022 04:32 PM IST

മുന്നിലുണ്ടായിരുന്ന വെല്ലുവിളി കാശ്... ഒടുവിൽ അതും അതിജീവിച്ചു: ആഗ്രഹിച്ച അയർലൻഡിൽ അരുൺ എത്തിയതിങ്ങനെ

Rakhy Raz

Sub Editor

arun-george-fam

മുന്നിലുണ്ടായിരുന്ന വെല്ലുവിളി കാശ്... ഒടുവിൽ അതുംജീവിച്ചു: ആഗ്രഹിച്ച അയർലൻഡിൽ അരുൺ എത്തിയതിങ്ങനെ

മികച്ച വിദ്യാഭ്യാസവും പെർമനന്റ് റസിഡൻസിയും ഉയർന്ന വരുമാനവും വേണമെങ്കിൽ വിദേശത്തു പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ കുട്ടികൾ. പക്ഷേ, സ്വപ്നം കാണുംപോലെ എളുപ്പമാണോ വിദേശത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ? വിവിധ രാജ്യങ്ങളിൽ പഠിച്ച് അവിടെ തന്നെ ജോലി നേടിയ മിടുക്കർ പറയുന്നു ‘അൽപം ആലോചിച്ച്, പഠിച്ചു വേണം തീരുമാനമെടുക്കാൻ.’

–––

മികച്ച എക്സ്പോഷര്‍ ലക്ഷ്യമായിരുന്നു–

(അരുൺ ജോർജ്, എൻജിനീയറിങ് മാനേജർ,

എച്ച്‌പി‌ഇ, അയർലൻഡ്)

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബിടെക് നേടിയ ശേഷം രണ്ടു വർഷം ചെന്നൈ കോഗ്‌നിസന്റിൽ (സിടിഎസ്) സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്തു. അതിനു ശേഷമാണ് എംബിഎ പഠനത്തിന് അയർലൻഡിലേക്ക് പറക്കുന്നത്. ബിടെക് കാലം മുതൽ വിദേശരാജ്യത്ത് മാനേജ്മെന്റ് പഠനം ഞാൻ ലക്ഷ്യമിട്ടിരുന്നു.

ബിസിനസ് ഇൻഫർമേഷൻ സിസ്റ്റം എന്ന വിഷയത്തിലാണ് അയർലൻഡിൽ എംബിഎ ചെയ്തത്. കോളജ് പഠനകാലത്ത് വോഡഫോൺ ഐടി സപ്പോർട്ടിൽ സോഫ്റ്റ് വെയർ എൻജിനീയറായി പാർട് ടൈം ജോലിയും ചെയ്തിരുന്നു. കോഴ്സ് കഴിഞ്ഞ് ക്യാംപസ് സെലക്‌ഷൻ വഴി ഇ വിടെ സിസ്ക്കോയിൽ ജോലി ലഭിച്ചു. സിസ്ക്കോയിലെ എട്ടു വർഷത്തെ സേവനകാലത്ത് എൻജിനീയറിങ്ങിൽ നിന്നും മാനേജ്മെന്റ് സ്ട്രീമിലേക്ക് മാറാൻ അവസരം ലഭിച്ചു. 2015 ലാണ് ഗാൽവേയിൽ ഹ്യൂലറ്റ് പക്കാർഡ് എന്റർപ്രൈസിൽ (എച്ച്പിഇ) ജോലി നേടുന്നത്. എൻജിനീയറിങ് മാനേജരായി.

പാശ്ചാത്യ രാജ്യത്തെ തൊഴിൽസംസ്കാരവും ജീവിതരീതികളും നേരിട്ടറിയാനുള്ള ആഗ്രഹമായിരുന്നു വിദേശപഠനമെന്ന തീരുമാനത്തിലെത്തിച്ചത്. യുകെ, യുഎസ്, അയർലൻഡ് ഇങ്ങനെ മൂന്നു രാജ്യങ്ങൾ കണ്ടുവച്ചു . ഇവിടുത്തെ കോളജിൽ നിന്ന് എനിക്ക് സ്കോളർഷിപ് കിട്ടിയതോടെ അയർലൻഡ് എന്നു തീരുമാനിച്ചു.

രണ്ടായിരത്തിന്റെ തുടക്കത്തിൽ ‘യൂറോപ്പിലെ സിലിക്കൺ വാലി’ എന്ന് അയർലൻഡ് പേരെടുത്തു തുടങ്ങിയിരുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ടെക് ഭീമന്മാർ അയർലൻഡിനെ അവരുടെ യൂറോപ്പിലെ ഓഫിസ് തലസ്ഥാനമായി തിരഞ്ഞെടുത്ത സമയമായിരുന്നു. അയർലൻഡിന് ‘നൂറായിരം സ്വാഗതങ്ങളുടെ നാട്’ എന്നൊരു വിശേഷണം ഉണ്ട്. വംശത്തിനും ഭാഷയ്ക്കും സംസ്ക്കാരത്തിനും അതീതമായി ഏവരേയും ഒരുപോലെ സ്വീകരിക്കുന്ന അവരുടെ നല്ല മനസ്സിനെയാണത് ഇത‌് സൂചിപ്പിക്കുന്നത്.

ഇവിടെ പഠിച്ചവർക്ക് തുടർന്നു തങ്ങാനുള്ള വീസ സ്കീം, കോഴ്സിനു ശേഷം ആറു മാസത്തേക്ക് വർക് പെ ർമിറ്റ്, ആ ആറുമാസത്തിനകത്ത് സ്ഥിരജോലി നേടിയാൽ ഗ്രീൻ കാർഡിന് അപേക്ഷിക്കാനുള്ള അവസരം എന്നിവയെല്ലാം പോസിറ്റീവ് ഘടകങ്ങളായി.

വിദേശവിദ്യാഭ്യാസരംഗത്ത് പേരെടുത്ത കൺസൽറ്റന്റ്സിന്റെ സഹായത്തോടെയാണ് സ്റ്റുഡന്റ് വീസ പ്രോസസിങ്ങും മറ്റും സാധ്യമാക്കിയത്. അയർലൻഡിൽ പഠിക്കുന്ന കാലത്ത്, ജീവിതച്ചെലവുകൾ നടത്താൻ നമുക്ക് സാധിക്കും എന്നുറപ്പിക്കാൻ സാമ്പത്തിക ഭദ്രത തെളിയിക്കുകയായിരുന്നു വീസ അപേക്ഷാ സമയത്തു നേരിട്ട വലിയ വെല്ലുവിളി. മിക്ക വിദ്യാർഥികളെയും പോലെ ഞാനും വിദ്യാഭ്യാസ വായ്പയെ തന്നെയാണ് ആശ്രയിച്ചത്.

വീസ കിട്ടാൻ നൂലാമാലകൾ ഒത്തിരി ഉണ്ടെങ്കിലും വി ദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഞാൻ തീർച്ചയായും അയർലൻഡ് നിർദേശിക്കും. ഐടി, ഫിനാൻസ്, മെഡിക്കൽ വിഭാഗങ്ങളിൽ ദീർഘനാളത്തേക്കുള്ള ജോലി, മൈഗ്രേഷൻ, ഇംഗ്ലിഷ് ഭാഷ സംസാരിക്കുന്ന യൂറോപ്യൻ രാജ്യം ഇതൊക്കെ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയ്സ് തന്നെയാണ് അയർലൻഡ്. അതേസമയം മാനുഫാക്ചറിങ്, മെക്കാനിക്കൽ, ഓട്ടമൊബീൽ മേഖല ലക്ഷ്യമിടുന്നവർക്ക് അത്ര സാധ്യതയുള്ള സ്ഥലവുമല്ല.

എന്റെ നാട് കോതമംഗലമാണ്. ബാങ്ക് ഉദ്യോഗസ്ഥനായ അപ്പ ടി.എ. ജോർജും അമ്മ ഫിലോ ജോർജും സോഫ്റ്റ്‌വെയർ എൻജിനീയറായ അനുജൻ അനിലും നാട്ടിലുണ്ട്. മൂന്നു മക്കളാണെനിക്ക്. ഫ്രാൻജെസ്ക്കോ, ക്ലെയർ, ക്രിസ്റ്റബെൽ. ഒന്നിടവിട്ടുള്ള വർഷങ്ങളിലെങ്കിലും ഞാനും ഭാര്യ ഷിനിയയും മക്കളും നാട്ടിലെത്തും. ലോകത്ത് എവിടെ പോയാലും നമ്മുടെ നാടിനെ മറക്കാനാകില്ലല്ലോ.’