Saturday 28 May 2022 11:16 AM IST

‘അപേക്ഷിക്കാൻ ഫീസ് ഇല്ല, പഠനചെലവ് മറ്റു വിദേശ യൂണിവേഴ്സിറ്റികളെ അപേക്ഷിച്ച് കുറവും’: ആഷ്‍ലി പറയുന്നു

Rakhy Raz

Sub Editor

ashley-bonn-university ആഷ്‌ലി (ഇടത്ത്), സുഹൃത്തുക്കളായ ജെയ്ൻ, സുഹൈല

മികച്ച വിദ്യാഭ്യാസവും പെർമനന്റ് റസിഡൻസിയും ഉയർന്ന വരുമാനവും വേണമെങ്കിൽ വിദേശത്തു പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ കുട്ടികൾ. പക്ഷേ, സ്വപ്നം കാണുംപോലെ എളുപ്പമാണോ വിദേശത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ? വിവിധ രാജ്യങ്ങളിൽ പഠിച്ച് അവിടെ തന്നെ ജോലി നേടിയ മിടുക്കർ പറയുന്നു ‘അൽപം ആലോചിച്ച്, പഠിച്ചു വേണം തീരുമാനമെടുക്കാൻ.’

ലക്ഷ്യബോധം ഉണ്ടെങ്കിൽ–

ആഷ്‌ലി സെബാസ്റ്റ്യൻ

(ടെലികോം കൺസൽറ്റന്റ്, ബോൺ, ജർമനി)

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ബിഎസ്‍ സി ഫിസിക്സിനു പഠിക്കുമ്പോൾ തന്നെ വിദേശത്ത് എവിടെയെങ്കിലും മാസ്റ്റേഴ്സ് ചെയ്യണം എന്ന് മനസ്സ് നിശ്ചയിച്ചിരുന്നു. ആസ്ട്രോ ഫിസിക്സ് തന്നെ തിരഞ്ഞെടുത്തു.’’ ജർമനിയിൽ ഡോയിറ്റ്ഷെ ടെലികോമിൽ കൺസൽറ്റന്റായി ജോലി ചെയ്യുന്ന ആഷ്‌ലി സെബാസ്റ്റ്യൻ പഠനത്തിലും ജോലിയിലും വ്യക്തമായ ധാരണയോടെയാണ് മുന്നേറിയത്.

‘‘കൊച്ചിക്കാരാണെങ്കിലും അപ്പ സെബാസ്റ്റ്യൻ റാഫേലും അമ്മ മേരി സെബാസ്റ്റ്യനും സഹോദരൻ അനിലും ഡൽഹിയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. ഡൽഹി സെന്റ് സ്റ്റീഫൻസിലെ പഠനകാലത്ത് എന്റെ പ്രഫസർമാരാണ് ജർമനിയിലെ യൂണിവേഴ്സിറ്റികളെക്കുറിച്ചും അവിടുത്തെ ഫിസിക്സ് ഡിപാർട്മെന്റ്സിനെക്കുറിച്ചും പ റഞ്ഞു തന്നത്. സെന്റ് സ്റ്റീഫൻസും ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ബോണും തമ്മിൽ ടൈ–അപ് ഉണ്ടായിരുന്നു. സീനിയേഴ്സ്, ബോൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠിക്കുന്നുണ്ടായിരുന്നു. പഠനകാലത്തു തന്നെ ആ യൂണിവേഴ്സിറ്റിയെക്കുറിച്ച് ഞങ്ങൾ ബിരുദവിദ്യാർഥികൾക്ക് നല്ല അറിവ് ഉണ്ടായിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് ബോണിനെപറ്റി എന്റെ പ്രഫസേഴ്സ് പറ‍ഞ്ഞു തന്നെങ്കിലും അവസരങ്ങൾ നഷ്ടപ്പെപ്പെടരുത് എന്നു കരുതി ആസ്ട്രോ ഫിസിക്സ് എന്ന കോഴ്സ് ലഭ്യമാകുന്ന ലോകത്തെ മികച്ച യൂണിവേഴ്സിറ്റികൾ, അവയുടെ റാങ്കിങ്, അവർ തരുന്ന റിസർച് ഓപർച്യൂണിറ്റി എന്നിവയെക്കുറിച്ചെല്ലാം ഞാൻ ഓൺലൈൻ സെർച് ചെയ്തു മനസ്സിലാക്കി. വിഷയം പ്യൂർ സയൻസ് ആകുമ്പോൾ നമ്മുടെ താൽപര്യത്തിന് അനുസരിച്ചുള്ള റിസർച് ഫീൽഡ് എല്ലാ യൂണിവേഴ്സിറ്റികളിലും ഉണ്ടാകണം എന്നില്ല. അതുകൊണ്ട് റിസർച് കൂടി മുന്നിൽ കണ്ടാണ് ഞാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചത്. രണ്ടുമൂന്നു രാജ്യങ്ങളിൽ അ പ്ലൈ ചെയ്തിരുന്നു.

ജർമനിയാണ് ഫോക്കസ് ചെയ്തത്. കാരണം അവിടത്തെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ അപേക്ഷിക്കാൻ ഫീസ് ഇല്ല. പഠനചെലവും മറ്റു വിദേശ യൂണിവേഴ്സിറ്റികളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. എനിക്ക് വേണ്ട റിസർച്ചിന് അവസരം നൽകുന്ന യൂണിവേഴ്സിറ്റികളുടെ ഒരു ലിസ്റ്റ് തയാറാക്കി അപേക്ഷിച്ചു. ഒടുവിൽ ബോൺ യൂണിവേഴ്സിറ്റി തന്നെയെന്ന് തീരുമാനിച്ചു.

വീസയ്ക്ക് അപേക്ഷിക്കുന്നത് എളുപ്പമല്ല. എന്തുകൊണ്ട് ജർമനി, എന്തുകൊണ്ട് ഈ യൂണിവേഴ്സിറ്റി, പഠനം കഴിഞ്ഞ് ജർമനിയിൽ തുടരുമോ, തിരികെ പോരുമോ തുടങ്ങി പല ചോദ്യങ്ങൾക്കും ഉത്തരം നൽകണം. പോകുന്നതിന് പത്തു മാസം മുൻപാണ് ഞാൻ തയാറെടുപ്പ് തുടങ്ങിയത്. ക്ലാസ് തുടങ്ങുന്നതിന് ഒരു മാസം മുൻപ് ജർമനിയിലെത്തി. എനിക്കിവിടെ ബന്ധുക്കളുള്ളതുകൊണ്ട് കുറച്ചു നാൾ അവരുടെ കൂടെ നിന്നു. പിന്നീട് വീടു മാറി.

ഇവിടെ രാജ്യാന്തര വിദ്യാർഥികൾക്കായി സ്റ്റുഡന്റ്സ് അസോസിയേഷനുണ്ട്. നമ്മൾ താമസിക്കുന്ന സിറ്റിയിൽ റജിസ്റ്റർ ചെയ്യുക, ഹെൽത് ഇൻഷുറൻസ് എടുക്കുക, മ റ്റ് ഔദ്യോഗിക പേപ്പറുകൾ തയാറാക്കുക ഇതിനെല്ലാം അ വർ വളരെയധികം സഹായിക്കും.

പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും എനിക്ക് ജർമനിയിൽ ഉണ്ടായില്ല. ഏക പ്രയാസം ഇവിടെ കൂടുതൽ പേർക്കും ഇംഗ്ലിഷ് അറിയില്ല എന്നതാണ്. പുതിയ തലമുറയിലുള്ളവർ ഇംഗ്ലിഷ് സംസാരിക്കും. പക്ഷേ, പഴമക്കാർക്ക് മാതൃഭാഷയോടാണ് പ്രിയം. പഠന നിലവാരം ഉയർന്നതാകണം എന്ന ലക്ഷ്യമാണ് എന്നെ ജർമനിയിലേക്ക് നയിച്ചത്. നാട് എന്ന മിസ്സിങ് തീർച്ചയായും ഉണ്ട്. എന്നാൽ പഠനത്തിന് നാട്ടിലുള്ളതിനെക്കാൾ വൈവിധ്യമാർന്ന വിഷയങ്ങൾ ഉണ്ട് എന്നതാണ് ഗുണം.’’