Friday 15 July 2022 02:15 PM IST

‘മകൾക്ക് കല്യാണവസ്ത്രം തിരഞ്ഞുവന്ന കൂലിപ്പണിക്കാരനായ അച്ഛൻ! കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു’

Vijeesh Gopinath

Senior Sub Editor

ismath-new

ആലപ്പുഴ അരൂക്കുറ്റിയിലെ പനമ്പു ചുമരുകളുള്ള വീട്ടിലായിരുന്നു അഷ്റഫും മൈമൂനത്തും മൂന്നു മക്കളും താമസിച്ചിരുന്നത്. ‌മഴ പെയ്താൽ ചോർന്നൊലിച്ചു വിറച്ചു നിൽക്കുന്ന വീട്.

ഇളയ മകൾ ഇസ്മത്തിന് കുട്ടിക്കാലം തൊട്ടെ തയ്യലിനോടായിരുന്നു താൽപര്യം. വളർന്നപ്പോൾ ഫാഷൻ ഡിസൈനിങിന് പഠിക്കണമെന്നായി. വലിയ ഫീസ്. പക്ഷേ, കഷ്ടപ്പെട്ട് പണം കണ്ടെത്തി ഇസ്മത്തിനെ പഠിപ്പിച്ചു. പഠനം കഴിഞ്ഞതോടെ കല്യാണമായി. വിവാഹ വസ്ത്രത്തിനൊക്കെ നുള്ളിപ്പെറുക്കിയെടുത്ത പൈസയേയുള്ളൂ.

വീട്ടിൽ നിന്നിറങ്ങുമ്പോഴേ അഷ്റഫും മൈമൂനത്തും ഇസ്മത്തിനോടു പറഞ്ഞു,‘കടയിൽ പോയി വാശി പിടിക്കരുത്. ഏറിയാൽ അയ്യായിരം രൂപയുടെ വസ്ത്രമെടുക്കാം. അതുതന്നെ താങ്ങാനാവില്ല.’ ഇസ്മത്തിനു മുന്നിൽ മഴവിൽ നിറങ്ങളിലുള്ള വിവാഹ വസ്ത്രങ്ങൾ പറന്നു വീണു. എല്ലാം വലിയ വിലയിലുള്ളത്. ഇഷ്ടപ്പെട്ടില്ലെങ്കിലും 5000 രൂപയ്ക്ക് ഒരു ലഹങ്ക എടുത്തു.

‘‘ ഇഷ്ടമായില്ലെന്ന് ഇപ്പോൾ പറയുന്നത് ശരിയല്ല. അ തുപോലും ഇല്ലാത്ത‌ എത്രയോ പെൺകുട്ടികളുണ്ടെന്ന് ഇ ന്നെനിക്ക് അറിയാം.’’ ഇസ്മത്ത് പറ‍ഞ്ഞു തുടങ്ങി.

‘‘മൂന്നുവർഷം മുമ്പ് അരൂക്കുറ്റിക്ക് അടുത്ത് ഇസാറ എന്ന കുഞ്ഞു ബുട്ടീക് തുടങ്ങി. കുറച്ച് ചുരിദാർടോപ്പുകളും വീട്ടില്‍ ഇടുന്ന വസ്ത്രങ്ങളും വച്ചു. ഇടയ്ക്ക് ഷെൽഫിലെ വിവാഹ വസ്ത്രം കാണുമ്പോൾ വിഷമം തോന്നും. വെറുതേ കിടന്നു നിറം മങ്ങി പോവുന്നു. പാവപ്പെട്ട ആർക്കെങ്കിലും അത് കൊടുത്താലോ എന്ന് ആലോചിക്കും.

ഉപയോഗിച്ച വിവാഹ വസ്ത്രങ്ങൾ ശേഖരിച്ച് പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുന്ന കണ്ണൂരിലെ സബിത എന്ന ഇത്തയെക്കുറിച്ച് കേട്ടു. എന്റെ വിവാഹ വസ്ത്രം നൽകാൻ തീരുമാനിച്ചു. ഭർത്താവ് റിൻഷാദിക്ക ആദ്യം എതിർത്തെങ്കിലും പിന്നെ സമ്മതിച്ചു.

എനിക്കും ഇതു പോലെ ചെയ്യണമെന്നു തോന്നി. സബിത ഇത്ത കുറച്ചു വിവാഹ വസ്ത്രങ്ങൾ തന്നു. കടയിലെ ഒരു അലമാര ഇതിനു വേണ്ടി മാറ്റി വച്ചു. വാട്ട്സാപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബന്ധപ്പെട്ട് നൂറിലേറെ പേർക്ക് വസ്ത്രങ്ങൾ കൊടുത്തിട്ടുണ്ട്. അൻപതിനായിരം രൂപയുടെ വരെ വസ്ത്രങ്ങൾ കിട്ടി. ’’

ആ മുഖങ്ങളിലെ ആനന്ദം

കോവിഡ് സമയത്ത് കടയ്ക്ക് വാടക കൊടുക്കാനുള്ള പണം പോലും ഇസ്മത്തിനില്ലായിരുന്നു. എന്നിട്ടും ഈ സേവനം എന്തിനു തുടരുന്നു? ഉത്തരം ഇതാണ്;

‘‘ഈ കടയുള്ളതു കൊണ്ടാണ് സഹായിക്കാനാകുന്നത്. എത്ര ദാരിദ്ര്യത്തിലാണെങ്കിലും വിവാഹത്തിന് നല്ല ഉടുപ്പിടണം എന്നാഗ്രഹിക്കുന്നവരാണ് എല്ലാ പെൺകുട്ടികളും. അതു സാധിച്ചു കൊടുക്കാത്ത അച്ഛനമ്മമാരുടെ നീറ്റൽ എനിക്കറിയാം. ഈ ഷെൽഫിൽ നിന്നുള്ള വസ്ത്രമിട്ട് കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ അവരുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറയും, അതാണ് വലിയ ആനന്ദം.

വിവാഹ വസ്ത്രം തരാൻ ഒരുപാടു പേര്‍ ഇപ്പോൾ തയാറാകുന്നു. പലരും കൊറിയർ ചെയ്യും. ചിലപ്പോൾ നേരിട്ടു പോയി സ്വീകരിക്കും. കേരളത്തിൽ ഇതുപോലെ സേവനം ചെയ്യുന്ന കുറച്ചു പേരുണ്ട്. അവരെല്ലാം ചേർന്ന് ‘റെയിൻബോ ഫ്രീ ബ്രൈഡൽ ബുട്ടീക് ’എന്ന കൂട്ടായ്മ തുടങ്ങി. വാട്സാപ്പിലൂടെ പ്രവർത്തനങ്ങൾ‌ ഒരുമിപ്പിക്കുന്നു.

വലിയ മനസ്സുള്ളവർ

ഒരിക്കൽ എന്റെ ഉപ്പയെ പോലെ കൂലിപ്പണിയെടുക്കുന്ന ഒരു അച്ഛനും മകളും വന്നു. ഇഷ്ടമുള്ള വസ്ത്രം കിട്ടിയപ്പോൾ അദ്ദേഹം കൈകൾ കൂപ്പി, കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എനിക്കും സങ്കടം വന്നു. ഞാൻ വെറും ഇടനിലക്കാരി മാത്രമാണ്. പ്രിയപ്പെട്ട വസ്ത്രങ്ങൾ സൗജന്യമായി തരുന്നവരാണ് യഥാർഥത്തിൽ വലിയ മനസ്സുള്ളവർ. അവരെയാണ് പ്രാർഥനയിൽ ഒാർക്കേണ്ടത്.

പക്ഷേ, മറ്റു ചിലരുമുണ്ട്. വീട്ടിലെ പഴയ വസ്ത്രങ്ങൾ ഉപേക്ഷിക്കാനുള്ള വഴിയായി ഇതിനെ കാണുന്നവർ. അ തുകൊണ്ടു തന്നെ അഞ്ചു വർഷത്തിൽ കൂടുതല്‍ പഴക്കമുള്ള വസ്ത്രങ്ങൾ ഇപ്പോൾ സ്വീകരിക്കാറില്ല.

കയ്യിൽ ഒരുപാടു പണമുണ്ടായിട്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് പലരും കരുതുന്നത്. ഭർത്താവ് ഒാട്ടോ ഡ്രൈവറാണ്. രണ്ട് മക്കളാണുള്ളത്. ബാപ്പ ഇപ്പോൾ ഒരു ചായക്കട നടത്തുന്നു. ഈ കടയുടെ വാടകയായ 2200 രൂപയടയ്ക്കാൻ പോലും പലപ്പോഴും ഞാൻ നന്നായി കഷ്ടപ്പെടാറുണ്ട്.

പലരും പണമായി സഹായം ചെയ്യാമെന്നു പറയുന്നുണ്ട്. പക്ഷേ, അതു വേണ്ട. പണത്തിനപ്പുറം മനുഷ്യരുടെ മനസ്സു നിറയുന്ന ചില മുഹൂർത്തങ്ങളുണ്ട്. പ്രാർഥനകളുണ്ട്. അതിലാണ് ഞാന്‍ വിശ്വസിക്കുന്നത്.