Friday 17 March 2023 12:42 PM IST

കേരളത്തിലെ ആദ്യത്തെ വനിത പൊലീസ് ആരാണെന്നറിയാമോ, എന്തായിരുന്നു അവരുടെ യൂണിഫോം?: വനിതകൾ രചിക്കുന്നു ചരിത്രം

Roopa Thayabji

Sub Editor

women-police

ഈ രംഗം ഒന്നു മനസ്സിൽ സങ്കൽപിച്ചു നോക്കൂ. സംഭവം നടക്കുന്നത് അങ്ങു തലസ്ഥാനത്താണ്. നഗരസഭാ മേയറുടെ കത്തുവിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. എന്നും സമരവും അക്രമവും ബഹളവുമായി സംഘർഷഭരിതമാണു രംഗങ്ങൾ.

ജലപീരങ്കി ചീറ്റുന്ന, ബാരിക്കേഡുകൾ നിരന്ന സമരമുഖത്താണു നമ്മളിപ്പോൾ. മുദ്രാവാക്യം വിളിച്ചും കല്ലേറു ന ടത്തിയും പാഞ്ഞടുക്കുന്ന സമരക്കാർ. ബാരിക്കേഡ് ചാടിക്കടന്ന്, ബലാബലം മുന്നേറുന്ന ജനക്കൂട്ടം. അവരെ നേരിടാനുറച്ചു, തീ പാറുന്ന പോരാട്ടമുഖത്തേക്കു വന്നിറങ്ങുന്ന കാക്കിക്കാർ.

ലാത്തി കൊണ്ടും ഷീൽഡു കൊണ്ടും നേരിടുന്ന പൊലീസുകാരെ വകഞ്ഞുമാറ്റി മുന്നിലേക്കു കയറാൻ ശ്രമിക്കുന്ന സമരക്കൂട്ടം. അവർക്കിടയിലൂടെ രണ്ടു സ്ത്രീകൾ മുന്നോട്ടു നീങ്ങുന്നു. അവരെ തടയാനായി ചാടിയെത്തുന്ന എസ്ഐ. രണ്ടുപേരെയും കഴുത്തിനു പിടിച്ചു, പിന്നിലേക്കു തള്ളി ‘സീൻ’ ക്ലിയറാക്കി ആ പൊലീസുകാരി തിരികെ പോകുന്നു. രണ്ടു സ്ത്രീകളെ ഒറ്റയ്ക്കു നേരിടുന്ന വനിത എസ്ഐയുടെ ഫോട്ടോ പിറ്റേദിവസം പത്രങ്ങളുടെ ഒന്നാം പേജിൽ ഇടം പിടിച്ചു. കാക്കി കുപ്പായവും ലാത്തിയും തൊപ്പിയും കണ്ടാൽ അതിനൊപ്പം മീശ പിരിക്കുന്ന ആൺമുഖം മനസ്സിൽ തെളിയുന്ന കാലം മാറി. കേസന്വേഷണത്തിലും സമരമുഖത്തും പൊലീസ് വനിതകൾ നിറയുമ്പോൾ, ചുമലിൽ നക്ഷത്രമുദിക്കുന്ന കഥകളേറെയുണ്ട് ഇവർക്കു പറയാൻ.

പാസിങ് ഔട്ട് ഫസ്റ്റ് ബാച്ച്

പൊലീസ് സേനയിൽ എസ്ഐ ആയി വനിതകളെ നേരിട്ടു നിയമിക്കുന്ന രീതി ഇല്ലായിരുന്നു, കോൺസ്റ്റബിളായും മറ്റും സേനയിലെത്തിയവർ ഉദ്യോഗക്കയറ്റം നേടിയാണ് എസ്ഐ ആകുന്നത്. എന്നാൽ നാലു വർഷം മുൻപ് എസ്ഐ ആയി ജോലിക്ക് അപേക്ഷിക്കുന്നതിനു സ്ത്രീകൾക്കും അവസരം നൽകി ഉത്തരവിറങ്ങി. അങ്ങനെ 2019 ൽ, വനിതകൾ കൂടി ഉൾപ്പെട്ട എസ്ഐമാരുടെ ആദ്യബാച്ച് പരിശീലനം പൂർത്തിയാക്കിയിറങ്ങി. 121 എസ്ഐമാരിൽ 37 വനിതകളാണ് ഉൾപ്പെട്ടത്.

ആദ്യബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ, ഇപ്പോ ൾ കൊല്ലം, ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയ ആശ വി. രേഖ പറയുന്നതു കേൾക്കാം. ‘‘പൊലീസ് സേനയുടെ ചരിത്രത്തിൽ ആദ്യമായാണു വനിത എസ് ഐമാരെ നേരിട്ടു നിയമിച്ചത്. 2018ൽ ട്രെയ്നിങ് അക്കാദമിയിൽ ജോയിൻ ചെയ്യുന്നതു വരെ എക്സൈസ് വകുപ്പിലെ വനിത ഓഫിസർ തസ്തികയിലായിരുന്നു ഞാൻ. എസ്ഐ ട്രെയ്നിങ് കാലത്തു പുരുഷന്മാർക്കൊപ്പം തന്നെയാണു പരിശീലനം. അതിൽ സ്ത്രീയെന്ന പരിഗണന ഇല്ലേയില്ല. തീവ്രവാദം നേരിടുന്നതിനുള്ള പ്രത്യേക കമാൻഡോ ട്രെയ്നിങ് അടക്കം നേടിയ ശേഷമാണു ബാച്ച് പാസ് ഔട്ട് ആയത്. ഡ്യൂട്ടിയിലും ആൺപെൺ വേർതിരിവില്ലെന്നതാണു സേനയുടെ ഗുണമെന്നു പറഞ്ഞ് ആശ വി. രേഖ വയർലെസ് നിർദേശങ്ങൾക്കു കാതോർത്തു.

police-woman-2

പൊലീസ് അക്കാദമിയിൽ നിന്ന് ‘അടിയും തടയും’ മാത്രമല്ല, ഡ്രൈവിങ്ങും പരിശീലിപ്പിക്കുന്നുണ്ട് ഇപ്പോൾ. സേനയിൽ കഴിയുന്നത്ര വനിതകൾ ബുള്ളറ്റ് ഓടിക്കാൻ പഠിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം കേട്ടപാടേ ബുള്ളറ്റ് ടീമുണ്ടാക്കിയവരാണു തൃശൂരിലെ പൊലീസ്. സിറ്റി പൊലീസ് കമ്മിഷനറായ ആർ. ആദിത്യയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ ആദ്യ ടീം രൂപീകരിച്ചപ്പോൾ ബുള്ളറ്റ് ഓടിച്ചു തുടങ്ങിയ സീനിയർ സിവിൽ പൊലീസ് ഓഫിസറായ അപർണ ലവകുമാറിന് ആവേശം ടോപ് ഗിയറിലാണ്.

‘‘കോവിഡ് സമയത്തു ക്വാറന്റീനിലുള്ളവരെ സഹായിക്കാൻ വേണ്ടിയാണു ബുള്ളറ്റ് ഓടിത്തുടങ്ങിയത്. രോഗത്തോടുള്ള പേടി മാറ്റുക എന്നതിനൊപ്പം തൃശൂർ ടൗണിന്റെ മുക്കിലും മൂലയിലും ചെന്നെത്താനുള്ള എളുപ്പവഴിയുമായിരുന്നു അത്. രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിക്കാൻ മുതൽ വായിക്കാൻ പുസ്തകങ്ങൾ എത്തിക്കാൻ വരെ ബുള്ളറ്റ് ടീം മുൻകയ്യെടുത്തു.

പൊലീസ് അക്കാദമിയിൽ പരിശീലനത്തിന്റെ ഭാഗമായി ടൂവീലറും ഫോർവീലറും പഠിപ്പിച്ചു ലൈസൻസ് എടുപ്പിക്കും. പക്ഷേ, അതിൽ ബുള്ളറ്റ് പെടില്ല. കുറച്ചുകൂടി ഭാരമുള്ള, അങ്ങനെ മെരുങ്ങാത്ത ബുള്ളറ്റിനെ കൈകാര്യം ചെയ്യാൻ തക്ക സ്കില്ലുള്ളവരെ തിരഞ്ഞെടുത്താണു സ്പെഷൽ ടീമുണ്ടാക്കിയത്. കോവിഡിനു ശേഷം പല സ്റ്റേഷനുകളിലായി അംഗങ്ങൾ ചിതറിപ്പോയെങ്കിലും വിശേഷാ വസരങ്ങളിൽ അതേ ആവേശത്തോടെ ബുള്ളറ്റ് ടീം ഒന്നിക്കാറുണ്ട്. ഇക്കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം ജില്ലാതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ മന്ത്രി കെ. രാധാകൃഷ്ണനെ തൃശൂർ രാമനിലയത്തിൽ നിന്നു സ്റ്റേഡിയം വരെ പൈലറ്റ് ചെയ്തുകൊണ്ടു വന്നതു വനിതാ ബുള്ളറ്റ് ടീമാണ്.

വൈകിട്ടു സ്കൂളുകളുടെയും കോളജുകളുടെയും മുന്നിൽ പട്രോളിങ്ങിനും ബുള്ളറ്റ് പൊലീസെത്തും. ബുള്ളറ്റിലായതു കൊണ്ട് ‘കടകട’ ശബ്ദം കേൾക്കുമ്പോഴേ പൂവാലന്മാരൊക്കെ ‘വാലുചുരുട്ടു’മത്രേ.

വനിതയെന്നാൽ ‘വനിത’യല്ല

കേരള പൊലീസിൽ നിന്നു ‘വനിത പൊലീസി’നെ ഒഴിവാക്കിയിട്ട് രണ്ടു വർഷമാകുന്നു. ഞെട്ടേണ്ട, ഔദ്യോഗിക സ്ഥാനങ്ങൾക്കു മുന്നിൽ‌ വനിതയെന്നു ചേർത്ത് അഭിസംബോധന ചെയ്യുന്ന രീതിയാണു രണ്ടുവർഷം മുൻപ് അവസാനിപ്പിച്ചത്. പൊലീസ് സേനയിലെ ലിംഗവിവേചനം അ വസാനിപ്പിക്കുന്നതിന്റെ ഭാഗമായാണു ഡിജിപി ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പക്ഷേ, പലർക്കും അവരിപ്പോഴും വനിത പൊലീസ് തന്നെയാണ്. വനിത പൊലീസിനെ അങ്ങനെ വിളിക്കാൻ പാടില്ലെങ്കിലും വനിത പൊലീസ് സ്റ്റേഷനെ അങ്ങനെ വിളിക്കാതിരിക്കാനാകില്ല. പ്രത്യേകിച്ചും ഇന്ത്യയിലെ തന്നെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ നമ്മുടെ സ്വന്തം കോഴിക്കോടുള്ളപ്പോൾ.

police-woman-3 തൃശൂരിലെ ബുള്ളറ്റ് ടീം കോവിഡ്കാല പട്രോളിങ്ങിനു പുറപ്പെടാന്‍ ഒരുങ്ങുന്നു (ഫയൽ ചിത്രം)

രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ഏകവനിതയായ ഇന്ദിരാ ഗാന്ധിയാണ്, 1973 ഒക്ടോബർ 27ന്. സ്റ്റേഷനിലെ സന്ദർശക റജിസ്റ്ററിൽ പതിഞ്ഞ ആദ്യ ഒപ്പും ഇന്ദിരാ ഗാന്ധിയുടേതു തന്നെ.

ഇവിടെ പൊലീസുകാർ മാത്രമല്ല, വാദികളും സ്ത്രീകളാണ്. അതായതു സ്ത്രീകളോ കുട്ടികളോ പരാതിക്കാരായ കേസുകൾ മാത്രമാണ് ഈ സ്റ്റേഷനിൽ പരിഗണിക്കുന്നത്.

ആദ്യകാലത്തു സ്ത്രീകൾ തന്നെ പ്രതിസ്ഥാനത്തു വരുന്ന കേസുകളാണു പരിഗണിച്ചിരുന്നതെങ്കിൽ ഇപ്പോൾ അ തു മാറിയെന്ന് സ്റ്റേഷൻ ഇൻ ചാർജും എസ്ഐയുമായ വി. സീത പറയുന്നു. ‘‘ഒരു എസ്ഐയും ആറ് എഎസ്ഐമാരുമുൾപ്പെടെ 30 പൊലീസുകാരുണ്ട് ഇവിടെ. പിങ്ക് പൊലീസിന്റെ മൂന്നു വണ്ടികളും ഹെൽപ് ലൈനും സദാ സജീവം. സ്ത്രീകൾ പരാതിക്കാരായ എല്ലാത്തരം കേസുകളും പരിഗണിക്കണമെന്ന് ഒരു വർഷം മുൻപ് പുതിയ ഉത്തരവു വ ന്നു. ഗാർഹിക പീഡനം മുതൽ അടിപിടി കേസു വരെ ഇ പ്പോൾ മുന്നിലെത്തുന്നു.

പ്രതികൾ പുരുഷന്മാരാണെന്നു കരുതി വനിത പൊലീസുകാരുടെ ഇടപെടലിൽ മയമൊന്നും ഉണ്ടാകില്ലെന്നു എസ്ഐ സീത പറയുമ്പോൾ അതു തലകുലുക്കി സമ്മതിക്കുകയാണു കൂടെയുള്ളവർ. ജില്ലയിലെ സ്ത്രീകളുടെ പ്രധാന ആശ്രയമായ ഈ വനിത പൊലീസ് സ്റ്റേഷന് ഇക്കൊല്ലം 50 വയസ്സു പൂർത്തിയാകും.

90 വർഷത്തെ ചരിത്രം

കേരളത്തിലെ ആദ്യത്തെ വനിത പൊലീസ് ആരാണെന്നറിയാമോ ? എന്തായിരുന്നു അവരുടെ യൂണിഫോം ? അങ്ങനെ അന്വേഷിച്ചു ചെന്നാൽ ഒൻപതു പതിറ്റാണ്ടു നീളുന്ന കഥകളുണ്ട് കേരളാ വനിത പൊലീസിനു പറയാൻ. 1930കളിൽ, തിരുവിതാംകൂർ പൊലീസിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഒ.എം. ബെൻസ്‌ലിയുടെ കാലത്താണ് ആദ്യമായി സേനയിൽ വനിത പൊലീസുകാരെ നിയോഗിച്ചത്.

അന്നു വനിതകൾക്കു വിവാഹം പാടില്ല എന്ന കർശന വ്യവസ്ഥ ഉണ്ടായിരുന്നു. 1962ൽ മന്ത്രിയായ കെ. ആർ ഗൗരിയമ്മയാണു വനിത പൊലീസുകാർക്കു വിവാഹിതരാകാമെന്ന നിയമഭേദഗതി കൊണ്ടുവന്നത്.

police-woman-1

തിരുവിതാംകൂർ പൊലീസിൽ നിയമനം ലഭിച്ച കുഴിത്തുറ സ്വദേശിനി കമലമ്മയാണു ആദ്യ വനിതാ പൊലീസ് എന്നാണു രേഖകൾ പറയുന്നത്. കോട്ടയം കങ്ങഴ സ്വദേശിനി എം. പത്മിനിയമ്മയാണ് ആദ്യ വനിതാ എസ്ഐ. ആദ്യവനിതാ പൊലീസിനു പുരുഷന്മാരെപ്പോലെ ട്രൗസറും ഷർട്ടുമായിരുന്നു യൂണിഫോം. പിന്നെയതു പച്ച ബ്ലൗസും പച്ചക്കര സാരിയുമായി. പിടിയിലാകുന്ന പെൺപ്രതികളടക്കം രക്ഷപ്പെടാനായി വനിതാ പൊലീസിന്റെ ‘സാരി വലിച്ചഴിക്കു’ന്നതു പതിവാക്കിയതോടെ യൂണിഫോം വീണ്ടും മാറി.
കാക്കി പാന്റ്, ഇൻ ചെയ്യാത്ത ഷർട് എന്ന മട്ടിലായിരുന്നു ആ മാറ്റം. ഷർട്ടിനു മുകളിൽ ബെൽറ്റുമുണ്ട്. അതിനു ശേഷമാണു പുരുഷന്മാരുടേതു പോലെ ഇൻ ചെയ്ത ഷർട്ടും കാക്കി പാന്റ്സും ബെൽറ്റുമടങ്ങുന്ന യൂണിഫോം വന്നത്.

സ്റ്റേഷൻ മുതൽ സന്നിധാനം വരെ

വനിതകൾക്കു സ്റ്റേഷൻ ഹൗസ് ഓഫിസർ പദവി നൽകാൻ തീരുമാനം വന്ന സമയത്ത് എല്ലാ ജില്ലകളിലും സിഐ റാങ്കിലുള്ള വനിതകളെയാണ് എസ്എച്ച്ഓ ആക്കിയത്. അന്ന് ഇടുക്കി, കുളമാവ് സ്റ്റേഷൻ ഹൗസ് ഓഫിസറായി ചുമതലയേറ്റെടുത്തത് എസ്ഐ ആയിരുന്ന ജയശ്രീയാണ്. 2020ൽ ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചോഴും എസ് എച്ച്‌ഒ ആയത് ജയശ്രീ തന്നെ. പദവിയെക്കാൻ അനുഭവ പരിചയത്തിനു വില കിട്ടിയപ്പോൾ ജയശ്രീക്കു മറ്റൊരു മറക്കാനാകാത്ത അനുഭവവുമുണ്ടായി. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചപ്പോൾ സന്നിധാനത്തു തുടർച്ചയായി 23 ദിവസം ഡ്യൂട്ടി ചെയ്തു.

കട്ടപ്പനയിലെ വീട്ടിലിരുന്ന് ഇക്കാര്യങ്ങൾ ഓർക്കുമ്പോൾ 2022 മേയിൽ സേനയിൽ നിന്നു റിട്ടയർ ചെയ്തെന്ന കാര്യം ജയശ്രീ മറക്കും. ‘‘സഹോദരന്മാർ പൊലീസിലായതു കൊണ്ടാണ് ഈ ജോലിയോട് ഇഷ്ടം തോന്നിയത്. വനിത പൊലീസ് കോൺസ്റ്റബിൾമാരെ നിയമിക്കാനായി പിഎസ്‌സി ആദ്യമായി ഉത്തരവിറക്കിയപ്പോൾ ഞാനും അപേക്ഷിച്ചു. അങ്ങനെ 1991ൽ ആദ്യ ബാച്ചിൽ തന്നെ നിയമനം കിട്ടി.

31 വർഷത്തെ സർവീസിനിടെ മറക്കാനാകാത്ത നിരവധി അനുഭവങ്ങളുണ്ട്. അതിലൊന്നാണ് എസ്എച്ച്ഒ ആയി നിയമനം കിട്ടിയത്. മൂന്നു വർഷം കുളമാവ്, വാഗമൺ സ്റ്റേഷനുകളുടെ ചുമതല വഹിച്ചു. വനിത എന്ന വേർതിരിവില്ലാതെ സേനയ്ക്കു വേണ്ടി ജോലി ചെയ്യാനായതിൽ അഭിമാനമുണ്ട്.

ശബരിമല പ്രശ്നം കത്തിനിൽക്കുന്ന സമയം. സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചു വിധി വന്നതോടെ കേരളമാകെ സംഘർഷം കത്തിപ്പടർന്നു. മുൻപൊക്കെ ശബരിമല സീസണിൽ പമ്പയിൽ മാത്രമാണു വനിത പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. അക്കൊല്ലം സന്നിധാനത്തും ഡ്യൂട്ടിയിട്ടു. ആചാരങ്ങൾ മാനിച്ച് 50 വയസ്സു കഴിഞ്ഞവരെ തിരഞ്ഞെടുത്തപ്പോൾ എനിക്കു നറുക്കുവീണു. ഡ്യൂട്ടി ചെയ്ത 23 ദിവസവും അയ്യപ്പസ്വാമിയെ തൊഴുതു.

പോക്സോ കേസുകളിൽ ഇരകളുടെ മൊഴിയെടുക്കുന്നതു വനിത എഎസ്ഐമാരാണ്. 2012 മുതൽ ഒരുപാടു കേസുകളിൽ മൊഴിയെടുത്തിട്ടുണ്ട്. തീരെ ചെറിയ കുഞ്ഞുങ്ങളെ വരെ പലതരത്തിൽ ഉപദ്രവിച്ച അനുഭവങ്ങൾ കേൾക്കുമ്പോൾ മനസ്സു കലങ്ങും. അതിനേക്കാൾ നോവുന്നത് ഇരകളുടെ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തുന്നതു കാണുമ്പോഴാണ്. പ്രതികളും കൂട്ടരും സമൂഹത്തിൽ മാന്യരായി നടക്കുമ്പോൾ ഇരകളെയും ഒപ്പം നിൽക്കുന്നവരെയും കുറ്റക്കാരെന്ന മട്ടിൽ ഒറ്റപ്പെടുത്തും. പലരും കോടതിയിൽ മൊഴി മാറ്റുന്നതൊക്കെ ഇതു പേടിച്ചിട്ടാണ്.’’ ജയശ്രീ പറയുന്നു.

അമ്മ മനസ്സ്, തങ്കമനസ്സ്

ഇക്കഴിഞ്ഞ നാളുകളിൽ കോഴിക്കോടു നിന്നു തന്നെയാണു മറ്റൊരു നല്ല വാർത്ത വന്നത്. കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ചതു വനിത പൊലീസ് ഓഫിസർ.

ചേവായൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ എം.ആർ. രമ്യ പ്രസവാവധി കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചിട്ട് അധികനാൾ ആയിരുന്നില്ല. ചേവായൂരിൽ നിന്നു കാണാതായ കുഞ്ഞിനെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നു പൊലീസ് ടീം കണ്ടെത്തുമ്പോൾ മണിക്കൂറുകൾ പിന്നിട്ടിരുന്നു. അപ്പോഴേക്കും ഷുഗർ ലെവൽ വളരെ താഴ്‍ന്ന് അവശനിലയിലായിരുന്നു കുഞ്ഞ്. മുലയൂട്ടുന്ന അമ്മയാണെന്നു പറഞ്ഞു സ്വമേധയാ മുന്നോട്ടുചെന്ന രമ്യ, മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങിയ ശേഷമാണ് അവനെ പാലൂട്ടിയത്. രമ്യയുടെ നല്ല മനസ്സിനു നന്ദി. സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവരുടെ അഭിനന്ദന സന്ദേശങ്ങൾ രമ്യയെ തേടി ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു.

കണ്ണിൽ നനവു പൊടിയുന്ന അനുഭവം മാത്രമല്ല കൈക്കരുത്തു തെളിയിച്ചവയും ഇക്കൂട്ടത്തിലുണ്ട്. മേയർക്കെതിരേ നടത്തിയ സമരത്തിനിടെ തള്ളിക്കയറാൻ ശ്രമിച്ച രണ്ടു വനിതകളെ ഒറ്റയ്ക്കു നേരിടുന്ന പൊലീസുകാരിയെ കുറിച്ച് ആദ്യം പറഞ്ഞില്ലേ. തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷനിൽ എസ്ഐയായ ആശ ചന്ദ്രന് ആ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും ത്രില്ലാണ്. ‘‘പൊലീസ് സേനയോടു പണ്ടേ ആരാധന നിറഞ്ഞ ഇഷ്ടമുണ്ട്. സിവിൽ എക്സൈസ് ഓഫിസറായി രണ്ടുവർഷം ജോലി ചെയ്ത ശേഷമാണ് 2019ലെ ബാച്ചിൽ എസ്ഐ ആയി നിയമനം നേടിയത്. കഴക്കൂട്ടത്തും കൊട്ടാരക്കരയിലും ആദ്യം ജോലി ചെയ്തു, പിന്നെ തിരുവനന്തപുരത്തെത്തി. മേയർക്കെതിരായ സമരം തുടങ്ങിയതു മുതൽ സമരക്കാരെ നേരിടുന്നതാണു പ്രധാന ജോലി.

ബാരിക്കേഡ് കടന്നു രണ്ടുപേർ വന്നപ്പോൾ മറ്റൊന്നുമാലോചിക്കാതെ ഡ്യൂട്ടിയിൽ മാത്രം മുഴുകിയ നിമിഷമാണത്. പത്രത്തിൽ ചിത്രവും വാർത്തയും വന്നതോടെ ഒരുപാടു പേർ തിരിച്ചറിയാൻ തുടങ്ങി. ജനങ്ങൾ പൊലീസിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതു കേൾക്കുമ്പോൾ കാക്കി യൂണിഫോമിനോടുള്ള ഇഷ്ടം ഇരട്ടിയായി’’ ആശ ചന്ദ്രൻ പറയുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയും

സിനിമ കണ്ടവരാരും തൊണ്ടിമുതൽ ‘പുറത്തു’വരുന്നതും കാത്ത് ഫഹദ് ഫാസിലിനു കാവലിരുന്ന പൊലീസുകാരെ മറന്നിട്ടുണ്ടാകില്ല. അങ്ങനെയൊരു ‘തൊണ്ടിമുതലി’നു കാവലിരുന്ന കഥയാണ് ഇടുക്കി തൊടുപുഴ മുട്ടം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയായ മഞ്ജു തങ്കപ്പനും കൂട്ടുകാരും പറഞ്ഞത്. ‘‘തൊടുപുഴ സ്വദേശി ഉൾപ്പെട്ട പണമിടപാടു കേസാണ് സംഭവം. പണം തിരികെ കൊടുക്കാത്തതിനു പകരം വീട്ടാനായി മൂന്നു പേർഷ്യൻ പൂച്ചകളെ തട്ടിയെടുത്തു രണ്ടാമൻ മുങ്ങി.

പരാതി കിട്ടിയ പിന്നാലെ തന്നെ പൊലീസ് പൂച്ചകളെ കണ്ടെത്തി. തൊണ്ടിമുതലായതിനാൽ അവയെ നേരേ സ്റ്റേഷനിലെത്തിച്ചു, രണ്ടെണ്ണം കൂട്ടിലും ഒന്നു കാർഡ് ബോർഡ് പെട്ടിയിലും സ്റ്റേഷൻ വരാന്തയിലിരുന്നു.

ഉടമയിൽ നിന്നു കടത്തി കൊണ്ടുപോയ പൂച്ചകൾക്ക് പരുക്കൊന്നുമില്ലെന്ന് ഉറപ്പാക്കാക്കേണ്ടതു പൊലീസിന്റെ കടമയാണ്. അതുകൊണ്ടു ഡോക്ടറെ വരുത്തി പരിശോധിപ്പിച്ചു. വിദേശ ഇനമായതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം ക്യാറ്റ് ഫീഡ് വാങ്ങി കൊടുത്തു സ്റ്റേഷനിൽ തന്നെ പരിചരിച്ചു.

ഉടമ നേരിട്ടെത്തി, നടപടി ക്രമങ്ങൾ പൂർത്തിയാക്കി പൂച്ചകളെ കൈപ്പറ്റുന്നതു വരെ പെട്ടിയിലുള്ള പൂച്ച ചാടിപ്പോകാതെ നോക്കുന്നതടക്കം സ്റ്റേഷനികെ പൂച്ചമയമായിരുന്നെന്നു പറഞ്ഞ് ഇവർ ചിരിക്കുന്നു.

ആ ചിരിയിൽ വിരിയുന്നത് ജോലിയിലെ ടെൻഷൻ മാത്രമല്ല, കരുതലിന്റെ സ്നേഹം കൂടിയാണ്.

രൂപാ ദയാബ്ജി