ഒറ്റത്താളിൽ 153 രാജ്യങ്ങൾ കൊടിയും പിടിച്ചങ്ങനെ നിൽക്കുകയാണ്. ഒന്നായി നിൽക്കുമ്പോൾ പനിനീർ പൂന്തോട്ടം പോലെ. ഇങ്ങനെ ഒരു ചിത്രം വരച്ചത് തൃശ്ശൂർകാരി ആയ രേഷ്മ രാജേഷ് എന്ന കൊച്ചു മിടുക്കിയാണ്. ഈ ചിത്രത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കിയിരിക്കയാണ് ഈ പതിനാറുകാരി. സിംഗിൾ എ ത്രീ ഷീറ്റിൽ 40 മിനുട്ട് 17 സെക്കന്റ് കൊണ്ട് 153 രാജ്യങ്ങളുടെ ഔട്ട് ലൈൻ മാപ്പും അവയുടെ പതാകകളും വരച്ചും പതാകകൾക്ക് നിറം പകർന്നും ആണ് രേഷ്മ റെക്കോർഡ് സ്വന്തമാക്കിയത്.
ലോക്ക് ഡൌൺ കാലത്തെ വിരസത അകറ്റാനാണ് രേഷ്മ ചിത്രം വരച്ചു തുടങ്ങിയത്. പെൻസിൽ ഡ്രോയിങ് ആണ് ചെയ്തത്. ചിത്രങ്ങളിൽ ജീവൻ തുടിക്കുന്നത് കണ്ടപ്പോൾ ആണ് അച്ഛൻ ബി ആർ രാജേഷിനും അമ്മ പ്രഭയ്ക്കും മകളുടെ കഴിവ് ബോധ്യമായത്. നിരവധി ചിത്രങ്ങൾ പിന്നീട് രേഷ്മ വരച്ചു.
വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം കൊണ്ടാണ് ഒറ്റ താളിലേക്ക് രാജ്യങ്ങളെ ചേർത്ത് വയ്ക്കാൻ പ്രേരിപ്പിച്ചത് എന്ന് രേഷ്മ പറയുന്നു. "അച്ഛന്റെ സുഹൃത്ത് ബോട്ടിൽ ആർട്ട് ചെയ്തു ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയപ്പോൾ എനിക്കും ആഗ്രഹമായി. ആലോചിച്ചു ആശയം കണ്ടെത്തി. ഇത് മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് തിരഞ്ഞു നോക്കി. ഇല്ല എന്നുറപ്പാക്കിയിട്ടാണ് വർക്ക് ചെയ്തത്."

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ നിർദേശ പ്രകാരം വീഡിയോ ചിത്രീകരിച്ചു അയച്ചു. അതിലെ സമയവും വർക്കിന്റെ മികവും പരിശോധിച്ച് അവാർഡ് തന്നു.
തൃശ്ശൂർ മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ നിന്നും എസ് എസ് എൽ സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി വിജയാണ് രേഷ്മ വിജയിച്ചത്. ഭാവിയിൽ ഐ എഎസുകാരി ആകാൻ ആണ് രേഷ്മയ്ക്ക് ആഗ്രഹം. പഠനത്തിലും ചിത്രരചനയിലും രേഷ്മയുടെ പിന്തുണ കാസർഗോഡ് ഭീമ ജ്വല്ലേഴ്‌സ് അസിസ്റ്റന്റ് മാനേജർ ആയ അച്ഛൻ രാജേഷും അമ്മ പ്രഭയും തന്നെയാണ്.
