‘മിക്കവാറും വർഷം തിരുവനന്തപുരത്തിന് സിവിൽ സർവീസ് പരീക്ഷാ വിജയികളുണ്ടാവും. എന്നാൽ, എന്റെ നാടായ കാട്ടാക്കട ഒരു ഉൾപ്രദേശമാണ്. അവിടുത്തെ ആദ്യ ഐഎഎസുകാരനാണ് ഞാൻ...’ ഒരു ഓൺലൈൻ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ എസ്. ഗേകുൽ ഐഎഎസ് പറഞ്ഞു. കാഴ്ച പരിമിതികളെ മറികടന്നാണ് എസ്. ഗോകുന്റെ സിവിൽ സർവീസ് സ്വപ്നം പൂവണിഞ്ഞത്.
ഡിബേറ്റിനോടുള്ള ആഭിമുഖ്യമാണ് ഗോകുലിനെ യുപിഎസി സിലബസിലേക്ക് ആകർഷിച്ചത്. 2018ലെ പ്രളയത്തിന്റെ സമയത്ത് ചെറുപ്പക്കാരായ ഐഎഎസ് ഉദ്യോഗസ്ഥർ നടത്തിയ സേവനപ്രവർത്തനങ്ങളാണ് സിവിൽ സർവീസ് എന്ന ആഗ്രഹം അന്ന് പിജി വിദ്യാർഥിയായിരുന്ന ഗോകുലിൽ ഉണർത്തിയത്. കഴിഞ്ഞ വർഷം 820–ാം റാങ്ക് നേടി സിവിൽ സർവീസിലെത്തിയ ഗോകുൽ ഇത്തവണ 357–ാം റാങ്കുകാരനായാണ് ഐഎഎസ് സ്വന്തമാക്കിയത്. കാഴ്ച പരിമിതികളുള്ളവർക്കുള്ള ക്വാട്ടയിലാണു ഗോകുലിന് ഐഎഎസ് ലഭിച്ചത്. ഡൽഹിയിൽ ആംഡ് ഫോഴ്സ് ഹെഡ് ക്വാർട്ടേഴ്സിലായിരുന്നു ആദ്യ നിയമനം.
സിവിൽ സർവീസ് റാങ്ക് ജേതാക്കളായ 8 മലയാളികളാണ് ഐഎഎസ് കേഡറിലെത്തിയത്. കെ. മീര (റാങ്ക് 6), ഡോ. മിഥുൻ പ്രേംരാജ് (12), കരിഷ്മ നായർ (14), എം.ബി.അപർണ (62), ദീന ദസ്തിഗർ (63) പി.എം. മിന്നു (150), അഞ്ജു വിൽസൺ (156), എസ്.ഗോകുൽ (357) എന്നിവർക്കാണ് ഐഎഎസ് ലഭിച്ചത്. 57–ാം റാങ്ക് നേടിയ വീണ എസ്. സുതൻ ഐഎഫ്എസ് തിരഞ്ഞെടുത്തു. സിവിൽ സർവീസ് പരീക്ഷയിൽ 150–ാം റാങ്ക് നേടിയ പി. എം. മിന്നുപൊലീസ് ആസ്ഥാനത്ത് ക്ലാർക്ക് ആണ്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ പോൾ രാജ് മരിച്ചതിനെത്തുടർന്നാണു മിന്നുവിന് പൊലീസിൽ ജോലി ലഭിച്ചത്. ആറാം തവണത്തെ ശ്രമത്തിലാണ് മിന്നു ഐഎഎസ് നേടിയത്.