‘ആനന്ദ’ത്തിലെ കുപ്പിയെ ഓർമയില്ലേ. സിനിമയുടെ ക്ലൈമാക്സിൽ വെഡ്ഡിങ് ഫൊട്ടോഗ്രഫി ചെയ്യുന്ന ‘കപ്പിൾ’ ആയാണ് കുപ്പിയും കാത്തിയും മാറുന്നതെങ്കിൽ, സോഷ്യൽ മീഡിയയിൽ തരംഗമായത് കുപ്പിയായി തകർത്തഭിനയിച്ച വിശാഖ് നായരുടെ വിവാഹ ചിത്രങ്ങളാണ്. ടാർഗറ്റ് എന്ന അമേരിക്കൻ കമ്പനിയിലാണ് വിശാഖിന്റെ വധു ജയപ്രിയ ജോലി ചെയ്യുന്നത്.
കഴിഞ്ഞ ജൂൺ ഒൻപതിനു ബെംഗളൂരുവിൽ വച്ചു നടന്ന വിവാഹം രസങ്ങളും സന്തോഷവും നിറഞ്ഞതായിരുന്നെന്ന് വിശാഖ് പറയുന്നു. ‘‘ആറു മാസം മുൻപായിരുന്നു വിവാഹനിശ്ചയം. കണ്ണൂരാണ് ജയപ്രിയയുടെ സ്വദേശമെങ്കിലും കുടുംബം ബെംഗളൂരുവിൽ സെറ്റിൽഡാണ്.
പാട്ടും ആഘോഷവുമായി ഔട്ഡോർ വെഡ്ഡിങ് നടത്തണമെന്നായിരുന്നു പ്ലാൻ. വിവാഹതീയതി ജൂണിലായതോടെ മഴയുടെ റിസ്ക് കണക്കിലെടുത്ത് ബെംഗളൂരു തന്നെ ലൊക്കേഷനെന്നു തീരുമാനിച്ചു. നിശ്ചയം കഴിഞ്ഞ് ആറുമാസത്തെ സമയം കിട്ടിയതു കൊണ്ട് കല്യാണം പ്ലാൻ ചെയ്യാൻ വേണ്ട സമയം കിട്ടിയെന്നു പറഞ്ഞ് വിശാഖ്, ജയപ്രിയയെ നോക്കി കണ്ണിറുക്കി.
അറേഞ്ച്ഡ് ലൗ മാര്യേജ്
വീട്ടുകാർ ആലോചിച്ചു കൊണ്ടുവന്ന വിവാഹാലോചനയാണ്. പക്ഷേ, തമ്മിൽ സംസാരിച്ച് ഒരു തീരുമാനമെടുത്തിട്ടു മതി വീട്ടുകാർ പരസ്പരം കാണുന്നത് എന്ന് വിശാഖ് ഡിമാൻഡ് വച്ചു. ‘‘അറേഞ്ച്ഡ് മാര്യേജാകുമ്പോൾ രണ്ടുപേർക്കും അധികമൊന്നും പരസ്പരം അറിയില്ലായിരിക്കും. ആ പേടി കൊണ്ടാണ് കുറച്ചു സംസാരിച്ചിട്ടു തീരുമാനിക്കാം എന്നു വച്ചത്.
ഒന്നുരണ്ടു വട്ടം ഞങ്ങൾ മീറ്റ് ചെയ്ത് ജോലിയുടെ തിരക്കുകളും ഇഷ്ടങ്ങളും സംസാരിച്ചു. ഞാൻ സിനിമാ മേഖലയിലായതുകൊണ്ട് എന്റെ പ്രഫഷനെ അവൾ എങ്ങനെയെടുക്കുമെന്നും കൺഫ്യൂഷനുണ്ടായിരുന്നു. ജയപ്രിയ ഒരു ഡിമാൻഡേ വച്ചുള്ളൂ, ‘വീടിനു പുറത്ത് സെലിബ്രിറ്റിയും പബ്ലിക് ഫിഗറുമൊക്കെ ആയിരിക്കും, പക്ഷേ, വീടിനകത്ത് എന്റെ ഹസ്ബൻഡായി മാത്രം നിൽക്കണം.’ അതെനിക്ക് ഇഷ്ടപ്പെട്ടു. അതു കഴിഞ്ഞാണ് വീട്ടുകാർ പരസ്പരം കണ്ടതു തന്നെ.

ജയപ്രിയയോടുള്ള ഇഷ്ടം കൊണ്ട് നിശ്ചയത്തിനു മു ൻപ് ഒരു സർപ്രൈസ് കൊടുക്കാൻ പ്ലാൻ ചെയ്തു. ഒരു രാത്രി ഞാൻ ബെംഗളൂരുവിലെത്തി, കൂട്ടുകാരന്റെ വീട്ടിൽ തങ്ങി. വെളുപ്പിന് മൂന്നു മണിക്ക് അവളുടെ വീട്ടിലെത്തി. അമ്മയോട് അവളുടെ ബാക്പാക്ക് എടുത്തുവയ്ക്കണമെന്നു നേരത്തേ പറഞ്ഞിരുന്നു. അവളെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപിച്ച് വണ്ടിയിൽ കയറ്റി.
ഒന്നര മണിക്കൂർ ഡ്രൈവ് ചെയ്തു ചെല്ലുമ്പോൾ അവിടെയൊരു നൈറ്റ് ട്രക്കിങ് സ്പോട്ടുണ്ട്. വെളുപ്പാൻകാലത്തെ ഇരുട്ടിൽ അവളുടെ കൈ പിടിച്ച് മല കയറി. മുകളിെലത്തിയപ്പോഴാണ് സൂര്യോദയം. മേഘക്കൂട്ടങ്ങൾക്കിടയിൽ മഞ്ഞിന്റെ പുതപ്പിനുള്ളിൽ നിന്ന് അവളോട് എന്റെ ഇഷ്ടം അറിയിച്ചു.
ആദ്യം കാണുന്നതും കല്യാണവും തമ്മിൽ ഒരു വർഷത്തെ ഗ്യാപ്. കൊച്ചിയിലുള്ള ഞാനും ബെംഗളൂരുവിലുള്ള അവളും. ഒരു നോർമൽ ഡിസ്റ്റന്റ് റിലേഷൻഷിപ്പിന്റെ ബുദ്ധിമുട്ടും ത്രില്ലുമുണ്ടായിരുന്നു. മാസത്തിലൊരിക്കലെങ്കിലും ഞങ്ങൾ മീറ്റ് ചെയ്തിരുന്നു.’’ അടുത്ത കൂടിക്കാഴ്ചയ്ക്കു വേണ്ടി എക്സൈറ്റഡായി കാത്തിരിക്കുന്നതായിരുന്നു കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും സുഖമുള്ള ഓർമയെന്ന് വിശാഖ് പറയുന്നു.
കല്യാണ കച്ചേരി പാടാമെടീ...
ഇന്റിമേറ്റ് വെഡ്ഡിങ് ആയിരുന്നു വിശാഖിന്റെ മനസ്സിലെ പ്ലാൻ. രണ്ടു ദിവസത്തെ കല്യാണചടങ്ങുകൾക്കെല്ലാം കായൽക്കരയിലുള്ള ഒരു ഫാം ഹൗസ് കൺവർടഡ് വെഡ്ഡിങ് വെന്യൂ ആണ് ഒരുക്കിയത്. ‘‘എല്ലാം ഒരു സ്ഥലത്തു തന്നെയായിരുന്നു എന്നു കരുതി വ്യത്യസ്തത ഇല്ല എന്നു കരുതല്ലേ. ഓരോ ഇവന്റിന് വേണ്ടിയും പ്രത്യേക ഇടം ഉണ്ടായിരുന്നു. വലിയ ആൽമരത്തിനു ചുവട്ടിൽ വച്ചുനടന്ന ഹൽദി ചടങ്ങായിരുന്നു കൂട്ടത്തിൽ ഏറ്റവും രസം.
സംഗീത് രാവിൽ രണ്ടു കുടുംബങ്ങളും ഉത്സാഹത്തോടെ പരിപാടികൾ അവതരിപ്പിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു താലികെട്ട്. പിന്നെ, മൂന്നാഴ്ചയോ ളം യാത്ര തന്നെയായിരുന്നു. ബന്ധുക്കളുടെ വീടുകളിലെ വിരുന്നും അമ്പലങ്ങളിലെ പ്രാർഥനയും. ബെംഗളൂരുവിൽ തിരിച്ചെത്തിയ ശേഷം മാലദ്വീപിലേക്കു യാത്ര പോയി. ജയപ്രിയയുടെ കൈപിടിച്ച് സ്കൂബ ഡൈവിങ് ചെയ്തപ്പോൾ ഞാനോർത്തു, ഇവളാണ് എന്റെ ലക്കി പാർട്നർ.’’ വിശാഖ് പറഞ്ഞുനിർത്തി.
ഹിന്ദിയിൽ സബാഷ് മിത്തുവും മലയാളത്തിൽ ഡിയർ ഫ്രണ്ടുമാണ് വിശാഖിന്റെ അവസാനം റിലീസായ ചിത്രം. എൽഎൽബി, ശലമോൻ, എക്സിറ്റ് എന്നിവ ഉടൻ തിയറ്ററിലെത്തും.