Saturday 06 August 2022 04:07 PM IST

‘മലയാളം ഡയലോഗുകൾ പഠിക്കാൻ നല്ലവണ്ണം ബുദ്ധിമുട്ടി; പക്ഷേ, നന്നായി ചെയ്തു എന്നാണ് വിശ്വാസം’: മനസ് തുറന്ന് വരദ സേതു

Rakhy Raz

Sub Editor

varada-sethu88654

ഇംഗ്ലിഷ് സിനിമ ജുറാസിക് വേൾഡ് ഡൊമിനിയനിൽ മെഷീൻ ഗൺ തോളിലേറ്റി പായുന്ന വരദ സേതു ഇനി മലയാളത്തിൽ നായിക

ബ്രിട്ടനിൽ നിന്നൊരു അഭിനേത്രി

ജുറാസിക് വേൾഡ് എന്ന ബ്രിട്ടിഷ് സിനിമയിലെ പ്രകടനമാണ് വരദ സേതു എന്ന മലയാളി പെൺകുട്ടിക്ക് ബ്രിട്ടിഷ് അഭിനയ ലോകത്തും നാട്ടിലും പേര് നേടിക്കൊടുത്തത്. ജയരാജ് സംവിധാനം ചെയ്യുന്ന ‘പ്രമദവനം’ എന്ന ചിത്രത്തിലെ നായിക വരദയാണ്.

‘‘10 ദിവസത്തെ അവധിക്കു നാട്ടിൽ എത്തിയപ്പോഴാണ് ജയരാജ് സർ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. യുകെയിലെ മലയാളി അസോസിയേഷൻ പ്രോഗ്രാമിലാണ് ജയരാജ് സാറിനെ കാണുന്നത്. ആ ഓർമ വച്ചാണ് അദ്ദേഹം ‘പ്രമദവന’ത്തിലേക്ക് വിളിച്ചത്. മാധവിക്കുട്ടിയുടെ ‘ശർക്കര കൊണ്ടു തുലാഭാരം’ എന്ന കഥയാണ് സിനിമയാകുന്നത്. ചെറുതിലേ യുകെയിലേക്ക് വന്നതു കൊണ്ട് മലയാളം നന്നായി വായിക്കാൻ അറിയില്ല. അതുകൊണ്ടു മലയാളം ഡയലോഗുകൾ പഠിക്കാൻ നല്ലവണ്ണം ബുദ്ധിമുട്ടി. പക്ഷേ, നന്നായി ചെയ്തു എന്നാണ് വിശ്വാസം.’’

കുട്ടിക്കാലം

കോഴിക്കോട്ടുകാരിയാണ് ഞാൻ. ആറാം വയസ്സിൽ യുകെയിലെത്തി. അച്ഛൻ ഡോ. സേതു വാരിയർ പീഡിയാട്രീഷ്യൻ. അമ്മ ഡോ. അനിത ഒഫ്താൽമോളജിസ്റ്റ്. എനിക്ക് അഭയ എന്നൊരു ഇരട്ട സഹോദരിയുണ്ട്, അമ്മ നൃത്തം ചെയ്യും അച്ഛൻ പാടും. കുട്ടിക്കാലം തൊട്ടേ അച്ഛന്റെയും അമ്മയുടെയും കലാതാല്‍പര്യം കണ്ടു വളർന്നതുകൊണ്ട് തിയറ്റർ, സിനിമ എന്നിവയോടായിരുന്നു ഇഷ്ടം. നാട്ടിലുള്ളപ്പോൾ അമ്മമ്മയോടും അച്ചമ്മയോടുമൊപ്പം ടിവി കാണുമ്പോഴേ എനിക്ക് അഭിനയത്തോട് ഇഷ്ടമായിരുന്നു. ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്.

ബ്രിട്ടിഷ് സിനിമയിൽ എനിക്ക് ആക്‌ഷൻ കഥാപാത്രമാണ്. ജയരാജ് സാറിന്റെ സിനിമ ‘പ്രമദവന’ത്തിലേക്ക് എത്തുമ്പോൾ തികച്ചും വ്യത്യസ്തമായ, നാടിന്റെ രീതിയിലുള്ള കഥാപാത്രമാണ് എന്നത് ഏറെ സന്തോഷം തരുന്നു.

നാടകക്കാലം

യുകെയിൽ സ്കൂൾ കാലത്തേ നാടകം ചെയ്തിരുന്നു. സ്കൂൾ കാലത്തു തന്നെ ‘തിയറ്റർ പ്രീഫക്റ്റ്’ എന്നൊരു പൊസിഷൻ കിട്ടിയത് എന്റെ ആത്മവിശ്വാസം കൂട്ടാൻ ഉപകരിച്ചു.  

ബ്രിസ്റ്റൽ യൂണിവേഴ്സിറ്റിയിൽ വെറ്ററിനറി മെഡിസിനാണ് ആദ്യം ചേർന്നത്. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും മനസ്സിലായി വെറ്ററിനറി ഡോക്ടറല്ല ആകേണ്ടത്. എനിക്കൊരു അഭിനേത്രി ആകണം. അങ്ങനെ പഠനം ഫിസിയോളജി എന്ന വിഷയത്തിലേക്ക് മാറ്റി. അതിനൊപ്പം ഓൾഡ് വിക് തിയറ്റർ ഗ്രൂപ്പിന്റെ പല പ്രമുഖ നാടകങ്ങളിലും അഭിനയിച്ചു.

നാഷനൽ ന്യൂ തിയറ്റർ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ എന്ന ഗവൺമെന്റ് ഗ്രൂപ്പിന്റെ അംഗീകാരം വിലയേറിയതാണ് യുകെയിൽ. അവരുടെ അലുമിനിയിൽ ഇവിടത്തെ പ്രമുഖ അഭിനേതാക്കൾ ഒരുപാടുണ്ട്. അതിൽ എനിക്കും ഇടം ലഭിച്ചു.

ഭാവികാലം

2014 ൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സിനിമയിൽ സജീവമാകുന്നത്. സ്കെറ്റ്, ഇംഗ്ലിഷ്: ആൻ ഓട്ടം ഇൻ ലണ്ടൻ, മിഡ് സമ്മർ നൈറ്റ്സ് ഡ്രീം, ഫ്രം നൗ യു സീ മീ 2 എന്നീ ചിത്രങ്ങളും ന്യൂ ബ്ലഡ്, ഡോക്ടർ ഫോസ്റ്റർ, ഹാർഡ് സൺ, ഹന്ന, സ്ട്രൈക്ക് ബാക് തുടങ്ങിയ പോപ്പുലർ ഷോകളും ചെയ്തു. ‘ഫ്രം നൗ യു സീ മി 2’ എന്ന ചിത്രത്തിൽ ചെറിയ റോൾ ആയിരുന്നെങ്കിലും മൈക്കിൾ കെയ്ൻ, ഡാനിയൽ റാഡ്ക്ലിഫ്, വുഡി ഹാൽസൺ തുടങ്ങിയ വലിയ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു.

കോവിഡിനു ശേഷം ചെയ്ത ജുറാസിക് വേൾഡ് ഡൊമിനിയൻ ഏറെ പ്രശസ്തി നേടി തന്നു. ഡിസ്നി പ്ലസിന്റെ സീരീസ്, പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൊരു  സിനിമ എന്നിവ ഓഗസ്റ്റിൽ പ്രദർശനത്തിനെത്തും. യുകെയിലെ സിനിമ, ടിവി സീരീസുകളിൽ തുടരാനാണ് പ്ലാനെങ്കിലും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ലഭിച്ചാൽ മലയാളവും ഉറപ്പായും ചെയ്യും.