Saturday 25 September 2021 02:51 PM IST

കോഴ്സുകളുടെ ചാകരയാണ് മുന്നിൽ, വിരൽത്തുമ്പിലുണ്ട് എല്ലാം; പ്ലസ് ടു കഴിഞ്ഞ് ബിരുദ പഠനത്തിന് ഒരുങ്ങുമ്പോഴുള്ള ഒമ്പത് സംശയങ്ങൾ

Vijeesh Gopinath

Senior Sub Editor

plluuss5434cvghgh666

പ്ലസ് ടു കഴിഞ്ഞ് ബിരുദ പഠനത്തിന് ഒരുങ്ങുമ്പോഴുള്ള 9 സംശയങ്ങൾ..

‌കരിയറിലെ പ്രധാന ജംക്‌ഷനിലാണ് ഇപ്പോൾ നിൽക്കുന്നത്– പ്ലസ് ടു. ഇനി ഏതു വഴിയിലേക്ക് ജീവിതം തിരിക്കേണമെന്ന് തീരുമാനിക്കേണ്ട കാലം. കോഴ്സുകളുടെ ചാകരയാണ് മുന്നിൽ. വിരൽത്തുമ്പിലുണ്ട് എല്ലാം. കോഴ്സിന്റെ പേര് കൊടുത്താൽ സെർച് എൻജി‌നുകൾ നിരവധി സ്ഥാപനങ്ങളുടെ പേരു കൾ മുൻപിൽ തരും. അതില്‍ നിന്ന് ഒന്നു തിരഞ്ഞെടുത്താൽ മതി.

പക്ഷേ,  തിരഞ്ഞെടുക്കുമ്പോൾ ഒരുപാടു കാര്യ ങ്ങൾ ശ്രദ്ധിക്കാനുണ്ട്. സ്ഥാപനത്തിനും കോഴ്സിനും അംഗീകാരമുണ്ടോ? പ്രവേശന പരീക്ഷകൾ ഏതൊക്കെ? കോവിഡ് കാലമായതു കൊണ്ട് പരീക്ഷാ സിലബസ് മാറുമോ? സംശയങ്ങളുടെ വഴിയേ ഒന്നു പോയി നോക്കാം.

കേരളത്തിനു പുറത്തു പ്രഫഷനൽ കോഴ്സിനു ചേരുമ്പോൾ അംഗീകാരമുണ്ടോയെന്ന് എങ്ങനെ അറിയാം  

പ്രഫഷനൽ കോഴ്സുകളുടെ ഗുണനിലവാരം സർവകലാശാലകൾ മാത്രമല്ല പരിശോധിക്കുക. യുജിസിയുടെയും അതത് സംസ്ഥാന സർക്കാരിന്റെയും സമിതിക്കു പുറമേ വിവിധ സ്റ്റാറ്റ്യൂട്ടറി കൗൺസിലുകളും ഉണ്ടാകും. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, ബാർ കൗൺസിൽ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ പോലെയുള്ള വിവിധ പ്രഫഷനൽ കോഴ്സുകളുമായി ബന്ധപ്പെട്ട ബോർഡുകളുടെ  അംഗീകാരവും കോളജിനുണ്ടോ എന്നു ശ്രദ്ധിക്കണം

ഉദാഹരണത്തിന് നഴ്സിങ് കോഴ്സുകൾ നടത്തുന്ന കോളജുകൾക്ക് യുജിസി അംഗീകാരം, സർവകലാശാല അംഗീകാരം, അതത് സംസ്ഥാന സർക്കാരിന്റെ അംഗീകാരം, ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം എന്നിവ വേണം. ഇത്രയും ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്നതിന് അംഗീകാരമുള്ളൂ.

ഇത്തരം സ്റ്റാറ്റ്യൂട്ടറി ബോർഡുകൾ‌ ഒരു സ്ഥാപനത്തിനും സ്ഥിരമായി അംഗീകാരം കൊടുക്കാറില്ല. കാലാകാലങ്ങളിലായി അതു പുതുക്കണം. അതുകൊണ്ടു തന്നെ മുൻപ് അംഗീകാരമുണ്ടായിരുന്നു എന്ന കാരണത്താൽ അഡ്മിഷൻ എടുക്കരുത്. കോഴ്സിന് ചേരുന്നതിനു മുൻപ് കോളജിന്റെയും സർവകലാശാലയുടെയും വെബ്സൈറ്റിൽ നിന്ന് ഇത്തരം കാര്യങ്ങൾ കണ്ടെത്തണം.

ചില എയ്ഡഡ് കോളജുകളിൽ അൺഎയ്ഡഡ് കോഴ്സുകളുണ്ടല്ലോ, എന്താണത്? സർട്ടിഫിക്കറ്റുകൾക്ക് വ്യത്യാസമുണ്ടോ?

സർട്ടിഫിക്കറ്റിന്റെ അംഗീകാരത്തിന് വ്യത്യാസമില്ലെന്ന്  ആദ്യമേ പറയാം. കേരളത്തിൽ എയ്ഡഡ് കോളജുകളിലാണ് അൺഎയ്ഡഡ് പ്രോഗ്രാമുകൾ നടക്കാറുള്ളത്.  കോഴ്സുകൾക്ക് സർക്കാർ അംഗീകാരം ഉള്ളതാണ്. അ തു നടത്താൻ സർക്കാർ സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നു മാത്രം.

അതുകൊണ്ടു തന്നെ പ്രവേശനം ലഭിച്ച കുട്ടികൾ എ യ്ഡഡ് കോളജിലെ കുട്ടികൾ അടയ്ക്കുന്നതിനേക്കാൾ   കൂടുതൽ ഫീസ് നൽകണം. ക്ലാസുകളെടുക്കുന്നത് എ യ്ഡഡ് കോളജിലെ അധ്യാപകരല്ല. ഈ കോഴ്സുകൾക്കു മാത്രമായി അധ്യാപകരെ നിയമിച്ചിട്ടുണ്ടാകും.  

എന്നാല്‍‌ കോളജിലെ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കാം. ആർട്സ്, സ്പോർട്സ് മത്സരങ്ങളൊരുപോലെയാണ്. ഒരേ പ്രിൻസിപ്പൽ ആണ്. പ്രവേശനം സ്വാശ്രയ കോളജിനു സമാനമാണ് എന്നു മാത്രം.

നഴ്സിങ് ആൻഡ് അലൈഡ് മെഡിക്കൽ കോ ഴ്സുകളുടെ സാധ്യതകൾ എന്തെല്ലാം? പ്രവേശന പരീക്ഷയുണ്ടോ?

ആരോഗ്യരംഗത്തുണ്ടായ കരിയർ മാറ്റം അലൈഡ് മെഡിക്കൽ കോഴ്സുകളെയും സ്വാധീനിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ ഒൻപത് കോഴ്സുകൾ ഉണ്ട്. ബിഎസ്‍സി നഴ്സിങ്, ബിഎസ്‍സി മെഡിക്കൽ ലാബോറട്ടറി ടെക്നോളജി, ബിഎസ്‍സി പ്രൊഫ്യൂഷൻ ടെക്നോളജി, ബിഎസ്‍സി മെഡിക്കൽ റേ‍ഡിയോളജി ടെക്നോളജി, ബിഎസ്‍സി ഒ പ്റ്റോമെട്രി, ബാച‌്ലർ ഒാഫ് ഫിസിയോതെറപ്പി, ബാച്‌ലർ ഇൻ ഒാഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ബാച്ചിലർ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി, ബാച്ചിലർ ഒാഫ് ഡയാലിസിസ് ടെക്നോളജി എന്നീ ബിരുദ കോഴ്സുകളാണ് കേരളത്തിലുള്ളത്.

ഈ പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ നേടുന്നതിന് ഒരു തരത്തിലുള്ള പ്രവേശന പരീക്ഷയും ഇപ്പോഴില്ല.  പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാഫലം വന്നാൽ എൽ‌ബി എസ് (ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ) പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കും. ബയോളജി വിഷയത്തോടെ പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ്യത. സ്വാശ്രയ കോളജുകളിലേക്കും ഗവൺമെന്റ് കോളജുകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

എന്നാൽ ബിഫാമും ഫാംഡിയും അലൈഡ് മെഡിക്ക ൽ കോഴ്സുകളിലുണ്ടെങ്കിലും ഇതിന് അഡ്മിഷൻ ലഭിക്കാൻ പ്രവേശന പരീക്ഷയുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്ലസ് ടു പാസായ  വിദ്യാർഥികൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങണം എന്ന് കേട്ടു. ശരിയാണോ?

കേരളത്തിനു പുറത്തു നിന്ന് പ്ലസ്ടു പാസായശേഷം കേരളത്തിലെ സർവകലാശായിൽ ഉപരിപഠനത്തിനു ചേരുന്നു. അപ്പോഴാണ് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നത്. പന്ത്രണ്ടാം ക്ലാസ് യോഗ്യത  ബിരുദ പഠനത്തിനായി ചേർന്ന സർവകലാശാല അംഗീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റാണിത്.

ഇന്ത്യയിൽ വിവിധ സ്കൂൾ ബോർഡുകൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തുന്നുണ്ട്. ഉദാഹരണത്തിന് തമിഴ്നാട്ടിൽ വിവിധ സ്കൂൾ ബോർഡുകൾ പന്ത്രണ്ടാംക്ലാസ് പരീക്ഷ നടത്തുന്നുണ്ട്. തമിഴ്നാട് സർക്കാർ അവയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അതുകൊണ്ട് ആ സംസ്ഥാനത്ത് ഉപരിപഠനം നടത്തുന്നതിൽ കുഴപ്പമില്ല. എന്നാൽ സംസ്ഥാനത്തിനു പുറത്തു പോകുമ്പോൾ ചിലപ്പോൾ  ത ടസ്സങ്ങളുണ്ടാകും.

വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂൾ ബോർഡുകളുടെ അംഗീകാരത്തെ സംബന്ധിച്ച് ആധികാരികമായി പരിശോധിച്ച് ഉറപ്പു വരുത്തുന്നത് കൗൺസിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ഇൻ ഇന്ത്യ (COBSE) ആണ്. ഈ അംഗീകാരമില്ലാത്ത സ്കൂൾബോർഡുകളാണെങ്കിൽ ഉപരിപഠന സാധ്യതയ്ക്ക് മങ്ങ ൽ ഏൽക്കും.

ഒരോ സർവകലാശാലയും അവരുടെതു മാത്രമായ നി യമങ്ങളാണ് ഇത്തരം അംഗീകാരത്തിനു പിന്തുടരുന്നത്. ഉദാഹരണത്തിന് മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച പന്ത്രണ്ടാം ക്ലാസ് ബോർഡുകളെ കോഴിക്കോട് സർവകലാശാല അംഗീകരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ കുട്ടി തിരഞ്ഞെടുത്ത സർവകലാശാലയിൽ‌ നിന്നു തന്നെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണം.   

www.cobse.org.in എന്ന വെബ്സൈറ്റിൽ COBSE മെമ്പർ ഷിപ്പുള്ള സ്കൂൾ ബോർഡുകളുെട പേരുകൾ ഉണ്ട്. ഇതിലുള്ള എല്ലാ സ്കൂൾ ബോർഡുകൾക്കും കേരളത്തിലെ സർവകലാശാലകൾ പൊതുവേ അംഗീകാരം നൽകാറുണ്ട്.

shutterstock_191832416

ഡീംഡ് സർവകലാശാലകളും പ്രൈവറ്റ് സർവകലാശാലകളും തമ്മിലുള്ള വ്യത്യാസം എന്താണ്?

യുജിസി അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഡീംഡ് സർവകലാശാലകൾ. ഡീംഡ് ടു ബീ യൂണിവേഴ്സിറ്റികളാണ് അവ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകൾ ആയി ഭാവിയിൽ മാറിയേക്കാം

കേന്ദ്രസർക്കാരും ഇഎംഎച്ച്ആർ ഡിപ്പാർട്മെന്റും യുജിസിയുമാണ് ഡീംഡ് യൂണിവേഴ്സിറ്റികൾക്ക് അംഗീകാരം നൽകുന്നത്. അതിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് യുജിസി നിർദേശിച്ച ക്യാംപസിൽ തന്നെയാകും. അക്കാദമിക് കാര്യങ്ങളിലും ഭരണകാര്യങ്ങളിലും പൂർണമായ സ്വയംഭരണാവകാശം ഡീംഡ് സർവകലാശാലകൾക്ക് ഉണ്ട്. ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം, എറണാകുളം പേപ്പാതിയിലെ ചിന്മയ വിശ്വവിദ്യാ പീഠം ഇവ കേരളത്തിലെ ഡീംഡ് യൂണിവേഴ്സിറ്റികൾക്ക് ഉദാഹരണമാണ്.

ബെംഗളൂരുവിലെ അസിം പ്രേംജി, ജെയിൻ തുടങ്ങിയ സർവകലാശാലകൾ പ്രൈവറ്റ് സർവകലാശാലകളാണ്.  താരതമ്യേന അടുത്തകാലത്താണ് പ്രൈവറ്റ് സർവകലാശാലകൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്.

അതത് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് പ്രസ്തുത സർവകലാശാലയെ സംബന്ധിക്കുന്ന ഒരു ബില്ല് കൊണ്ടുവരുകയ‌ും അത് പാസാക്കി പൂർണ സർവകലാ ശാലയായി മാറുകയുമാണ് ചെയ്യുന്നത്. സ്വകാര്യസർവകലാശാലകൾക്കും സ്വയംഭരണാവകാശമാണുള്ളത്. നിലവിൽ കേരളത്തിൽ സ്വകാര്യ സർവകലാശാലകളില്ല.

ഈ രണ്ടുതരം സർവകലാശാലയിൽ‌ ചേർന്നാലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക– ക്യാംപസിനു പുറത്ത് ഒാഫ് ക്യാംപസ് സെന്ററുകളും വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകളും ഉണ്ട്. പ്രോഗ്രാമുകളിൽ യുജിസി അംഗീകാരം ഇല്ലാത്തവയുമുണ്ട്. ഇത്തരം പ്രോഗ്രാമുകൾക്ക് ചേർന്നു പഠിച്ചാൽ കേരളത്തിൽ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളുടെയും വെബ്സൈറ്റുകളിൽ അവർ അംഗീകരിച്ച കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.

സെൻട്രൽ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിക്കുന്നതിനുള്ള പ്രവേശനപരീക്ഷയെക്കുറിച്ച് വിശദീകരിക്കാമോ?

ഇന്ത്യയിലെ 13 സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് ബിരുദ-ബിരുദാനന്തര പഠനത്തിനായി പ്രവേശനം നൽകുന്നതിന് നടത്തുന്ന പ്രവേശന പരീക്ഷയുടെ പേരാണ് സെൻട്രൽ യൂണിവേഴ്സിറ്റിസ്സ് കോമൺ എൻട്രൻസ് ടെസ്റ്റ് അ ഥവാ സി യു സി ഇ റ്റി. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ പരീക്ഷ ഒാഫ്‍ ലൈനായാണ് നടത്താറുള്ളത്.

ജനറൽ പൊതു വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഓരോ വർഷവും ഒാരോ യൂണിവേഴ്സിറ്റികളാണ് ഈ പരീക്ഷ നടത്തുന്നത്.

ഈ പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിക്കുന്ന  കുട്ടികൾക്ക് അവരുടെ ഇഷ്ടം അനുസരിച്ച് ഓരോ സർവകലാശാലയിലെയും കോഴ്സുകൾക്ക് ചേരാനുള്ള അവസരമുണ്ട്. മികച്ച ഭൗതിക സൗകര്യങ്ങളും റിസർച്ച് അനുബന്ധമായ പ്രവർത്തനങ്ങൾക്ക് വിപുലമായ സൗകര്യങ്ങളും ഈ സർവകലാശാലകളുടെ പ്രത്യേകതയാണ്.  

കോവിഡ് കാരണം ബീ ആർക്ക് പ്രവേശന പരീക്ഷാ രീതിക്ക് മാറ്റമുണ്ടോ?

ബി ആർക്ക് പ്രവേശനത്തിനായുള്ള NATA പരീക്ഷയ്ക്ക് രണ്ടു ഭാഗങ്ങളാണുള്ളത്. ഒന്നാം പാർട്ടിൽ 135 മിനിറ്റ് സമയ ദൈർഘ്യവും 125 മാർക്കും. ഡ്രോയിങ് പരീക്ഷയാണിത്. രണ്ടാമത്തെ പാർട്ട് 45 മിനിറ്റ് സമയദൈർഘ്യം 75 മാർക്കിന്റെ 50 ചോദ്യങ്ങൾ.    

എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ NATA പരീക്ഷ  യിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്രോയിങ് പരീക്ഷകൾ നടത്താൻ കഴിയാത്തതിനാൽ കുട്ടിയുടെ ബി ആർക്ക് പഠനത്തിനുള്ള താൽപര്യവും അഭിരുചിയും ശാസ്ത്രീയമായി നിർണയിക്കാൻ പരീക്ഷാരീതി മാറ്റിയിട്ടുണ്ട്

180 മിനിറ്റ് സമയദൈർഘ്യമുള്ള പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, മൾട്ടിപ്പിൾ സെലക്ട് ചോദ്യങ്ങൾ, പ്രിഫറൻഷ്യൽ ചോയ്സ് ചോദ്യങ്ങൾ, ന്യൂമെറിക്കൽ ആൻസർ ചോദ്യങ്ങൾ ഇങ്ങനെ നാലു വ്യത്യസ്ത രീതികളിലാണ് ഉണ്ടായിരിക്കുക. NATA പരീക്ഷയെ സംബന്ധിക്കുന്ന കൂടുതൽ കാര്യങ്ങൾക്കായി www.coa.gov.in എന്ന വെബ്സൈറ്റ് കാണാം.

shutterstock_525485587

ഒാട്ടോണമസ് കോളജും അംഗീകാരവും

കേരളത്തിലെ ഒാട്ടോണമസ് കോളജുകളിലേക്കുള്ള പ്രവേശനം ഏകജാലകം വഴിയാണോ നടക്കുന്നത്?  

കേരളത്തിലെ ഒാട്ടോണമസ് കോളജിലേക്കുള്ള പ്രവേശനം നടക്കുന്നത് സർവകലാശാലകളുടെ ‘ഏകജാലകം’ വഴിയല്ല. കേരളത്തിൽ ആകെ 19 ഒാട്ടോണമസ് കോളജുകളാണുള്ളത്. ഇതിൽ‌ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം ആർട്സ് ആന്‍ഡ് സയൻസ് കോളജുകളാണ്. കേരള സർക്കാരിന്റെയും കോളജുകൾക്ക് അംഗീകാരം നൽകിയ സർവകലാശാലകളുടെയും നിയമങ്ങൾ പാലിച്ചുകൊണ്ടാണ് ഒാട്ടോണമസ് കോളജുകൾ പ്രവേശനം നൽകുന്നത്.

ഇതിനായി ഒാരോ ഒാട്ടോണമസ് കോളജും വെബ് സൈറ്റിൽ പ്രവേശന നോട്ടിഫിക്കേഷനുകൾ പ്രസിദ്ധീകരിക്കുകയും അഡ്മിഷൻ നടത്തുകയും ചെയ്യുന്നു. ഒാട്ടോണമസ് കോളജുകൾ‌ക്ക് അക്കാദമികവും ഭരണപരവുമായ ചില സ്വാതന്ത്ര്യങ്ങൾ സർക്കാരും സർവകലാശാലയും നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പരീക്ഷ നടത്തി റിസൽ‌റ്റ് പ്രസിദ്ധീകരിക്കുന്നതും മാർക്ക് ലിസ്റ്റ് നൽകുന്നതും കോളജുകൾ തന്നെയാണ്. എന്നാൽ‌ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുന്നത് സർ വകലാശാലകളാണ്.  ഒാട്ടോണമസ് കോളജിലെ ബിരുദങ്ങൾക്ക് എല്ലാവിധ അംഗീകാരങ്ങളുമുണ്ട്.  

ഇഗ്‌നോ ശ്രദ്ധിക്കാൻ

ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി ഡിസ്റ്റൻസ് എജ്യുക്കേഷന്റെ എല്ലാ പ്രോഗ്രാമുകളും കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചതാണോ?

ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി  കേന്ദ്ര സർവകലാശാല ആണെങ്കിലും അത് നടത്തുന്ന മുഴുവൻ ഡിസ്റ്റൻസ് എജ്യുക്കേഷൻ പ്രോഗ്രാമുകളും കേരളത്തിലെ സർവകലാശാലകൾ പൂർണമായും അംഗീകരിച്ചിട്ടില്ല.  

‌സർവകലാശാലയുടെ അക്കാദമിക ബോർഡുകളുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ ഇത്തരം വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ ആ സർവകലാശാലകൾ അംഗീകരിക്കൂ. കോഴ്സിനു ചേരുന്നതിനു മുൻപ് കേരളത്തിലെ സർവകലാശാലകളുടെ വെബ്സൈറ്റുകളിൽ കയറി  പഠിക്കാൻ പോകുന്ന കോഴ്സിന് സർവകലാശാലകൾ അംഗീകാരം നൽകിയിട്ടുണ്ട് എന്ന് പരിശോധിച്ച് ഉറപ്പാക്കുക. കാരണം ഉപരിപഠന സാധ്യതകളെ ഇത് ബാധിക്കും.

വിവരങ്ങൾക്ക് കടപ്പാട്: ബാബു പള്ളിപ്പാട്, കരിയർ വിദഗ്ധൻ, എംജി സർവകലാശാല, കോട്ടയം