താടിക്കു കയ്യും കൊടുത്ത് സഹതാപ നോട്ടമെറിഞ്ഞവരോടും ചെയ്തത് മഹാകാര്യമെന്ന് വാഴ്ത്തുന്ന ഉപദേശ കമ്മിറ്റിക്കാരോടും അഖില തന്റെ പ്രണയത്തെ ചേർത്തു നിർത്തി ഇങ്ങനെ പറഞ്ഞു.
‘ഓരൊക്കെ നോക്കിയത് ചേട്ടന്റെ മേലാത്ത കാലുകളിലേക്കും വീൽചെയറിലേക്കുമാണ്. ഞാൻ നോക്കിയത് ആ മനസിലേക്കും.’
പ്രണയനോട്ടങ്ങളിൽ ക്രിഞ്ചുണ്ടെന്ന് വാദിക്കുന്ന ന്യൂജനറേഷന്റെയും ‘എന്നാലും ഇതു വേണ്ടിയിരുന്നോ മോളേ...’ എന്നു ചോദിക്കുന്ന ഓൾഡ് ജനറേഷന്റെയും സങ്കൽപങ്ങളില്‍ പോലും വരാത്ത ചില അനശ്വര പ്രണയകഥകളുണ്ട്. യഥാർത്ഥ പ്രണയം ജീവിക്കുന്നതും മരിക്കുന്നതും അംഗസൗകുമാര്യങ്ങളിലോ ആഡംബരങ്ങളിലോ അല്ല, മറിച്ച് ഹൃദയങ്ങളിലാണെന്ന് പറയാതെ പറയുന്നൊരു പ്രണയകഥ.. അതിലെ നായകൻ അഖിൽ കോഴിക്കോട് പെരുവയൽ സ്വദേശി, നായിക അഖില, കൊല്ലം ചവറക്കാരി. പേരിലെ സാമ്യത മനസുകളെ ഒന്നാക്കിയ ഇഴയടുപ്പങ്ങളിലും ചേർന്നിരുന്നപ്പോൾ മുൻവിധികൾ വഴിമാറി, സഹതാപങ്ങളും കുത്തുവാക്കുകളും അസ്ഥാനത്തായി. നട്ടെല്ലിനു ഗുരുതര പരുക്കേറ്റ് വീൽചെയറിലായിപ്പോയ ആർമിക്കാരൻ അഖിലിന്റെ ജീവിതത്തിലേക്ക് അഖിലയെത്തിയ ഈ പ്രണയഗാഥയ്ക്ക് ഏഴഴകാണ്. അവരുടെ നിസ്വാർത്ഥമായ പ്രണയത്തിന് സിനിമാക്കഥകളെ വെല്ലുന്ന സൗന്ദര്യമാണ്. ആർമിക്കാരിയാകാൻ കൊതിച്ച പെണ്ണിന്റെ ജീവിതത്തിലേക്ക് അങ്ങ് വടക്കൂന്നൊരു ആർമിക്കാരൻ വന്നെത്തിയ കഥ വെറുമൊരു പ്രണയകഥയല്ല. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയേയും ചെറുത്തു തോൽപിക്കുമെന്നുറപ്പിച്ച ഒരു ചെറുപ്പക്കാരന്റെയും ഏതു വേദനയിലും നിഴലായി തണലായി ഒപ്പം നിൽക്കുമെന്നുറപ്പിച്ച ഒരു പെണ്ണിന്റെയും കറളുറപ്പിന്റെ കൂടി കഥയാണ്.
പെരുവയലിലെ ഇല്ലത്തെക്കുളത്തിൽ നീന്തിത്തുടിച്ച കൗമാരകാലം. വെള്ളത്തിനോടുള്ള ഇഷ്ടവും ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള മനസും പണ്ടേക്കു പണ്ടേ സേനയിലെത്തണമെന്ന എന്റെ സ്വപ്നങ്ങൾക്ക് വളമായിരുന്നു. പ്രത്യേകിച്ച് കടലലകളോടു മത്സരിക്കുന്ന നേവിയായിരുന്നു മനസു നിറയെ. ചെറുപ്പത്തിലേ പത്രമിടാനും കടകളിൽ സഹായിയാകാനും പോയി. ഇല്ലായ്മകളുടെ പേരിലല്ല. സ്വന്തം കാര്യങ്ങൾ സ്വന്തമായി നോക്കണമെന്ന ആഗ്രഹമായിരുന്നു ആ സ്വയം കണ്ടെത്തലുകൾക്കു പിന്നിൽ.– കഥപറഞ്ഞു തുടങ്ങിയത് അഖിലാണ്.
വേദനകളുടെ ആർമിക്കാലം
പ്ലസ്ടുവും ഡിപ്ലോമയും കഴിഞ്ഞപാടെ സേനയിലേക്കുള്ള സ്വപ്നങ്ങളുടെ പെട്ടി മനസിൽ കെട്ടിത്തുടങ്ങി. പത്രം ഇടാൻ പോകുന്നതു കൊണ്ടുതന്നെ തൊഴിൽവീഥി കയ്യിൽ കിട്ടും. കിട്ടുന്ന ഒരവസരങ്ങളും കളയുകയുമില്ല
നാലു തവണ നേവിയിൽ അപേക്ഷിച്ചു. പക്ഷേ ഭാഗ്യവും തലവരയും മാറിനിന്നു. നേവി ജോലി കിട്ടാക്കനിയായി തുടർന്നു. ഇതിനിടെ എയർഫോഴ്സിന്റെ ഗരുഡിൽ ഭാഗ്യപരീക്ഷണം നടത്തി കിട്ടിയതുമാണ്. പക്ഷേ സർട്ടിഫിക്കേറ്റ് വെരിഫിക്കേഷൻ ഫോർമാലിറ്റികൾ കടുപ്പിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഒറിജിനൽ സർട്ടിഫിക്കറ്റ് ഞാന്‍ ഡിപ്ലോമ പഠിച്ച സെന്ററിലായിരുന്നു ഉണ്ടായിരുന്നത്. കോളജ് അധികൃതർ ഫാക്സ് ചെയ്യാം എന്നു പറഞ്ഞിട്ടും എയർഫോഴ്സ് അധികൃതർക്ക് സ്വീകാര്യമായില്ല.
എല്ലാ ഭാഗ്യ പരീക്ഷണങ്ങളും കടന്ന് ആർമിയുടെ ഭാഗമാകാനായിരുന്നു എന്റെ നിയോഗം. ആഗ്രഹിച്ച നേവി ജോലി കിട്ടിയില്ലെങ്കിലും ആർമിയുടെ ഭാഗമാകാൻ മനസു കൊണ്ടൊരുങ്ങി. കടമ്പകളും പരീക്ഷകളും പരീക്ഷണങ്ങളും കടന്ന് അങ്ങനെ 2018ൽ അഖിൽ എന്ന ഈ ഞാൻ ശരിക്കും പട്ടാളക്കാരനായി. എല്ലാത്തിലും ഞാൻ ആക്റ്റീവായിരുന്നു. സ്പോർട്സിലും ആർമിയുടെ ട്രെയിനിങ്ങ് രംഗങ്ങളിലും മടുപ്പും മുഷിപ്പുമില്ലാതെ ഞാനും സംഘവും ഭാഗഭാക്കായി. പക്ഷേ സന്തോഷങ്ങൾ എനിക്കു തന്നെ പഞ്ചാബിലെ ആർമിയിലെ മണ്ണിൽ എന്റെ വേദനകളുടെയും ജീവിതം തിരുത്തിയെഴുതിയ വിധിയുടെയും വേരുകൾ ഒളിഞ്ഞു കിടന്നു.
ആർമി പരിശീലനത്തിന്റെ കടുപ്പമേറിയതും കായിക ക്ഷമത അളക്കുന്നതുമായ ബാറ്റിൽ ഒപ്റ്റിക്കൽ ബോക്സ് ഒരുക്കാനുള്ള നിയോഗം എന്റെ യൂണിറ്റിനു വന്നു. ലളിതമായി പറഞ്ഞാൽ മുൾവേലികൾക്കിടയിലൂടെ ഇഴഞ്ഞും, ഉയരകമേറിയ കമ്പിയിൽ ചാടിക്കയറിയും, വലകളിലൂടെ പിടിച്ചു കയറിയും ജവാൻമാർ ട്രെയിനിങ് നടത്തുന്നത് കണ്ടിട്ടില്ലേ? അതാണ് ബാറ്റിൽ ഒബ്സ്റ്റകിള്‍ കോർപ്സ് (Battle Obstacle Corpse). അത് തയ്യാറാക്കി അടുത്ത യൂണിറ്റിനു കൈമാറാനൊരുങ്ങും മുമ്പ് പുതിയ യൂണിറ്റ് ഒരു നിബന്ധന വച്ചു. തയ്യാറാക്കിയ ഇടം സുരക്ഷിതമാണോ എന്നുറപ്പിക്കാൻ ഞങ്ങൾ അതിൽ ട്രെയിനിങ്ങ് ചെയ്തു കാണിച്ചു കൊടുക്കണം. നിബന്ധന ഏറ്റെടുത്ത് ഓരോ ഘട്ടവും സുരക്ഷിതമാണെന്ന് ഞങ്ങൾ കാണിച്ചു. ഇതിനിടയിൽ ഉയരമുള്ള ഒരു നെറ്റിൽ പിടിച്ച് കയറേണ്ട ഒരു ഘട്ടമുണ്ട്. ധൈര്യപൂർവം അതു ചെയ്യാനിറങ്ങിയതുമാണ്. പക്ഷേ പൊടുന്നനെ അതു സംഭവിച്ചു. നെറ്റിലൂടെ പിടിച്ച് ഉയരങ്ങളിലേക്ക് എത്താറായ ഘട്ടത്തിൽ കയർ പൊട്ടി. താഴെ വിരിച്ചിരുന്ന പിറ്റിലേക്ക് പുറംഭാഗം ശക്തിയായി ഇടിച്ചു വീണു. പുറകിൽ റൈഫിൾ വച്ചു കെട്ടിയിരുന്നു. വീഴ്ചയിൽ അതു നട്ടെല്ലിനോട് ചേർന്നു ഞെരിഞ്ഞു. നട്ടെല്ലിനു ഗുരുതര പരുക്കേറ്റു. ശക്തമായ വീഴ്ചയിൽ തലയിൽ നിന്നും ബ്ലഡ് വന്നു.
പഞ്ചാബിലെ മിലിട്ടറി ആശുപത്രിയിലേക്കായിരുന്നു ആദ്യം പോയത്. കാര്യങ്ങൾ അവരുടെ കയ്യിൽ നിന്നില്ല. ബോധം വരാത്ത എന്നെയും കൊണ്ട് മെയിന്‍ കമാൻഡോ ആശുപത്രിയിലേക്ക് പോയി. ആംബുലൻസിലേക്ക് പോകുന്നതിനെ ബോധം വരുമ്പോൾ കൂടെയുണ്ടായിരുന്നവര്‍ ഞങ്ങളെ തിരിച്ചിറിയുന്നുണ്ടോ എന്നു ചോദിച്ചു. എല്ലാവരെയും എനിക്ക് തിരിച്ചറിയാനായി. ഞാൻ മരിച്ചോ കോമയിലേക്കോ പോകുമെന്ന് പേടിച്ചിരുന്ന എന്റെ സഹപ്രവർത്തകർ മനസുരുകി പ്രാർഥിച്ച നിമിഷങ്ങളായിരുന്നു അത്. അഞ്ച് ദിവസത്തോളം വേദനി തിന്ന് ആശുപത്രിയിൽ. ഇതിനിടയിൽ 4 സ്ക്രൂവും 2 ഇരുമ്പു റോഡുകളും നട്ടെല്ലിൽ വച്ചു പിടിപ്പിച്ചു. പക്ഷേ ഒന്നും പരിഹാരമായില്ല. ബോധം മറയും മുമ്പ് ഏതോ ഘട്ടത്തിൽ ആശുപത്രിയിലെ നഴ്സ് പറയുന്നത് ഞാൻ കേട്ടു. ‘അയാൾക്ക് ഇനി എഴുന്നേറ്റ് നടക്കാനാകില്ല.’ ചങ്കിലൊരു പിടച്ചാലായിരുന്നു. ആ നിമിഷം കാണാൻ കൊതിച്ചത് അച്ഛനെയാണ്. നാട്ടിൽ നിന്നും ഇവിടെയെത്തി എന്നെ അച്ഛൻ ശിവാനന്ദൻ എന്നെ കണ്ട കാഴ്ച മറക്കില്ല. എല്ലാം മറച്ചു പിടിച്ച് ആശുപത്രി ഇടനാഴിയില്‍ നിന്ന് ഹൃദയംപൊട്ടി കരഞ്ഞു. തുടയെല്ലിനു മാത്രം പരുക്കേറ്റു എന്നാണ് അമ്മയോട് പറഞ്ഞിരുന്നത്. ഒടുവിൽ സത്യമറിഞ്ഞ എന്റെ അമ്മയും ഒത്തിരി വാവിട്ടുകരഞ്ഞു. എല്ലാം വിധി... നമുക്ക് അങ്ങനെ പറയാനല്ലേ പറ്റൂ... പക്ഷേ ഞാൻ തോറ്റില്ല. നാട്ടിലേക്കെത്തും മുമ്പു തന്നെ ആർമി ബേസിൽ നിന്നു കൊണ്ട് ഞാനെന്നെ കരുത്തനാക്കി. ഇങ്ങനെയൊന്നും സംഭവിച്ചില്ല എന്ന മട്ടിൽ ജീവിതം മുന്നോട്ടു പോയി. ആരുടെയും സഹായം തേടാതെ സ്വന്തം കാര്യങ്ങൾ ചെയ്തു തുടങ്ങി. അതൊരു ബലമായിരുന്നു.
പട്ടാളക്കാരന്റെ പെണ്ണ്...
ബാക്കികഥ പറഞ്ഞത് അഖിലയാണ്.
ജീവിതത്തിൽ നായകനായ ആർമിക്കാരനെ കാണും മുന്നേ ആർമിയെയും ആ ജോലിയേയും ജീവിത സ്വപ്നമാക്കിയിരുന്നു ഞാൻ. ആർമിയിൽ ഏതെങ്കിലും ഒരു പ്രഫഷനിൽ ഉറപ്പായും എത്തുമെന്ന് ഉറപ്പിച്ച നാളുകൾ. ഫെയ്സ്ബുക്ക് ഞാൻ കുറിച്ചിട്ട ‘ആർമിക്കാരി’ എന്ന ബയോയാണ് എന്നെയും അഖിലേട്ടനേയും സുഹൃത്തുക്കളാക്കിയത്. ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട നാൾ മുതൽ പറയാനുണ്ടായിരുന്നത് പട്ടാക്കഥകളും ട്രെയിനിങ് അനുഭവങ്ങളും. പരസ്പരം അറിഞ്ഞും അടുത്തും കഴിഞ്ഞുപോയ നാളുകളിലൊന്നിൽ ഞാനതു പറഞ്ഞു. ‘എന്നാ പിന്നെ നിങ്ങക്കെന്നെ കെട്ടിക്കൂടേ...’ ചേട്ടന് ശരിക്കും അതൊരു ഷോക്കായിരുന്നു. തന്റെ അവസ്ഥയും പരിമിതിയും അറിയാവുന്നതു കൊണ്ടു തന്നെ കണ്ണുംപൂട്ടി നോ പറഞ്ഞു. ‘ഇയ്യ് വെറുതേ തമാശ പറയ്യല്ലേ...’ എന്നായിരുന്നു മറുപടി. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ജീവിതകഥയും ശാരീരിക പരിമിതിയും അപ്പോഴാണ് ആദ്യമായി ഞാൻ അറിഞ്ഞത്. ഫോണിലൂടെ ഞാനാ സത്യം അറിയുമ്പോൾ പൊട്ടിക്കരയുകയായിരുന്നു. ശരിക്കും ഷോക്കിങ്.– അഖില ഒരു നിമിഷം കണ്ണീർവാർത്തു.
വേണ്ടെന്നു വച്ചത് മനസുണ്ടായിട്ടല്ല. മറ്റൊരാളുടെ ജീവിതം തകർക്കേണ്ടെന്നു കരുതി പറഞ്ഞതാണ്. ഫോണിൽ വിളിച്ചപ്പോഴും ഞാനായിട്ട് പിന്തിരിപ്പിക്കാനേ ശ്രമിച്ചുള്ളൂ. നല്ലൊരു ജീവിതം ഉണ്ടാകുമെന്നും നമുക്ക് സുഹൃത്തുക്കളായി തുടരാമെന്നും ആവുന്നത് പറഞ്ഞുനോക്കി പക്ഷേ പുള്ളിക്കാരി വിട്ടില്ല.– അഖിലിന്റെ വാക്കുകൾ.
ഞാൻ അധികമൊന്നും ചിന്തിച്ചില്ല. ആർമിയെ പ്രണയിച്ചവളാണ് ഞാൻ. എനിക്ക് ഇഷ്ടം തോന്നിയ ആൾ ആർമിയെ ജീവശ്വാസമാക്കിയവനും. എല്ലാ വിധ ശാരീരിക അനുഗ്രഹങ്ങളും ഉള്ള ആൾക്ക് വിവാഹ ശേഷമാണ് ഇങ്ങനെ സംഭവിച്ചതെങ്കിലോ? മറ്റുള്ളവരുടെ സഹതാപ നോട്ടത്തിനു മുന്നിൽ ആഗ്രഹിച്ച പ്രണയത്തെ അങ്ങനെ വിട്ടുകൊടുക്കാൻ തോന്നിയില്ല. ഫോണിലൂടെ ഇഷ്ടം പറയുമ്പോഴും നേരിട്ടു കാണുമ്പോൾ അതെല്ലാം പോകും, അങ്ങനെ തോന്നിയാലും നീ തുറന്നു പറയണം എന്ന് ചേട്ടൻ പറഞ്ഞു. പക്ഷേ കണ്ടപ്പോൾ ഞങ്ങളുടെ ഇഷ്ടം കൂടിയേ ഉള്ളൂ... 3 വർഷം മനോഹരമായി പ്രണയിച്ചു. ഇതിനിടയിൽ എന്റെ വീട്ടിലറിഞ്ഞാൽ ഭൂകമ്പം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. അച്ഛൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് എത്താനിരുന്ന സമയം. അച്ഛൻ വന്നാൽ ഞങ്ങളുടെ പ്രണയം അറിഞ്ഞാൽ ഒന്നും നടക്കില്ലെന്ന് അറിയാമായിരുന്നു. ഈ ബന്ധം ആരാലും വേർപിരിയാണ്ടിരിക്കാൻ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ റജിസ്ട്രാർ ഓഫീസിൽ നോട്ടീസ് ഇടുമ്പോൾ വീട്ടുകാർ അറിഞ്ഞ് പ്രശ്നമാകുമെന്ന് കരുതി. അങ്ങനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വച്ച് ഞാനവളുടെ കഴുത്തിൽ മിന്നുകെട്ടി. പ്ലടുവിനു ശേഷം ആയൂർവേദ പഞ്ചകർമ കോഴ്സ് ചെയ്യുകയായിരുന്നു ഞാൻ. ഒരു കോഴ്സ് ചെയ്യാനുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞാണ് എറാണാകുളത്ത് എത്തുന്നത്.
താലികെട്ടിനു ശേഷം ആരെയും അറിയിക്കാതെ വീട്ടിൽ പോകാമെന്ന് തന്നെയാണ് കരുതിയത്. പക്ഷേ ചേട്ടനെ വിട്ടു പോകാൻ മനസു വന്നില്ല. എതിർപ്പുകൾ ഞങ്ങളെ രണ്ടു ധ്രവങ്ങളിലാക്കിയാലോ എന്നു പേടിച്ചു. ഒടുവിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. നാട്ടിലറിഞ്ഞപ്പോൾ ഭൂകമ്പമായിരുന്നു. എരിതീയിൽ എണ്ണയൊഴിക്കും വിധം അമ്മേയോടും അച്ഛനോടും പലരും പല കഥകളും പറഞ്ഞു. ആ പയ്യൻ വീൽ ചെയറിലാണ്. അധികകാലം അവർ ജീവിക്കില്ല. ഇതൊക്കെ എടുത്തു ചാട്ടമാണ് എന്നൊക്കെ പലരും പറഞ്ഞു.’ ഏറ്റവും വേദനിപ്പിച്ചത് ബന്ധം അധികനാൾ തുടർന്നാലും പയ്യൻ അധികനാൾ ജീവിക്കില്ല എന്നൊക്കെ പരദൂഷണക്കാര്‍ പറഞ്ഞു പരത്തി. പക്ഷേ മനസുറപ്പുള്ള എന്റെ പ്രണയം അച്ഛനും അമ്മയും പതിയെ പതിയെ തിരിച്ചറിഞ്ഞു. നാട്ടുകാരും ബന്ധുക്കളും എതിർപ്പ് തുടരുമ്പോഴും എന്റെ അച്ഛന്റേയും അമ്മയുടെയും മനസലിഞ്ഞു വരികയാണ്. അതിലും വലിയ സന്തോഷം മറ്റെന്തുണ്ട്.– അഖിലയുടെ മിഴികളിൽ സന്തോഷാശ്രു.
ആർമിയിൽ പാരാസ്വിമിങ് ചാമ്പ്യനാണ് ഞാൻ. അസം, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ നടന്ന നാഷണൽ മീറ്റിൽ പങ്കെടുക്കാനായി. രണ്ടിടങ്ങളിൽ വെങ്കല മെഡൽ നേടി. പരിമിതികളിലും എന്റെ കായിക മികവു മുൻനിർത്തി ആർമി എന്നെ നിലനിർത്തുന്നുണ്ട്. ഇപ്പോൾ ഒരു മാസത്തെ ലീവിലാണ്. ഞാനും അവളും ഒന്നിച്ചു കണ്ട സ്വപ്നമാണ് ഈ ജീവിതം. അതിനിടയിൽ മറ്റുള്ളവരുടെ കുത്തുവാക്കുകൾ ശ്രദ്ധിക്കാൻ നേരമില്ല. ഒത്തിരി യാത്രകൾ പോണം. ഇപ്പോഴും തുടരുന്ന ആർമി ജോലിയിൽ ഇനിയും ശോഭിക്കണം അതൊക്കെയാണ് ആഗ്രഹം. മറ്റൊരു പ്രാർഥന കൂടിയുണ്ട്. എന്നേയും അവളേയും പൊന്നുപോലെ നോക്കുന്ന ഒരു കുഞ്ഞിനെ വേണമെന്നതാണ് ഞങ്ങളുടെ സ്വപ്നം. ആ കുഞ്ഞിന്റെ കൈപിടിച്ച് ഞാൻ നടത്തിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് അഖില. അവളെ എനിക്ക് തന്ന ദൈവം ആ കുഞ്ഞിക്കാലടികളും ഞങ്ങൾക്ക് നൽകും.
– അഖിൽ പറഞ്ഞു നിർത്തി.