ADVERTISEMENT

‘സിവിൽ സർവീസോ? നിന്നെക്കൊണ്ടു പറ്റുന്ന പണിയല്ല..! ഇങ്ങനെ പറയാൻ ചുറ്റും നൂറുപേർ കാണും. പിന്തിരിഞ്ഞ് ഓടാനാണ് തീരുമാനമെങ്കിൽ നിങ്ങൾ ഒരിക്കലും എവിടെയും എത്തിച്ചേരില്ല.’– അതിജീവന പാഠവുമായി  സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വാമനപുരം സ്വദേശി ബി.എസ്.അഖില പറയുന്നു. അഞ്ചാം വയസ്സിൽ വാഹനാപകടത്തിൽ വലതു കൈ നഷ്ടപ്പെട്ട അഖില അസാമാന്യമായ ഉൾക്കരുത്തോടെയാണ് ജീവിതത്തിലെ ഓരോ പടവുകളും പിന്നിട്ടത്. 

എഴുത്തും ചിത്രം വരയുമെല്ലാം ഇടംകൈ കൊണ്ടു ശീലിച്ചു. കൈ അല്ല, മനസ്സാണ് ആയുധമെന്ന് എപ്പോഴും ഉരുവിട്ടു. ‘നാട്ടിൻ പുറത്തു നിന്നുള്ള ഏറെ ലോകമൊന്നും കാണാത്ത പെൺകുട്ടിയായിരുന്നു ഞാൻ. പക്ഷേ ചെറുപ്പം മുതൽ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും സർവീസ് ഓറിയന്റഡ് ആയ ജോലി ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു.’മദ്രാസ് ഐഐടിയിൽ നിന്ന് ഇന്റഗ്രേറ്റഡ് എംഎയ്ക്കു ശേഷമാണ് അഖില സിവിൽ സർവീസിലെത്തിയിരിക്കുന്നത്.   

ADVERTISEMENT

∙ എപ്പോൾ മുതൽ പഠനം? 

ഗ്രാജ്വേഷൻ ഫൈനൽ ഇയർ മുതൽ മതിയാകും. പക്ഷേ സിലബസ്, പരീക്ഷാരീതി, അഭിമുഖം എന്നിവയെപ്പറ്റി നേരത്തെ ധാരണയുണ്ടാകുന്നതു നല്ലതാണ്. എൻസിഇആർടിയുടെ 11,12 ക്ലാസുകളിലെ പുസ്തകങ്ങൾ പഠിക്കാം. ഭാഷ, ചരിത്രപഠനം എന്നിവ പ്രധാനപ്പെട്ടതാണ്. ഇതിനായി നല്ല പുസ്തകങ്ങളെ ആശ്രയിക്കണം. കേരളത്തിൽ മികച്ച കോച്ചിങ് സെന്ററുകളുണ്ട്. ഡിഗ്രിക്കു ശേഷം അവയിലൊന്നു തിരഞ്ഞെടുക്കാം.    

ADVERTISEMENT

∙ ഇംഗ്ലിഷിനെ ഭയക്കേണ്ട

പ്രിലിംസും മെയിനുമൊക്കെ കടന്നാലും ഇന്റർവ്യൂ എന്നു കേൾക്കുമ്പോൾ ചിലർക്കു പേടിയാണ്. ഇംഗ്ലിഷിൽ സംസാരിച്ചു കുളമാകുമോയെന്ന ഭീതി.  ഭാഷ പാണ്ഡിത്യം പ്രകടിപ്പിക്കാനുള്ളതല്ല, ആശയവിനിമയമാണ് പ്രധാനം. ഗ്രാമറിനെയും പേടിക്കേണ്ട. മലയാളത്തിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാനും അവസരമുണ്ട്.  ഇതിനായി പരിഭാഷകരെ ലഭിക്കും.  

ADVERTISEMENT

∙ അഭിമുഖം അനായാസമാക്കാം 

ആത്മവിശ്വാസത്തോടെ ഏതു ചോദ്യത്തെയും അഭിമുഖീകരിക്കുകയാണ് പ്രധാനം. ‘തിരുവനന്തപുരത്തെ കടലിന് എന്താണ് നീലനിറം’ എന്നായിരുന്നു നേരിട്ട ഒരു ചോദ്യം. യാഥാർഥ്യ ബോധ്യത്തോടെയുള്ള മറുപടിയാണു വേണ്ടത്. എല്ലാ ചോദ്യത്തിനും ശരിയായ ഉത്തരം ബോർഡ് പ്രതീക്ഷിക്കുന്നില്ല. അറിയാത്ത കാര്യം അറിയില്ല എന്നു പറയുന്നതാണ് ശരിയായ രീതി. അറിവിന്റെ ആഴമല്ല, വ്യക്തിത്വത്തിന്റെ വ്യാപ്തിയാണ് അവർക്കറിയേണ്ടത്.

∙ ഫിലിം ഫെസ്റ്റിലെ പതിവുകാരി

ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇല്ല. ഈ രണ്ടിടത്തും തനിക്ക് പ്രത്യേകിച്ച് ഒന്നും ‘കോൺട്രിബ്യൂട്ട്’ ചെയ്യാനില്ലെന്ന് മനസ്സിലാക്കിയാണ് അക്കൗണ്ട് വേണ്ടെന്നു വച്ചതെന്ന് അഖില പറയുന്നു. കൂട്ടുകാരുടെ എന്തെങ്കിലും കാര്യങ്ങൾ കാണണമെന്ന് തോന്നിയാൽ വെബ്സൈറ്റിൽ കയറി നോക്കും. ആപ് ഇൻസ്റ്റാൾ ചെയ്തിട്ടില്ല.സിനിമകൾ പതിവായി കാണാറുണ്ട്. ഐഎഫ്എഫ്കെയിലെ പതിവു സാന്നിധ്യമാണ്.

ഇതു ശീലിക്കാം

∙ സമകാലിക സംഭവങ്ങളിൽ എപ്പോഴും ഒരു ‘ഒപ്പീനിയൻ’ വളർത്തിയെടുക്കണം. 

∙ അത് ലേഖനമായോ ഉപന്യാസമായോ പതിവായി എഴുതണം

∙ പത്രങ്ങളിലെ എഡിറ്റോറിയൽ പേജുകൾ വായിക്കണം.

∙ പക്ഷം പിടിക്കാത്ത, വസ്തുനിഷ്ഠമായ നിലപാടുകൾ ഇന്റർവ്യൂവിൽ ഗുണം ചെയ്യും.

∙ ഇംഗ്ലിഷ് മെച്ചപ്പെടുത്താൻ ആ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കണം 

∙ കോർ സബ്ജക്ട് ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക. അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സാധ്യതകളും മനസ്സിലാക്കുക.

∙ അഖിലയുമായി സംസാരിച്ചവർ

തീർഥ ആർ.പ്രസാദ് (നെയ്യാറ്റിൻകര), അസിം (കുളത്തൂപ്പുഴ), ടോണി (വഴയില), ധന്യ ജോളി (തിരുപുറം), നിജാമുദ്ദീൻ (കണിയാപുരം), സി.വി.ആൻസി (നെയ്യാറ്റിൻകര), ബിപിൻ സിജോ (പൂവാർ), രാജീവ് (വെഞ്ഞാറമൂട്)

കൂടുതല്‍ വായനയ്ക്ക്.... 

ADVERTISEMENT