നിമിഷ തിരുവാതിര കളിക്കാൻ നിൽക്കണ്ടാ ട്ടോ.. ഒരു കാര്യം ചെയ്യ്. ആ പാട്ടു പാടുന്നോരുടെ കൂടെ നിന്നോ.’’ നിറത്തിന്റെ പേരിൽ ഇത് ആദ്യമായിട്ടല്ല മാറ്റി നിർത്തപ്പെടുന്നത്. പക്ഷേ.. ഇത്തവണ സ്വന്തം ടീച്ചറാണ് പറയുന്നത്. ഇതു കേൾക്കുന്ന ‘നിമിഷമാരുടെ’ മാനസികാവസ്ഥ എന്തായിരിക്കും എ ന്ന് ഈ പറയുന്നവർ ഓർക്കുന്നുണ്ടോ?
ആ ചകിരി മുടി ഒന്ന് ചീകിയൊതുക്കി വച്ചൂടെ? വീട്ടിലെ എല്ലാവർക്കുമുള്ള റേഷൻ നീയാണോ കഴിച്ചു തീർക്കുന്നത്? മുന്നും പിന്നും ഇല്ലാതെ വര പോലെ നടന്നാൽ നിന്നെ ഏതു ചെക്കൻ കെട്ടും? മുടി കളറ് ചെയ്തു നടന്നാ തലതെറിച്ചതാണെന്നു നാട്ടുകാരോർക്കില്ലേ? അത്ര ചുവന്ന ചായമൊന്നും ചുണ്ടിലിട്ടു നടക്കുന്നതു കുടുംബത്തിൽ പിറന്നോർക്കു ചേർന്നതല്ല, നീ മഞ്ഞയൊന്നുമിടണ്ടാ, ഒന്നൂടെ ഇരുണ്ടിരിക്കും തുടങ്ങി പരിഹാസ തിരമാലകൾ ഒന്നിനു പിറകെ മറ്റൊന്നായി സമൂഹം പെൺകുട്ടികൾക്കു നേരെ അയച്ചു കൊണ്ടിരിക്കും. കാലം പോകെ എത്ര വലിയ തിരമാലയ്ക്കു മുകളിലൂടെയും തകരാതെ മുന്നേറാനുള്ള കരുത്ത് അവർ ആർജിക്കുമെന്നു ചുറ്റുമുള്ളവരും മനസിലാക്കേണ്ടതുണ്ട്.
ഒരാളുടെ ശരീരത്തെ കുറിച്ചു ചോദിക്കാതെ അഭിപ്രായം പറയുന്നതിന്റെ പേര് ‘കെയറിങ്’ എന്നോ സ്നേഹമെന്നോ അല്ല, മറിച്ച് അതു മറ്റൊരാളുടെ അതിർവരമ്പിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയാം.
ഈ ഭൂമിയിൽ നിലനിൽക്കാൻ കിട്ടിയ ഇടമാണു ശരീരം
ആൽഫി ലാൽ വി, റിസർച് സ്കോളർ, വയനാട്
ചർമം നല്ല കട്ടിയാകുന്ന അവസ്ഥയുണ്ടായിരുന്നു ബാല്യത്തിൽ. നഴ്സറിയിൽ വച്ചാണു മറ്റു കുട്ടികൾ ചർമത്തിൽ പിടിച്ച് വലിക്കുക, കളിക്കാൻ കൂട്ടാതിരിക്കുക പോലുള്ള കാര്യങ്ങൾ ചെയ്യാൻ തു ടങ്ങിയത്. അപ്പോഴാണ് എനിക്കെന്തോ വ്യത്യാസമുണ്ടെന്നു ചിന്തിക്കാൻ തുടങ്ങിയത്.
മറ്റുള്ളവർ ഒഴിവാക്കും മുൻപേ ഞാൻ എന്നെത്തന്നെ ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിവാക്കാൻ തുടങ്ങി. എല്‍പി സ്കൂളിൽ പഠിക്കുമ്പോൾ നീളമുള്ള ഫ്രോക്കും നീളൻ പാവാടയും കോളറുള്ള ഉടുപ്പുകളും സോക്സും ഒക്കെ ധരിച്ചിരുന്നു. കലാപരിപാടികൾക്കു സമ്മാനം കിട്ടി തുടങ്ങിയപ്പോഴാണു കുറേ കോംപ്ലെക്സ് മാറിയത്. അതോടെ ശരീരം മുഴുവൻ മറയ്ക്കുന്ന ഉടുപ്പുകൾ ഒഴിവാക്കി തുടങ്ങി. സംശയം ചോദിക്കുന്നവരോട് ‘കുഞ്ഞുനാൾ മുതലേ ഉള്ളതാണ്’ എന്നൊരു ഒറ്റവരി ഉത്തരം കൊടുത്ത് ഒഴിവാക്കാനും പഠിച്ചു. ശരീരത്തെ കുറിച്ചുള്ള അവബോധം ഉറയ്ക്കുന്നതു കോളജ് കാലഘട്ടത്തിലാണ്. അന്നും ഇന്നും സഹിക്കാൻ പറ്റാത്തത് സിംപതി നോട്ടങ്ങളാണ്.
ഇന്ന് ഈ ഭൂമിയിൽ നിലനിൽക്കാൻ എനിക്കു കിട്ടിയ ഇടമാണു ശരീരം എന്ന ബോധ്യമുണ്ട്. അതിനനുസരിച്ചു ഞാൻ എന്റെ ശരീരത്തെ ആവോളം ലാളിക്കും. ഒരു പുതിയ പാടോ മറ്റോ വന്നാൽ അതിനെ സ്വീകരിക്കും. ശരീരത്തിന്റെ 90 ഭാഗവും ചർമത്തിനു പ്രശ്നമുണ്ട്. മുഖത്ത് ഒന്നും കാണുന്നില്ല എന്നുമാത്രം. ആരെങ്കിലും തുറിച്ചു നോക്കിയാൽ തിരിഞ്ഞിരിക്കാതെ അവർക്കു വ്യക്തമായി കാണാൻ പാകത്തിനിരിക്കും ഇപ്പോൾ.’’
‘എന്റെ ആകൃതിക്കിണങ്ങിയ ഇഷ്ടമുള്ള ഉടുപ്പൊന്നും കിട്ടില്ല’
ഗൗരി ചന്ദ്രശേഖരൻ
ഓർമ വച്ച കാലം മുതൽക്കേ സ്കൂളിലും വീട്ടിലും ട്യൂഷൻ ക്ലാസ്സിലുമൊക്കെ ഞാൻ ‘‘തടിച്ച’’ കുട്ടിയാണ്. അന്നൊക്കെ ഏറ്റവും പ്രശ്നം ഷോപ്പിങ്ങിനു പോകുമ്പോഴാണ്. എന്റെ ആകൃതിക്കിണങ്ങിയ ഇഷ്ടമുള്ള ഉടുപ്പൊന്നും കിട്ടില്ല. പിന്നീട് ജീവിതത്തിലുടനീളം മറ്റുള്ളവർ വന്ന് ‘നിന്നെ ആരും പ്രേമിക്കില്ല, കല്യാണം കഴിക്കാൻ ചെക്കനെ കിട്ടില്ല എ ന്നൊക്കെ തുടങ്ങി പ്രസവിക്കാനാവില്ല’ എന്നു വരെ പറഞ്ഞിട്ടുണ്ട്.
ചെറുപ്പത്തിൽ ഒരു സർജറി ചെയ്ത ശേഷമുള്ള ഹോർമോൺ വ്യതിയാനം കാരണമാണ് വണ്ണം വച്ചത്. മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും വളരെ സപ്പോർട്ടീവ് ആയിരുന്നതു കൊണ്ടു മാത്രമാണ് ആത്മവിശ്വാസം പാടെ തകർന്നുപോകാതിരുന്നത്. എന്നിട്ടും ഇത്തരം പരിഹാസങ്ങൾ എന്നെ മോശമായി ബാധിച്ചിരുന്നു. നിരാശ തോന്നി, ഒപ്പം സ്വന്തം ശരീരത്തെ അത്യധികം വെറുക്കാനും തുടങ്ങി. ആളുകളുടെ ശ്രദ്ധ പതിയാതിരിക്കാൻ എപ്പോഴും അയഞ്ഞ വസ്ത്രങ്ങൾ ഇട്ടു, പുതിയവ വാങ്ങാതെ അതു തന്നെ ആവർത്തിച്ചണിഞ്ഞു.
പക്ഷേ, വളർന്നു വന്നപ്പോൾ പഠനത്തിൽ നന്നായി ശ്രദ്ധിച്ചു. നല്ല മാർക്ക് വാങ്ങി, ഉപരിപഠനത്തിനായി വിദേശത്ത് വന്നു, നല്ല ജോലി കിട്ടി സ്വന്തമായി സമ്പാദിക്കാൻ തുടങ്ങി. അതോടുകൂടി മുൻപു പരിഹസിച്ചവർ പോലും എന്റെ പേരു പറഞ്ഞ് അഭിമാനിക്കാൻ തുടങ്ങി.’’
‘അത് എന്നെ ബുദ്ധിമുട്ടിച്ചെ’ന്ന് ബോധ്യപ്പെടുത്തണം’
ആരഭി വി.കെ.,
സാമൂഹിക പ്രവർത്തക, പയ്യന്നൂർ
ചെറുപ്പത്തിൽ നല്ല തടിച്ചിട്ടായിരുന്നു.ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുണ്ട്. കസിൻസ് കൂടുതൽ പേരും മെലിഞ്ഞിട്ടാണ്. കസിൻസ് ഒരുമിച്ചു പോകുന്ന അവസരങ്ങളിൽ പോലും എന്നെ കൂടെ കൊണ്ടുപോകാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
സ്കൂളിലൊക്കെ പഠിക്കുമ്പോൾ ആദ്യമായി കാണുന്ന ആള് പോലും നമ്മളെ ‘തടിച്ചി’ എന്നാണ് വിളിക്കുക. പ്രത്യേകിച്ചും ആൺകുട്ടികൾ. തടിയുള്ള ആളെ തടിച്ചി എന്ന് വിളിക്കാം എന്നാണ് അവർ കരുതുന്നത്. അന്ന് ഈ പരിഹാസങ്ങളും ഒഴിവാക്കലുമൊക്കെ സ്വാഭാവികമാണെന്നു സ്വയം പറഞ്ഞുപഠിപ്പിച്ചു. എനിക്കു മാത്രമാണ് ഇത് പ്രശ്നമായി തോന്നുന്നത്. ബാക്കിയുള്ളോർക്കു തമാശയാണ്. അതുകൊണ്ട് എ നിക്കാകും പ്രശ്നമെന്നും കരുതി.
ഡിഗ്രിക്കു പഠിക്കുമ്പോഴാണ് അനുഭവിച്ചതു ബോഡിഷെയ്മിങ് ആണെന്നു തിരിച്ചറിയുന്നത്. സൗന്ദര്യം എന്നു പറഞ്ഞാൽ അത് ആരെങ്കിലും എഴുതി വച്ചതു പോലെയൊരു സങ്കൽപ്പമല്ല എന്നു മനസ്സിലാക്കി. അതോടെ ഞാൻ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. മുൻപു വല്ലാത്ത അപകർഷത ഉണ്ടായിരുന്നു. കണ്ണെഴുതാനോ പൊട്ട് തൊടാനോ ഒന്നും താൽപര്യമുണ്ടായിരുന്നില്ല. ഇപ്പോൾ മൂഡനുസരിച്ച് ഒരുങ്ങാൻ എനിക്ക് ഇഷ്ടാണ്. സ്വയം നോക്കുമ്പോൾ ഞാൻ നല്ല സുന്ദരിയാണ്.
ബോഡിഷെയ്മിങ് നേരിട്ടാൽ എതിർക്കണം എ ന്നാണു തോന്നുന്നത്. കുറഞ്ഞ പക്ഷം ആ പറഞ്ഞത് എന്നെ ബുദ്ധിമുട്ടിച്ചു എന്നെങ്കിലും പറഞ്ഞ ആളിനെ ബോധ്യപ്പെടുത്തണം എന്നൊരു അഭിപ്രായമുണ്ട്. ’’
‘ഒന്നും കഴിക്കാറില്ലേ’ എന്നൊക്കെ സ്ഥിരം കേൾക്കും
അഞ്ജു, അധ്യാപിക,
ഐഡിയൽ പബ്ലിക് സ്കൂൾ, ആലുവ.
മെലിഞ്ഞ ശരീര പ്രകൃതിയാണെനിക്ക്. ചെറുപ്പം മുതലേ ചടങ്ങിനൊക്കെ പോകുമ്പോൾ ‘ഒന്നും കഴിക്കാറില്ലേ?’ എന്നൊക്കെ സ്ഥിരം കേൾക്കും. അതൊക്കെ അന്നേ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഡിഗ്രിക്കു പഠിക്കുന്ന സമയത്ത് ‘ഇത്രയും മെലിഞ്ഞ് ഈ പൊക്കം കൂടി ആയാൽ എങ്ങനെ കല്യാണം ശരിയാകും?’ എന്നൊക്കയായി. പക്ഷേ, വണ്ണം കുറഞ്ഞെന്നു വച്ച് എനിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലായിരുന്നു.
മുതിർന്നപ്പോൾ ഇത്തരം കമന്റുകളിൽ അർഥമില്ലെന്നു തോന്നിത്തുടങ്ങി. ‘സാരി ഉടുത്താൽ കൊള്ളില്ല. ഇന്ന ഉടുപ്പിട്ടാൽ ചേരില്ല.’ എന്നൊക്കെയായിരുന്നു പിന്നത്തെ ‘കരുതൽ’. കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവ് എല്ലാ കാര്യത്തിനും നല്ല സപ്പോർട്ട് ആയിരുന്നു.
ഗർഭിണിയായിരിക്കുമ്പോൾ ആളുകളുടെ കമന്റുകൾ ടെൻഷനടിപ്പിച്ചിട്ടുണ്ട്. അഞ്ചാം മാസത്തിലും എ നിക്കത്ര വയറുണ്ടായിരുന്നില്ല. ആ സമയത്തു വയറിൽ തൊട്ട് ‘ഈശ്വരാ വളർച്ചയുണ്ടോ... വയറൊന്നും കാണുന്നില്ലല്ലോ.’ എന്നു പറഞ്ഞിരുന്നു. അവർ ആ ശ്ചര്യത്തോടെ പറഞ്ഞതാണെങ്കിലും നമുക്ക് ആ സ മയത്ത് അതു പ്രശ്നമാണ്. ഡോക്ടറാണ് അതു കാര്യമാക്കേണ്ട എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചത്. പ്രസവം നോർമൽ ആയിരുന്നു.
ഇന്നത്തെ കുട്ടികൾ അവരുടെ ശരീരത്തെ പറ്റി ആരെങ്കിലും കമന്റ് പറഞ്ഞാൽ ചുട്ട മറുപടി തിരികെ കൊടുക്കുന്നതു കാണുമ്പോൾ സത്യം പറഞ്ഞാ സ ന്തോഷമുണ്ട്. ചിലർ അതു തീർത്തും അവഗണിച്ച് വിടാറുമുണ്ട്. നല്ല കാര്യമെന്നേ പറയാനുള്ളൂ.’’
‘പെണ്ണ് വെളുത്തിരിക്കണം’ എന്നാണ് അവരുടെ സങ്കൽപം
ഷെറിൻ ഗ്ലോറിയ കെ.ജെ.
എസ്.എം.ഇ യൂണിലിവർ, ബെംഗളൂരു.
ചെറുപ്രായത്തിൽ നിറത്തിന്റെ പേരിലാണു ബുദ്ധിമുട്ടു തോന്നിയിരുന്നത്. പ്രധാനമായും അകന്ന ബന്ധുക്കളിൽ നിന്നും മറ്റുമാണു കളിയാക്കൽ. എനിക്ക് ഇരുണ്ട പ്രകൃതമായിരുന്നു. പെണ്ണായാൽ വെളുത്തിരിക്കണം എന്നൊരു സങ്കൽപ്പമാണല്ലോ അന്ന്. കുറച്ചു മുതിർന്നപ്പോഴേക്കും മെലിഞ്ഞിരിക്കുന്നതായി പ്രശ്നം. അതും വീട്ടുകാർക്കല്ല നാട്ടുകാർക്ക്.
കല്യാണം കഴിക്കാൻ ഇന്ന തരത്തിലുള്ള ശരീരപ്രകൃതം വേണം എന്നൊക്കെയാണ് അവർ പറയുക. വീട്ടിൽ നിന്ന് അത്തരം നിർബന്ധമൊന്നുമില്ലാത്തതു കൊണ്ട് അതെന്നെ കാര്യമായി ബാധിച്ചില്ല. പൊതുവേ ഞാൻ എന്റെ കാര്യത്തിൽ വളരെ ആത്മവിശ്വാസമുള്ളൊരാളാണ്. മറ്റുള്ളവരെന്തു പറയുന്നു എന്നൊന്നും അത്രത്തോളം ഗൗനിക്കാറുമില്ല.
ആരോഗ്യവതിയാണെങ്കിൽ നിങ്ങളുടെ ശരീരാകൃതിയോ നിറമോ ഒന്നും ഒരു പ്രശ്നമല്ല. ഇന്നും ചർമത്തിന്റെ നിറത്തെ കുറിച്ചു പെൺകുട്ടികൾ വളരെയധികം ആകുലപ്പെടുത്തതായി തോന്നിയിട്ടുണ്ട്.
പലരും സൗന്ദര്യം വിവരിക്കുമ്പോൾ വെളുത്ത നിറക്കാരെയാണ് അറിഞ്ഞോ അറിയാതെയോ ആദ്യം ഉദാഹരണമായി പറയുന്നത്. അതങ്ങനെയാകാൻ ഒ രുപാടു കാരണങ്ങളുമുണ്ട്. എന്നിരുന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്നു മാറ്റം വരുന്നു. എല്ലാ നിറത്തിനും സ്ഥാനം കൊടുക്കുന്ന പ്രവണത യുവതലമുറയ്ക്കുണ്ട്.