Saturday 07 November 2020 03:48 PM IST

പഠനമികവിന് 18 സ്വർണ മെഡലുകൾ നേടിയ ആദ്യ വിദ്യാർഥി; ബെംഗളൂരു നാഷനൽ ലോ സ്കൂളിൽ ചരിത്ര നേട്ടവുമായി യമുന മേനോൻ ‌

Vijeesh Gopinath

Senior Sub Editor

_BAP3873 ഫോട്ടോ: ബേസിൽ‌ പൗലോ

അഞ്ചു വർഷം മുൻപ്...

കണക്ക് പഠിച്ചു പ്ലസ് ടു ഉന്നത നിലയില്‍ ജയിച്ചാലുടന്‍ എൻജിനീയറിങ്ങിന് മറ്റൊന്നും നോക്കാതെ ഒാടിച്ചെന്നു ചേരുകയാണ് പലരുടേയും പതിവ്. പക്ഷേ, യമുന മേനോൻ ഒരു കടുത്ത തീരുമാനം എടുത്തു. ‘ഞാൻ എൻജിനീയറിങ്ങിന് പോകുന്നില്ല.’

കേട്ടവർ ഒന്നു ഞെട്ടി. ‘ഈ കുട്ടി എന്താണ് ഇങ്ങനെ’ എന്ന് ഒപ്പം പഠിച്ചവരും അധ്യാപകരും സ്വയം ചോദിച്ചു.

ആശങ്ക യമുനയ്ക്കും ഉണ്ടായിരുന്നു. പത്താം ക്ലാസിൽ വച്ച് മനസ്സിലേക്കു കയറിയ ഒരു സ്വപ്നം. ആ മോഹത്തിനു വേണ്ടി കയ്യില്‍ കിട്ടിയ കോഴ്സ് കളയുകയാണോ എന്ന പേടി ഒരു വശത്ത്. സഹപാഠികൾ പുതിയ മേഖലകളിലേക്ക് കടക്കുമ്പോൾ വരാനിരിക്കുന്ന പ്രവേശന പരീക്ഷയ്ക്കു വേണ്ടി കാത്തിരിക്കുന്നതിലെ അനിശ്ചിതത്വം മറുവശത്ത്. ആ കടമ്പ കടന്നു കിട്ടുമോ എന്നു പോലും ഉറപ്പില്ല.   

ആ സ്വപ്നത്തിലേക്കുള്ള പടികളിൽ യമുനയ്ക്ക് കാലിടറിയില്ല. ബെംഗളൂരു നാഷനൽ ലോ സ്കൂള്‍ ഒാഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ തന്നെ എൽഎൽബിക്ക് അഡ്മിഷൻ ലഭിച്ചു.

2020 സെപ്റ്റംബർ

ബെംഗളൂരു നാഷനൽ ലോ സ്കൂളിന്റെ 32 വർഷത്തെ ചരിത്രത്തിൽ യമുന മേനോന്റെ പേര് ഒരധ്യായമായി മാറി. പഠനമികവിന് 18 സ്വർണ മെഡലുകൾ നേടിയ ആദ്യ വിദ്യാർഥി. ആകെ 38 സ്വർണ മെഡലുകളിൽ ഏതാണ്ട് പകുതിയോളം സ്വന്തമാക്കി യമുന അഭിമാനത്തോടെ തലയുയർത്തി നിന്നു.

സ്വപ്നങ്ങൾക്ക് വെയിൽ വെളിച്ചം പോലെ തെളിച്ചമുണ്ടെങ്കിൽ അതു സ്വന്തമാക്കാനുള്ള വഴിയിൽ സംശയങ്ങളുടെ  ഇരുട്ടുണ്ടാകില്ല. ആ പാഠമാണ് യമുനയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്.

പത്താം ക്ലാസുകാരിയുടെ സ്വപ്നം

എറണാകുളം പുതിയകാവിലുള്ള യമുനയുടെ വീടിനടുത്താണ് സീനിയർ അഡ്വക്കറ്റ്  ഇ.എക്സ്. ജോസഫിന്റെ വീട്. അദ്ദേഹമാണ് യമുനയുടെ സ്വപ്നങ്ങളിലേക്ക് നിയമ പുസ്തകങ്ങൾ തുറന്നു വച്ചത്.

‘‘അച്ഛൻ മോഹൻകുമാർ യൂണിയൻ ബാങ്കിലായിരുന്നു. അമ്മ സ്ത്രീ ശാക്തീകരണം ലക്ഷ്യമായുള്ള ഒരു എൻജിഒയുടെ സെക്രട്ടറിയാണ്. അമ്മ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ചെയർമാൻ ആയിരുന്നു ജോസഫ് സാർ. അങ്ങനെയാണ് അദ്ദേഹത്തെ പരിചയം. സുപ്രീം കോടതിയിലെ ദീ ർഘ കാലത്തെ അഭിഭാഷക ജീവിതത്തിനു ശേഷം അങ്കിൾ‌ നാട്ടിൽ തിരിച്ചെത്തിയ സമയം. അദ്ദേഹം എഴുതിയ കവിതകൾ ടൈപ് ചെയ്യാനായി സഹായിക്കാമോ എന്ന് ചോദിച്ചു.

വെക്കേഷൻ സമയം ആയതു കൊണ്ട് ഞാൻ അത് ഏറ്റെടുത്തു. വൈകിട്ടു വരെ അദ്ദേഹത്തിന്റെ വീട്ടിൽ‌. ഇടയ്ക്ക് അദ്ദേഹം വാദിച്ച കേസുകളിലെ അനുഭവങ്ങൾ പറഞ്ഞു തരും. ആ കഥ േകള്‍ക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. ത്രില്ലർ സിനിമ പോലെ. വാദങ്ങളും തെളിവുകളും ട്വിസ്റ്റും എല്ലാം ഉണ്ട്.

ആ കഥകളിൽ നിന്ന് ഒരു കാര്യം മനസ്സിലായി. ഏതു കാര്യത്തിനും രണ്ടു വശമുണ്ട്. കുറ്റാരോപിതനായ ആളുടെ ഭാഗത്തു നിന്ന് വാദിക്കുന്നത് എന്തിനാണെന്ന സംശമായിരുന്നു ആദ്യം. അവർക്കു പറയാനുള്ളതും കേൾക്കണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ജോസഫ് സാർ പറയുന്ന പല പേരുകളും വ ലിയ മഹാന്മാരാണെന്ന്  പിന്നീടാണ് തിരിച്ചറിഞ്ഞത്. അവ  രോടൊക്കെ  ആരാധനയായി.     

ഒറ്റയ്ക്കുള്ള അന്വേഷണങ്ങൾ

സുരക്ഷിതമായ കരിയർ എന്ന ചിന്തയിൽ നിന്നാകാം അച്ഛനും അമ്മയ്ക്കും ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ എന്ന ആഗ്രഹം വന്നത്. നിയമ പഠനവും അതു പോലെ സാധ്യതകൾ ഉള്ള ഒന്നാണെന്ന് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു വെല്ലുവിളി. ഞാൻ ഒറ്റയ്ക്ക് കുറേ വിവരങ്ങൾ ശേഖരിച്ചു.

ഇന്ത്യയിലെ ഏറ്റവും മികച്ച നിയമ പഠന സ്ഥാപനങ്ങളിലൊന്ന് ബെംഗളൂരു നാഷനൽ ലോ സ്കൂളാണെന്ന് കണ്ടെത്തി. അവിടെ നിന്നു പഠിച്ചിറങ്ങിയവർ എവിടെയൊക്കെ ആ ണെന്ന് തിരഞ്ഞു. ക്യാംപസ് പ്ലേസ്മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തി.

ഇതെല്ലാം അച്ഛന്റെയും അമ്മയുടെയും മുന്നിൽ അവതരിപ്പിച്ചപ്പോൾ മനസ്സു മാറി.’’ ഒടുവിൽ യമുന ദേശീയ വിദ്യാ ഭ്യാസ റാങ്കിങ്ങിൽ (എൻ‌െഎആർഎഫ്) നിയമ പഠന മേഖലയിൽ രാജ്യത്തെ ഒന്നാമത്തെ സ്ഥാപനമായ ബെംഗളൂരു നാഷനൽ ലോ സ്കൂളിലേക്ക് എത്തി.  

ബെംഗളൂരു ഡയറി

‘‘ഞാൻ ഒറ്റക്കുട്ടിയാണ്. ആദ്യമായാണ് വീട്ടിൽ നിന്നു മാറി നിന്നത്. മാനസികമായി തളർന്നു പോകുമോ എന്നു ഭയന്നപ്പോൾ സീനിയേഴ്സും അധ്യാപകരും വലിയ പിന്തുണയുമായെത്തി. ക്യാംപസിനു വളരെ ശക്തമായ സപ്പോർട്ടിങ് സിസ്റ്റം ഉണ്ട്. പ്രവേശന പരീക്ഷകളിൽ മുൻപ് നമ്മുടെ അതേ റാങ്ക് നേടിയ സീനിയേഴ്സ് ‘റാങ്ക് പേരന്റ്’ ആണ്, നമുക്ക് വേണ്ട എല്ലാ സഹായവും അവർ ചെയ്യും.    

ശക്തമായ പൂർവവിദ്യാർഥി കൂട്ടായ്മ അവിടെയുണ്ട്. അതിൽ അംഗങ്ങളായ, നിയമരംഗത്ത് വലിയ സ്ഥാനങ്ങൾ വഹിക്കുന്നവരോടു പോലും നേരിട്ടു സംശയങ്ങൾ ചോദിക്കാനും നിർദേശങ്ങൾ തേടാനുമുള്ള അവസരങ്ങളുണ്ട്.

സുപ്രീം കോടതിയിലെയും വിദേശത്തെയും നിയമവിദഗ്ധരുടെ പങ്കാളിത്തവും കോഴ്സിന്റെ നിലവാരം കൂട്ടി. മൂട്ട് കോർട്ട് മത്സരങ്ങളുടെ ഭാഗമായി സിംഗപ്പൂരിലും ലണ്ടനിലും പോകാനായി. യൂത്ത് ഡെലിഗേഷനിൽ രാജ്യത്തെ പ്രതിനിധീകരിച്ച് നേപ്പാളിലും നേതൃപരീശീനത്തിന് ഓസ്ട്രേലിയയിലും പോയി. ഇതെല്ലാം കരിയർ സാധ്യതകളുടെ ലോകം വിശാലമാണെന്ന് പിന്നെയും ബോധ്യപ്പെടുത്തി.

റിസൽറ്റ് വന്നപ്പോൾ‌ നല്ല മാർക്ക് ഉണ്ടാകും എന്നു പ്രതീക്ഷിച്ചിരുന്നു. ക്യാംപസിന്റെ ചരിത്രത്തിലാദ്യമായ ഇത്രയും സ്വർണമെഡൽ നേടുന്ന ആളെന്ന റെക്കോർ‌ഡ് കിട്ടുമെന്നൊന്നും പ്രതീക്ഷിച്ചില്ല.  

അച്ഛനും അമ്മയ്ക്കും ഒരുപാടു സന്തോഷമായി. കുട്ടിക്കാലത്തേ എന്നെ  മത്സരങ്ങളിൽ  പങ്കെടുപ്പിക്കുന്നത് അച്ഛന് ഒരുപാട് ഇഷ്‍ടമായിരുന്നു. അതൊക്കെ സ്റ്റേജിനോടും   സംസാരിക്കാനുമൊക്കെയുള്ള പേടി ഇല്ലാതാക്കി.  

കേംബ്രിജിലേക്ക്

പ്രാക്ടീസിലേക്ക് തിരിയാതെ ഇനിയും പഠിക്കാൻ തന്നെയാണ് ഞാൻ തീരുമാനിച്ചത്. കേംബ്രിജ് സർവകലാശാലയിലെ ട്രിനിറ്റി കോളജിൽ എൽഎൽ‌എം പഠിക്കാൻ സ്കോളർഷിപ്പോടെയാണ് അഡ്മിഷൻ കിട്ടിയത്. ഇവിടെ എൽഎൽഎം ചെയ്യണമെന്ന് വലിയ സ്വപ്നമായിരുന്നു.

എന്നാൽ അതിന് ഒരുപാട് പ്രതിസന്ധികളും ഉണ്ടായിരുന്നു. ഇന്ത്യക്കാർക്ക് അഡ്മിഷൻ ലഭിക്കാൻ പ്രയാസമാണെന്ന് സീനിയേഴ്സ് പലരും പറഞ്ഞു. അതുപോലെ യുകെയിലെ പഠനച്ചെലവ് വളരെ കൂടുതലാണ്. സ്കോളർഷിപ് കിട്ടിയില്ലെങ്കിൽ ഈ സ്വപ്നം നടക്കില്ലായിരുന്നു. ദൈവം സഹായിച്ചു, ഇനി ലണ്ടനിൽ പോയി പഠിക്കാം.’’ യമുന പറയുന്നു.

കരിയർ സാധ്യതകൾ

നിയമ പഠനത്തിലെ സാധ്യതകൾ വളർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ കോളജ് തിരഞ്ഞെടുക്കുന്നതു മുതൽ ജോലി തിരയുന്നതിൽ വരെ നിങ്ങളുടെ താൽപര്യത്തിന് മുന്‍ഗണന നൽകുക. അതാണ് വിജയത്തിലേക്കുള്ള ആദ്യ ചുവട്. ഉദാഹരണത്തിന് കേരളത്തിൽ തന്നെ മികച്ച കോളജുകൾ ഉണ്ട്. പ്ലേസ്മെന്റ് സാധ്യതകളുള്ള ക്യാംപസുകൾ തിരഞ്ഞെടുക്കുക.

കോടതിയിലുള്ള പ്രാക്ടീസ് മാത്രമല്ല കരിയർ ഓപ്ഷൻ. അധ്യാപനം, നിയമ സ്ഥാപനങ്ങൾ, കമ്പനികളുടെയും ബാങ്കുകളുടെയും ഒൗദ്യോഗിക നിയമോപദേശകർ, നിയമ വ്യവസ്ഥകൾക്ക് രൂപം നൽകുന്ന ജോലികൾ... തുടങ്ങി ഒട്ടേറെ അവസരങ്ങളുണ്ട്.