Saturday 07 December 2019 04:18 PM IST : By N Prashanth IAS

‘പഠിച്ചതേ ഞാൻ ചെയ്യൂ എന്ന് ചിന്തിക്കാതെ, എല്ലാം ചെയ്യാൻ തയാറാകുന്ന ആറ്റിറ്റ്യൂഡ് കൂടി വേണം!’

career0huhnj

‘‘അച്ഛനും അമ്മയും കണ്ണൂർ ജില്ലക്കാരാണെങ്കിലും ഞാൻ പഠിച്ചത് തിരുവനന്തപുരത്താണ്. അമ്മ രാധ ഡോക്ടറായിരുന്നു, അച്ഛൻ പി.വി. ബാലകൃഷ്ണൻ ഐഎസ്ആർഒയിൽ എൻജിനീയറും. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം അമ്മ എന്തോ ആവശ്യത്തിനു മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ കാണാൻ പോയപ്പോൾ എന്നെയും കൂട്ടി. ഞങ്ങളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അവർ എന്തോ പറഞ്ഞു. കാര്യം നടക്കില്ല എന്നു മാത്രമാണ് മനസ്സിലായത്.

പിന്നെ, പോയത് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറെ കാണാൻ. ഒടുവിൽ സെക്രട്ടേറിയറ്റിലേക്ക്, ഹെൽത്ത് സെക്രട്ടറിയെ കാണാൻ. അവിടെ വച്ചു കണ്ട് ഉദ്യോഗസ്ഥൻ മുൻപു കണ്ടവരിൽ നിന്നു വ്യത്യസ്തമായി ഇരിക്കാൻ കസേര തന്നു, പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടു. അദ്ദേഹത്തിന്റെ പെരുമാറ്റം എനിക്ക് ഒരുപാട് ഇഷ്ടമായി. തിരിച്ചിറങ്ങുമ്പോൾ അമ്മയോടു ചോദിച്ചു, ‘കൂട്ടത്തിൽ ഏറ്റവും പവർഫുളായ ആളല്ലേ ഇത്. പക്ഷേ, അദ്ദേഹമാണല്ലോ മര്യാദയ്ക്കു പെരുമാറിയത്.’ പുറത്തുവച്ച ബോർഡിലെ പേര് ആരാധനയോടെ വായിച്ചു, പേരിന്റെ അറ്റത്ത് ഐഎഎസ്, എന്റെ മനസ്സിലൊരു ലഡു പൊട്ടി. ആ ലഡു പിന്നെ വിതരണം ചെയ്തതും തിന്നതുമൊക്കെ 2006ലെ സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോഴാണ്.

സ്കൂൾകാലത്ത് സിനിമാട്ടോഗ്രഫർ ആകണം എന്നായിരുന്നു മോഹം. എന്റെ സ്കൂളിൽ നിന്നു പഠിച്ചിറങ്ങിപ്പോയ, ഞങ്ങളുടെയൊക്കെ ആരാധ്യനായിരുന്ന സംവിധായകനും ക്യാമറാമാനുമായ സന്തോഷ് ശിവനായിരുന്നു ആ മോഹത്തിനു പിന്നിൽ. പഠിത്തത്തിലും കരിയറിലും ചാഞ്ചാട്ടം എനിക്കുണ്ടായിരുന്നു. മെഡിസിനു ചേർന്നെങ്കിലും പിന്നെ അതുപേക്ഷിച്ച് തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ എൽഎൽബിക്കു ചേർന്നു. പഠിത്തം കഴിഞ്ഞ് എൻറോൾ ചെയ്യും മുൻപേ സിവിൽ സർവീസിൽ കയറി.

അഭിരുചി മാത്രമല്ല

ഇക്കാലത്ത് ജോലി ചെയ്യാനുള്ള അവസരങ്ങൾ സർക്കാർ സർവീസിനെക്കാൾ കൂടുതൽ പ്രൈവറ്റ് സെക്ടറിൽ ആണെന്നു കാണാം. ഏറ്റവും കൂടുതൽ ഇന്ററസ്റ്റിങ് ആയ ജോലികൾ, ശമ്പളത്തിന്റെ കാര്യത്തിലും വ്യത്യസ്തതയുടെ കാര്യത്തിലും സ്വകാര്യ മേഖലയാണ് മുന്നിട്ടു നിൽക്കുന്നത്. അതിൽത്തന്നെ വളരെ ഉയർച്ച കാണിക്കുന്നതും താഴേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുന്നതുമായ മേഖലകളുണ്ട്.  ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങളാണ് പ്രധാന കാരണം. ഈ മാറ്റങ്ങൾ മനസ്സിലാക്കി വേണം നമുക്ക് യോജിച്ച മേഖല തിരഞ്ഞെടുക്കാൻ.

കംപ്യൂട്ടർ വന്നകാലം

കംപ്യൂട്ടറുകൾ വരുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ കംപ്യൂട്ടർ എൻജിനീയറിങ്ങോ കംപ്യൂട്ടർ അനുബന്ധ വിഷയമോ പഠിക്കുന്നതിന്റെ സ്കോപ് ആരും കണ്ടുകാണില്ല. എന്നാൽ തൊണ്ണൂറുകൾക്കു ശേഷം ഏറ്റവും തൊഴിൽ സാധ്യത വന്നത് കംപ്യൂട്ടർ രംഗത്താണ്. സിവിലും  മെക്കാനിക്കലും  പഠിച്ചവർ വരെ കംപ്യൂട്ടർ പ്രോഗ്രാമിങ്ങിലേക്കു പോയി. അഭിരുചി ഒരു വശത്തു നിൽക്കട്ടെ, പഠിച്ച വിഷയത്തെക്കാളും തൊഴിൽ സാധ്യതയാണ് യുവാക്കളുടെ ചിന്തയെ സ്വാധീനിച്ചത്.

ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ (AI) കാലമാണിത്. ചൈനയിൽ നമ്മുടെ ടെക്നോപാർക്കും ഇൻഫോപാർക്കും പോലെയുള്ള സ്പെഷൽ സോണുകൾ ഉണ്ട്. ഫുള്ളി ഓട്ടമാറ്റിക് ആയ ഡ്രൈവർ ഇല്ലാത്ത കാറുകളും ആളുകൾ  ഇല്ലാത്ത കാഷ് കൗണ്ടറും  വെയിറ്റർ ഇ ല്ലാത്ത റസ്‌റ്ററന്റുമൊക്കെ അവിടെയുണ്ട്. റോബട്ടുകളാണ് അവിടെയൊക്കെ ജോലി ചെയ്യുന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫെയ്സ് റെക്കഗ്‌നിഷൻ വഴി ഇടപാടുകൾ നടത്തുന്ന സംവിധാനം വരെ ആയി. അപ്പോൾ കാഷ്യറുടെയും വെയിറ്ററുടെയും അക്കൗണ്ടന്റിന്റെയും ജോലി പോയെന്നു മാത്രമല്ല, മെഷീൻ ഓടിക്കുന്ന കാറിൽ ആക്സിഡന്റ് കുറവാകുമ്പോൾ ഹോസ്പിറ്റലിലെ ഡോക്ടറിനും ഇൻഷുറൻസ് ഏജന്റിനുമൊക്കെ ജോലി കുറയും. ബിഎംഡബ്ല്യുവും ചൈനീസ് ടെക് വമ്പനായ ബൈഡുവും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവറില്ലാ കാറുകൾ റോഡിലിറക്കിയത് അടുത്തിടെയാണ്. ഇതൊന്നും വ്യാപകമാകാൻ അധികസമയം വേണ്ട. AI ചില തൊഴിൽ മേഖലകളെ തളർത്തുമ്പോൾ ചില തൊഴിൽ മേഖലകളെ വളർത്തും. മാറിവരുന്ന ഈ ട്രെൻഡുകൾ നിരീക്ഷിക്കുന്ന ആളിനേ ശരിയായ കരിയർ തീരുമാനിക്കാൻ പറ്റൂ.

1930കളിലാണ് കുതിരവണ്ടിയിൽ നിന്ന് മോട്ടോർ കാറിലേക്കുള്ള മാറ്റം. അന്ന് കുതിര ഓടിക്കാൻ പഠിക്കണോ ഡ്രൈവിങ് പഠിക്കണോ എന്നായിരുന്നു ചോദ്യം. എല്ലാ സമയത്തും ഇ തുപോലുള്ള ചോദ്യങ്ങൾ വരും. ഏതൊക്കെ ജോലി ഇല്ലാതാകുമെന്നും ഏതൊക്കെ നിത്യഹരിത നായകന്മാരായി തുടരും എന്നും തിരിച്ചറിയുന്നതാണ് കാര്യം. മൂന്നുനാലു വർഷം കഷ്ടപ്പെട്ട് പഠിച്ച് ഇറങ്ങുമ്പോൾ ആ തൊഴിൽ തന്നെ ഇല്ലാതായാലോ? അത്ര സ്പീഡിലാണ് ടെക്നോളജി വളരുന്നത്.

ഹോബിക്ക് ഒന്നാം സ്ഥാനം

എഴുതാനും പാട്ടു പാടാനുമൊക്കെ ഉണ്ടായിരുന്ന താൽപര്യത്തെ ഹോബി എന്ന് പറഞ്ഞ് രണ്ടാംസ്ഥാനത്തു നിർത്തി പണ്ടൊക്കെ. ഇന്നത്തെ കാലത്ത് അതിനാണ് വില. ഇന്നവേഷനും ക്രിയേറ്റിവിറ്റിയും ഒറിജിനാലിറ്റിയുമൊക്കെ വേണ്ടിവരുന്ന മേഖലകളാണ് ഇനി ബാക്കിയുണ്ടാകുക എന്നു തോന്നുന്നു. വളരെ സ്പെസിഫിക് ആയി പോകാതെ, ജനറൽ ആയി, വിശാലമായി പഠിക്കേണ്ട കാലം കൂടിയാണ് വരുന്നത്. നമുക്ക് സ്പെസിഫിക് അറിവുള്ള മേഖല ഇല്ലാതായാൽ അതോടെ നമ്മളും തീർന്നു പോകും. നമുക്ക് എന്താണ് വേണ്ടത്, നമ്മുടെ ടേസ്റ്റ് എന്താണ്, ചുറ്റുപാടുമുള്ള ഈ ലോകത്തിൽ നമ്മുടെ ക്വാളിറ്റി വച്ച് എങ്ങനെ മാർക്കറ്റബിൾ വാല്യൂ ഉണ്ടാക്കിയെടുക്കാം എന്നൊക്കെയാണ് പഠിക്കേണ്ടത്. ഈ Match Making നടന്നാൽ പിന്നെ ആ വഴിയിലേക്ക് അധ്വാനവും പരിശ്രമവും നീക്കി വയ്ക്കാം.

നമ്മുടെ കഴിവു സംബന്ധിച്ച തൊഴിൽ മേഖല ഉണ്ടാകണമെന്നു നിർബന്ധമില്ല. ചിലർക്കു ചൂളമടിച്ചു പാടാനാകും കഴിവുണ്ടാകുക. അതിനെ മാർക്കറ്റബിൾ ആക്കാൻ പറ്റുമോ എന്ന് സംശയമാണ്. ആ സാഹചര്യത്തിൽ പ്രായോഗികമായ കോംപ്രമൈസ് വേണ്ടിവരും. എന്നുകരുതി പൂർണമായും  മാർക്കറ്റിന് കീഴടങ്ങുകയല്ല വേണ്ടത്, ഫൈൻ ബാലൻസാണ്.

ഇന്ത്യയിൽ ഒട്ടും ചർച്ച ചെയ്യപ്പെടാത്ത രണ്ടു വിഷയങ്ങളാണ് ഫ്ലെക്സിബിലിറ്റിയും മ ന്യുവെറെബിലിറ്റിയും. ഇവിടെ ഒരാൾ എൻജിനീയറിങ് പഠിച്ചാൽ ജീവിതകാലം മുഴുവൻ അ യാളെ എൻജിനീയർ ആയേ കാണു. ഡൈനാമിക്കായി കരിയറിൽ മൂവ് ചെയ്യാനുള്ള അവസരങ്ങൾ കുറവാണ്. പക്ഷേ, മാറിവരുന്ന സാഹചര്യത്തിൽ നിലനിൽപിന് അതൊക്കെ വേ ണം. എൻജിനീയറിങ് കഴിഞ്ഞ ആളിൽ നിന്നൊക്കെ ഒട്ടും പ്രതീക്ഷിക്കാത്ത ടാലന്റ് വരും കാലത്ത് വേണ്ടിവരും. Up–skilling  അല്ലെങ്കിൽ Side–skilling എന്നാണ് ഇതിനെ പറയുന്നത്.

സോവിയറ്റ് റഷ്യ തകർന്ന കാലത്ത് ന്യൂക്ലിയർ ശാസ്ത്രജ്ഞന്മാർ പോലും ടാക്സി ഓടിച്ചു വരുമാനം കണ്ടെത്തി എന്ന് കേട്ടിട്ടുണ്ട്. പഠിച്ചതേ ഞാൻ ചെയ്യൂ എന്ന് ചിന്തിക്കാതെ എല്ലാം ചെയ്യാൻ തയാറാകുന്ന തരത്തിൽ ആറ്റിറ്റ്യൂഡ് കൂടി വേണം.

ഇതൊന്നും കൂടാതെ, എന്തിനാണ് ഒരു പ്രത്യേക മേഖല തിരഞ്ഞെടുക്കുന്നത് എന്ന് ഇടയ്ക്കിടെ സ്വന്തം മനസ്സാക്ഷിയോടു ചോദിച്ച് ഉറപ്പു വരുത്തുന്നതും നല്ലതാണ്. ലോകത്ത് തൊഴിൽ മേഖലകളും ജോലികളും പലതുമുണ്ടെങ്കിലും ജീവിതം ഒന്നല്ലേയുള്ളൂ?.’’

മാർക്കല്ല പ്രധാനം

‘ഇപ്പോഴും മാർക്കും ഉയർന്ന സ്കോറും തന്നെയാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ അളവുകോൽ. അക്കാദമിക് ആയ ജയമാണ് എല്ലാം എന്നു വിശ്വസിക്കുന്നതു ശരിയല്ല. പരാജയപ്പെടാനും  പഠിക്കണം. എങ്ങനെ പരാജയപ്പെടുന്നു, എങ്ങനെ ജയിക്കുന്നു (‘How you do it’) എന്നതാണ് പ്രധാനം. പല കമ്പനികളും വളരെ ഹൈ മാർക്ക് ഉള്ളവരെ റിക്രൂട്ട് ചെയ്ത് എടുക്കാറില്ല. ലോകത്ത് മറ്റൊന്നിനെക്കുറിച്ചും അറിയാതെ, പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചിട്ടാണ് ഇത്ര മാർക്ക് കിട്ടിയത് എന്ന് അറിയാവുന്നതു കൊണ്ടാണ് അവരെ വേണ്ടാത്തത്. അങ്ങനെയല്ലാത്ത, Balanced ആയ ആളുകളെ ആണ് മിക്കവർക്കും വേണ്ടത്. ആ ബാലൻസിങ് സിവിൽ സർവീസ് മോഹമുള്ളവർക്കും വേണം.’