Saturday 30 October 2021 03:25 PM IST

‘ഞാൻ തലയിൽ വച്ചിരുന്ന ഹെയർബോ ഊരി അമ്മ കാണാതെ അവർക്കരികിൽ വച്ചുകൊടുത്തു’; ജോളി ജോൺസൺ നയിക്കുന്ന ‘എച്ടുഒ’ എന്ന കൂട്ടായ്മ പിറന്നത് ഇങ്ങനെ

Tency Jacob

Sub Editor

DSCF7331 ഫോട്ടോ: അരുൺ സോൾ

എന്താണ് സന്തോഷം? ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണത്തിൽ നിന്നാണ് ജോളി ജോൺസൺ നയിക്കുന്ന  ‘എച്ടുഒ’ എന്ന കൂട്ടായ്മയുടെ പിറവി

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയുമൊത്തു ഒരു കല്യാണത്തിനു പോയി. തിരിച്ചു വരുന്ന വഴി അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിൽ കയറി.’’ തിരുവനന്തപുരം മേനാങ്കുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹെൽപിങ് ഹാൻഡ്സ് ഓർഗനൈസേഷൻ (എച്ടുഒ) എന്ന എൻജിഒയുടെ സ്ഥാപകയും ഡയറക്ടറുമായ ജോളി ജോൺസൺ ഓർമയുടെ കൈപിടിച്ച് ബാല്യത്തിലേക്കോടി. നിരവധി പേർക്ക് പ്രകാശമായി മാറിയ ‘എച്ടുഒ’ എന്ന സ്ഥാപനത്തിലേക്ക് നയിച്ച കഥ പറഞ്ഞു. കാരുണ്യത്തിന്റെ ഒരു തുള്ളി പ്രകാശം തൊട്ട അനുഭവം.

‘‘അമ്മയും കൂട്ടുകാരിയും വലിയ വർത്തമാനത്തിലാണ്. ഞാൻ വീട്ടിൽ ചുറ്റിനടക്കുമ്പോളാണ് അകത്തെ മുറിയിൽ നിന്നൊരു ശബ്ദം കേട്ടത്. ചെന്നു നോക്കിയപ്പോൾ എന്നേക്കാൾ മുതിർന്ന ഒരു പെൺകുട്ടി താഴെ കിടക്കയിൽ കിടക്കുന്നു. വായിൽ നിന്നു തുപ്പലൊക്കെ ഒലിക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ ആ കുട്ടി ആശ്ചര്യത്തോടെ നോക്കി. പരിചയമില്ലാത്തതുകൊണ്ടാകും എന്നെനിക്കു തോന്നി. പക്ഷേ, എന്റെ തലയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അപ്പോഴേക്കും അമ്മയും കൂട്ടുകാരിയും അവിടെ എത്തി. ഞാൻ തലയിൽ വച്ചിരുന്ന ഹെയർബോ ഊരി മുറിയിൽ നിന്നിറങ്ങുന്നതിനിടെ അമ്മ കാണാതെ അവർക്കരികിൽ വച്ചുകൊടുത്തു. ആ പെൺകുട്ടിയുടെ ആഹ്ലാദശബ്ദങ്ങൾ പടി വരേയും എന്നെ പിന്തുടർന്നു.

അവിടെ വച്ചാണ് ആദ്യമായി ഞാൻ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയെ കാണുന്നത്. സെറിബ്രൽപാൾസിയായിരുന്നു അവർക്ക്. അവരോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നൊന്നും എനിക്കു അറിയില്ലായിരുന്നു. ഞാൻ കിട്ടുന്ന പൈസയെല്ലാം കൂട്ടി വച്ചു ഒരു വീൽചെയർ വാങ്ങിക്കൊടുത്തു. അതു ചെയ്തപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഇന്നും ‘എന്താണ് സന്തോഷം’ എന്ന ചോദ്യത്തിന് എന്റെ കയ്യിൽ ഉത്തരം ഒന്നേയുള്ളൂ. ഇതുപോ ലെയുള്ള കുട്ടികളുടെ മുഖത്തു ചിരി വിടർത്തുന്ന എന്തെങ്കിലും ചെയ്യുക.

കാരുണ്യത്തിന്റെ വഴിയേ നടക്കണമെന്ന മോഹം കുട്ടിക്കാലത്തെ ഉണ്ടായിരുന്നു. കന്യാസ്ത്രീയാകണം എന്നായിരുന്നു ആഗ്രഹം. പ്ലസ്ടു കഴിഞ്ഞ് മഠത്തിൽ ചേർന്നു. അപ്പോഴാണ് അമ്മയ്ക്ക് അസുഖം വന്നത്. അങ്ങനെ സന്യസ്ത ജീവിതം എന്ന മോഹം ഉപേക്ഷിക്കേണ്ടി വന്നു. അമ്മ രാജമ്മ അങ്കണവാടി ടീച്ചറായിരുന്നു. പപ്പ ജോൺസനു ഗവൺമെന്റ് പ്രസ്സിലായിരുന്നു ജോലി. രണ്ടു ചേട്ടൻമാരുണ്ട്. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അമ്മ മരിച്ചു.പക്ഷേ, വെളിച്ചം പകരുന്ന വഴിയേ നടക്കണമെന്ന ആഗ്രഹം  മനസ്സിൽ ശക്തമായി തുടർന്നു. അങ്ങനെയാണ്  സെറിബ്രൽ പാൾസി, ഓട്ടിസം, ബുദ്ധിമാന്ദ്യം, പെരുമാറ്റ വൈകല്യം എന്നീ പ്രശ്നങ്ങളുള്ള കുട്ടികളെ തെറപികളിലൂടെ പുനരധിവസിപ്പിക്കുന്ന ഹെൽപിങ് ഹാൻഡ്സ് ഒാർഗനൈസേഷൻ എന്ന എൻജിഒ തുടങ്ങുന്നത്.

DSCF7252

ട്യൂഷൻ ക്ലാസിൽ തുടക്കം

തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിലായിരുന്നു പഠനം. പത്താംക്ലാസ് മുതൽ ട്യൂഷൻ എടുക്കുമായിരുന്നു. മിക്ക കുട്ടികളെയും ഫീസ് വാങ്ങാതെയാണ് പഠിപ്പിച്ചിരുന്നത്. കിട്ടുന്ന വരുമാനം സേവനപ്രവർത്തനങ്ങൾക്ക് ഉള്ള മൂലധനമാക്കും. എംഎസ്‍സി ബോട്ടണിയും എംഎ സോഷ്യോളജിയും എംബിഎയും പൂർത്തിയാക്കി. സിവിൽ സർവീസ് മോഹവുമായാണ് റോട്ടറി ക്ലബ് യൂത്ത് വിങ്ങിന്റെ കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ ചേർന്നത്. പക്ഷേ, പിന്നെ താൽപര്യം അവരുടെ കമ്യൂണിറ്റി സർവീസിലായി. ഭി ന്നശേഷിക്കാർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളായിരുന്നു കൂടുതലും.  

ആ സ്വപ്നത്തിന്റെ പിന്നാലെ

ഭിന്നശേഷിക്കാരായ കുട്ടികളെ അടച്ചു പൂട്ടിയിടാതെയുള്ള ഒരിടം. അവർക്ക് പഠിക്കാനും സന്തോഷത്തോടെ വളരാനും കഴിയണം. ആ സ്വപ്നത്തിലേക്ക് എത്താൻ ഒരുപാടു കഷ്ടപ്പെടേണ്ടി വന്നു. വീടിന്റെ എതിർവശത്തുള്ള പാപ്പാറ ഹെൽത് സെന്ററിലെ വയസ്സായവരെ നോക്കികൊണ്ടായിരുന്നു തുടക്കം. അവിടെയുള്ളവരെ കുളിപ്പിക്കുക, നഖം വെട്ടികൊടുക്കുക എന്നതൊക്കെയായിരുന്നു ജോലി. വീട്ടിൽ നിന്നു പിന്തുണ കുറവായിരുന്നു. ഒരു ഘട്ടത്തിൽ വീട്ടിൽ നിന്നിറങ്ങേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോൾ എല്ലാവരും നല്ല പിന്തുണയാണ് നൽകുന്നത്.

DSCF7379

2012 ലായിരുന്നു വിവാഹം. അതേ വർഷം തന്നെയാണ് എച്ടുഒയും തുടങ്ങുന്നത്. കാര്യവട്ടത്ത് ഒരു വീട് വാടകയ്ക്കെടുത്തു. സമീപപ്രദേശങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കാൻ തുടങ്ങി. രണ്ടു പേരിൽ തുടങ്ങി 78 പേരിലെത്തി നിൽക്കുന്നു. കോവിഡ് കാരണം ഇപ്പോൾ ഒാൺലൈൻ ക്ലാസുകളാണ്.

റെഗുലർ ക്ലാസുകൾ ഉണ്ടായിരുന്ന സമയത്ത് ആഴ്ചാവസാനങ്ങളിൽ അവരുടെ സഹോദരങ്ങളെ കൂടി കൂട്ടിവരാൻ പറയുമായിരുന്നു. സാധാരണ കുട്ടികളോടൊപ്പം ഇടപഴകുമ്പോൾ ഭിന്നശേഷിക്കാർക്കു വളരെയധികം മാറ്റമുണ്ടാകാൻ തുടങ്ങി.

ഓട്ടിസം ഗുരുതരമായി ബാധിച്ച  ഒരു കുട്ടിയുണ്ടായിരുന്നു. സ്വന്തം കയ്യൊക്കെ കടിക്കും. വേറൊരു കുട്ടിക്ക് പാടുമ്പോൾ താളം പിടിക്കണം. ഇവരോടെല്ലാം സാധാരണ കുട്ടികൾ ഇടപെടുന്ന  കാഴ്ച അതിമനോഹരമാണ്. ടീച്ചർമാ ർ പഠിപ്പിക്കുന്നതിനേക്കാൾ ഭംഗിയായി ഇവരെ പഠിപ്പിക്കുന്നത് സാധാരണ കുട്ടികളാണ്.

DSCF7275

അന്നം പകരുന്ന സഞ്ജീവനി

ഈ കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങൾക്കോ അടുത്ത വീടുകളിലുള്ളതോ ആയ വയസ്സായവർക്കും സുഖമില്ലാതിരിക്കുന്നവർക്കും വേണ്ടി സഞ്ജീവനി പദ്ധതിയും തുടങ്ങിയിട്ടുണ്ട്. അവർക്കെല്ലാം ആയിരം രൂപയുടെ കിറ്റ് എല്ലാ മാസവും നൽകും. എല്ലാവരേയും സന്ദർശിക്കാൻ മാസത്തിലൊരു ദിവസം നിർബന്ധമായും പോകും. വർഷത്തിലൊരിക്ക ൽ മെഗാമെഡിക്കൽ ക്യാംപും നടത്തുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി കാ ർണിവൽ നടത്താറുണ്ട്. ഇപ്പോൾ അത് ഓൺലൈൻ ക്യാംപയിനായി മാറി.

മണ്ണ് തൊട്ട് വളരാം

വെള്ളമില്ലാതെ ഒരു ജീവജാലങ്ങളും നിലനിൽക്കില്ലല്ലോ.അതുപോലെയായിരിക്കണം സമൂഹത്തിൽ എച്ച്ടുഒയുടെ ഓരോ ഇടപെടലും എന്നാണ് ആഗ്രഹം. വിദ്യാഭ്യാസവും  കൃഷിയും ചേർന്ന ഒരു ഗ്രാമം  നട്ടു പിടിപ്പിക്കുക. എന്റേതായുള്ള ഒരു മോഡൽ സമൂഹത്തിനു കാണിച്ചു കൊടുക്കണമെന്നു ആഗ്രഹമുണ്ട്.

2016 ലാണ് കാര്യവട്ടത്തു നിന്നു മേനാംകുളത്തുള്ള ഈ ഓഫിസിലേക്കെത്തുന്നത്. ഇവിടെ കൃഷി തുടങ്ങിയപ്പോ ൾ എല്ലാവരും ഉപദേശിച്ചു.‘ഫലങ്ങളെല്ലാം ആളുകൾ മോഷ്ടിച്ചു കൊണ്ടുപോകും.’പക്ഷേ, ഇന്നുവരെ അങ്ങനെയൊരു അനുഭവമുണ്ടായിട്ടേയില്ല.

ഭിന്നശേഷിക്കാർക്കായി പ്രകൃതിയുമായി  ബന്ധിപ്പിച്ചു  കൊണ്ടു പലവിധ തെറപികൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. സീറോ കാർബൺ ഏരിയ പ്രധാന പദ്ധതിയാണ്. മുളകൾ നട്ടുപിടിപ്പിച്ചു അതിലൂടെ വഴിയുണ്ടാക്കിയിടും. നടക്കാനുള്ള ആ വഴിത്താരയിൽ പലതരത്തിലുള്ള കല്ലുകൾ,മണ്ണ് എന്നിങ്ങനെ കാലിനെ സെൻസു െചയ്യിക്കുന്ന കാര്യങ്ങൾ സ്ഥാപിക്കും. ചിത്രശലഭങ്ങളെ ആകർഷിക്കാൻ പലതരം ചെടികളും വളർത്തുന്നുണ്ട്.

DSCF7375

കുട്ടികൾ ഇതിലൂടെ നടക്കുന്നതു തന്നെ നല്ലൊരു തെറപിയാണ്. കൃഷിപ്പണികളുടെ ഭാഗമാകുന്ന കുട്ടികൾക്ക് അവർ ചെയ്യുന്ന ജോലിക്കു ചെറിയൊരു വരുമാനം കൊടുക്കുന്നുണ്ട്. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്താൻ #methechange എന്ന പ്രോഗ്രാം വൊളന്റിയർമാരുടെ സഹായത്തോടെ നടത്തുന്നുണ്ട്.

ഞാൻ ജോലി ചെയ്തു കൂട്ടി വച്ച പൈസയിൽ നിന്നാണ് ‘എച്ച്ടുഒ’ തുടങ്ങിയത്. രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും കയ്യിലുണ്ടായിരുന്ന പണം തീർന്നു. സുഹൃത്തുക്കളുടേയും കമ്പനികളുടെയും പിന്തുണയിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്.

യോഗിത, അജീഷ്, നബേന്ദു, സജ്ന അലി എന്നിവരെ പോലെ ഒരുപാട് സുഹൃത്തുക്കൾ എനിക്കൊപ്പമുണ്ട്. പിന്നെ, കേരളത്തിലുള്ള ആയിരക്കണക്കിനു  വൊളന്റിയർമാ രും. എച്ച്ടുഒയിലുള്ള പല വൊളന്റിയർമാരും നല്ല ശമ്പളമുള്ള ജോലിയൊക്കെ ഉപേക്ഷിച്ച് സേവനത്തിനിറങ്ങിയവരാണ്. ദുരന്തബാധിത പ്രദേശങ്ങളിലും കോവിഡ് പോലു ള്ള പ്രതിസന്ധി ഘട്ടങ്ങളിലും ഞങ്ങൾ സജീവമാണ്.  

ഭിന്നശേഷിക്കാരായ കുട്ടികൾക്കിടയിൽ നടത്തുന്ന ഈ സന്നദ്ധപ്രവർത്തനങ്ങൾക്ക് തൊണ്ണൂറാമത് കോമൺവെ ൽത്ത് ‘പോയിന്റ്സ് ഓഫ് ലൈറ്റ്’ പുരസ്കാരവും ലഭിച്ചു.

ചാരിറ്റബിൾ സൊസൈറ്റി ആയാണ് എച്ച്ടുഒ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ശരിയായ സംവിധാനമൊരുക്കാൻ ക ഴിയാത്തതു കൊണ്ടാണ് ഇത്തരം പലശ്രമങ്ങളും പാതിവഴിയിൽ അവസാനിച്ചു പോകുന്നത്. അങ്ങനെയാകാതിരിക്കാനുള്ള കരുതൽ തുടക്കം മുതലുണ്ട്.’’

DSCF7364