Saturday 31 August 2024 04:32 PM IST : By സ്വന്തം ലേഖകൻ

തിളങ്ങുന്ന പാടുകളില്ലാത്ത ചർമം തരുന്ന പ്ലാസ്റ്റിക് സർജറി, ബിടിഎസിന്റെ നാട്... തലയ്ക്കു പിടിക്കുന്ന കൊറിയൻ ഇഷ്ടങ്ങൾ

bts-korean

കൊറിയൻ ആൽബങ്ങളോടുള്ള ഭ്രമം കാരണം പരീക്ഷയിൽ മാർക്കു കുറഞ്ഞ കൗമാരക്കാരി ആത്മഹത്യ ചെയ്തു. കൊറിയയിലെ കാര്യമെന്തിനാ ഇവിടെ പറയുന്നതെന്ന് ചോദിക്കരുത്. കൊറിയൻ ആൽബങ്ങൾ തലയ്ക്കു പിടിച്ചിരിക്കുന്നത് അവിടുള്ളവർക്കല്ല, കേരളത്തിലെ കൗമാരക്കാർക്കാണ്.

തലയ്ക്കു പിടിക്കാൻ മാത്രം എന്താണ് ഈ കൊറിയയുടെ പ്രത്യേകത എന്നെങ്ങാനും പിള്ളേരോട് ചോദിച്ചാലോ. കണ്ണുമിഴിച്ച്, കൈചൂണ്ടി അവർ ഉറക്കെ ചോദിക്കും. ‘‘അവരെ പോലെ സുന്ദരികളും സുന്ദരന്മാരും വേറെ എവിടെയുണ്ട്. ലുക്സ് മാത്രമല്ല, അവരുടെ പാട്ടിലെ വരികളും ജീവിതത്തെ കുറിച്ച് പ്രതീക്ഷ തരുന്നതാണ്. ആ പെൺകുട്ടി മരിച്ചതിനു പിന്നിൽ വേറെന്തെങ്കിലും കാരണം കാണും. അല്ലാതെ ഞങ്ങളുടെ കൊറിയയെ കുറ്റം പറഞ്ഞാലുണ്ടല്ലോ... ല്ലോ...’’

ഇന്ത്യയിൽ നിന്നു പറന്നുയർന്നാൽ ‘അരപകൽ’ ദൂരമേയുള്ളൂ ഈ രാജ്യത്തേക്ക്. സത്യത്തിൽ കൊറിയയും കേരളവും ആരംഭിക്കുന്നത് ‘ക’ എന്ന അക്ഷരത്തിലാണെന്ന ഒറ്റ സാമ്യമേ ഉള്ളൂ രണ്ടും തമ്മിൽ. പക്ഷേ, സൈയുടെ ഗന്നം സ്റ്റൈൽ പാട്ടുകളിലൂടെ വളർന്ന് ബിടിഎസ് ആൽബങ്ങളിലൂടെ ഉന്മാദ ലഹരിയിലാണ്ട നമ്മുടെ പുതുതലമുറ സ്വപ്നം കാണുന്നത് ‘കൊറിയയിൽ താമസിക്കാൻ ഒരു കൊച്ചുവീടാ’ണ്. ആ നാടിനെ പറ്റി കേട്ടോളൂ.

കെ– ടെക്നിക് പിടികിട്ടി...

പോപ് സംഗീതം, സീരിയൽ, സൗന്ദര്യസംരക്ഷണം എന്നു തുടങ്ങി കൊറിയക്കാരുടെ കയ്യിലില്ലാത്ത നമ്പറുകളില്ല. പോപ്പിന്റെ മുന്നിൽ ‘കെ’ ചേർത്താൽ കൊറിയൻ തരംഗമായ കെ– പോപ്പായി. കെ– ഡ്രാമ, കെ– ബ്യൂട്ടി എന്നിങ്ങനെ പോകുന്നു ഗൂഗിളിൽ തിരയേണ്ട ആ പേരുകൾ. ‘ഇപ്പോ ടെക്നിക് പിടികിട്ടി’ എന്ന മോഹൻലാൽ ഡയലോഗ് മനസ്സിലോർത്ത് കെ– റെയിൽ എന്നുമാത്രം സെർച് ചെയ്തേക്കരുതെന്ന് ഒരു എളിയ ‘കെ– മുന്നറിയിപ്പ്.’

നേരു പറഞ്ഞാൽ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ ഇപ്പോഴും യുദ്ധമാണ്. ദക്ഷിണ കൊറിയൻ സിനിമ കണ്ടതിന് സ്കൂൾ വിദ്യാർഥിയെ 14 വർഷത്തെ തടവുശിക്ഷയ്ക്കും, ‘സ്ക്വിഡ് ഗെയിമി’ന്റെ കോപ്പി രാജ്യത്തു കൊണ്ടുവന്നയാളെ വധശിക്ഷയ്ക്കും വിധിച്ച നാടാണ് ഉത്തര കൊറിയ. ഇങ്ങനെയുള്ള ‘കെ– ശിക്ഷാവിധികൾ’ നടപ്പാക്കുന്ന, പ്രസിഡന്റിനെ പേടിച്ച് കോവിഡ് പോലും വന്നെത്തി നോക്കാൻ വൈകിയ ഉത്തര കൊറിയയെ കുറിച്ചല്ല ലോകം ആരാധനയോടെ സംസാരിക്കുന്നത്. സിനിമയും സംഗീതവും മേവാ പൂക്കൾ പോലെ വസന്തം വിരിയിക്കുന്ന ദക്ഷിണ കൊറിയയാണ് സങ്കൽപത്തിലെ ആ സ്വർഗം.

കെ– കിം കി ഡുക്

കൊറിയയെയോർത്ത് മലയാളി ആ വേശം കൊണ്ട കാലം തുടങ്ങിയത് തൊണ്ണൂറുകളിലാണ്. പ്രണയവും പ്രകൃതിഭംഗിയും നിറച്ച സിനിമകളുമായി കൊറിയൻ സംവിധായകൻ കിം കി ഡുക് ചലച്ചിത്ര മേളകളിൽ നിറഞ്ഞ കാലം. നദിയിൽ ഉറച്ചുപോയ നൗകയിൽ ജീവിക്കുന്ന പുറംലോകം കാണാത്ത പെൺകുട്ടിയുടെ കഥ പറഞ്ഞ ‘ദ് ബോ’യും, മഞ്ഞുറഞ്ഞ തടാകത്തിനു നടുവിലെ സന്യാസിയുടെ ഏകാന്ത ജീ വിതം വരച്ചിട്ട ‘സ്പ്രിങ് സമ്മർ ഫോൾ വിന്ററു’മൊക്കെയായി കിം മേളകളിൽ നിറഞ്ഞു.

പ്രകൃതിയെയും സെൻ ബുദ്ധിസത്തെയും സ്വയം ശുദ്ധീകരണത്തെയുമൊക്കെ കൂട്ടുപിടിച്ച കാലം കടന്ന് കാമവും വയലൻസും ആക്രമണോത്സുകതയുമൊക്കെയായി തീവ്ര വികാരങ്ങളിലേക്ക് കിമ്മിന്റെ ക്യാമറ കൺതുറന്നപ്പോഴും മലയാളിയുടെ ആരാധനയ്ക്കു കുറവുണ്ടായില്ല. ‘പ്രിയപ്പെട്ട കിം’ എന്ന പേരിൽ മലയാളം ഷോർട് ഫിലിം തന്നെയുണ്ടായി. കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയ കിമ്മിനു വേണ്ടി മലയാളിയും കരഞ്ഞു.

കിമ്മിൽ തുടങ്ങിയ കൊറിയൻ സിനിമാ കമ്പം ഇന്നെത്തി നിൽക്കുന്നത് സ്ക്വിഡ് ഗെയിം പോലുള്ള ഒടിടി സീരിസുകളിലാണ്. നെറ്റ്ഫ്ലിക്സിന്റെ ടോപ് ചാർട്ടിൽ ഒന്നാമതാണ് സ്ക്വിഡ് ഗെയിം.

കെ– ഗന്നം സ്റ്റൈൽ

നീണ്ട നാലര വര്‍ഷം യുട്യൂബിനെ അടക്കിവാണ പാട്ട്. അതിൽ കൂടുതൽ ഒരു വിശേഷണവും ഗന്നം സ്റ്റൈലിന് ആവശ്യമില്ല. ഈ പാട്ടിന്റെ ആവേശത്തിലലിഞ്ഞ് സ്റ്റേജ് കുലുക്കിയ ക്യാംപസ് കാലത്തെ കുറിച്ചാണ് തിരുവനന്തപുരം ടെക്നോപാർകിൽ എൻജീനിയറായ സുധീഷ് ഓർക്കുന്നത്. ‘‘എന്താണ് പാട്ടിന്റെ വരികളെന്നൊന്നും മനസ്സിലായിരുന്നില്ല. ഗൂഗിളിൽ ഇപ്പോഴും കൊറിയൻ ഭാഷയിലാണ് ലിറിക്സ് കാണുക. ‘ഹേ... സെക്സി ലേഡി...’ എന്ന ഒറ്റ വരി മാത്രമേ അന്നും ഇന്നും മനസ്സിലായുള്ളൂ. എങ്കിലും അമ്മ ഷോയിൽ ലാലേട്ടൻ വരെ ഗന്നം സ്റ്റൈലിൽ ആടിപ്പാടിയില്ലേ.’’

‘അമേരിക്കൻ ജംങ്ഷനു തൊട്ടടുത്ത്’ എന്ന പോലെ കൊറിയക്കാർ ‘മേനി പറയുന്ന’ നാടാണ് ഗന്നം. ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നമായ ജില്ല.

കെ– ബോയ്സ് & കെ– ഗേൾസ്

ആർ.എം, ജങ് കുക്, ജെ ഹോപ്, ജിൻ, വി, സൂഗ, പാർക് ജിമിൻ എന്നീ ഏഴ് ചെറുപ്പക്കാർ സംഗീതം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട് ഒൻപതു വർഷം കഴിഞ്ഞു. ലോകം മുഴുവൻ തരംഗമായ കൊറിയൻ സംഘം ബിടിഎസ് ആദ്യം കൊറിയൻ ഭാഷയിലാണ് പാട്ടുകളിറക്കിയത്. വൈകാതെ അവരാ സത്യം തിരിച്ചറിഞ്ഞു, തങ്ങൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോൾ ബിടിഎസിന്റെ പാട്ടുകളിറങ്ങുന്നത് ഇംഗ്ലിഷിലാണ്.

ബിടിഎസിന്റെ പുതിയ ആൽബത്തിന്റെ സോളിൽ നിന്നുള്ള ലൈവ് ആൽബം പ്രകാശനത്തിനായി കാത്തിരുന്നതുപോലെ പത്താം ക്ലാസ് പരീക്ഷാഫലത്തിനു വേണ്ടി പോലും ഇരുന്നിട്ടില്ലെന്ന് വിദ്യാർഥിയായ കോട്ടയംകാരി ദി യ ദീപ പറയുന്നു. ‘‘കോവിഡ് കൊണ്ട് ലോകം നിശ്ചലമായ കാലത്താണ് ബിടിഎസിനോടുള്ള ആരാധന ഇത്ര വളർന്നത്. ജീവിതത്തെയും നാളെയെയും കുറിച്ച് പുതുപ്രതീക്ഷ പകരുന്നതാണ് അവരുടെ പാട്ടുകൾ. ആ പാട്ടു കേട്ടിട്ട് മരണത്തിൽ നിന്നു തിരികെ വന്നവർ പോലുമുണ്ട്.’’

മുന്നിൽ ഉണ്ടായിരുന്നവരെ പിന്നിലാക്കി ജൈത്രയാത്ര തുടർന്ന ബിടിഎസിനെ പറ്റി അടുത്തിടെ വന്ന വാർത്ത ആരാധകരെ നിരാശയിലാക്കി. മുതിർന്ന താരം ജിൻ നിർബന്ധിത സൈനിക സേവനത്തിനു പോകേണ്ട സമയപരിധി ഡിസംബറിൽ അവസാനിക്കും. അങ്ങനെ വന്നാൽ ടീം ഇല്ലാതായേക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. പോപ് സംഘങ്ങളിൽ കൊറിയൻ വിപ്ലവം തീർക്കാൻ മറ്റു പലരും ഉണ്ടെങ്കിലും അവർക്കാർക്കും ബിടിഎസിന്റെയത്ര കൗമാര പിന്തുണ ഇല്ല.

ഗേൾസ് പോപ് സംഘങ്ങളുമുണ്ട് കൗമാരക്കാരുടെ ലിസ്റ്റിൽ. റെഡ് വെൽവെറ്റ്, ബ്ലാക് പിങ്ക് എന്നിങ്ങനെ നീളും ആ നിര. കെ– പോപ്പിലൂടെ രംഗപ്രവേശം ചെയ്യാൻ ഒരു ഇന്ത്യക്കാരിയും സോളിൽ പരിശീലനത്തിലാണ്. ഒഡീഷയിൽ നിന്നുള്ള ശ്രീയ ലെങ്ക. പാടി ചുവടുവച്ച് അവിടെയെത്താമെന്നാണ് നമ്മുടെ കുട്ടികളും സ്വപ്നം കാണുന്നത്.

പോപ് ആരാധന കൊണ്ട് കൗമാരക്കാൻ ഓൺലൈനി ൽ തിരയുന്നത് പാട്ടുകൾ മാത്രമല്ല. ഇഷ്ട ബാൻഡുകളുടെ പേരും ചിത്രവും പതിച്ച ഡയറികൾ, ഹൂഡി, കപ്, ബാഗ്, പാവകൾ എന്നുവേണ്ട എന്തും അവർ സ്വന്തമാക്കും.

കെ– ഡ്രാമ

അന്യഗ്രഹത്തിൽ നിന്നു ഭൂമി കാണാൻ വന്ന നായകൻ. കറങ്ങി നടക്കുന്നതിനിടെ പേടകം ‘ജസ്റ്റ് മിസ്.’ അങ്ങനെ 400 വർഷമായി ഭൂമിയിൽ താമസിക്കുന്ന നായകനെ ജരാനരകൾ ബാധിച്ചില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെയിരിക്കെ ബഹിരാകാശപേടകം വീണ്ടും എത്തുന്നു എന്ന വിവരം കിട്ടുന്നു. സന്തോഷത്തോടെ കാത്തിരിക്കുമ്പോഴാണ് അതു സംഭവിക്കുന്നത്, പ്രണയം.

‘സ്പിൽബർഗ് എഴുതുമോ ഇതുപോലെ’ എന്നു ചോദിക്കാൻ വരട്ടെ. ഇങ്ങനെ ഫാന്റസിയും പ്രണയവും ഇഴചേർത്താണ് കെ– ഡ്രാമകൾ റിലീസാകുന്നത്. ഇടയിൽ ‘പുട്ടിനു പീര പോലെ’ ചരിത്രവും ഇഴചേർക്കും. രാജാവും കൊട്ടാരവും ആയോധനവിദ്യകളുമൊക്കെ കെ– ഡ്രാമകളുടെ പ്രധാന ചേരുവയാണ്. ഈയിടെ ഹിറ്റായ ‘റെഡ് സ്ലീവ്സ്’ തന്നെയെടുക്കാം. അനാഥയായ ദോക്കിമോ കൊട്ടാരത്തിൽ ജോലിക്കായി എത്തുന്നു. കോർട്ട് ലേഡി അഥവാ കൊട്ടാരത്തോഴി ആകാനുള്ള പരിശീലനത്തിനിടെ കൊട്ടാരത്തിൽ കണ്ട ചെറുപ്പക്കാരനുമായി സൗഹൃദത്തിലാകുന്നു. പിന്നെയാണ് ആ സത്യം തിരിച്ചറിയുന്നത്, അവനാണ് അടുത്ത കിരീടാവകാശി. പിന്മാറാനൊരുങ്ങിയ അവളെ അവൻ റാണിയായി വാഴിക്കുന്നു.

മനസ്സിൽ തട്ടുന്ന, കൈപിടിച്ചു കൂടെ നിർത്തുന്ന പരിശുദ്ധ പ്രണയത്തിന്റെ തെളിച്ചമുണ്ടാകും കെ– ഡ്രാമകൾക്ക്. അതാകും കൗമാരത്തെ ആകർഷിക്കുന്ന ഘടകവും.

കെ– മെനു സീക്രട്ട്

കൊറിയയിലെ റസ്റ്ററന്റിൽ ചെന്ന് ‘നല്ല ഫ്രഷായി എ ന്തെങ്കിലും വരട്ടെ’ എന്ന് ഓർഡർ ചെയ്തേക്കല്ലേ. ഇതിലും ഫ്രഷായി ഇവിടെ ഒന്നുമില്ല എന്ന ബോർഡ് വച്ച് പ്ലേറ്റിൽ കയറി മുന്നിലെത്തുന്നത് ജീവനുള്ള നീരാളി തന്നെയാകും. കൊറിയക്കാർക്ക് രുചിയിലും ഫ്രഷ്നസിലും ഒരു വിട്ടുവീഴ്ചയുമില്ല. തീൻമേശയിൽ അടുപ്പുവരെ സെറ്റ് ചെയ്ത് ആവി പറക്കുന്ന ഭക്ഷണം ‘ഗുപ്തൻ സ്റ്റൈലി’ൽ ഊ തിയൂതി കഴിക്കുന്നതാണ് അവർക്കിഷ്ടം.

പച്ചക്കറികളും പഴങ്ങളും പഴച്ചാറുകളും ധാരാളം ചേർന്നതാണ് കൊറിയൻ മെനു. അധികം മധുരം ചേർക്കാറില്ല. പല തരം ചായകളും, ഇറച്ചിയും പച്ചക്കറികളും ചേർത്തു വേവിച്ച സൂപ്പും ഒഴിവാക്കാനാകില്ല. സോജു എന്നു പേരുള്ള നാടൻ വാറ്റാണ് ഇഷ്ടപാനീയം.

ഇളം തീയിൽ അധികനേരം പാകം ചെയ്യുന്നത് ഇവർക്ക് ഇഷ്ടമില്ല. അരിഞ്ഞൊരുക്കിയ ചേരുവകളെല്ലാം അടുപ്പിച്ചാൽ സ്വിച്ചിട്ടതു പോലെ വഴറ്റലും മൊരിക്കലും കഴിയും. അവ കമനീയമായി പ്ലേറ്റിൽ നിരത്തി മുന്നിലെത്തുമ്പോൾ നാട്ടിലെ ചട്ടിച്ചോറു പോലെയോ മറ്റോ തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രം. നമ്മുടെ താലി മീൽസ് പോലെയാണ് കൊറിയക്കാരന്റെ ഭക്ഷണപ്ലേറ്റെന്നു സങ്കൽപിച്ചോളൂ. ചെറുപാത്രങ്ങളിൽ പച്ചക്കറികളും മീനും ഇറച്ചിയുമൊക്കെ പല രൂപഭാവങ്ങളിൽ അണിനിരക്കും. അതുപോലൊരു ബൗളിലാകും ചോറും. അധികം ചോറ് കഴിക്കാറില്ല.

ദഹനം എളുപ്പത്തിലാക്കുന്ന പുളിപ്പിച്ച പച്ചക്കറികൾ കൊറിയൻ മെനുവിൽ രണ്ടോ മൂന്നോ തരത്തിലുണ്ടാകും, ഉറപ്പ്. ‘കിംചി’ എന്നു പേരുള്ള കാബേജ് അച്ചാറാണ് ഇതിൽ ഹിറ്റ്. ഗൂഗിളിൽ തിരഞ്ഞ് കൊറിയൻ കിംചി ഒരിക്കലെങ്കിലും വീട്ടിലുണ്ടാക്കിയ കഥ എല്ലാ മലയാളി ടീൻസിനും പറയാനുണ്ടാകും.

കെ– ബ്യൂട്ടി

വെണ്ണ പോലെ നൈർമല്യമുള്ള, പാലു പോലെ വെളുത്ത, ചന്ദ്രക്കല പോലെ ചിരിക്കുന്ന... എന്നൊക്കെ കവികൾ പാടുന്നത് കേട്ടിട്ടില്ലേ. കൊറിയക്കാർ ഇതൊക്കെ കേട്ടിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, സൗന്ദര്യത്തിന്റെ കാര്യത്തിൽ കൊറിയക്കാരെ തോൽപിക്കാൻ പറ്റില്ലെന്ന് കൊറിയയിൽ ജോലി ചെയ്യുന്ന, കൊറിയൻ മല്ലു എന്നു വിളിപ്പേരുള്ള കണ്ണൂർ സ്വദേശി സനോജ് റെജിനോൾഡ് പറയുന്നു. ‘‘ശരീരത്തിനു വേണ്ടി ആഹാരം കഴിക്കുന്നതു പോലെയാണ് കൊറിയക്കാർ നല്ല ചർമത്തിനു വേണ്ടിയുള്ള റുട്ടീൻ നോക്കുന്നതും. തിളങ്ങുന്ന, പാടുകളില്ലാത്ത, ചെറുപ്പം തോന്നിക്കുന്ന ചർമം നേടാനായി പല ടെക്നിക്കുകളുണ്ട് ഇവർക്ക്. കൊറിയക്കാരുടെ കണ്ടുപിടുത്തമായ ഷീറ്റ് മാസ്ക് ഇപ്പോൾ ഇന്ത്യയിലും ഹിറ്റല്ലേ.’’ പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും മേക്കപ്പിട്ടു പുറത്തിറങ്ങുന്ന നാടാണ് കൊറിയ. താടിയും മുടിയും വളർത്തുന്നത് ശുചിത്വക്കുറവായി കരുതുമത്രേ.

മെഡിക്കൽ ടൂറിസത്തിനു പേരുകേട്ട നാടുകൂടിയാണ് കൊറിയ. സൗന്ദര്യവർധക ശസ്‌ത്രക്രിയയ്ക്കും പ്ലാസ്റ്റിക് സർജറിക്കുമായി ദക്ഷിണ കൊറിയയിലേക്കു യാത്ര ചെയ്യുന്നവർ പോലുമുണ്ട്. പല നഗരങ്ങളിലും ‘ഹോട്ടൽ’ എന്ന ബോർഡിനെക്കാൾ കൂടുതലുള്ളത് ‘പ്ലാസ്റ്റിക് സർജറി’ എന്നാണത്രേ.