Friday 03 November 2023 12:41 PM IST

‘ഡോക്ടറെ കാണിച്ചില്ലേ...?’: പരിഹസിക്കുന്നവരും വിധിയെഴുതുന്നവരും ഈ സത്യമറിയണം: ലയന പറയുന്നു

Binsha Muhammed

layana-3

‘ഒരിക്കലെങ്കിലും നീ കണ്ണാടിയിലേക്കു നോക്കിയിട്ടുണ്ടോ, നിന്റെ കുറവിനെ കുറിച്ച് വല്ല ധാരണയുമുണ്ടോ? എന്തു കണ്ടിട്ടാ ഈ നെഗളിക്കുന്നേ...’

പുച്ഛവും പരിഹാസവും കുത്തുവാക്കും സമാസമം ചാലിച്ച് ബെസ്റ്റ് ഫ്രണ്ടെന്ന് നിനച്ചിരുന്ന കൂട്ടുകാരൻ മുഖത്തു നോക്കി ചോദിക്കുവാണ്. നാലാൾക്കു മുന്നിൽ നാണം കെടുത്തി അങ്ങനെ ചോദിക്കുമ്പോൾ ആർക്കായാലും ഉള്ളുപൊള്ളും, പിടിച്ചു നിർത്താനാകാത്ത വിധം കരഞ്ഞു പോകും. പക്ഷേ പരിഹാസക്കൊടുങ്കാറ്റിൽ ഉലഞ്ഞു പോകാത്തവൾ ആ കമന്റ് കേട്ടിട്ട് ചിരിച്ചതേയുള്ളൂ. ശേഷം ഇങ്ങനെ മറുപടി കൊടുത്തൂ...

‘ഞാൻ കണ്ണാടി നോക്കാറുണ്ടെടോ... പക്ഷേ അതിൽ ആദ്യം തെളിയുന്നത് എന്റെ മുഖമല്ല, മനസാണെന്നു മാത്രം.’

വണ്ണമുള്ളവർക്ക് കുമ്പളങ്ങ ജ്യൂസും, കറുത്ത നിറമുള്ളവർക്ക് വെളുത്തിട്ട് പാറാനുള്ള ക്രീമും മുടിയില്ലാത്തവർക്ക് വെറൈറ്റി എണ്ണകളും സജസ്റ്റ് ചെയ്യുന്ന ‘ബ്യൂട്ടി കൺസപ്റ്റുകാരുടെ’ നാടാണിത്. മുഖത്തിന്റെ കോണിലെവിടെയെങ്കിലും ഒളിച്ചിരിക്കുന്ന മുഖക്കുരു കണ്ടാൽ ഉടൻ നെടുവീർപ്പിടുന്നവർ. അരയുടെ വണ്ണവും, ശരീരത്തിന്റെ കറുപ്പും, മുടിയുടെ ഉള്ളുകുറവും കണ്ടാൽ ഉടൻ അവർക്ക് ഹാലിളകും. സൗന്ദര്യ ലോകത്തെ അലിഖിത നിയമങ്ങൾ കൊണ്ട് അവർ മേക്കോവറുകൾ നടത്തും. അതിനും സാധിക്കാത്ത പാവങ്ങളെ ബോഡി ഷെയ്മിങ്ങിന്റെ ഗിരിശിഖരങ്ങളിലേക്ക് കൊണ്ടു ചെല്ലും. എയറിൽ കയറ്റുമെന്ന് ന്യൂജെൻ ചുരുക്കെഴുത്ത്.

അവർക്കിടയിലേക്കാണ് ലയന എസ് കുറുപ്പെന്ന 22കാരി വരുന്നത്. ഉന്തിയ പല്ലുകളും പുറത്തേക്ക് തള്ളി നിൽക്കുന്ന മോണകളും അവളുടെ സൗന്ദര്യ ബോധത്തിനു മേൽ കരിനിഴൽ വീഴ്ത്തുന്നില്ല. പരിഹസിച്ചവരെ പടിക്കു പുറത്തേക്കു നിർത്തി ആത്മവിശ്വാസത്തിന്റെ ഹൈ വോൾട്ടേജ് ചിരിയുമായി അവൾ സോഷ്യൽ മീ‍ഡിയയിലുണ്ട്. മോഡലിങ്ങും റീൽസിലെ പ്രകടനവുമായി പരിഹസിച്ചവർക്കു മേലെ ആത്മവിശ്വാസത്തിന്റെ ചിറകുമായി അവൾ പറന്നുയരുന്നത്. ലയന പറയുന്നു പരിമിതികളെ തോൽപിച്ച അവളുടെ പൊന്നിൻ തിളക്കമുള്ള പുഞ്ചിരിയുടെ കഥ...

ഈ ചിരിക്ക് സ്വർണത്തിളക്കം

കുറവുകളേക്കാൾ നമുക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നിടത്താണ് ജീവിതം സുന്ദരമാകുന്നത്. പത്തു വയസിൽ ചുണ്ടിനെ വകഞ്ഞു മാറ്റി പുറത്തേക്കു ഉന്തിവരാൻ തുടങ്ങിയ മോണയും പല്ലും എന്റെ സൗന്ദര്യ ബോധത്തെ സാരമായി പരുക്കേൽപ്പിച്ചിരുന്നു. അതിന്റെ പേരിൽ പിന്നാലെ കൂടിയ സഹതാപ കണ്ണുകളും കുത്തുവാക്കുകളും ഉറക്കമില്ലാത്ത രാത്രികളും തോരാ കണ്ണീരും സമ്മാനിച്ചിരുന്നു. പക്ഷേ അതിനെയെല്ലാം ജയിക്കാൻ ശീലിച്ചു തുടങ്ങിയിടത്തു നിന്നാണ് ഞാൻ പുഞ്ചിരിക്കാൻ തുടങ്ങിയത്. ഒരു അസുഖം വന്നാൽ ഉടഞ്ഞുവീഴുന്ന സൗന്ദര്യ സങ്കൽപ്പങ്ങളേ ഇന്നീ ലോകത്തുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ഞാൻ സന്തോഷവതിയാണ്.– ലയന പറഞ്ഞു തുടങ്ങുകയാണ്.

layana-7

തൃശൂർ മണ്ണംപേട്ടയാണ് എന്റെ സ്വദേശം. അച്ഛൻ സന്തോഷ് കുമാർ കാറ്ററിങ് ജീവനക്കാരനാണ്. അമ്മ വനജ, അനിയൻ ശ്യാം കൃഷ്ണ എന്നിവർ അടങ്ങുന്ന സന്തുഷ്ട കുടുംബം. 10 വയസു മുതലാണ് ആ മാറ്റം ശരീരത്തിൽ പ്രകടമായി തുടങ്ങിയത്. മോണ പൊങ്ങിത്തുടങ്ങി. ചുണ്ടിനു പുറത്തേക്ക് എത്തിനോക്കി നിന്ന മോണയിലൂടെ പല്ലുകൾ വളരാൻ തുടങ്ങി. മക്കളുടെ മുഖത്തൊരു പോറൽ വീണാൽ നൊമ്പരപ്പെടുന്ന ഏതൊരു മാതാപിതാക്കളേയും പോലെ എന്റെ അച്ഛനും അമ്മയും എന്നെ ആശുപത്രിയിലെത്തിച്ചു. ടെസ്റ്റുകളും പരിശോധനകളും മാറി മാറി ശരീരത്തിൽ കയറിയിറങ്ങി. അന്ന് ‍ഡോക്ടർമാർ പറഞ്ഞത്, വയസ് പതിനെട്ടായാൽ മാത്രമേ പ്രോപ്പറായ ചികിത്സ സ്വീകരിക്കുവാൻ പറ്റുകയുള്ളൂന്നാണ്. അതുമല്ലെങ്കില്‍ പത്തു വയസിനു മുൻപേ ചെയ്യണമായിരുന്നുവത്രേ. ഇതാകുമ്പോൾ പല്ലുകളുടേയും ശരീരത്തിന്റെയും വളർച്ചയ്ക്ക് അനുസൃതമായി 18 വയസിൽ ചെയ്യുന്നത് ഉചിതമാകും എന്ന നിഗമനത്തിൽ വീട്ടുകാരുമെത്തി.

പക്ഷേ ഇതിനിടയ്ക്ക് മറ്റൊരു പരീക്ഷണം ഞങ്ങളെ തെല്ലൊന്നു തളർത്തി. അമ്മയുടെ അസുഖം... അതിനു മുന്നിൽ എന്നെ സംബന്ധിച്ചടത്തോളം ഈ ‘സൗന്ദര്യ പ്രശ്നം’ ഒന്നുമല്ലാതായി. പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ (പീയൂഷ ഗ്രന്ഥി) ഫ്ലൂയിഡ് അടിഞ്ഞു കൂടുന്ന അവസ്ഥ അമ്മയ്ക്ക് നേരിടേണ്ടി വന്നു. പൊടുന്നനെ അമ്മയുടെ ആർത്തവം നിലച്ചു, കാഴ്ച മങ്ങിത്തുടങ്ങി. കൃത്യമായ ചികിത്സ ചെയ്തില്ലെങ്കിൽ പക്ഷാഘാതം വരുമെന്ന അവസ്ഥയായി. അതോടെ അമ്മയുടെ കാര്യത്തിലായിരുന്നു ഞങ്ങളുടെ കൂടുതൽ ശ്രദ്ധ.

അമ്മ നേരിട്ട അപകടാവസ്ഥകൾ എല്ലാം തരണം ചെയ്ത ശേഷം 20 വയസിലാണ് ഞാൻ പിന്നെ എന്റെ പല്ലിന്റെ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്നത്. എനിക്ക് അങ്ങനെയേ കഴിയുമായിരുന്നുള്ളൂ. കാരണം എന്റെ പ്രശ്നത്തേക്കാൾ വലുത് എനിക്കെന്റെ അമ്മയായിരുന്നു. ഡോക്ടർമാർമാർ പറഞ്ഞ രണ്ടാം ഘട്ട ചികിത്സയ്ക്കെത്തുമ്പോൾ എന്റെ കാര്യം കുറച്ചു കൂടി സങ്കീർണമായി. അണപ്പല്ലിനു മേൽ മോണവന്നു മൂടി. ഭക്ഷണം നേരാംവണ്ണം ചവയ്ക്കാൻ പോലും കഴിയാത്ത അവസ്ഥ. ചികിത്സയുടെ ഭാഗമായി എന്റെ എട്ടോളം പല്ലു പറിച്ചു. നാല് സർജറികൾ ചെയ്തു. തൊട്ടാൽ പൊള്ളുന്ന ശരീരത്തിന്റെ ഭാഗത്ത് ഇതെല്ലാം ചെയ്യുമ്പോൾ ചെറുതല്ലാത്ത വേദനകൾ ഞാൻ അനുഭവിച്ചു. ഇതിനിടയിലും പലരും പറഞ്ഞത് ആ കൊച്ചിന്റെ കാര്യത്തിൽ വീട്ടുകാർക്ക് ശ്രദ്ധയില്ലെന്നാണ്. പക്ഷേ എന്റെ ചികിത്സക്ക് പൂർണമായും ഫലം കൈവരിക്കണമെങ്കിൽ സമയം എടുക്കുക തന്നെ ചെയ്യും. ഇതു മനസിലാക്കാതെയാണ് പലരും വീട്ടുകാരെ കുറ്റംപറഞ്ഞു നടന്നത്. ഇപ്പോഴും ചികിത്സ തുടരുകയാണ്, എനിക്ക് നല്ല ഉറപ്പുണ്ട്, പലരും കളിയാക്കുന്ന എന്റെയീ പ്രശ്നം മാറുക തന്നെ ചെയ്യും. പക്ഷേ അതുവരെ ഉന്തിയ പല്ലിന്റെ പേരിൽ സെന്റിയടിച്ചിരിക്കാൻ എനിക്കു മനസില്ല അത്ര തന്നെ.

layana-3

നിങ്ങൾ കാണുന്നത് മനസിന്റെ ചിരി

ബിരുദത്തിന് ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു ഐച്ഛിക വിഷയം. കൗമാര കാലത്തും കോളജിൽ കോളജ് കാലത്ത് എന്റെ ശാരീരിക പരിമിതിയെ തലയ്ക്കു മുകളിൽ ഇരിക്കുന്ന ഭാരമായി ഞാൻ കൊണ്ടു നടന്നിട്ടില്ല. പക്ഷേ കണ്ടു നിൽക്കുന്നവർക്ക് എന്റെ മുഖം വലിയ അസ്വസ്ഥതയായിരുന്നു. ജെസിബി, പല്ലിച്ചി എന്നു തുടങ്ങി അമ്പു പോലെ ചങ്കിൽ തറച്ച ആ വിളികളെയൊക്കെയും ഞാൻ തന്നെ പുല്ലുപോലെ വലിച്ചെറിഞ്ഞു. അവരുടെയൊക്കെ വായമൂടിക്കെട്ടാൻ ഞാനാളല്ലല്ലോ... മറ്റു ചിലർക്ക് ആശങ്കയായിരുന്നു. ‘എന്താ കൊച്ചിന്റെ പല്ലു കാണിക്കാത്തേ...’ എന്നു ചോദിച്ച് താടിക്കു കയ്യും വച്ച് കുറേപേർ പിന്നാലെ കൂടും. പറ്റാവുന്നിടത്തോളം ഞാൻ കാര്യം പറഞ്ഞു മനസിലാക്കും, പക്ഷേ വീണ്ടും കാണുമ്പോൾ ആ ചോദ്യം ആവർത്തിക്കും. ഒപ്പം ഇങ്ങനെയൊരു ആത്മഗതവും. ‘ ‘എന്നാലും നല്ലൊരു മുഖം ഇങ്ങനെ ആയിപ്പോയല്ലോ.’

ഈ പരിമിതി എന്നെ തെല്ലും ബാധിച്ചിട്ടില്ല എന്ന് എന്റെ മനഃസാക്ഷിയോട് തന്നെ പറഞ്ഞുറപ്പിച്ച ശേഷം ഞാൻ വച്ച ആദ്യ കാൽവയ്പാണ് മോഡലിങ്ങ്. ടിക് ടോക്കും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും എന്നാലാകും വിധം ഞാൻ ഉപയോഗപ്പെടുത്തി. പക്ഷേ ഇതിനിടെ തളർന്നു പോയൊരു കമന്റ്... അതെന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മൗനാനുവാദത്തോടെ ആയത് എന്നെ വേദനിപ്പിച്ചു. ‘നീ കണ്ണാടി നോക്കിയിട്ടില്ലേ... നിന്റെ മുഖം കണ്ടിട്ടില്ലേ... എന്തു കണ്ടിട്ടാ മോ‍ഡലിങ്ങ് എന്നൊക്കെ പറഞ്ഞ് നെഗളിക്കുന്നത്?’ എന്നൊക്കെ ചോദിച്ചു. അതു കേട്ട് എന്റെ ഫ്രണ്ട് ഉൾപ്പെടെ ആ പറഞ്ഞയാൾക്കൊപ്പം ചേർന്നു. ഒന്നു കാൽ തട്ടി വീണാലോ ഒരപു അസുഖം വന്നാലോ ഇല്ലാതായി പോകുന്ന സോ കോൾഡ് ഗ്ലാമറിനെ പറ്റി എനിക്കു നല്ല ധാരണയുണ്ടെന്നായിരുന്നു അന്ന് അയാൾക്ക് കൊടുത്ത മറുപടി.

layana-1

കൊടുത്ത മറുപടികളും സ്വീകരിച്ച നിലപാടുകളും എന്നെ മുന്നോട്ടു നയിച്ചിട്ടേയുള്ളൂ. ഇന്ന് തൃശൂരിലെ പേരുകേട്ട ഒരു ഒപ്റ്റിക്കൽ ഷോറൂമിന്റെ മോ‍ഡലായി മാറിയതു പോലും കൈവന്ന നിയോഗത്തിന്റെ തെളിവുകളാണ്, തോൽക്കാത്ത എന്റെ മനസിന്റെ അടയാളപ്പെടുത്തലാണ്.

ഇതിനിടെ ഓണത്തിനു ചെയ്തൊരു ഫൊട്ടോഷൂട്ട് വലിയൊരു തെറ്റിദ്ധാരണയും ഉണ്ടാക്കി. ഹാഷ്മി എന്നൊരാളോടൊപ്പം ചെയ്ത വെഡ്ഡിങ് കൺസപ്റ്റ് ഫൊട്ടോഷൂട്ട് കണ്ട് എന്റെ വിവാഹം കഴിഞ്ഞുവെന്നു പറഞ്ഞു. ഹാഷ്മി ഓൾറെഡി വിവാഹിതനാണ്. പക്ഷേ അവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആ ഫൊട്ടോഷൂട്ടിനെ തെറ്റായി വ്യാഖ്യാനിച്ചത്. ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്. ഇപ്പോൾ വിവാഹത്തെക്കുറിച്ചൊന്നും ‍ഞാൻ ചിന്തിക്കുന്നില്ല. നല്ലൊരു ജോലി നേടണം. എന്റെ അച്ഛനെയും അമ്മയേയും സേഫ് ആക്കണം. പിന്നെ ഇപ്പോൾ തുടരുന്ന ചികിത്സ. ഈ പ്രശ്നങ്ങളൊക്കെ മാറി നിറഞ്ഞൊരു പുഞ്ചിരിയുമായി ഞാൻ നിങ്ങൾക്കരികിലേക്ക് വരുന്നുണ്ട്. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ആ സന്തോഷ വാർത്തയ്ക്കൊപ്പം വന്നു ചേരുക തന്നെ ചെയ്യും. ഞാൻ കാത്തിരിക്കുകയാണ്.– ലയന പറഞ്ഞു നിർത്തി.