Friday 06 November 2020 04:24 PM IST

ആരതി പൂർത്തിയാക്കിയത് 520 കോഴ്‌സുകൾ, അതും 88 ദിവസം കൊണ്ട്! ലോക്ഡൗണിൽ നേടിയെടുത്ത വേൾ‌ഡ് റെക്കോർഡ്, അപൂർവനേട്ടം

Vijeesh Gopinath

Senior Sub Editor

_BAP3729 ഫോട്ടോ: ബേസിൽ‌ പൗലോ

ലോക്ഡൗണിൽ കുടുങ്ങി വീട്ടിലിരിക്കുമ്പോൾ എന്തൊക്കെയാണ് ചെയ്തത്?

ഒാൺലൈൻ ക്ലാസുകൾ, പാചക പരീക്ഷണങ്ങൾ, വായന, പച്ചക്കറി കൃഷി, ബോട്ടിൽ ആർട് തുടങ്ങി എത്രയോ കാര്യങ്ങൾ. പക്ഷേ, എറണാകുളം എളമക്കര മാളിയേക്കൽ മഠത്തിലെ ആരതി രഘുനാഥ് ഇതൊന്നുമല്ല ചെയ്തത്. കോളജിലെ ഒാൺലൈന്‍ പഠനത്തിനൊപ്പം ഒാൺലൈനായി തന്നെ കോഴ്സുകളും ചെയ്യാൻ തുടങ്ങി.

ബാക്കി ആരതി പറയും;

‘‘ആലുവ മാറമ്പള്ളി എംഇഎസ് കോളജിൽ എംഎസ്‌സി ബയോകെമിസ്ട്രിയാണ് ഞാൻ പഠിക്കുന്നത്. മാർ‌ച്ച് വരെ വ ലിയ കുഴപ്പമില്ലാതെ ക്ലാസ്സുകൾ മുന്നോട്ടു പോകുകയായിരുന്നു. പത്താം തീയതി ലോക്ഡൗൺ ആവുന്നു. എന്താ സംഭവം എന്നു കാര്യമായി മനസ്സിലായില്ല. ഏറിയാൽ ഒരു മാസം വീട്ടിൽ ഇരിക്കേണ്ടി വരും എന്നേ കരുതിയുള്ളൂ. ലൈബ്രറിയി ൽ നിന്നു പുസ്തകമൊക്കെ എടുത്തു വീട്ടിലേക്കു പോന്നു.

ആദ്യമൊക്കെ സന്തോഷമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും കൊണ്ടു വന്ന  പുസ്തകം വായിച്ചു കഴിഞ്ഞു.  ലോ ക്ഡൗൺ നീണ്ടു പോയി. അപ്പോഴാണ് ഒാൺലൈൻ കോഴ്സുകൾ ചെയ്യണം എന്ന നിർദേശം കോളജിൽ നിന്ന് കിട്ടുന്നത്.

കടൽ പോലെ കോഴ്സുകൾ

2012ല്‍ കലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രഫസർമാർ സ്ഥാപിച്ച ഒാൺലൈൻ പഠന സംവിധാനമാണ് കോഴ്സ്  എറ. ഞങ്ങളുടെ കോളജിൽ ഇത് തുടങ്ങിയത് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദാണ്.  എല്ലാ കുട്ടികളും ഒാൺലൈൻ ആയി കോഴ്‍സുകൾ ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

എങ്ങനെ സെർച്ച്  ചെയ്ത് കോഴ്സുകൾ കണ്ടെത്തുമെന്ന് തുടക്കത്തിൽ ഒരു െഎഡിയയും ഉണ്ടായിരുന്നില്ല. ഞാൻ പ്ലസ് ടു കംപ്യൂട്ടർ സയൻസ് ആയിരുന്നു. ഡിഗ്രിക്ക് കെമിസ്ട്രിയും    ഇപ്പോൾ പഠിക്കുന്ന ബ‌യോളജിയുമായി  എനിക്ക് അത്ര ബന്ധമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആ വിഷയം കൂടുതലായി പഠിക്കാനുള്ള അവസരമായി  എടുത്തു. ബയോളജിയുമായി ബന്ധപ്പെട്ട കോഴ്സുകൾ ചെയ്യാന്‍ തുടങ്ങി.

ബേസിക് ഘട്ടത്തിലുള്ളവയാണ് ആദ്യം എടുത്തത്. പിന്നെ, പഠിക്കാനുള്ള മറ്റു വിഷയവുമായി ബന്ധപ്പെട്ടവ തിരഞ്ഞെടുക്കാൻ തുടങ്ങി.’’ റെക്കോർഡിലേക്കുള്ള വഴിയെ കുറിച്ച് ആരതി പറയുന്നു.

ലളിതമല്ല പലതും

സൗജന്യ കോഴ്സുകൾ ആയതു കൊണ്ട് ലളിതമാണെന്ന് കേൾക്കുമ്പോൾ തോന്നും. പക്ഷേ, സർട്ടിഫിക്കറ്റ് ലഭിക്കൽ അത്ര എളുപ്പമല്ലെന്നാണ് ആരതി പറയുന്നത്.

നോട്സ്, വിഡിയോസ് തുടങ്ങിയ പഠന സാമഗ്രികൾ ലഭിക്കും. അതിനു പുറമേ വിവരങ്ങൾ ഇന്റർനെറ്റിലൂടെ  കണ്ടെത്തണം. പരീക്ഷകളിൽ കൃത്യമായി പങ്കെടുക്കണം. 80 ശതമാനം മാർക്ക് ഉണ്ടെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.‌

പഠന വിഷയവുമായി ബന്ധപ്പെട്ട ‘ബേസിക് പ്രിൻസിപ്പൽസ് ഒാഫ് എനർജി മെറ്റബോളിസം’ എന്ന കോഴ്സ് ആണ് ആ രതി ആദ്യം ചെയ്തത്. പിന്നീട് ന്യൂറോ ബയോളജി, കംപ്യൂട്ടർ കോഴ്സുകൾ അങ്ങനെ മുന്നോട്ടു പോയി. നിരവധി വിദേശ സർവകലാശാലകളിൽ നിന്നായി 520 കോഴ്സുകളാണ് പൂർത്തിയാക്കിയത്.

ജോൺ ഹോപ്കിൻസ് സർവകലാശാല, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഒാഫ് ഡെന്മാർക്, യൂണിവേഴ്സിറ്റി ഒാഫ് വെർജിനിയ, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒാഫ് ന്യൂയോർക്, യൂണിവേഴ്സിറ്റി ഒാഫ് കൊളറാഡോ, യൂണിവേഴ്സിറ്റി ഒാഫ് കോപ്പൻ ഹാഗൻ... തുടങ്ങി നിരവധി വിദേശ സർവകലാശാലകളിൽ നിന്നാണ് ആരതി കോഴ്സുകൾ ചെയ്തത്.

‘‘ആദ്യത്തെ ആശങ്കകളും സംശയങ്ങളും മാറിയപ്പോൾ പ ല സബ്ജക്ടുമായി ബന്ധപ്പെട്ട കോഴ്സുകൾ ഒരുമിച്ചു ചെയ്യാൻ തുടങ്ങി. ജാവയുടെ തന്നെ സ്പെഷലൈസേഷൻ അമ്പതോളം കോഴ്സുകൾ പൂർത്തിയാക്കി. കംപ്യൂട്ടർ പ്രോഗ്രാമിങ്, സൈക്കോളജി, കോവിഡ് പ്രിവൻ‌ഷൻ, ഫസ്റ്റ് എയ്ഡ്, വുഡ്  സയൻസ്... അങ്ങനെ പലതരം വിഷയങ്ങൾ.

ചിലത് കേൾക്കുമ്പോഴുള്ള കൗതുകം കൊണ്ടു ചെയ്യുന്നതാണ്. ഉദാഹരണത്തിന് വുഡ് സയൻസ്. അത് മരത്തിന്റെ ശാസ്ത്രമാണ്. വിവിധ തരം മരങ്ങൾ തുടങ്ങി അതു മുറിക്കുന്ന രീതി വരെ അതിൽ പഠിക്കുന്നുണ്ട്.

അച്ഛൻ പറഞ്ഞു

അച്ഛൻ രഘുനാഥൻ ഇലക്ട്രിഷ്യനാണ്. അമ്മ കലാദേവി. ഞാൻ മൊബൈലിലും കംപ്യൂട്ടറിലുമൊക്കെ സ്ഥിരം ഇരിക്കുന്നത് കണ്ട് ആദ്യമൊക്കെ രണ്ടുപേരും ദേഷ്യപ്പെട്ടിട്ടുണ്ട്. കാര്യം മനസ്സിലായതോടെ വലിയ സപ്പോർട്ട് തന്നു. ഇരുപതെണ്ണം ചെയ്തപ്പോൾ അച്ഛൻ പറഞ്ഞു, നീ നൂറെണ്ണം തികയ്ക്കണം. പിന്നെ, 200 എണ്ണമാക്കാൻ പറഞ്ഞു. അങ്ങനെ ടാർഗറ്റ് കൂട്ടിക്കൂട്ടി കൊണ്ടുവന്നു.

യുആർഎം വേൾഡ് റെക്കോർഡിനെക്കുറിച്ച് കോഴ്സ് എറ കോർഡിനേറ്റർ ഹനീഫ സാർ ആണ് ആദ്യം പറഞ്ഞത്. ആദ്യം ഏഷ്യൻ റെക്കോർഡും പിന്നീട് വേൾഡ് റെക്കോർ    ഡും ലഭിച്ചു.’’ നേട്ടത്തെക്കുറിച്ച് ആരതി.

‌വേൾഡ് റെക്കോർ‌ഡ് കിട്ടി എന്നുവച്ച് ആരതി ഒാൺലൈ ൻ കോഴ്സുകളുടെ ലോകത്തു നിന്ന് ഇറങ്ങിയിട്ടില്ല. അഞ്ഞൂറ്റി ഇരുപതാമത്തെ കോഴ്സും കടന്ന് പഠനം മുന്നോട്ടു തന്നെ... 

കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ

ആഴ്ചകളും മാസങ്ങളും ദൈർഘ്യമുള്ള കോഴ്സുകളുണ്ട്. മനസ്സിന് ഇഷ്ടപ്പെട്ടതും ലളിതവുമായ കോഴ്സുക ൾ ചെയ്യുകയാണ് തുടക്കത്തിൽ നല്ലത്. ‘ബിഗിനർ‌ ലെവൽ’ കോഴ്സുകൾ ആദ്യം തിരഞ്ഞെടുക്കുക.

അതു പോലെ ദൈർഘ്യം കുറഞ്ഞ കോഴ്സുകൾ ആ ദ്യം ചെയ്യുന്നതു നല്ലതാണ്. ഇത് ആത്മവിശ്വാസം കൂട്ടാന്‍ സഹായിക്കും. പ്രോഗ്രാമിങ് ലാംഗ്വേജ് പോലുള്ള വിഷയങ്ങൾ എളുപ്പത്തിൽ തീർക്കാനാകും. പല വിഷയങ്ങളിലുള്ളവ ഒരുമിച്ചു ചെയ്യുമ്പോൾ ബോറടിക്കില്ല.

കൃത്യമായ സമയക്രമത്തിലല്ല എന്റെ പഠനം. നേരിട്ടുള്ള ക്ലാസ്സുകൾ ഇല്ലാത്തതു കൊണ്ട് നമുക്ക് ഇഷ്ടമുള്ള സമയത്ത് പഠിക്കാനാവും. കോളജിലെ ഒാൺലൈൻ ക്ലാസ്സുകൾക്ക് ശേഷമാണ് പലപ്പോഴും പഠിക്കാറുള്ളത്. ചില ദിവസങ്ങളിൽ വെളുപ്പിനെ വരെ ഇരുന്നിട്ടുണ്ട്.

ഇതുവരെ ചെയ്തത് ഫ്രീ കോഴ്സുകളാണ്. ഒരുപാടു പ്ലാറ്റ്ഫോമുകളിലായി കോഴ്സുകൾ ഉണ്ട്. അത് കണ്ടെത്തുകയാണ് പഠിക്കുന്നതിനേക്കാൾ പ്രയാസം. ഇത്തരം കോഴ്സുകളിൽ ചേരുന്നതുകൊണ്ട് എന്താണ് പ്രയോജനം എന്നു തോന്നാം, രാജ്യാന്തര സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകളാണ് ഇവ. ജോലിക്കോ തുടർപഠനത്തിനോ സഹായിക്കും എന്നുറപ്പാണ്.