Wednesday 23 September 2020 04:29 PM IST

ലോക്ഡൗണിൽ വെറുതെയിരുന്നില്ല, പഠിച്ചെടുത്തത് അമ്പതിലേറെ കോഴ്സുകൾ! കുഞ്ഞുനാൾ മുതൽ പഠനം ഹോബിയാക്കിയ മിടുക്കിയുടെ കഥ

Rakhy Raz

Sub Editor

DSCF0769

ഒരിടത്തൊരിടത്ത് ഒരു മിടുക്കി കുട്ടി ഉണ്ടായിരുന്നു. സിനാറ എന്നായിരുന്നു അവളുടെ പേര്. അവൾ കുഞ്ഞുനാൾ മുതൽ നന്നായി പഠിക്കുമായിരുന്നു

‘‘എന്റെ  അച്ഛനും അമ്മയും ഒരിക്കലും എന്നെ പഠിക്കാൻ നിർബന്ധിച്ചിട്ടില്ല. അതാണ് പഠനത്തോട് എനിക്ക് ഇത്രയും ഇഷ്ടം വളർത്തിയത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജസ്റ്റിൻ ജി. പടമാടന്റെയും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളജ് റിട്ടയേർഡ് പ്രഫസർ ഡോ. എൽമ ജോണിന്റെയും മകൾ ആണ് ഞാൻ. കുടുംബത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ എല്ലാ ഉത്തരവാദിത്തങ്ങൾക്കും ഒപ്പം എന്തും പഠിച്ചു നേടിയെടുക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ പി സി എം സ്‌കോളർഷിപ് പരീക്ഷ നടന്നു. നോക്കുമ്പോൾ ചില കുട്ടികൾ മാത്രം പോയി പരീക്ഷ എഴുതുന്നു.  ടീച്ചർ പറഞ്ഞു ‘അത് നല്ലവണ്ണം  പഠിക്കുന്ന കുട്ടികൾക്കുള്ളതാണ് ’.  എന്നാൽ എനിക്കും നല്ലവണ്ണം പഠിക്കണം എന്നു തോന്നി. രണ്ടാം ക്ലാസ്സിൽ ‘ക്ലാസ് ടോപ്പർ’ ആയി. പഠന മികവിനുള്ള സമ്മാനവും നേടി. പിന്നെ സ്കൂളിലെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ്, നാഷനൽ ലെവൽ സ്‌കോളർഷിപ് പരീക്ഷാ വിജയം ഒക്കെ നേടിയെടുത്തു. പഠിത്തം മാത്രമല്ല, കൂടെ നൃത്തം കവിതാ രചന, ക്വിസ്, പ്രസംഗം എല്ലാത്തിലും പങ്കെടുക്കുമായിരുന്നു. ’’

പത്താം ക്ലാസിൽ സംസ്ഥാനത്തെ പതിമൂന്നാം റാങ്ക് നേടിയതു മുതൽ ബി ടെക് വരെ സിനാറ റാങ്ക് നേടിയാണ് പഠിച്ചത്.

‘‘എൻജിനീയർ ആകാൻ ആയിരുന്നു കുട്ടിക്കാലം മുതൽക്കേ ആഗ്രഹം. എസ് എസ് എൽസിക്ക് 96.5 % മാർക്ക് ഉണ്ടായിരുന്നതു കൊണ്ട് പ്ലസ് ടു വിന് എംബിബിഎസ്‌ കൂടി ലക്ഷ്യമിട്ട് പഠിക്കാൻ സ്കൂൾ പ്രിൻസിപ്പൽ നിർദേശിച്ചിരുന്നു. പക്ഷേ, എൻജിനീയറിങ് മതി എന്ന എന്റെ ഇഷ്ടത്തോട് ഡാഡയും മമ്മിയും പൂർണമായി അനുകൂലിച്ചു. അവരുടെ രണ്ടുപേരുടെയും പാതയല്ല ഞാൻ പിന്തുടർന്നതെങ്കിലും. പല മാതാപിതാക്കളും മക്കളെ ഇഷ്ടമുള്ള വിഷയം പഠിക്കാൻ അനുവദിക്കാറില്ല. അ ത് പെർഫോമൻസ് കുറയാൻ കാരണമാകാറുണ്ട്.’’

പഠിച്ചു പഠിച്ചു സിനാറ എൻജിനീയർ ആയി. മികച്ച കമ്പനിയിൽ ജോലി നേടി. ഏക മകളെ അവളുടെ അച്ഛനമ്മമാർ ഒരു മിടുക്കൻ ചെറുക്കന് വിവാഹം ചെയ്ത് കൊടുത്തു.

‘‘എൻജിനീയറിങ് അവസാന വർഷം പഠിക്കുമ്പോൾ ആദ്യ ക്യാംപസ് അഭിമുഖത്തിലൂടെ തന്നെ ഹ്യൂലെറ്റ് പക്കാർഡ് എന്ന കമ്പനിയിൽ  ജോലി ലഭിച്ചു. റിസർച്ച് ആൻഡ് ഡവലപ്മെന്റ് വിങ്ങിൽ. അന്ന് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ അഞ്ചു എൻജിനീയറിങ് വിഭാഗങ്ങളിലായി അവർ നടത്തിയ അഭിമുഖ പരീക്ഷയിൽ പങ്കെടുത്ത ഇരുന്നൂറ്റി അമ്പതിലധികം ഉദ്യോഗാർഥികളിൽ ആദ്യ സ്ഥാനക്കാരിയായിരുന്നു. 2008 ൽ ബെംഗളൂരുവിൽ ജോലിക്ക് കയറി.

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന ഡോ. കെ. വി. പീറ്ററിന്റെയും വിമല പീറ്ററിന്റെയും മകൻ അജയ് കെ പീറ്ററെ വിവാഹം കഴിച്ചത് 2010 ലാണ്. വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കുന്ന കുടുംബത്തിലേക്ക് ആണ് എത്തിയത് എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ആണ് എൻജിനീയറിങ്ങും എംബിഎയും നേടിയ അജയ്.

എം ടെക് ചെയ്യണം എന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു. ജോലിയോടൊപ്പം എം ടെക് ചെയ്യാവുന്ന സൗകര്യം രാജസ്ഥാനിലെ ബിറ്റ്സ് പിലാനി ( ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ്) നൽകിയിരുന്നു. അവിടെ സോഫ്റ്റ് വെയർ സിസ്റ്റംസിൽ എംഎസിന് ചേർന്നു. ആഴ്ചയവസാനം ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കണം. ഓരോ സെമസ്റ്ററിലും എല്ലാ വിഷയങ്ങളിലും നടക്കുന്ന രണ്ട് സെറ്റ് പരീക്ഷ അവർ നിർദേശിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ പോയി എഴുതണം.  പത്തിൽ 9.75 സിജിപിഎ ( ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ്സ് ആവറേജ് ) എന്ന മികച്ച സ്കോറോടെയാണ് എം ടെക് നേടിയത്.

ഞങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്ന് 22 കിലോമീറ്റർ അകലെയാണ് പരീക്ഷാകേന്ദ്രം. അജയ് ജോലിക്ക് പോകും മുൻപ് അവിടെ കൊണ്ടു വിടുകയും വൈകുന്നേരം തിരികെ കൂട്ടാൻ വരികയും ചെയ്യും. എന്നെ പഠിക്കാൻ അനുവദിച്ചിട്ടു പാചകം ഒക്കെ അജയ് ഏറ്റെടുത്തു ചെയ്തു .’’

ആ മിടുക്കനും മിടുക്കിക്കും അടുത്ത വർഷം ഒരു ഉണ്ണി പിറന്നു. ജോലിത്തിരക്കുകൾ മകന് ഒരു കുറവും വരുത്താതിരിക്കാൻ ഏറ്റവും പ്രിയപ്പെട്ട ജോലി സിനാറ ഉപേക്ഷിച്ചു.

‘‘മകൻ ആന്റണിയുടെ വരവ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു. 2013 ഡിസംബറിൽ ആയിരുന്നു അവന്റെ ജനനം. ഏഴാം മാസം മുതൽ ആന്റണി ജനിക്കുന്നത് വരെ ഞാൻ തിരുവനന്തപുരത്തെ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്തത്. അവൻ പിറന്ന ശേഷം മൂന്നു മാസത്തെ അവധി എടുത്തു. ശേഷം വീണ്ടും വീട്ടിൽ ഇരുന്നു ജോലി ചെയ്തു തുടങ്ങി.

അപ്പോഴേക്കും ആഗോള നയം മാറ്റത്തിന്റെ ഭാഗമായി ബെംഗളൂരുവിലേക്ക് തിരികെ പോകേണ്ട സ്ഥിതി ആയി. എന്റെ അച്ഛനും അമ്മയ്ക്കും എന്റെ ഒപ്പം വരാവുന്ന സ്ഥിതി ആയിരുന്നില്ല. ആന്റണിയെ ഡേ കെയറിൽ ആക്കുന്ന കാര്യം എനിക്ക് ആലോചിക്കാനേ പറ്റുമായിരുന്നില്ല. ഒരു വർഷം ശമ്പളമില്ലാ അവധി എടുത്തു. അജയ്ക്ക് മൈസൂരിലേക്ക് ജോലി മാറ്റം കൂടി വന്നതോടെ ജോലി വിടാൻ ഞാൻ തീരുമാനിച്ചു.

എന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് ആ തീരുമാനം എടുക്കുന്നത് ബുദ്ധിയല്ല എന്ന് ഉപദേശിച്ചവർ ഏറെയാണ്. പക്ഷെ ആ തീരുമാനം എടുത്തത് തെറ്റായി എന്ന് എനിക്ക് ഇന്നു വരെ തോന്നുന്നില്ല. കാരണം ജോലി പോലെ പ്രധാനമാണ് കുഞ്ഞുങ്ങളുടെ പ്രാഥമിക വളർച്ചാ ഘട്ടവും. ഞാൻ കുഞ്ഞായിരുന്നപ്പോൾ എനിക്ക് വേണ്ടി ശമ്പളം ഇല്ലാ അവധി എടുത്ത മമ്മിയാണ് ആ കാര്യത്തിൽ എനിക്ക് മാതൃക.’’

DSCF0827

മകൻ പഠിക്കാൻ തുടങ്ങിയതോടെ സിനാറ മറ്റൊരു തീരുമാനം എടുത്തു. തുടർന്നു പഠിക്കുക.

‘‘ആ സമയത്ത് ജോലി ഓഫർ വന്നത് ആമസോൺ, ഡെൽ പോലെയുള്ള മികച്ച കമ്പനികളിൽ നിന്നാണ്. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ സാധിക്കുക എന്നത് എന്റെ അത്യാവശ്യം ആയിരുന്നു. അത് അനുവദിച്ചില്ലെങ്കിൽ ഓഫറുകൾ എത്ര നല്ലതായാലും  സ്വീകരിക്കില്ല എന്നു തീരുമാനിച്ചിരുന്നു. പല സ്ഥലങ്ങളിലേക്കുള്ള അജയ് യുടെ ജോലി മാറ്റം  കുട്ടിയുടെ ഭാഷാ വളർച്ചയെ ബാധിച്ചപ്പോൾ ഞങ്ങൾ നാട്ടിൽ താമസമാക്കാൻ തീരുമാനിച്ചു. പല ഭാഷകൾ കേൾക്കുന്ന കുഞ്ഞുങ്ങൾക്ക് ഭാഷാ വളർച്ച പ്രശ്നമാകാറുണ്ട്. മോൻ എൽകെജി യിൽ പോയി തുടങ്ങിയപ്പോൾ ഞാൻ തുടർന്ന് പഠിക്കാൻ തീരുമാനിച്ചു.

കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പി എച്ച് ഡി എൻട്രൻസ് എഴുതി. ഫെല്ലോഷിപ്പോടെ കംപ്യൂട്ടർ സയൻസ് & എൻജിനീറിങ് പിഎച്ച്ഡിക്ക് തിരഞ്ഞെടുക്കപ്പെട്ടു.’’

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി ലോകമാകെ കോവിഡ് മഹാമാരിയുടെ പിടിയിലായി. വീട്ടിൽ അടച്ചിരിക്കേണ്ട സ്ഥിതിയായി. സിനാറ ഈ സമയവും പഠനത്തിനായി ചെലവിട്ടു.

‘‘ലോക്ഡൗൺ കാലത്ത് കോളജ് അടച്ച സമയത്താണ് എൻജിനീയറിങ് കോളജ് വാട്സാപ്പ് ഗ്രൂപ്പിൽ ഒരു അറിയിപ്പ് വന്നത്. 2400 പേർക്ക് കോഴ്സിറ ( Coursera) നൽകുന്ന സൗജന്യ കോഴ്സിന് അപേക്ഷിക്കാം. നിശ്ചിത എണ്ണം സീറ്റേ ഉള്ളു, മികച്ച രീതിയിൽ പാസ്സ് ആയി സർട്ടിഫിക്കറ്റ് നേടാം എന്ന ആത്മവിശ്വാസമുള്ളവർ അപേക്ഷിച്ചാൽ മതി എന്നും.

പല കോഴ്‌സുകൾ ഒരേ സമയം രജിസ്റ്റർ ചെയ്താണ് ലോക്ഡൗൺ കാലത്ത് വിദേശത്തെ ലോകോത്തര സർവകലാശാലകളുടെ സർട്ടിഫിക്കറ്റോടെ 50 കോഴ്സുകൾ പൂർത്തിയാക്കിയത്. കംപ്യൂട്ടർ, സൈബർ സെക്യൂരിറ്റി എന്നിവയുമായി ബന്ധപ്പെട്ട, എന്റെ ഗവേഷണത്തിന് സഹായകമായവയാണ് ഞാൻ പൂർത്തിയാക്കിയ കോഴ്‌സുകളെല്ലാം. ഒരു സൈക്കോളജി കോഴ്സും പഠിച്ചു.

മണിക്കൂറുകൾ നീണ്ട ക്ലാസ്സുകൾ, ചോദ്യോത്തരങ്ങൾ, പ്രോജക്റ്റുകൾ എന്നിവ ചെയ്യാനുണ്ട്. ഡാഡയ്ക്കും മമ്മിയ്ക്കും അജയിനുമേ ഞാൻ രാത്രി പകലാക്കി പഠിച്ചാണ് ഇത് നേടിയത് എന്നറിയൂ. ഞാൻ ഡാഡയോട് ചോദിക്കുമായിരുന്നു എനിക്ക് 'സ്റ്റഡി മാനിയ' പോലെ വല്ല രോഗവും ആണോ എന്ന്. ഡാഡ ഇത് കേട്ട് ചിരിച്ചു പോയി.

‘ആസ്വദിച്ചു ചെയ്യാൻ കഴിയുകയാണെങ്കിൽ എന്തും മികച്ച രീതിയിൽ ചെയ്യാൻ കഴിയും’ എന്നു ഡാഡ പറയുമായിരുന്നു.

പഠിച്ച അൻപത് കോഴ്‌സുകളും 90 % മാർക്കിലാണ് പാസ്സായിരിക്കുന്നത് എന്നതാണ് സിനാറയുടെ പ്രതിഭയുടെ തിളക്കമേറ്റുന്നത്.

പൂർത്തിയാക്കാൻ മൂന്ന് മുതൽ ഏഴു മാസം വരെ വേണ്ടി വരുന്ന കോഴ്സുകളാണ് മാർച്ച് 22 മുതൽ ജൂലൈ 30 വരെയുള്ള സമയത്തിൽ തീർത്തത്. ബേസിക്, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നിങ്ങനെ മൂന്ന് തലത്തിൽ ആണ് കോഴ്‌സുകൾ. എനിക്ക് അടിസ്ഥാന അറിവ് ഉണ്ടായതിനാൽ കൂടുതലും അഡ്വാൻസ്ഡ്- ഇന്റർമീഡിയറ്റ് ലെവൽ കോഴ്സുകൾ ആണ് ചെയ്തത്. വേഗത്തിൽ പഠിക്കാൻ ഞാൻ കണ്ടെത്തിയ മാർഗം വിഡിയോ വേഗം കൂട്ടി കാണുകയായിരുന്നു. ഇഴയുന്ന ചില ക്ലാസ്സുകൾ വേഗം തീർക്കാൻ ഇത് സഹായകമായി.’’

ഈ കഥയിലെ കുട്ടി സിനാറയെപ്പോലെ 50 കോഴ്സുകൾ ഒന്നും പഠിക്കാനായില്ലെങ്കിലും മനസ്സ് വച്ചാൽ നിങ്ങളുടെ പഠന സ്വപ്നങ്ങളിൽ ഒന്നെങ്കിലും സ്വന്തമാകുമെന്നുറപ്പ്. എന്നാൽ പിന്നെ തുടങ്ങിക്കോളൂ...

സൈബർ സെക്യൂരിറ്റി ഇഷ്ടം

പിഎച്ച്ഡി റിസർച്ചിന് സിനാറ സൈബർ സെക്യൂരിറ്റി വിഷയമാക്കിയതിനും കാരണമുണ്ട്.

‘‘മോന് വേണ്ടി ഒരു റൈംസ് മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു ഞാൻ. അവർ ക്യാമറ, മൈക്രോഫോൺ പെർമിഷൻസ് ചോദിച്ചപ്പോൾ അതിശയിച്ചു. ഇത്തരം കാര്യങ്ങളിൽ വിദ്യാസമ്പന്നർക്കു പോലും സംശയങ്ങൾ പലതാണ്.

വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുകയും ഒ പ്പം ഉപയോഗത്തിലുള്ള സങ്കീർണത ലളിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സൈബർ സെക്യൂരിറ്റിയിൽ ‘യൂസബിൾ സെക്യൂരിറ്റി ആൻഡ് പ്രൈവസി’   എന്ന വിഷയം തിരഞ്ഞെടുത്തത്. ഈ മേഖലയിൽ ഇന്ത്യയിൽ വേണ്ടത്ര ഗവേഷണങ്ങൾ നടന്നിട്ടില്ല.’’