Thursday 22 August 2024 12:58 PM IST

ഒരു പാമ്പ് വേറൊരു പാമ്പിനെ വിഴുങ്ങുന്ന ഭയപ്പെടുത്തുന്ന കാഴ്ച! കൊല്ലാൻ കൂടി നിൽക്കുന്ന ജനങ്ങൾ... രക്ഷകനായ മനോജ്: അക്കഥ

Delna Sathyaretna

Sub Editor

manoj-veera-1

ജോലി, വീട്, കുട്ടികൾ. തിരക്കിട്ടുള്ള ഒാട്ടമല്ലേ. അതിനിടയിൽ പാഷൻ പ ലപ്പോഴും മനസ്സിന്റെ പിൻസീറ്റിലിരുന്ന് ഉറങ്ങും. എന്നാൽ പ്രധാന വരുമാനമാർഗമായ ജോലി സന്തോഷത്തോടെ ചെയ്യുന്നതിനൊപ്പം ഇഷ്ടമുള്ള മറ്റൊരു കാര്യം കൂടി ചെയ്താലോ?

ജോലിയിൽ വ്യത്യസ്തമായ പാഷൻ അല്ലെങ്കിൽ മറ്റൊരു തൊഴിലിനു കൂടി സമയം കണ്ടെത്തുന്ന ഒരാളുടെ കഥയാണിത്. എറണാകുളത്തെ ഇവന്റ് മാനേജർ മനോജ് വീരകുമാർ പങ്കുവയ്ക്കുന്ന ജീവിതാനുഭവങ്ങൾ.

‘‘ഇവന്റ് പ്ലാനറാണ്. പാമ്പിനെയും രക്ഷിക്കും’’

മനോജ് വീരകുമാർ,തൃപ്പൂണിത്തുറ

കൊല്ലത്തു കല്യാണം കൂടാൻ ആഘോഷമായി പോയതാണ് മനോജ്. പോകുന്ന വഴി കാടും മേടും കണ്ടാൽ പിന്നെ, പോകുന്ന കാര്യത്തോടു ഷോർട് ബ്രേക് പറയും. ബാഗിൽ നിന്ന് ക്യാമറ പുറത്തെടുക്കും. പിന്നെ, കാഴ്ചയിൽ തെളിയുന്ന വിസ്മയചിത്രങ്ങൾ സ്വന്തമാക്കിയ ശേഷമാകും തുടർയാത്ര.

യാത്രകളും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയും വെ റുമൊരു ക്ലിക്കിൽ ഒതുങ്ങുന്ന ഇഷ്ടമല്ല മനോജിന്. മനസ്സിനു കിക്ക് കൊടുക്കുന്നത്രയും സന്തോഷമുണ്ട് ഓരോ ക്ലിക്കിലും. കല്യാണസ്ഥലത്തെത്തിയപ്പോൾ ജീവിതത്തിൽ വഴിത്തിരിവായ അടുത്ത ക്ലിക്ക്. ഒരു പാമ്പ് വേറൊരു പാമ്പിനെ വിഴുങ്ങുന്ന സീൻ! ആളുകളൊക്കെ കൂടി നിൽപ്പുണ്ട്. തല്ലിക്കൊല്ലാൻ പറ്റിയ ആംഗിളിലേക്ക് പാമ്പൊന്നു ചരിയണം. അതിനു വേണ്ടിയാണ് കാത്തുനിൽപ്. അതുമൊരു ജീവനല്ലേ എന്നൊക്കെ വടിയെടുത്തു നിൽക്കുന്ന ആൾക്കൂട്ടത്തോടു പറഞ്ഞു നോക്കി. പക്ഷേ, പുച്ഛത്തോടെ ചിരിച്ച് അതവർ അവഗണിച്ചു. പക്ഷേ, അന്നു മനോജ് ഒരു തീരുമാനമെടുത്തു. ‘പാമ്പുകളെ രക്ഷിക്കാനുള്ള പരിശീലനം നേടണം.’ അങ്ങനെ ഇവന്റ് മാനേജരായ മനോജിന്റെ ജീവിതത്തിലേക്കു പുതിയൊരു ജോലി കൂടി എത്തി.

manoj-veera-5 ഭാര്യ ലക്ഷ്മിക്കും മക്കളായ ഋത്വിക്, റിതിക, ഋഷികേശ് എന്നിവർക്കുമൊപ്പം മനോജ് വീരകുമാർ

കാട്ടിൽ നിന്നു വീട്ടിലേക്ക്

‘‘ഞാൻ രണ്ടാം ക്ലാസ് കഴിഞ്ഞ സമയത്താണ് ഞങ്ങൾ കൊല്ലത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു താമസം മാറ്റുന്നത്. അച്ഛൻ‌ വീരകുമാറിനു കൊച്ചിൻ റിഫൈനറിയിൽ ആയിരുന്നു ജോലി. അമ്മ, ഇന്ദിര. പഠന കാലത്തേ കാട് യാത്രകളായിരുന്നു ഹരം. അതിനൊക്കെ വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നു.

പക്ഷേ, പാമ്പിനെ രക്ഷിക്കാൻ പോകാൻ തുടങ്ങിയപ്പോൾ അവർക്ക് പേടിയായി. പലയിടത്തു നിന്നു പാമ്പിനെ പിടിച്ചു വീട്ടിൽ കൊണ്ടുവന്നു വയ്ക്കുന്നതിനോടു നാട്ടുകാരിൽ ചിലർക്കും എതിർപ്പുണ്ടായിരുന്നു. സുരക്ഷിതമായി സൂക്ഷിച്ചാണു പാമ്പിനെ വീട്ടുവളപ്പിൽ വയ്ക്കുന്നത്. രണ്ടു ദിവസത്തിലൊരിക്കൽ വനം വകുപ്പിൽ നിന്ന് ആളു വന്നു പാമ്പിനെ കൊണ്ടുപോകുകയും ചെയ്യും.

കേരള വനം വകുപ്പിന്റെ ആപ്പുണ്ട്. ‘സർപ’. സ്നേക്ക് അവയർനസ് റെസ്ക്യൂ പ്രൊട്ടക്‌ഷൻ ആപ് എന്നതിന്റെ ചുരുക്കെഴുത്ത്. വൊളന്റിയറായി അതിലൂടെ അപേക്ഷിക്കാം. ഒരു ദിവസത്തെ പരിശീലനം ലഭിക്കും. ഔദ്യോഗികമായി റെസ്ക്യൂ തുടങ്ങാൻ ലൈസൻസ് കിട്ടിയത് സർപ്പയിലൂടെയാണ്. എതിർപ്പുകൾ തുടക്കത്തിലേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എല്ലാവരും സപ്പോർട്ടാണ്.

manoj-veera

ഭാര്യ ലക്ഷ്മിയും മക്കളും ഒക്കെ ഇപ്പോൾ റെസ്ക്യു പ്രവർത്തനങ്ങളെക്കുറിച്ച് അറിവുള്ളവരാണ്. മൂന്നു മക്കളാണു ഞങ്ങൾക്ക്. മൂത്ത മകൻ ഋഷികേശ് ഭാരത്‌മാതാ കോളജിൽ ബിരുദ വിദ്യാർഥി. മകൾ റിതിക തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി. ഇളയയാൾ ഋത്വികിന് അഞ്ചു വയസ്സായി. മകൾ റിതികയാണ് പാമ്പുപിടിക്കാൻ പോകുമ്പോൾ ഒപ്പം വരുന്നത്. വിഡിയോ ഒക്കെ എടുത്തു തരുന്നത് മോളാണ്. പാമ്പുകളുടെ റെസ്ക്യൂ തുടങ്ങുമ്പോഴും കഴിഞ്ഞതിനു ശേഷവും സർപ ആപ്പിൽ റിപ്പോർട് ചെയ്യണം. പാമ്പുകളുടെ എണ്ണത്തിനു കൃത്യം കണക്കുണ്ട്.

ഏതൊരു വന്യജീവിയെയും അലക്ഷ്യമായി കൈകാര്യം ചെയ്താൽ വനംവകുപ്പിനു സ്വമേധയാ കേസെടുക്കാം. പാമ്പുകളുടെ മുട്ട നശിപ്പിക്കുന്നതു പോലും നിയമവിരുദ്ധമാണ്. ഇതേക്കുറിച്ചൊക്കെ സർപ വൊളന്റിയർമാർ സ്കൂളുകളിലൊക്കെ ക്ലാസ് എടുക്കാറുണ്ട്.

കർണാടകയിലെ പരിശീലനം

കർണാടകയിൽ അജയ് ഗിരി എന്നൊരാളുണ്ട്. പാമ്പുകളെ രക്ഷിക്കുന്ന വിദഗ്ധനാണ്. ഒരുപാട് അനുഭവസമ്പത്തുള്ള അദ്ദേഹത്തിനൊപ്പം കുറച്ചു ദിവസം ചെലവിട്ടു പാമ്പുകളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നൂറോളം പാമ്പുകളെ ഇതുവരെ രക്ഷിക്കാനായി. പാതിരാത്രിയിൽ പോലും കോളുകൾ വരാറുണ്ട്. ഈ രംഗത്തേക്കു വന്നശേഷമാണു സിറ്റിയിൽപ്പോലും ഇ ത്രയേറെ പാമ്പുകളുണ്ടെന്ന് മനസ്സിലായത്.

ഇവന്റ് മാനേജ്മെന്റാണ് പ്രധാന വരുമാനം. കോർപറേറ്റ് ഇവന്റുകളും കല്യാണങ്ങളും എല്ലാം ചെയ്യും. നടൻ ലാലു അലക്സിന്റെ മകളുടെ എൻഗേജ്മെന്റ് ചെയ്യാനായി. മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ് പ്ലാനറാകണമെന്നാണ് ആഗ്രഹം. ജോലിക്കൊപ്പം പാഷനും കൊണ്ടുപോകാൻ ക ഴിയുന്നതാണു ജീവിതത്തിലെ ഡബിൾ സന്തോഷം.’’