ചോറ്റാനിക്കരയ്ക്ക് അടുത്ത് അ മ്പാടിമല കുരിശുംപാട് വീട്ടിൽ പൊന്നപ്പന്റെയും ജയലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണു ശിവകുമാർ. കഠിനമായ ജീവിതവഴികളിലൂടെയായിരുന്നു ശിവകുമാറിന്റെ ജീവിതയാത്ര. എട്ടാംക്ലാസിൽ പഠനം മുടങ്ങി. പത്രവിതരണമായിരുന്നു ആദ്യം കണ്ടെത്തിയ ജോലി. പിന്നെ, പല തൊഴിലുകൾ. ഒടുവിൽ പെയിന്റിങ് തൊഴിലാളിയായി മാറി. വരുമാനം വന്നപ്പോൾ ഒപ്പം സൗഹൃദസംഘവും വലുതായി.
സന്ധ്യകളിൽ ലഹരിയുടെ നിറം പടർന്നു. മെല്ലെ അതു ജീവിതത്തെ തന്നെ വിഴുങ്ങിത്തുടങ്ങി. പക്ഷേ, ഉടലുറപ്പിന്റെ കരുത്തിൽ ജീവിതം നിരതെറ്റാതെ മുന്നോട്ടു നീങ്ങി. ആറടിയോളം ഉയരം. നൂറു കിലോ ഭാരം. അസാമാന്യ ധൈര്യം. നാട്ടിൻപുറത്തെ ഏതു കശപിശയുടെയും ഒരറ്റം പിടിക്കാൻ അതു ധാരാളം. അങ്ങനെ ശിവകുമാർ അമ്പാടിമലയിലെ ‘ശിവേട്ട’നായി.
നിറം പകർന്നെത്തിയ പ്രണയം
അപർണയുടെ വീടിന്റെ പെയിന്റിങ് ജോലിക്കായി എത്തിയതാണ് അയൽക്കാരനായ ശിവകുമാർ. അതിനു മുൻപ് അവർ തമ്മിൽ സംസാരിച്ചിട്ടില്ല. ചുമരുകൾക്കു നിറം പകർന്ന പകലുകൾ അവർക്ക് പരസ്പരം സംസാരിക്കാനുള്ള പശ്ചാത്തലമായി. പിന്നെയും കണ്ടുമുട്ടലുകൾ തുടർന്നു. ലഹരി ഇരുൾ പടർത്തിയ ജീവിതാന്തരീക്ഷമായിരുന്നു അപർണയുടേത്. അച്ഛൻ രാജന്റെ മദ്യപാനശീലമായിരുന്നു കാരണം. അപർണയുടെയും കുടുംബത്തിന്റെയും അവസ്ഥയിൽ ശിവകുമാറിന് ആദ്യം തോന്നിയത് സങ്കടമാണ്. അത്യാവശ്യം മദ്യപിക്കും. പക്ഷേ, നിയന്ത്രണം വിട്ട മദ്യപനായി മാറുമെന്ന് അക്കാലത്ത് ശിവകുമാർ പോലും സ്വയം കരുതിയിരുന്നില്ല. മദ്യപിച്ച് തല്ലുണ്ടാക്കി പൊലീസ് സ്റ്റേഷനിൽ അന്തിയുറങ്ങുന്ന ഒരാളായിരുന്നില്ല അന്ന് അയാൾ.
അച്ഛന്റെ മദ്യപാനശീലം സൃഷ്ടിച്ച യാതനയിൽ നിന്നു പുറത്തുകടക്കാനുള്ള വാതിലായിരുന്നു അപർണയ്ക്കു പ്രണയം. അതിനേക്കാൾ വലിയ മറ്റൊരു നരകത്തിലേക്കാണ് കടന്നതെന്നു ക്രമേണ അപർണയ്ക്കു മനസ്സിലായി.
കണ്ണീരിൽ അണയുന്ന മദ്യാഗ്നി
ആളിപ്പടരുന്ന മദ്യലഹരി അണയുന്നത് ഉറ്റവരുടെ കണ്ണീരിലാണല്ലോ. ഇവിടെയും അങ്ങനെ തന്നെ സംഭവിച്ചു. ഒരു കല്യാണ സൽക്കാരത്തി ൽ പങ്കെടുത്തു മടങ്ങുന്നതിനിടെ അപർണയു ടെ അച്ഛൻ കനാലിൽ വീണു മരിച്ചു.
മദ്യപിക്കാത്ത അവസരങ്ങളിൽ തികച്ചും സ്നേഹമയനായിരുന്നു രാജൻ. അതുവരെ പ രാതികൾ മാത്രം പറഞ്ഞിരുന്ന മനസ്സിനെ പിന്നെ, അച്ഛന്റെ വാത്സല്യം ഓർമകളായി തലോടി. അതിനിടെ ശിവകുമാർ നൂലുപൊട്ടിയ പട്ടം പോലെ പാറിപ്പറന്നു തുടങ്ങി. നല്ല കരുത്തും തന്റേടവും കാരണം ശിവകുമാറിന് ആരാധകരും ഉണ്ടായി. പകൽ പണിക്കു പോകും. സന്ധ്യ മയങ്ങിയാൽ മങ്ങിയ വെളിച്ചത്തിൽ മുങ്ങിയ ബാറുകളായി അയാളുടെ ലോകം. ആഴ്ചയിൽ ഒരു അടിപിടി. മാസത്തിൽ ഒരു പൊലീസ് കേസ്. എല്ലായിടത്തും ഓടിയെത്താൻ അപർണ ഒറ്റയ്ക്ക്. ജീവിതം വല്ലാതെ മടുത്തു തുടങ്ങി. ദിവസം ആയിരം രൂപയ്ക്കു ജോലി ചെയ്യുന്ന ഭർത്താവ് വീട്ടിലേക്കു കയറി വരുന്നത് ഒരു രൂപ പോലും കയ്യിലില്ലാതെ. കാശില്ലാതെ വരുമ്പോൾ കടം വാങ്ങിയും കുടി തുടങ്ങി.
ഭർത്താവിന്റെ മദ്യപാനം അസഹനീയമായപ്പോൾ മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്താലോ എന്നു പോലും അപർണ ആലോചിച്ചു. പൊന്നോമനമക്കളുടെ മുഖം കണ്ടു കണ്ടിരിക്കെ അങ്ങനെ ആലോചിച്ചല്ലോ എന്നോർത്തു കരഞ്ഞു.
ആലോചനകൾ പല വഴിക്കു നീങ്ങി. ഡീഅഡിക്‌ഷ ൻ സെന്ററിൽ കൊണ്ടുപോകാൻ പലരും പറഞ്ഞു. അ ങ്ങനെ മദ്യപാനം നിർത്തിയ പലരും വീണ്ടും ആ വഴിയിൽ വീണുപോകുന്നത് കണ്ടിട്ടുണ്ട്. ‘ഇത് അവസാനിപ്പിക്കണം, എന്നേക്കുമായി.’ അപർണ തീരുമാനിച്ചു.
സ്വബോധം തെളിഞ്ഞു നിൽക്കുന്ന സമയത്ത് ശിവകുമാർ ശരീരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു സംസാരിക്കുന്നത് അപർണ ശ്രദ്ധിച്ചു. ‘എനിക്കും വണ്ണം കൂടുന്നുണ്ട്. നമുക്ക് ജിംനേഷ്യത്തിൽ പോയാലോ?’
സ്നേഹം പ്രകാശിച്ച ആ മാത്രയിൽ ശിവകുമാർ അതിനു സമ്മതിച്ചു. തൊട്ടടുത്തുള്ള ആൻസൻ അഗസ്റ്റിൻ ആശാന്റെ ജിംനേഷ്യത്തിൽ രണ്ടുപേരും ഹാജർ.
മദ്യത്തെ തടഞ്ഞ മസിൽ പവർ
‘ഇനി ഒരു തുള്ളി മദ്യം കഴിക്കില്ലെങ്കിൽ ജിംനേഷ്യത്തിൽ പ്രവേശിക്കാം. അല്ലെങ്കിൽ പറ്റില്ല.’ അതായിരുന്നു ആ ശാന്റെ കർശന നിർദേശം. അതു കേട്ടതും ഒറ്റയിരുപ്പിൽ ഫുൾബോട്ടിൽ അകത്താക്കുന്ന മദ്യപന്റെ മനസ്സ് പിടച്ചു. കരയ്ക്ക് പിടിച്ചിട്ട മീനെ പോലെ. എങ്കിലും അതൊരു വെല്ലുവിളിയായി ശിവകുമാർ സ്വയം ഏറ്റെടുത്തു.
മാസങ്ങൾ പിന്നിട്ടു. കഠിനതടവ് കഴിഞ്ഞു പുറത്തു വരുന്ന ജയിൽപുള്ളിയെ പോലെ അയാൾ ആകാശം കണ്ടു. ശ്വാസം അറിഞ്ഞു ശുദ്ധവായു ശ്വസിച്ചു. മക്കൾ സ്നേഹത്തോടെ അരികിൽ വന്ന് ‘അച്ഛാ...’ എന്നു വിളിക്കുന്നതു കേട്ടു. എല്ലാം ആദ്യമായി സംഭവിക്കുന്നതു പോലെ തോന്നി. ‘എന്തൊരു ലഹരിയാണ് ഈ ജീവിതത്തിന്’ അയാൾ സ്വയം പറഞ്ഞു.
നഷ്ടപ്പെട്ട വർഷങ്ങളുടെ സങ്കടം ജിംനേഷ്യത്തിൽ വിയർപ്പായി ഒഴുകി. ആറു മണി വരെ ജോലി. അതു കഴിഞ്ഞാൽ പരിശീലനം. പിന്നെ, നേരെ വീട്ടിലേക്ക്. ആ താളചക്രത്തിൽ ജീവിതം നീങ്ങി. സിക്സ് പാക്കുകൾ മെല്ലെ തെളിഞ്ഞുതുടങ്ങി. ശിഷ്യന് പുതിയ ചാലഞ്ചുകൾ കൊടുത്തു ആൻസൻ ആശാൻ ഒപ്പം നിന്നു.
‘ ഇനി ശിവൻ, മത്സരങ്ങളിൽ പങ്കെടുക്കുന്നതിനെകുറിച്ച് ആലോചിക്കണം.’ ആൻസൻ ആശാൻ പറഞ്ഞു. അതു കേട്ടപ്പോൾ അപർണയുടെ ഉള്ളിൽ സന്തോഷം മാന്ത്രിക കൊടുമുടി പോലെ വളർന്നു. ഭർത്താവിനെയോർത്തുള്ള അഭിമാനം പതാക പോലെ പാറി.
താലിമാല ഉണ്ടല്ലോ, പണയം വയ്ക്കാം
മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചെങ്കിലും പ ണം എങ്ങനെ കണ്ടെത്തും എന്നതു പ്രശ്നമായിരുന്നു. രണ്ടും കൽപിച്ച് ഉദയംപേരൂർ സ്റ്റാൻഡേർഡ് ജിംനേഷ്യത്തിൽ ജോബിസ് ആശാന്റെ ശിഷ്യനായി. അവിടെ ഇറക്കുമതി ചെയ്ത ഉപകരണങ്ങളുണ്ട്. മത്സരത്തിനായുള്ള പ്രത്യേക പരിശീലനവും കിട്ടും.
കുടിച്ചു വറ്റിച്ച കാലത്തിന്റെ കടങ്ങൾ തീർന്നിട്ടില്ല. മത്സരത്തിനു പോകാൻ എങ്ങനെ കാശുണ്ടാക്കുമെന്നോർത്തിരിക്കുന്ന ശിവകുമാറിനോട് അപർണ പറഞ്ഞു. ‘കെട്ടുതാലിയുണ്ട്. അതു പണയം വയ്ക്കാം. മത്സരത്തിനിറങ്ങാൻ അതു മതിയാകും. പിന്നെ, വരുന്നിടത്തു വച്ചു കാണാം.’ അപർണയുടെ വാക്കുകളിൽ ശിവകുമാറിന്റെ ഹൃദയം ജ്വലിച്ചു. പിന്നെ, ജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടാതെ കഠിന പരിശീലനത്തിന്റെ നാളുകൾ. ഭാര്യയുടെ കെട്ടുതാലി പണയം വച്ച് മത്സരിക്കാനിറങ്ങിയ ശിവകുമാർ മിസ്റ്റർ എറണാകുളമായി.
ഒരുകാലത്ത് തനിക്കെതിരെ അടഞ്ഞ സ്നേഹവാ തിലുകൾ മലർക്കേ തുറക്കുന്നത് ശിവകുമാർ അറിഞ്ഞു. ശിവകുമാറിന്റെ പൂർവചരിത്രം അറിയാവുന്നവർ പുതിയ വിജയത്തിൽ അഭിമാനം കൊണ്ടു. എന്നാൽ ഏ റെ സന്തോഷിച്ചത് അപർണയും മക്കളും തന്നെ.
പക്ഷേ, അടുത്ത നിമിഷം എന്തായി മാറുമെന്ന ആ ശങ്ക അപർണയുടെ മനസ്സിൽ നിന്ന് ഒഴിഞ്ഞിരുന്നില്ല. അതു കനലായി ചുട്ടുപൊള്ളിച്ചപ്പോൾ അപർണ ജിംനേഷ്യത്തിലെ ആശാനോടു ചോദിച്ചു. ‘അടുത്ത മത്സരം ഏതാണ്? സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയുമോ?’ ആശാൻ സമ്മതം നൽകിയതോടെ ‘മിസ്റ്റർ കേരള’ എന്ന സ്വപ്നം തെളിഞ്ഞു. അപ്പോഴും താലി പണയത്തിൽ നിന്നെടുക്കാൻ കഴിഞ്ഞിരുന്നില്ല.
എന്റെ കുടുംബത്തിനു വേണ്ടി
‘‘കുടുംബം എനിക്കുവേണ്ടി എത്ര കഷ്ടപ്പെടുന്നു. ഇ നി ഞാൻ വീണ്ടും പഴയ പോലെ മദ്യപാനിയായി തരം താണാലുള്ള അവസ്ഥ എന്താവും? സംസ്ഥാന ചാംപ്യൻഷിപ്പിനൊരുങ്ങുമ്പോൾ അതായിരുന്നു മനസ്സിൽ’’ ശിവകുമാറിന്റെ വാക്കുകൾ. നിശ്ചയദാർഢ്യത്തോടെയുള്ള അപർണയുടെ ‘തപസ്സ്’ വിഫലമായില്ല. ഈ വർഷത്തെ മിസ്റ്റർ കേരളയിൽ മാസ്റ്റേഴ്സ് വിഭാഗത്തി ൽ ശിവകുമാർ വിജയകിരീടം ചൂടി.
പക്ഷേ, അപർണയുടെ മനസ്സ് അടുത്ത മത്സരത്തിനുള്ള ഒരുക്കത്തിലാണെന്നു ശിവനറിയാം. ‘‘ഒരു സംശയവും വേണ്ട എത്രയൊക്കെ ബുദ്ധിമുട്ടിയാലും മിസ്റ്റർ ഇന്ത്യാ പദവിയിലേക്കു മത്സരിക്കണം. അത്ര എളുപ്പമല്ല എന്നറിയാം. എന്നാലും അടുത്ത വർഷം മത്സരരംഗത്തു ഞാനുണ്ടാകും.’’ സിക്സ്പാക് പോലെ ദൃഢമായ വാക്കുകളിൽ ശിവകുമാർ പറയുന്നു.
‘‘തിരിച്ചു കിട്ടിയ ഏറ്റവും വലിയ കിരീടം എന്റെ ജീ വിതമാണ്. ഇപ്പോഴും പെയിന്റിങ് ജോലിക്കു പോകു ന്നുണ്ട്. പണ്ട് മദ്യപിച്ചു വീട്ടിൽ വന്നാൽ മക്കൾ എന്നോടു സംസാരിക്കാറുണ്ടായിരുന്നില്ല. മക്കളേക്കാൾ മദ്യത്തെ സ്നേഹിക്കുന്ന അച്ഛൻ. എന്തൊരു തോൽവിയാണല്ലേ? ഇന്ന് അവർ ഞാൻ വീട്ടിലേക്ക് വരാൻ കാത്തിരി ക്കുന്നു. അര മണിക്കൂർ വൈകിയാൽ വിളിച്ചന്വേഷിക്കുന്നു. എനിക്കു നഷ്ടപ്പെട്ടതിൽ മക്കളുടെ ബാല്യകാലവുമുണ്ട്. കഴിഞ്ഞ 14 വർഷം അങ്ങനെ പോയി. അവർ വള ർന്നത് ഞാനറിഞ്ഞില്ല. രണ്ട് ആൺമക്കളാണ് ഞങ്ങൾക്ക്. മൂത്തമകൻ ആകാശ് ഇപ്പോൾ പത്താം ക്ലാസിൽ. ഇളയവൻ ആഷിക് ഏഴാം ക്ലാസിലും. അവരും എന്റെയൊപ്പം ഇപ്പോൾ ജിമ്മിൽ വരുന്നുണ്ട്.
ആരെയും ഉപദേശിക്കാൻ ഞാനാളല്ല. എല്ലാവരോടും തൊഴുത് പറയുകയാണ്. ചെറിയ അളവ്, നിയന്ത്രിത അളവ് എന്നൊന്നുമില്ല. നമുക്ക് ലഹരി വേണ്ട.’’
ഓണം കഴിഞ്ഞാലും വാടാത്ത പൂക്കൾ
‘‘മുൻപ് ഓണക്കാലമാവുമ്പോൾ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു ശിവേട്ടനെ അന്വേഷിച്ച് ആൾക്കാരെത്തുമായിരുന്നു. നല്ല ഉയരം, രണ്ടു മാവേലിക്കു വേണ്ട കുടവയർ. അതാണ് ആളുകൾക്ക് പ്രിയമുള്ള കാര്യം. ഇഷ്ടം പോലെ മദ്യവും കാശും. അതായിരുന്നു ശിവേട്ടന്റെ ആകർഷണം. അന്ന് ഒാണം നാട്ടിൽ ശിവേട്ടന്റെ ‘താണ്ഡവ’ കാലങ്ങളായിരുന്നു.’’ അപർണ ഇതു പറയുമ്പോൾ ശിവനു ചിരിയടക്കാനായില്ല.
‘‘തൃശൂരിൽ പുലികളിക്ക് എന്നെ കൊണ്ടുപോകുമായിരുന്നു. കാരണം എന്റെ വയറിൽ അവർക്ക് എന്തുവേണമെങ്കിലും വരയ്ക്കാം. സിംഹമോ പുലിയോ കടുവ യോ അങ്ങനെ എന്തും. അത്രയും വലിയ കാൻവാസായിരുന്നല്ലോ എന്റെ വയർ.’’ ശിവകുമാർ ചിരിക്കുന്നു.
ജീവിതം അങ്ങനെയാണ്; ചിലർ ചിരിക്കുമ്പോൾ അ റിയാതെ കണ്ണു നിറഞ്ഞുപോകും!
വി.ആർ. ജ്യോതിഷ്
ഫോട്ടോ : ഹരികൃഷ്ണൻ