Saturday 12 October 2019 11:16 AM IST

‘ലുക്കും സ്റ്റൈലും വിടാൻ ഒരുക്കമല്ല; ഇതുകണ്ട് ഇഷ്ടപ്പെടുന്ന ഒരു പെണ്ണ് വരട്ടെ’; ഈ ‘മിസ്റ്റർ ഇന്ത്യ’ ചാക്കോച്ചന്റെ കുഞ്ഞനുജൻ!

Binsha Muhammed

mr-india1 ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

എണ്ണിയെടുക്കാൻ പാകത്തിനുള്ള സിക്സ് പായ്ക്ക്, െകട്ടിയൊതുക്കിയ നീളൻ മുടി, കാതിൽ മിന്നിത്തിളങ്ങുന്ന സ്റ്റഡ്... ചാക്കോ തരകൻ വന്നു നിന്നാൽ ആരുമൊന്നു നോക്കിപ്പോകും. വടക്കൻപാട്ട് സിനിമകളിലൂടെ മലയാള മനസ്സിലിടം നേടിയ ഉദയാ കുടുംബത്തിലെ ഇളമുറക്കാരനാണ് ഈ ‘മിസ്റ്റർ ഇന്ത്യ.’ കുഞ്ചാക്കോ ബോബന്റെ കുഞ്ഞനുജൻ. രണ്ടു തവണ മിസ്റ്റർ ഇന്ത്യ പട്ടം നേടിയ മലയാളി. ലോകത്തിലെ മസിൽ മന്നൻമാർ മാറ്റുരയ്ക്കുന്ന മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഒരാള്‍. ശരീര സൗന്ദര്യമത്സരങ്ങളുെട േലാകത്തെ േനട്ടങ്ങളിലേക്കുള്ള ചുവടുകളെക്കുറിച്ച് ഒരുപാട് പറയാനുണ്ട് ചാക്കോ തരകന്.

സീൻ 1: പ്രളയകാലത്തെ മിസ്റ്റർ ഇന്ത്യ

‘‘ബോഡി ബിൽഡർ എന്നാണ് എല്ലാവരും പൊതുവേ പറയുന്നതെങ്കിലും ബോഡി ബിൽഡിങ്ങിൽ ‘ബീച്ച് മോഡൽ ഫിസിക്ക്’ കാറ്റഗറിയിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചതും മത്സരിച്ചതും. കഴിഞ്ഞ ഓണത്തിനു തൊട്ടു മുൻപായിരുന്നു ആദ്യ മിസ്റ്റർ ഇന്ത്യ മത്സരം. ഒന്നാം സ്ഥാനത്തെത്തിയതിന്‍റെ സന്തോഷത്തില്‍ കപ്പുമായി നാട്ടില്‍ വന്നപ്പോള്‍ എന്റെ വീടിരിക്കുന്ന അരൂരും പരിസര പ്രദേശങ്ങളും എല്ലാം പ്രളയത്തിലാണ്. ഇന്ത്യൻ ജഴ്സിയിൽ മിസ്റ്റർ യൂണിവേഴ്സാകാൻ മത്സരിക്കാമെന്ന സ്വപ്നം കൂടിയാണ് അന്ന് ആ പ്രളയത്തില്‍ മുങ്ങിപ്പോയത്.  

ഇക്കുറി അങ്ങനെയായില്ല, മിസ്റ്റർ ഇന്ത്യ പട്ടം നേടിയ പിന്നാലെ മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിനായി ദക്ഷിണ കൊറിയയിലെ സോളിലേക്കു പറന്നു. ആ മൊമന്റിന്റെ ത്രില്‍ ദേ ഇപ്പോഴും മാറിയിട്ടില്ല. രാജ്യാന്തര മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നതിന്‍റെ വലിയ ആവേശത്തിലായിരുന്നു ഞാന്‍. ചില കാര്യങ്ങൾ അങ്ങനെയാണ്, നഷ്ടപ്പെട്ടുവെന്ന് തോന്നുന്ന സ്വപ്നങ്ങൾ പോലും കർത്താവ് നമുക്കു വേണ്ടി കാത്തുവച്ചിരിക്കും. കിട്ടേണ്ട സമയമാകുമ്പോൾ പലിശ സഹിതം ഇരട്ടി സന്തോഷത്തോടെ അതു തിരിച്ചു തരും.

ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെഗറായിരുന്നു കുട്ടിക്കാലത്തെ ഹീറോ. െടര്‍മിനേറ്റര്‍ സിനിമകള്‍ എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്കു തന്നെ നിശ്ചയമില്ല. ഇരുപതാമത്തെ വയസ്സില്‍ മിസ്റ്റര്‍ യൂണിേവഴ്സ് ആയ ആളാണ് ഷ്വാസ്നെഗര്‍. സിനിമകള്‍ കണ്ടു ഭ്രമിച്ച് ബോഡി ബില്‍ഡിങ് ആയി സ്വപ്നം. ഷ്വാസ്നെഗറെ  മന സ്സില്‍ ധ്യാനിച്ചാണ് ജിമ്മില്‍ േപായിരുന്നത്.

ചുമ്മാ ഹോബി ആയിട്ടാണ് തുടക്കം, പിന്നെ സീരിയസ്സായി. 2018 ഫെബ്രുവരിയില്‍ നാമക്കലിൽ നടന്ന മത്സരത്തിൽ മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയതോടെയാണ് കരിയറും സ്വപ്നങ്ങളും മറ്റൊരു തലത്തിലേക്കെത്തിയത്. പിന്നീട് മൂന്നു തവണ നാഷനൽ ചാംപ്യൻഷിപ് വിജയിച്ചു. പരിശീലനത്തിനും മത്സരത്തിനുമിടെ പഠനം മുടക്കിയില്ല. ഇന്റർനാഷനൽ ബിസിനസില്‍ മാസ്റ്റർ ബിരുദം ഇതിനിടെ പൂർത്തിയാക്കി.  

സീൻ 3: ഉദയായുടെ ‘കോഴി’യാണ് മെനു

mr-india

ഏതോ ഒരു സിനിമയിൽ ജഗതി ചേട്ടൻ പറയുന്നതു പോലെ, തടി ഈ പരുവത്തിലാക്കാൻ ഞാനിത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. സിക്സ്പായ്ക്ക് സ്വപ്നം കാണുന്നവരോടു പറയാനുള്ളതും അതു തന്നെ. കാണാൻ അടിപൊളിയാണെങ്കിലും ഇതിനു പിന്നിലെ അധ്വാനം അത്ര അടിപൊളിയൊന്നുമല്ല. പുകവലി, വ്യായാമം െചയ്യാന്‍ മടി, അമിതാഹാരം തുടങ്ങിയ ദുശ്ശീലങ്ങളെല്ലാം ആദ്യം ഒഴിവാക്കണം, ചിട്ടയോടെ ജീവിതം പ്ലാൻ ചെയ്യണം. കഠിനമായ പരിശീലനവും ഇച്ഛാശക്തിയുമാണ് എന്റെയീ ശരീരത്തിന്‍റെ രഹസ്യം.

രാവിലെ അഞ്ചുമണിക്ക് ആരംഭിക്കും ഫിറ്റ്നസ് വർക്കൗട്ടുകള്‍. ആദ്യം ശരീരം റീ ചാര്‍ജ് െചയ്യാന്‍ ഒന്നരമണിക്കൂർ നടത്തം. പിന്നെ ഒരു ആപ്പിള്‍ കഴിക്കും. തുടര്‍ന്ന് ജിമ്മില്‍ രണ്ടു മണിക്കൂർ പരിശീലനം. വൈകിട്ട് വീണ്ടും ജിമ്മില്‍ നാലു മണിക്കൂർ.  മട്ടാഞ്ചേരിയിലുള്ള അരവിന്ദ് ആണ് ട്രെയിനർ.

നാലു നേരവും ചിക്കനാണ് പ്രധാന ഭക്ഷണം. േകട്ടു െകാ തിക്കേണ്ട. പൊരിച്ചും കറിവച്ചും ഒന്നുമല്ല ചിക്കന്‍ കഴിക്കുന്നത്.  മസാലക്കൂട്ടുകളും എരിവും പുളിയുമില്ലാതെ പുഴുങ്ങിയെടുക്കുന്ന കോഴിയിറച്ചിയാണ് മെനുവിലെ പ്രധാനി. ദിവസവും കുറഞ്ഞത് മൂന്നു കിലോ. വെജിറ്റബിള്‍ സാലഡ്, ചപ്പാത്തി എന്നിവ അതിനു കൂട്ട്. മുപ്പത് മുട്ടയുടെ വെള്ളയും അവക്കാഡോ, ബ്രോക്ക്‌ലി എന്നിവയും മെനുവിലുണ്ട്.

എന്ത് കഴിക്കുന്നു എന്നതിനേക്കാൾ എന്തൊക്കെ ഒഴിവാക്കുന്നു എന്നതാണ് പ്രധാനം. പലരും ഡയറ്റിൽ പാളിപ്പോകുന്നതും അവിടെയാണ്. പഞ്ചസാര, എണ്ണ, പാല്‍, തൈര്, വെണ്ണ ഇവയെ എല്ലാം പണ്ടേ ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ട്.

മത്സരങ്ങൾക്കു പോകുമ്പോൾ ദിവസങ്ങള്‍ക്കു മുൻപേ ചിട്ടകള്‍ കര്‍ശനമാക്കും. അപ്പോൾ വെള്ളം കുടിക്കില്ല, പകരം പഴച്ചാറുകള്‍ മാത്രം. ചോറു പോലും ജലാംശം പൂര്‍ണമായി കളഞ്ഞാണ് കഴിക്കുക. വീട്ടിലെല്ലാവരും വറുത്തതും മധുരവുമൊക്കെ കഴിക്കുന്നത് കാണുമ്പോൾ ദേഷ്യമൊക്കെ വരാറുണ്ട്. പക്ഷേ, സഹിക്കുക തന്നെ. വർഷത്തിൽ എട്ടു മാസം ഈ രീതിയിലാണു ജീവിതചര്യ. പിന്നീടുള്ള നാലുമാസം എന്തും കഴിക്കും.

സിക്സ്പായ്ക്കിന്റെ പേരിൽ കണ്ണിൽ കണ്ട പ്രൊഡക്റ്റു കളൊന്നും പരീക്ഷിക്കരുതെന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. ശരീരത്തിനും ആരോഗ്യത്തിനുമാണ് ഏറ്റവും പ്രാധാന്യം െകാടുക്കേണ്ടത്. ബാക്കിയൊക്കെ പിന്നാലെ വരും. പ്രോട്ടീൻ പൗഡറുകളെ കുറിച്ചും തെറ്റിദ്ധാരണകളുണ്ടാകാം. എന്റെ ശരീരഭാരം 85 കിലോഗ്രാം ആണ്. ശരീരഘടന അനുസരിച്ച് നോർമൽ ഫൂഡ‍ിനൊപ്പം ദിവസവും 70– 80 ഗ്രാം പ്രോട്ടീൻ വരെ ശരീരത്തിന് ആവശ്യം വരും. അത്രയും അളവില്‍ പ്രോട്ടീൻ കിട്ടണമെങ്കില്‍ നൂറു മുട്ടയുെട െവള്ള കഴിക്കണം. തു പ്രായോഗികമല്ലാത്തതു െകാണ്ട്, പ്രോട്ടീൻ പൗഡറുകളും ഷേക്കും അമിനോ ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും കഴിച്ചേ മതിയാകൂ. ബിസ്ക്കറ്റു വരെ പൊടിച്ച് പ്രൊട്ടീൻ പൗഡറാണെന്നു പറഞ്ഞ് കച്ചവടം നടത്തുന്നവരുണ്ട്. അതൊന്നു സൂക്ഷിക്കണം എന്നുമാത്രം.

മസിലും പെരുപ്പിച്ച് ബലം പിടിച്ചു നടക്കുന്നതോ സിക്സ് പായ്ക്കോ ഒന്നുമല്ല സൗന്ദര്യം. മറ്റൊരാളെ നോക്കി പുഞ്ചിരിക്കാൻ ആകുമോ ? അപ്പോൾ നിങ്ങളുടെ ബോഡി ലാംഗ്വേജ് തന്നെ മാറും. ശരീര സൗന്ദര്യത്തിന്റെ അടിസ്ഥാനം അവിടെ നിന്നാണ് ആരംഭിക്കുന്നത്.

സീൻ 4: സിനിമയിലുമുണ്ടെടോ പിടി !

SAVE_20190802_114238

ബോഡി ബിൽഡിങ്ങിൽ അത്യാവശ്യം േപര്  ആയ സ്ഥിതിക്ക് സിനിമയിലേക്കുണ്ടോ എന്ന് ചോദിച്ചാൽ കണ്ണുംപൂട്ടി ‘യെസ്’ എന്നേ പറയൂ. മലയാള സിനിമാ തറവാട്ടിലെ കാരണവരും ഉദയാസ്റ്റുഡിയോ ഉടമയുമായ  കുഞ്ചാക്കോയുടെ മ കൾ ടെസ് കുഞ്ചാക്കോ ആണ് എന്റെ അമ്മ. കുഞ്ഞുനാൾ മുതല്‍ കണ്ടു തുടങ്ങിയതാണ് സിനിമാക്കാരെ. അപ്പോൾ സിനിമയോട് ഇഷ്ടം വന്നില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. എല്ലാത്തിനുമുപരി കണ്ടുപഠിക്കാനും അസൂയപ്പെടാനും ഒരു ചുള്ളൻ ചെക്കൻ ഞങ്ങളുടെ കുടുംബത്തില്‍ തന്നെയുണ്ടല്ലോ, ചാക്കോച്ചായൻ...(കുഞ്ചാക്കോ ബോബന്‍)  

ചെന്നൈയിൽ ആക്ടിങ് വർക്‌ഷോപ്പിൽ ചേർന്നിട്ടുണ്ട്. ത മിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ ടീമിലുള്ളവരാണ് അവിടെ ക്ലാസുകൾ നയിക്കുന്നത്.  

സീൻ 5: ലുക്കും സ്റ്റൈലും വിടില്ല...

mr-india2

കുടുംബസംഗമങ്ങളിലും ചടങ്ങുകൾക്കും പോകുമ്പോൾ എന്നെ കണ്ട് പലരുടെയും മുഖം ചുളിയും.  മുഖത്തും നെഞ്ചിലും പുരികത്തിലുമൊക്കെ കമ്മലിട്ട്, എട്ടു വർഷമായി കത്രിക കാണാത്ത മുടിയുമായി നടക്കുന്ന ഈ േകാലം കണ്ട് മുഖം ചുളിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. ‘ബ്യൂട്ടി അച്ചീവ്സ് ത്രൂ പെയിൻ’ എന്ന പക്ഷക്കാരനാണ് ഞാൻ. അൽപസ്വൽപം വേദനയൊക്കെ അനുഭവിച്ചാലേ ശരീരസൗന്ദര്യം നേടാൻ സാധിക്കൂ.  ശരീരത്തെ പട്ടിണിക്കിട്ടും വർക് ഔട്ട് ചെയ്ത് വേദനിപ്പിച്ചും ഒക്കെയാണ് ഈ രൂപത്തിലായത്.

ഫാർമസ്യൂട്ടിക്കൽ ബിസിനസാണ് ഞങ്ങളുടെ കുടുംബത്തിന്.  അച്ഛൻ മാത്യൂ തരകനും ചേച്ചി ശുഭയും ചേട്ടൻ വർക്കിയുമല്ലാം അന്നും ഇന്നും ആവശ്യപ്പെടുന്നത് ഒരു കാര്യമാണ്, ‘നിനക്കൊന്ന് മനുഷ്യക്കോലത്തിൽ നടന്നൂടേ...’  എന്ന്.  സിനിമാ മോഹങ്ങൾക്ക് ഈ രൂപം ശരിയാകുമോ എന്നു ചോദിക്കുന്നവരുമുണ്ട്. എട്ടു വർഷമായി വളർത്തുന്ന മുടി സിനിമയ്ക്കു വേണ്ടി മുറിക്കണമെന്ന് ഒരു സംവിധായകന്‍ ആവശ്യപ്പെട്ടാല്‍ എനിക്കു വിഷമമാകും സിനിമാക്കാർ ദയ കാണിക്കുമെന്നാണ് പ്രതീക്ഷ. ഈ ലുക്ക് വച്ചും വേണമെങ്കിൽ സിനിമ ചെയ്യാമല്ലോ.

വയസ്സ് 29 ആയി. കല്യാണാലോചനകൾ സജീവമായി നടക്കുന്നുണ്ട്. മിസ്റ്റർ യൂണിവേഴ്സിൽ ഇപ്പോൾ കിട്ടിയ ടോപ് ടെൻ കടന്ന് ആദ്യ മൂന്നു സ്ഥാനക്കാരില്‍ ഒരാള്‍ ആകണമെന്നാണു മോഹം. അതുകഴിഞ്ഞു മതി കല്യാണം.

ഈ ലുക്കും സ്റ്റൈലും അത്ര പെട്ടെന്നൊന്നും വിടാൻ ഒരുക്കമല്ല.  ഇതു കണ്ട് ഇഷ്ടപ്പെടുന്ന ഒരു പെണ്ണ് വരട്ടെ, അതല്ലേ ഹീറോയിസം.’’

ചാക്കോച്ചൻ എന്ന ‘ബിഗ് ബ്രദർ’

SAVE_20190801_155925

‘‘എന്റെ അമ്മയുടെ സഹോദരന്റെ മകനാണ് കുഞ്ചാക്കോ ബോബന്‍. ഞാനും ചാക്കോച്ചനും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്, പുള്ളിയുടെ ഗ്ലാമർ കണ്ടാൽ അതു പറയില്ലെന്നു മാത്രം. ‘അനിയത്തിപ്രാവ്’ റിലീസാകുമ്പോൾ ഞാൻ ആറാം ക്ലാസിൽ പഠിക്കുകയാണ്. ഇപ്പോഴും പുള്ളിയെ കാണുമ്പോൾ ‘ഐ ഫീൽ ഷൈ...’. എന്തോ വല്ലാത്ത നാണമാണെനിക്ക്. 

ചാക്കോച്ചായനോട് ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് എത്ര ഇഷ്ടമുണ്ടോ, അതിന്റെ ഇരട്ടിയിലേറെയുണ്ട് പുതിയ താരം ഇസയോട്. ഒരു കുഞ്ഞിനു വേണ്ടിയുള്ള ചാക്കോച്ചായന്റെ കാത്തിരിപ്പിന്റെ ആഴം എത്രത്തോളമെന്ന് എനിക്ക് അറിയാം. അതിന്റെ പേരിൽ ഒരുപാട് വിഷമിച്ചിട്ടുമുണ്ട് ചാക്കോച്ചായനും പ്രിയ ചേച്ചിയും. ആൾക്കാരുടെ മുന വച്ചുള്ള ചോദ്യങ്ങൾ, സംശയങ്ങൾ... ഇപ്പോഴവര്‍ക്ക്  െെദവം സന്തോഷം െകാടുക്കുന്നു.

ചാക്കോച്ചായൻ എനിക്കു തരുന്ന മോട്ടിവേഷനും പിന്തുണയും ചില്ലറയല്ല. മിസ്റ്റർ യൂണിവേഴ്സ് ചാംപ്യൻഷിപ്പിൽ ടോപ് ടെന്നില്‍ എത്തിയപ്പോൾ ചാക്കോച്ചായൻ ഇൻസ്റ്റഗ്രാം പേജിൽ അഭിമാനത്തോടെ പോസ്റ്റ് ചെയ്തു. ‘എന്റെ കസിനാണ് ഈ അംഗീകാരം കിട്ടിയിരിക്കുന്നത്’ എന്നൊക്കെ എഴുതിയിരിക്കുന്നതു കണ്ടപ്പോൾ വളരെ അഭിമാനം തോന്നി.

ഉദയ സ്റ്റുഡിയോ നീണ്ട ഇടവേളയ്ക്കു ശേഷം നിർമിച്ച ‘കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ’യിലേക്ക് ചാൻസ് ചോദിച്ചിരുന്നു. പക്ഷേ, അതു കുഞ്ഞുങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന കഥയായതു െകാണ്ട് ചാക്കോച്ചായൻ നിരുത്സാഹപ്പെടുത്തി. നല്ലൊരു േവഷം വരുമ്പോൾ അവസരം തരാമെന്നു വാക്കു തന്നിട്ടുമുണ്ട്.

‘മിസ്റ്റർ ഇന്ത്യ’ പട്ടം

ശരീരസൗന്ദര്യ മത്സരങ്ങളിലെ ഗ്ലാമർ പോരാട്ടമാണ് മിസ്റ്റർ ഇന്ത്യ ടൈറ്റില്‍ കോംപറ്റീഷൻ. നാഷനൽ അമച്വ ർ ബോഡി ബിൽഡിങ് അസോസിയേഷൻ (NABBA) വർഷത്തിലൊരിക്കലാണ് മിസ്റ്റർ ഇന്ത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബീച്ച് ഫിസിക് / മെൻസ് ഫിസിക് എന്നീ പ്രത്യേക കാറ്റഗറികളിലാണ് മത്സരങ്ങൾ.

ജില്ലാ, സംസ്ഥാന അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിലെ വിജയികൾ ദേശീയ മത്സരങ്ങൾക്കു യോഗ്യത നേടും. നിശ്ചിത ഉയരം, ഭാരം, ശരീരപ്രദർശനം എന്നിവ അടിസ്ഥാനമാക്കി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

ബീച്ച് ഫിസിക് വിഭാഗത്തിൽ മിസ്റ്റർ ഇന്ത്യ പട്ടം നേടുന്ന ആദ്യ മലയാളിയെന്ന ഖ്യാതിയും ചാക്കോ തരകന് സ്വന്തമാണ്. 2018ലും 2019ലും ചാക്കോ തരകനായിരുന്നു വിജയി.