കണ്ണാടിയിലേക്ക് നോക്കുമ്പോൾ നിഖിലിന് കുറ്റബോധം തോന്നാറില്ല. മൂന്നരയടി പൊക്കക്കാരനാക്കി തന്നെ ജനിപ്പിച്ച ദൈവത്തോടും വിധിയോടും അയാൾ പരാതി പറയാറുമില്ല. ബന്ധങ്ങളിൽ നിന്നു പോലും വേരറ്റു പോകാൻ വിധിക്കപ്പെട്ടവനെ ഈ മണ്ണിൽ നിലനിർത്തുന്ന ജീവിതത്തോട് നന്ദി മാത്രമേയുള്ളൂ. പക്ഷേ പരിമിതികളെ മികവുകൾ കൊണ്ട് അതിജയിച്ചിട്ടും തന്നെ തേടി വരുന്ന തുറിച്ചു നോട്ടങ്ങളോട്, പരിഹാസച്ചിരികളോട്, സഹതാപ സ്വരങ്ങളോട് ഈ 29കാരന് നന്നേ പരിഭവമുണ്ട്.
പത്തനംതിട്ട കോന്നി സ്വദേശിയായ ഈ 29കാരനെ സോഷ്യൽ മീഡിയയിൽ ചിലർക്കെങ്കിലും പരിചയം കാണും. മുട്ടിനു താഴേക്കു പുളഞ്ഞുപോയ കാലും, പൊക്കക്കുറവുള്ള ശരീരവും ജീവിത ജാതകങ്ങളെ കീഴ്മേൽ മറിച്ചിട്ടും പുഞ്ചിരിക്കുന്ന യുവാവ്. പരിമിതികളെ പടിക്കു പുറത്തു നിർത്തി ശരീര സൗന്ദര്യ മത്സരങ്ങളിൽ വരെ കിരീടം ചൂടിയ ഫിറ്റ്നസ് ഫ്രീക്ക്. അരങ്ങിൽ തകർത്ത് അഭിനയിക്കുന്ന അഭിനേതാവ്. അങ്ങനെ വിശേഷണങ്ങൾ ഏറെ. പക്ഷേ വേദനകളും പരിഹാസങ്ങളും കുറ്റംപറച്ചിലുകളുമുള്ള ലോകത്ത് അയാളെ ചേർത്തു നിർത്താൻ അച്ഛനോ അമ്മയോ കൂടെയില്ല എന്നത് വിധി ആവർത്തിക്കുന്ന ക്രൂരതയുടെ മറുമുഖം. ബന്ധം വേർപിരിഞ്ഞ് അച്ഛനും അമ്മയും ഇരുവഴിയായി പിരിയുമ്പോൾ ആരുമില്ലാതെ വേരറ്റു പോയി നിഖിൽ. പക്ഷേ എന്നിട്ടും തോൽക്കാൻ തയ്യാറല്ലാത്തൊരു മനസ് അയാളെ മുന്നോട്ടു നയിക്കുന്നു. നിഖിലിന്റെ കരളുറപ്പിന്റെ കഥയാണിത്. പരീക്ഷണങ്ങളിൽ തോറ്റുപോയവർക്ക് വഴിവിളക്കാകുന്ന അതിജീവനകഥ...
ജനിച്ചപ്പോൾ എഴുതിയ ജീവിതവിധി...
‘ഈ കുട്ടിക്ക് വളർച്ചയുണ്ടാകില്ല. ഉയരം വയ്ക്കുകയുമില്ല.’ ജനിച്ചു വീണപ്പോഴേ വീട്ടുകാർ കേട്ടത് ഡോക്ടർമാരുടെ ഈ വാക്കുകളായിരുന്നു. അതിനുമപ്പുറം ഒരു ആശ്വാസവാക്ക് അവർക്ക് പറയാനുണ്ടായിരുന്നില്ല. ചില കുട്ടികളുടെ വളർച്ചയുടെ ഘട്ടത്തിലാണ് അവർ ഉയരം വയ്ക്കുമോ ഇനി അതല്ല, ഡ്വാർഫിസ്വം (വാമനത്വം) ഉള്ളവരായിരിക്കുമോ എന്ന് തിരിച്ചറിയപ്പെടുന്നത്. എന്റെ കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കാതെ എന്റെ ജീവിത ജാതകം ഡോക്ടർമാർ കുറിച്ചിട്ടു. ഈ കുട്ടി ഉയരം വയ്ക്കില്ല...!– നിഖിൽ പറഞ്ഞു തുടങ്ങുകയാണ്.
പരീക്ഷണാർത്ഥം ആയിട്ടാണെന്നു തോന്നുന്നു. വീട്ടുകാർക്കു മുന്നിലേക്ക് ഡോക്ടർമാർ ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് വച്ചു. ‘നട്ടെല്ലിന് ഒരു ഇഞ്ചക്ഷൻ എടുത്തു നോക്കാം. ഒരുപക്ഷേ കുട്ടിക്ക് വളർച്ച ഉണ്ടായേക്കും. ഇനി അതല്ല മരുന്നു ഫലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. ശരീരത്തിന് കീഴ്പോട്ട് തളർച്ചയുണ്ടാകുകയോ ബുദ്ധിക്ക് വൈകല്യം സംഭവിക്കുകയോ ചെയ്യും.’ എന്തായാലും ഡോക്ടർമാർ പറഞ്ഞ ആ റിസ്ക് അച്ഛനും അമ്മയും ഏറ്റെടുത്തില്ല. മുട്ടിനു താഴെവച്ച് കമ്പിയിട്ട് ലെവൽ ചെയ്ത് ഉയരം വയ്പ്പിക്കാമെന്ന സാധ്യതയും ഇതിനിടയ്ക്ക് ഡോക്ടർമാർ പറഞ്ഞു. പക്ഷേ വയസ് പാതി പിന്നിടുമ്പോൾ എല്ലുകളെ ബലക്ഷയം ബാധിക്കാൻ സാധ്യതയുണ്ടത്രേ. അതുകൊണ്ട് ആ വഴിയിലേക്കും തിരിഞ്ഞില്ല. ഇതൊക്കെ ചെയ്യാത്തത് നന്നായി എന്ന് പിന്നീട് വളർച്ചയുടെ ഘട്ടങ്ങളിൽ എനിക്കും തോന്നി. കാരണം ഇന്ന് ആരോരും കൂടെയില്ലെങ്കിലും എനിക്ക് എഴുന്നേറ്റ് നടക്കാനും സ്വബോധത്തോടെ ജീവിക്കാനും കഴിയുന്നുണ്ടല്ലോ.
അച്ഛൻ ബാബുവിനും അമ്മ സുലതയ്ക്കും രണ്ടാമതു കിട്ടിയ കുഞ്ഞാണ് ഞാൻ. മൂത്തയാളായ അഖിലിനെ എല്ലാ ആരോഗ്യത്തോടെയും കൂടെയാണ് ദൈവം അവർക്കു കൊടുത്തത്. ഞാൻ ഇങ്ങനെ ആയിപ്പോയതിൽ അവർ നന്നേ വേദനിച്ചിട്ടുണ്ടാകും. ഈ വേദനയും ബാധ്യതയുമൊക്കെ പലരീതിയിൽ അവരുടെ ജീവിതത്തിലും ബാധിച്ചു. എന്നെപ്പോലെയൊരു കുഞ്ഞിനെ വളർത്താനുള്ള ബുദ്ധിമുട്ടു കൊണ്ടാകണം, ബുദ്ധിയുറച്ചു തുടങ്ങിയപ്പോൾ തന്നെ എന്നെ ബോർഡിങ്ങിലാക്കി. ‘എന്തിനാ അമ്മാ... എന്നെ ബോർഡിങ്ങിലാക്കിയത്. ഞാൻ നിങ്ങളുടെ അടുത്ത് നിന്ന് പഠിച്ചോട്ടേ...’ എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. നിന്റെ ഈ വൈകല്യത്തിന് എന്തെങ്കിലും മാറ്റം വരാനാണ് അങ്ങനെ ചെയ്തത് എന്ന തൃപ്തികരമല്ലാത്ത മറുപടിയാണ് അന്ന് വീട്ടുകാർ തന്നത്. പക്ഷേ അച്ഛന്റേയും അമ്മയുടേയും സ്നേഹസാമീപ്യം ആഗ്രഹിച്ച പ്രായത്തിൽ എനിക്കത് കിട്ടാതെ പോയി. ചിലപ്പോൾ അവർക്ക് എന്നെ നോക്കാൻ ബുദ്ധിമുട്ടായിരുന്നിരിക്കും.– നിഖിൽ ഒരു നിമിഷം മിഴിനീർ തുടച്ചു.
ഞാനെന്റെ പരിമിതികളെ വെറുത്തുപോയ ഘട്ടങ്ങളുണ്ട്. ചങ്ങാതിമാർ ആരും തന്നെ ഇല്ലായിരുന്നു. അവർ ആരും എന്നെ കൂട്ടിയിരുന്നില്ല എന്നതാണ് സത്യം. കൂട്ടുകാരെയൊക്കെ അവരുടെ മാതാപിതാക്കൾ കൊഞ്ചിച്ചും സ്നേഹിച്ചും സ്കൂളിൽ കൊണ്ടു വിടുമ്പോൾ ഞാൻ മാത്രം ഒറ്റയ്ക്ക്... ക്ലാസിലും വേർതിരിച്ചാണ് ഇരുത്തിയിരുന്നത്. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ഉള്ളിൽ കരഞ്ഞും സങ്കടപ്പെട്ടും പോയ ദിവസങ്ങൾ... പരിഹാസ സ്വരങ്ങളും ഏറെ കേട്ടു. ‘നിനക്ക് എന്തെങ്കിലും ഒരു ക്വാളിറ്റിയുണ്ടോ, ഒരു പെണ്ണും നിന്നെ നോക്കില്ല.’ എന്നൊക്കെ കൂട്ടുകാർ പറയുമ്പോൾ പുറമേ ചിരിച്ചു. ഈ പറഞ്ഞതെല്ലാം പെണ്ണിന്റെ വായില്‍ നിന്ന് കേൾക്കുമ്പോൾ ചങ്കുപിടയും.
ഈ അടുത്തകാലത്തും കേട്ടു മനസിനെ മുറിവേൽപ്പിച്ച മറ്റൊരു കമന്റ്. നാടകത്തിൽ അഭിനയിക്കാന്‍ പോകാൻ ഞാൻ അടൂർ കെഎസ്ആർടിസി സ്റ്റാൻഡില്‍ നിൽക്കുകയാണ്. അന്നേരം കരയുന്ന കുഞ്ഞിന്റെ കരച്ചിലടക്കാൻ പൊക്കമില്ലാത്ത എന്നെ ഒരമ്മൂമ്മ ചൂണ്ടിക്കാട്ടുകയാണ്. അടുത്തു നിന്ന മറ്റൊരു കുട്ടി ചോദിച്ചു ‘അയാളെന്താ അമ്മൂമ്മേ... ഇങ്ങനെ.’ അതിനവര്‍ പറഞ്ഞ മറുപടി എന്റെ ചെവിയിലും പതിച്ചു. ‘അവരൊക്കെ ഇങ്ങനാ മോളേ... ആ രൂപത്തിലിരുന്നാലും മോളുടെ കൂട്ട് അവർക്ക് ബുദ്ധിയൊന്നും ഉണ്ടാകില്ല.’ അതുകേട്ട് ആ കുട്ടികൾ ചിരിച്ചത് എന്റെ കാതിൽ ഇന്നും മുഴങ്ങുന്നുണ്ട്.
പ്ലസ്ടു വരെ ഏതാണ്ട് ഇങ്ങനെയൊക്കെ ജീവിതം കടന്നു പോയി. എന്തെങ്കിലും ഒരു തൊഴിൽ നേടണമെന്ന് ആഗ്രഹിച്ച് സിവില്‍ ഡിപ്ലോമ കോഴ്സും ചെയ്തു. പക്ഷേ ഇതിനിടയിൽ മുറിവിൽ മുളകു പുരട്ടും പോലെ മറ്റൊന്ന് സംഭവിച്ചു. അച്ഛനും അമ്മയും അവരവരുടെ വഴി തിരഞ്ഞെടുത്ത് രണ്ടു വഴിക്ക് പോയി. എന്നും അടിയും വഴക്കും മാത്രമായിരുന്ന ആ ജീവിതത്തിന്റെ ക്ലൈമാക്സ് അങ്ങനെ അങ്ങ് അവസാനിച്ചു. പക്ഷേ ആരുമില്ലാത്തവനായി പോയത് ഞാനല്ലേ... അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥനായ അവസ്ഥ. തുടർന്ന് മാമൻ പ്രമോദിന്റെ വീട്ടിലായിരുന്നു താമസം. ആ സമയങ്ങളിലെല്ലാം വേദനകളെ മറക്കാന്‍ ദൈവം മുന്നിലേക്കിട്ടു തന്നത് രണ്ടു വഴികളായിരുന്നു. ഒന്ന് ജിമ്മിലെ വർക് ഔട്ട്. മറ്റൊന്ന് അഭിനയം. കെപിഎസി പോലുള്ള പേരുകേട്ട ട്രൂപ്പുകളിൽ ചെറിയ വേഷം ചെയ്ത് തുടക്കം. ഇതെല്ലാം ജീവിതവഴിയിൽ ഒറ്റപ്പെട്ട് പോയവനുള്ള വെളിച്ചമായിരുന്നു.
സ്വപ്നങ്ങൾക്ക് ഉയരം വയ്ക്കുന്നു
ശാരീരിക പരിമിതിയുള്ളതു കൊണ്ടു തന്നെ നല്ല ജോലി കിട്ടില്ല. ഇനി ഞാൻ തയ്യാറായാൽ പോലും ആരും ജോലി തരികയുമില്ല. പക്ഷേ ആരുടെ പുണ്യം കൊണ്ടോ ചെറിയൊരു ജോലി തരപ്പെട്ടു. ഒരു അഡ്വക്കറ്റിന്റെ ഓഫീസിൽ ക്ലർക്കായി ജോലി കിട്ടി. ഒരു വരുമാനം ആയപ്പോള്‍ പഴയ ജിം വർക് ഔട്ട് പിന്നയും പൊടിതട്ടിയെടുത്തു. ഇടവേളകളില്‍ ജിംനേഷ്യത്തിലെ ഇരുമ്പുകളോട് പിന്നെയും കൂട്ടുകൂടി തുടങ്ങി. എന്റെ ശരീരം കണ്ടാണ് ട്രെയിനർ അതു പറഞ്ഞത്. ‘ഒന്നു മനസു വച്ചാൽ ശരീരം മെച്ചപ്പെടുത്താം, കൊല്ലത്തെ പ്രതിനിധീകരിച്ച് ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാം.’ ആ വാക്കുകൾ മനസിനൊരു തണുപ്പായിരുന്നു. മേൽവിലാസം ഏതുമില്ലാത്തവന് ജീവിതം നൽകിയ പുതിയ അവസരം. കഠിനമായി അധ്വാനിച്ചു, വർക് ഔട്ട് ചെയ്തു. ട്രെയിനറുടെ നിർദ്ദേശ പ്രകാരം പ്രത്യേക ഡയറ്റ് ആരംഭിച്ചു. ചോറ്പൂർണമായും ഒഴിവാക്കി കൊണ്ടുള്ള ഭക്ഷണക്രമം. പച്ചക്കറികളും സാലഡും മീനും ചിക്കനും മാത്രം കഴിച്ചു കൊണ്ടുള്ള ഡയറ്റ് ശരീരത്തെ അടിമുടി മാറ്റി.
അങ്ങനെ 2018ൽ ഡിസ്ട്രിക്ട് ലെവലിൽ സ്പെഷൽ കാറ്റഗറിൽ മത്സരിച്ചു. കടമ്പകൾ താണ്ടി അന്ന് ജീവിതത്തോടു ചേർത്തുവച്ച ടൈറ്റിൽ വിന്നിങ് ട്രോഫി വിലമതിക്കാനാകാത്ത നിധിയായി. ഇടയ്ക്കൊന്ന് ഉഴപ്പിയെങ്കിലും 2023ൽ സ്റ്റേറ്റ് ലെവൽ ചാമ്പ്യൻ ഷിപ്പിൽ പൂർവാധികം ആത്മിവാശ്വാസത്തോടെ വീണ്ടും കളത്തിലിറങ്ങി. അതൊരു വെറു വരവല്ലായിരുന്നു. സ്റ്റേറ്റ് ലെവലിൽ ഫിസിക്കലി ചാലഞ്ച്ഡ് കാറ്റഗറിയിൽ കിരീടം നേടി നാടിന് അഭിമാനമായി. ജീവിതത്തിൽ ഒന്നുമാകാതെ പോകുമായിരുന്നവന് കാലം കാത്തുവച്ച സമ്മാനം.
എന്നെ ശരീരം കണ്ട് തുറിച്ചു നോക്കുന്നവരുടെ, പരിഹസിക്കുന്നരുടെയൊക്കെ കണ്ണുകളിലെ വൈകല്യം മാറ്റിനിർത്തിയാൽ എന്റെ ജീവിത പരിസരം തീർത്തും ഹാപ്പിയാണ്. കെപിഎസിയുടെ ഭൂമിക്കായി ഒരു സനേഹഗീതത്തിൽ തലയെടുപ്പോടെ ഞാനും ഭാഗഭാക്കാണ്. സംസ്ഥാന നാടകോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മികച്ച നടനുള്ള അവാർഡ് രണ്ടു തവണ ലഭിച്ചു.
ജിമ്മും വർക് ഔട്ടും നന്നായി പോകുന്നു. ഈ സന്തോഷങ്ങളെല്ലാം പങ്കുവയ്ക്കാൻ ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ അതേ ശാരീരിക പരിമിതികളുള്ള ഒരു കുട്ടിയെ കണ്ടെത്തിയിരുന്നു. തേടിപ്പിടിച്ച് അരികിലെത്തിയപ്പോൾ, ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ ‘എന്റെ പുറകേ വരരുത് ഇനി ശല്യം ചെയ്യരുതെന്ന് തീർത്തും പറഞ്ഞു. ജീവിതം പിന്നെയും സീരിയസായി എടുത്ത് മുന്നോട്ടു പോയപ്പോൾ എന്നെ തിരിച്ചറിയുന്ന മറ്റൊരു പ്രണയം ജീവിതത്തിലുണ്ടായി. പക്ഷേ ഒരു സ്ഥിര വരുമാനമില്ലാത്ത ഞാൻ ആ കുട്ടിയുടെ ജീവിതം കൂടി ഇല്ലാതാക്കേണ്ട എന്നു കരുതി പിൻമാറേണ്ടി വന്നു. മറ്റൊന്നുമല്ല, എന്റെ ജോലിയും ജീവിതവും ഇന്നും കയ്യാലപ്പുറത്തെ തേങ്ങപോലെയാണ്. ആഗ്രഹങ്ങള്‍ കുന്നോളമൊന്നുമില്ല. അച്ഛനും അമ്മയും പുതിയ ജീവിതം തേടി പോയെങ്കിലും ഞാൻ ജനിച്ച കോന്നിയിലെ എന്റെ കുടുംബ വീട് എനിക്ക് സ്വന്തമാക്കണമെന്നുണ്ട്. ഈ സന്തോഷങ്ങളെല്ലാം തന്ന ദൈവം അതും തരും. കാത്തിരുന്നു കാണാം...– നിഖിൽ പറഞ്ഞു നിർത്തി.