Thursday 21 November 2024 11:18 AM IST

‘കൃഷി ചെയ്യാനറിയാം, പക്ഷേ, എങ്ങനെ വിൽക്കുമെന്ന് അറിയില്ല’: നിഷാദിന്റെ കയ്യിൽ അതിനുള്ള ഉത്തരമുണ്ട്: കൃഷിയുടെ മാസ്റ്റർ മൈൻഡ്

Ammu Joas

Senior Content Editor

nishad-147

കൃഷിയുടെ പുതിയ സാധ്യതകൾ തേടുന്ന ഒരു കർഷകനെ പരിചയപ്പെടാം. വിളകളിലെ വ്യത്യസ്തതയും വിപണനത്തിലെ പുത്തൻ സാധ്യതകളും പരീക്ഷിച്ചു കൃഷിയെ നെഞ്ചോടു ചേർത്ത വ്യക്തി. ഒഴിവാകാൻ കാരണങ്ങൾ പലതുണ്ട്. പക്ഷേ, ഒരിക്കൽ കൃഷിയെ സ്നേഹിച്ചവരുടെ മുന്നിൽ അതൊന്നും പ്രശ്നമാകില്ല. കൃഷിയിൽ പ്രതീക്ഷ തളിരിടാൻ നല്ല തുടക്കമാകട്ടെ ഇവരുടെ കൃഷി സന്തോഷങ്ങൾ.

ആപ്പുകൾ വിതയ്ക്കുന്ന കർഷകൻ

കൃഷി ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷേ, ചെയ്യാനറിയില്ല’ എന്ന് ഒരു കൂട്ടർ. ‘കൃഷി ചെയ്യാനറിയാം, പക്ഷേ, എങ്ങനെ വിൽക്കുമെന്ന് അറിയില്ലെ’ന്നു മറ്റൊരു കൂട്ടർ. ഈ രണ്ടു കൂട്ടർക്കും കൂട്ടാകുന്ന ആപ്പുകളുടെ പണിപ്പുരയിലാണു കർഷകനായ നിഷാദ്. മേടമാസത്തിൽ വീണ്ടും കൃഷിയിറക്കാനുള്ള ഒരുക്കത്തിനിടെ കൃഷിയിലേക്കു കൂടുതൽ പേരെ എത്തിക്കാൻ ന്യൂ ജനറേഷൻ വഴി തേടുന്ന നിഷാദ് ചേർത്തലയിലെ വീട്ടിലിരുന്നു ‘അഗ്രി–ടെക് സ്വപ്നങ്ങൾ’ പറയുന്നു.

മാറിയ കാലത്തിനൊപ്പം മാറാൻ

‘‘ആവശ്യക്കാർക്കു നേരിട്ടു പഴങ്ങളും പച്ചക്കറികളും എ ത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചിരുന്നു. ആ ആപ്പിന്റെ വിജയമാണു കൂടുതൽ ആപ്പ് ചിന്തകൾക്കു വിത്തു പാകിയത്.

കൃഷി സയൻസ് ആണ്. തിയറിയും പ്രാക്ടിക്കൽസും കൃത്യമായി ഒന്നിച്ചു കൊണ്ടുപോയാൽ ജയം ഉറപ്പിക്കാം. അതുകൊണ്ടാണ് കൃഷി പഠിപ്പിക്കുന്ന ആപ്പ് നിർമിക്കാമെന്നു ചിന്തിക്കുന്നത്. കാർഷിക മേഖലയിലെ ‘പുലികളാണ്’ ക്ലാസ്സുകൾ നൽകുന്നത്. കർഷകർക്ക് ഉൽപാദന കലണ്ടർ അനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിക്കാനും കച്ചവടക്കാരെ കണ്ടെത്താനും സഹായിക്കുന്ന ഈ ആ പ്പിൽ സംഭരണം, പാക്കിങ്, ഗതാഗതം എന്നിവയും ഉൾപ്പെടും.

കൃഷിയുടെ ആദ്യാക്ഷരങ്ങൾ അറിയാത്തവർക്കു കൂടി സഹായകമാകുന്ന പ്രഫഷനൽ ആപ്പ് ആയിരിക്കുമിത്. ഉ ൽപാദിപ്പിക്കുന്നവ വിൽക്കാനുള്ള മ റ്റൊരു ആപ്പും പോരായ്മകൾ പരിഹരിച്ചു ഉടൻ കർഷകരിലെത്തും. എൻറൂട്ട് അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന എന്റെ കമ്പനി സ്റ്റാർടപ്പില്‍ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃഷിയുടെ വിപണനസാധ്യതകളാണു ലക്ഷ്യം.

ഇക്കുറി കൃഷി ടെക് സപ്പോർട്ടോടെ...

കോർപറേറ്റ് മേഖലയിലായിരുന്നു ജോലി. 2016ലാണ് സ മ്പൂർണ കൃഷിക്കാരനായത്. ഒരിക്കൽ സ്വകാര്യ ആവശ്യത്തിനായി ബെംഗളൂവിലേക്കു യാത്ര ചെയ്യുന്നതിനിടെ ഏ ക്കർ കണക്കിനു നീണ്ടുകിടക്കുന്ന മുളകുപാടം കണ്ടു. കൗതുകത്തിനു പാടത്തിറങ്ങി. പക്ഷേ, അധികസമയം അവിടെ നിൽക്കാൻ കഴിഞ്ഞില്ല. രാസവളത്തിന്റെയും കീടനാശിനിയുടെയും ഗന്ധം അത്രത്തോളം പേടിപ്പെടുത്തി. മടങ്ങി വരും വഴി തൃശൂരു നിന്ന് 100 മുളകുതൈകളും വാങ്ങിയാണു നാട്ടിലെത്തിയത്. മാരാരിക്കുളത്ത് ഒന്നരയേക്കർ സ്ഥലം പാട്ടത്തിനെടുത്തു കൃഷി തുടങ്ങി.

2016 മുതൽ 2021 വരെ മാരാരിക്കുളത്തു തന്നെയായിരുന്നു കൃഷി. അതിനുശേഷം പാലക്കാട് സ്ഥലം പാട്ടത്തിനെടുത്തു. ഒട്ടുമിക്ക ഇനം പച്ചക്കറികളും കൃഷി ചെയ്തു. ജൈവപച്ചക്കറികൾക്ക് എപ്പോഴും ഡിമാൻഡ് ഉണ്ട്. അവ വിൽക്കേണ്ടയിടത്തു വിൽക്കേണ്ടതു പോലെ വിൽക്കണമെന്നു മാത്രം. വൃത്തിയായി പാക് ചെയ്തും ബ്രാൻഡ് ചെയ്തും സൂപ്പർ മാർക്കറ്റിൽ പ്രത്യേക കൗണ്ടർ വച്ചും വിപണനം ചെയ്തു. ഇടയ്ക്കു ആരോഗ്യപ്രശ്നങ്ങളെ തുടർന്നു കൃഷിയിൽ നിന്നു ബ്രേക് എടുത്തെങ്കിലും ഓണക്കാലം മുന്നിൽ കണ്ടു പൂക്കൃഷി ചെയ്തിരുന്നു.

മേടത്തിൽ തൃശൂരും പാലക്കാടും പച്ചക്കറി കൃഷി വിപുലമായ രീതിയിൽ വീണ്ടും തുടങ്ങുകയാണ്. ടെക് സപ്പോർട്ടോടു കൂടിയുള്ള കൃഷിയാണു ഇക്കുറി ചെയ്യുക.

കാലാവസ്ഥ മനസ്സിലാക്കാനും വെള്ളം എത്ര അളവിൽ എപ്പോൾ നൽകണമെന്നു പറയാനും വളപ്രയോഗത്തിന്റെ അളവും ഇടവേളയും എല്ലാം കൃത്യമായി കണക്കുകൂട്ടാനും ആപ്പ് സഹായമുണ്ടാകും. എന്റെ കൃഷി അനുഭവങ്ങൾ ആപ്പ് ഉപയോഗിക്കുന്ന കർഷകർക്കും ഉപയോഗപ്രദമാകുമല്ലോ.’’