Thursday 22 August 2019 03:30 PM IST

‘കുട്ടി നന്നായി ഡാൻസ് ചെയ്തു, പക്ഷേ, കൈ...’; എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് അത്തരം വാക്കുകൾ!

Unni Balachandran

Sub Editor

aathira-hhhds

‘18–ാം പടി’ സിനിമയിലൂടെ മലയാളം സ്വന്തമാക്കുകയാണ് ഒറ്റകൈ കൊണ്ട് ആക്‌ഷൻ ചെയ്യുന്ന ഈ സുന്ദരിയെ...

സിനിമ is മോഹം

ഒട്ടും പ്രതീക്ഷിക്കാതെ സിനിമയില്‍ വന്നെന്നു പറഞ്ഞാൽ കള്ളമായി പോകും. കുട്ടിയായിരിക്കുമ്പോൾ തൊട്ടേ വലിയ ആഗ്രഹമായിരുന്നു. സിനിമയിലൊക്കെ പോകണമെങ്കിൽ  ഭാഗ്യം വേണമെന്ന് എല്ലാവരും പറയും. എന്നിട്ടെന്റെ ‘ഒറ്റ’ കയ്യിലോട്ട് നോക്കും. അത് വല്ലാത്തൊരു നോട്ടമായിരുന്നു. പിന്നെ എനിക്കെന്റെ ആഗ്രഹങ്ങൾ പുറത്ത് പറയാൻ പേടിയായി. എന്തിനേറെ പറയുന്നു ആഗ്രഹിക്കുന്നതു പോലും ഞാൻ നിർത്തി.

സ്വപ്നം is സത്യം

തിരുവനന്തപുരം അരുവിക്കര ഗവൺമെന്റ് സ്കൂളിൽ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ‘18–ാം പടി’യുടെ ഓഡിഷന്  വിളിക്കുന്നത്. എന്തായാലും ‘ഒരു കയ്യുള്ള’ ഞാൻ ശ്രമിച്ചു നോക്കാമെന്നു കരുതി. എല്ലാവരും  ഇല്ലെന്നു പറഞ്ഞ ഭാഗ്യം  എനിക്കുള്ളതുകൊണ്ടായിരിക്കും, സെലക്റ്റായി.  അറുപതോളം പുതുമുഖങ്ങളിൽ  ഒരാളായി ഞാനും സിനിമയിലേക്ക് അരങ്ങേറാൻ റെഡിയായി.

സങ്കടം is സന്തോഷം

വേദനിപ്പിച്ച സംഭവങ്ങൾ സ്കൂൾ യുവജനോത്സവങ്ങളിലെ ഫലങ്ങളാണ്. ഒന്നാം ക്ലാസ് മുതൽ ഡാൻസ് പഠിക്കുന്നുണ്ട്, ഡാൻസ് ഒരുപാട് ഇഷ്ടവുമാണ്. മത്സരിച്ച് അവസാന റൗണ്ടിലെത്തുമ്പോൾ ജഡ്ജസ് ഡാൻസ് കഴിഞ്ഞ് എന്റെ ചെസ് നമ്പറൊക്കെ നോട്ട് ചെയ്തിടും. എന്നിട്ടു ഫലം വരുമ്പോൾ രണ്ടാം സ്ഥാനമായിരിക്കും. കാരണമൊരു സിംപിൾ ഡയലോഗാണ് ‘കുട്ടി നന്നായി ഡാൻസ് ചെയ്തു, പ ക്ഷേ, കൈ...’ എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് അത്തരം വാക്കുകൾ.

സന്തോഷം തന്നത് എന്റെ നാട്ടിലെ കോളജ് ഒഫ് എൻജിനീയിറിങ് ട്രാവൻകുറിലെ (സിഇറ്റി) അനുഭവമാണ്. മഴവിൽ മനോരമയിലെ  ‘ഡി 4 ഡാൻസിൽ’ പങ്കെടുത്തതിന്റെ പേരിൽ അവരെന്നെ കോളജിലേ ഡാൻസ് കോംപറ്റീഷൻ ജഡ്ജ് ചെയ്യാൻ ക്ഷണിച്ചിരുന്നു.  ‘18–ാം പടി’യിൽ അഭിനയിക്കുന്ന സമയമാണ്. എന്റെ  പേര് അവർ കോളജിൽ അനൗൺസ് ചെയ്തപ്പോൾ ഡാൻസറിനൊപ്പം സിനിമാനടിയെന്നു കൂടി ചേർത്താണ് വിളിച്ചത്. ഇതിൽ കവിഞ്ഞ് ഞാന‍്‍ എന്താഗ്രഹിക്കാനാണ്.

ആത്മാർഥത is അടിപൊളി

സിനിമയിൽ എനിക്ക് ആക്‌ഷൻ സീൻസുണ്ടെന്ന് സംവിധായകൻ ശങ്കർ രാമകൃഷ്ണൻ സാർ പറഞ്ഞ നിമിഷം എനിക്ക്  മറക്കാൻ പറ്റില്ല. ഈ കയ്യും വച്ച് എന്ത് ചെയ്യാൻ പറ്റുമെന്ന് ചോദിച്ചവർക്ക് ഇതിലും കൂടുതലെന്ത് മറുപടി കൊടുക്കാൻ. ഞാൻ ആക്‌ഷനാണ് ചെയ്യുന്നത്, ചില്ലറ സ്റ്റണ്ട് കൊറിയോഗ്രഫറുടെ കൂടെയൊന്നുമല്ല.  ബാഹുബലി 2, 300, ട്രോയ് എന്നീ സിനിമകൾക്ക് സ്റ്റണ്ട് ചെയ്ത മാസ്റ്റർ കെച്ചയും അദ്ദേഹത്തിന്റെ ജയ്ക്ക സ്റ്റണ്ട് ടീമുമാണ് എന്നെ ഫൈറ്റ് പഠിപ്പിച്ചത്. സിനിമയിലെ ആദ്യ ഷോട്ട് തന്നെ കിടിലൻ മാസ്സായിരുന്നു, ഒരു ബൈക്ക് പിടിച്ചു നിർത്തുന്ന സീൻ. ആവേശം കൂടുതലായതുകൊണ്ട് ന ല്ല ആത്മാർഥതയോടെ ഞാൻ ബൈക്കങ്ങ് പിടിച്ച് നിർത്തി. പക്ഷേ, ഉള്ളം കൈ പൊള്ളിപ്പോയി. എല്ലാം കഴിഞ്ഞ് സീൻ കണ്ടപ്പൊ എനിക്കെന്നോട് കുറച്ച് ബഹുമാനമൊക്കെ തോന്നി കേട്ടോ.

ശക്തി is അമ്മ

എന്റെ ഇടത്തെ കയ്യിന് കൈമുട്ട് വരെയേ നീളമുള്ളൂ. ജനിച്ചപ്പോഴേ അങ്ങനെയായിരുന്നു. ഇങ്ങനെയൊരു കുറവുള്ള കുട്ടിയാണെന്ന് അറിഞ്ഞപ്പൊ അച്ഛൻ ആത്മഹത്യ ചെയ്തു. പിന്നെ, എനിക്കെന്റെ അമ്മ ലേഖയേ ഉണ്ടായിട്ടുള്ളൂ. കുറവുകളുണ്ടെന്ന് ആളുകൾ പ റയുമ്പോൾ മാത്രം, അതിനെക്കുറിച്ച്് ഓർക്കുന്നൊരു കുട്ടിയായി എന്നെ വളർത്തിയത് അമ്മയുടെ സ്നേഹമാണ്. പ്ലസ് 2 കഴിഞ്ഞ് ഞാനിപ്പൊ കേരള യൂണിവേഴ്സിറ്റി ക്യാംപസിൽ ബിഎ ലിറ്ററേച്ചറിനു ചേരാനുള്ള കാത്തിരിപ്പിലാണ്. തിരുവനന്തപുരം ആയുർവേദ ഡയറക്ടറേറ്റിലാണ് അമ്മയ്ക്ക് ജോലി.

മമ്മൂക്ക is ഡ്രീം ഹീറോ

ഞാനൊരു ഭീകര മമ്മൂക്ക ഫാനാണ്. ‘വാത്സല്യ’മൊക്കെ എപ്പൊ കണ്ടാലും കരയും. പക്ഷേ, ‘18–ാം പടി’യിൽ മമ്മൂക്കയുടെയൊപ്പം സീനുകളൊന്നും ഇല്ലായിരുന്നു. അതിൽ ഞാനിപ്പൊ വിഷമിക്കുന്നില്ല. സിനിമയിൽ കേറില്ലെന്ന് പറഞ്ഞിട്ടിപ്പൊ സ്റ്റണ്ട് ചെയ്തു. അപ്പൊ നാളെ മമ്മൂക്കയുടെ മോളായി അഭിനയിക്കില്ലെന്ന് ആരു കണ്ടു...?