Friday 13 October 2023 02:52 PM IST

അമ്പലത്തിലെ ഉണ്ണിയപ്പം കഴിച്ച് വിശപ്പുമാറ്റി, ആൺവേഷത്തിൽ പ്ലാറ്റ്ഫോമിലും അമ്പലനടയിലും അന്തിയുറക്കം: രജിതയുടെ ജീവിതപ്പോരാട്ടം

Binsha Muhammed

rajitha-main-cover

‘ആഴമുള്ള കിണറ്റിൽ കൈ കാലിട്ടടിക്കുന്ന സ്ത്രീ രൂപം. പേടിപ്പെടുത്തുന്ന ആ മരണ വെപ്രാളം കണ്ടു നിൽക്കാൻ പോലുമാകില്ല. ആർത്തനാദങ്ങൾ, അലറിവിളികൾ, അലമുറയിട്ടുള്ള കരച്ചിലുകൾ... ഇതെല്ലാം കണ്ടുകൊണ്ട് രക്ഷിക്കാനോ ഒന്ന് നിലവിളിക്കാനോ കഴിയാതെ ഒരു ഏഴാം ക്ലാസുകാരി... ഒടുവിൽ ജീവനറ്റ ആ ദേഹത്തെ വെള്ളത്തുണിയിൽ പൊതിഞ്ഞ് വീടിന്റെ ഉമ്മറത്തേക്ക് വയ്ക്കുന്ന കാഴ്ച...’

രജിതയെന്ന 21കാരിയെ ഉറക്കത്തിൽ നിന്നും പലപ്പോഴായി വലിച്ചെഴുന്നേൽപ്പിക്കാറുണ്ട് ആ കാഴ്ച. വീണ്ടും നിദ്രയിലേക്ക് വീഴും, കണ്ണുകൾ ഇറുക്കിയച്ച് ഉറങ്ങാൻ ശ്രമിക്കും. പക്ഷേ കൺമുന്നിൽ ആഴമുള്ള കിണറും, കൈകാലിട്ടടിക്കുന്ന ആ സ്ത്രീ രൂപവും, വെള്ളപുതച്ച മൃതദേഹവും വീണ്ടുമെത്തും. ഉറങ്ങാനാകാതെ ബുദ്ധിമുട്ടിക്കും. സ്വപ്നത്തിൽ പലതവണ വന്നു പോയ ആ കാഴ്ച, ജീവിതത്തിൽ ഒരിക്കല്‍ സംഭവിച്ചതാണെന്ന ആമുഖത്തോടെയാണ് രജിതയെന്ന ജീവിതപ്പോരാളി അവളുടെ കഥ പറയാനിരുന്നത്.

ടോം ബോയിഷ് ലുക്കിൽ വെട്ടിയൊതുക്കിയ തലമുടിയും ഉള്ളിലൊളിപ്പിച്ച സങ്കടത്തെ മറയ്ക്കാൻ മുഖത്ത് തേച്ചുപിടിപ്പിച്ച പുഞ്ചിരിയുമായി അവളെത്തിയപ്പോൾ ഊഹിക്കാൻ പോലുമായില്ല. കരളുരുക്കുന്ന വേദനകളും സങ്കടക്കടലിന്റെ ആഴവും കണ്ടവളാണ് നമുക്ക് മുന്നിലിരിക്കുന്നതെന്ന്. 12 വയസു മാത്രമുള്ളപ്പോൾ അമ്മയുടെ ആത്മഹത്യ കണ്ട് വിറങ്ങലിച്ചു നിന്നവൾ, ഉയിരു പിടിച്ചു നിർത്താൻ അമ്പലത്തിലെ ഉണ്ണിയപ്പവും നേദ്യച്ചോറും മാർഗമായി കണ്ടവൾ. കണ്ണീരിന്റെ നനവു പടരാതെ ആ കദനകഥ പറനാനാകില്ല.

വേദനകൾ മലവെള്ളം പോലെ പാഞ്ഞു വരുമ്പോഴും പെരുമ്പാവൂർ മാർത്തോമ കോളജിലെ ബിഎ ഹിസ്റ്ററി വിദ്യാർഥിയായ രജിതയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അമ്മ അവളോട് പങ്കുവച്ച വലിയൊരു സ്വപ്നമാണ്. ‘മോളൂ... നീയൊരു പൊലീസുകാരിയാകണം, സ്വന്തം കാലിൽ നിൽക്കണം.’ ഇരുളിന്റെ നിറഞ്ഞ ജീവിതത്തിൽ വെളിച്ചത്തിന്റെ കണിക തേടിയിറങ്ങിയവളുടെ സ്വപ്നങ്ങൾക്ക് കുടപിടിക്കുന്നത് ക്രിക്കറ്റാണ്. വേദനകളുടെ തുരുത്തിലിരുന്ന് പ്രതീക്ഷകളുടെ മറുകര തേടിയ പോരാളിയുടെ കഥ ഇതാ ഇവിടെ തുടങ്ങുന്നു.

rajitha-3

ഇരുട്ടിലേക്ക് വീണു പോയവൾ...

‘അമ്പല നടയിൽ നേദ്യച്ചോറും ഉണ്ണിയപ്പവും കഴിച്ച് ആൺവേഷത്തിലുറങ്ങിയ പെൺകുട്ടി. അമ്മയുടെ ആത്മഹത്യ കണ്ട് വിറങ്ങലിച്ചു നിന്ന ഏഴാം ക്ലാസുകാരി. മേൽവിലാസങ്ങൾ ഏതായാലും വേദനയുടെ ആഴവും പരപ്പും ഏതാണ്ട് ഒരു പോലെയാണ്. പുറമേ നിറഞ്ഞു ചിരിക്കുമ്പോഴും പൊതിഞ്ഞു പിടിച്ച ചില സങ്കടങ്ങൾ ഉള്ളിന്റെയുള്ളിലങ്ങനെ ചാരം മൂടിക്കിടപ്പുണ്ട്. പക്ഷേ എന്റെ അമ്മ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ വേദനിക്കേണ്ടി വരില്ലായിരുന്നല്ലോ എന്ന് വെറുതെ പൊയ്ക്കിനാവ് കാണാറുണ്ട് ഞാൻ’– രജിത പറഞ്ഞു തുടങ്ങുകയാണ്.

തിരുവനന്തപുരം കിളിമാനൂരുള്ള ചെങ്കിക്കുന്നാണ് സ്വദേശം. അച്ഛൻ ലാലു, അമ്മ റീന ചേട്ടൻ റിജു ലാൽ. വലിയ സങ്കടങ്ങളും ചെറിയ സന്തോഷങ്ങളും മാറിമാറി മത്സരിക്കുന്ന കുഞ്ഞു കുടുംബം. അച്ഛൻ ടിപ്പർ ഡ്രൈവറാണ്. അമ്മ അറിയപ്പെടുന്ന ആളല്ലെങ്കിലും നീന്തൽ താരമാണ്. ഉള്ളതു കൊണ്ട് സന്തോഷത്തോടെ ജീവിച്ചു പോകുമ്പോഴും ആരോടും ഒന്നിനും പരാതി പറഞ്ഞില്ല. ജീവിതത്തിൽ ഒത്തിരിയൊന്നും ആഗ്രഹിക്കാനാലിത്താവർ എന്തു പരാതി പറയാനാണ്. പക്ഷേ ഒന്നുമറിയാത്ത പ്രായത്തില്‍ എന്നെ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞ് ജീവിതം തന്നെ മാറ്റിമറിച്ച ആ വലിയ ദുരന്തം സംഭവിച്ചു...– രജിത ഒരു നിമിഷം കണ്ണീർപൊഴിച്ചു.

കുടുംബത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നും ഒച്ചപ്പാടും ബഹളവും. അന്ന് ചെങ്കിക്കുന്നിലുള്ള അമ്മ വീട്ടിലേക്ക് പോയതാണ്. അവിടെ അമ്മൂമ്മയുണ്ട്. റബർ കാടിനിടയിലൂടെ ഞാന്‍ കടയിലേക്ക് സാധനം വാങ്ങാൻ പോകുമ്പോൾ കാതു തുളയ്ക്കുന്ന ഒരു അലറിവിളി കേട്ടു. കയ്യിലുള്ളതെല്ലാം വലിച്ചെറിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ അമ്മൂമ്മ തലയിൽ കൈവച്ച് കരയുന്നു. റീന കിണറ്റിൽ ചാടിയെന്ന ആരോ പറയുന്നത് അവ്യക്തമായി കേട്ടു. കണ്ണുതള്ളി, മരിച്ചു മരവിച്ച പോലെ ഞാൻ അന്നു നിന്നു... എന്തു ചെയ്യണമെന്നറിയാതെ.

അയൽ പക്കത്തുള്ള ചേട്ടൻമാർ കയറും മറ്റു ജീവൻ രക്ഷാ സാമഗ്രികളുമായി പരക്കം പായുന്നുണ്ട്. ആരൊക്കെയോ ഉച്ചത്തില്‍ നിലവിളിക്കുന്നു. ചുറ്റും അലറിക്കരച്ചിലുകൾ മാത്രം. അമ്മയുടെ കയ്യിൽ കിടന്ന് നീന്തൽ പഠിച്ച ആ പഴയ ഏഴാം ക്ലാസുകാരിയായ എനിക്ക് കിണറ്റിലേക്ക് എടുത്ത് ചാടണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. ആഴമുള്ള കിണറ്റിൽ അമ്മ കൈ കാലിട്ടടിക്കുമ്പോൾ അവിടെ ഓടിക്കൂടിയ ചേട്ടൻമാർക്കു പോലും രക്ഷിക്കാൻ ആകുന്നില്ല. കാരണം അത്രമാത്രം ആഴമുണ്ടായിരുന്നു. നീന്തലറിയുന്ന അമ്മ പോലും മരണത്തിന്റെ കയത്തിൽ കിടന്ന് കൈകാലിട്ടടിക്കുന്നു എന്ന് ഓർക്കുമ്പോൾ....

ഓരോ മിനിറ്റും ഒരു യുഗം പോലെ കടന്നു പോയി. ഒടുവിൽ ഫയർ ഫോഴ്സെത്തി അമ്മയെ കരയിലേക്കടുപ്പിക്കുമ്പോൾ മണിക്കൂര്‍ രണ്ട് കഴിഞ്ഞു. ഒടുവിൽ മരണം തൊട്ടു തലോടിയ വിളറി വെളുത്ത മുഖവുമായി കിണറ്റില്‍ നിന്നും അമ്മയെ പുറത്തേക്കെടുക്കുമ്പോൾ ആരോ വിളിച്ചു പറഞ്ഞു. അവൾ... പോയി റീന പോയി... പക്ഷേ എനിക്കപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകും രക്ഷിക്കും എന്നൊക്കെ. പക്ഷേ...

എനിക്കമ്മയും അമ്മയ്ക്കു ഞാനും എന്ന പോലെയാണ് ഞങ്ങൾ ജീവിച്ചത്. ഒന്നിച്ചിരുന്ന് സ്വപ്നങ്ങൾ കണ്ടു. എന്നെ പൊലീസ് ആക്കാൻ കൊതിച്ചു. പക്ഷേ ആ മരണത്തോടെ ഞാന്‍ ഇരുട്ടിലേക്ക് വീണു. ജീവിതത്തിൽ എന്നന്നേക്കുമായി ഒറ്റയ്ക്കായി.

rajitha-1

ജീവിക്കാൻ ഒറ്റയാൾ പോരാട്ടം

അവിടുന്നങ്ങോട്ട് ഇതുവരെ എങ്ങനെ കഴിഞ്ഞുവെന്നോ ജീവിച്ചുവെന്നോ എന്നത് എന്നെ സംബന്ധിച്ചടത്തോളം ഉത്തരം കിട്ടാത്ത ചോദ്യമാണ്. പൊലീസാകാനും അമ്മയുടെ ആഗ്രഹം സഫലീകരിക്കാനും എനിക്കു മുന്നിലുണ്ടായിരുന്ന വഴിവിളക്ക് ക്രിക്കറ്റ് ആയിരുന്നു. കെട്ടിച്ചു വിടേണ്ടവൾ എന്ന് നാട്ടുകാരും സമൂഹവും ചാപ്പകുത്തിയ പെണ്ണൊരുത്തി സ്പോർട്സിലേക്ക് ഇറങ്ങുന്നതില്‍ മുറുമുറുപ്പുകൾ അന്നേ കുടുംബത്തിലുണ്ടായിരുന്നു. അതിനേക്കാളേറെ പലരേയും ബുദ്ധിമുട്ടിച്ചത് എന്റെ രൂപമായിരുന്നു. ടോം ബോയിഷ് ടൈപ്പിൽ മുടിവെട്ടി ആണുങ്ങളെ പോലെ നടക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അമ്മയുള്ളപ്പോഴേ ഞാൻ അങ്ങനെയായിരുന്നു. ഞാനിങ്ങനെ നടന്നോട്ടേ അമ്മാ... എന്ന് പറയുമ്പോൾ ഒരു ചെറു ചിരിയോടെ അമ്മ എനിക്ക് കൂട്ടായി നിന്നു. ‘പക്ഷേ നിന്റെ മോള് ദോ ആണുങ്ങളെ പോലെ നടക്കുന്നു, ഇവൾക്ക് എന്തിന്റെ കേടാ...’ എന്നൊക്കെ പലരും അച്ഛനോട് പറഞ്ഞു. അതിന്റെ പേരിൽ ഞാൻ കൊണ്ട തല്ല് ചെറുതൊന്നുമല്ല.

ജീവിച്ചിരുന്നപ്പോള്‍ അമ്മയോടായിരുന്നു എനിക്ക് എല്ലാം പറയാനുണ്ടായിരുന്നത്. അതില്ലാതായതോടെ എനിക്ക് മറ്റാരോടും എനിക്ക് കാരണം ബോധിപ്പിക്കേണ്ടതില്ലായിരുന്നു. കഷ്ടപ്പാടിനിടയിലും പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞു പോയി. ബിഎ ഹിസ്റ്ററി ഐച്ഛിക വിഷയമായി തിരുവനന്തപുരം വിമൻ കോളജിൽ ചേർന്നു. അപ്പോഴും അദ്ഭുതങ്ങളൊന്നും ജീവിതത്തിൽ സംഭവിച്ചില്ല. ആരുടെയും തണലില്ലാതെ പട്ടിണി കിടന്നും കഷ്ടപ്പെട്ടും തന്നെ ജീവിച്ചു. കോവിഡ് കാലത്ത് ഞങ്ങളുടെ കോളജ് വാക്സീൻ സെന്ററായിരുന്നു. അന്ന് അവിടെ വോളന്റിയറായി എത്തിയ കാമില്‍ എന്നൊരു ചേച്ചി എനിക്ക് തണലായും തുണയായും ഏറെ നാൾ നിന്നു. കുറേനാൾ അങ്ങനെ പിടിച്ചു നിന്നു. പക്ഷേ സ്പോർട്സിനെ കൂടി കൂടെക്കൂട്ടണം എന്നുള്ളതു കൊണ്ട് എനിക്ക് കോളജ് മാറിയാൽ കൊള്ളാമെന്നു തോന്നി. എംജി സർവകലാശാലയ്ക്കു കീഴിൽ ക്രിക്കറ്റ് കളിക്കുന്നത് എന്തു കൊണ്ടും നന്നാകും എന്ന് കരുതി. അങ്ങനെ 2 വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നും പെരുമ്പാവൂരുള്ള മാർത്തോമാ കോളജിലേക്ക് മാറി.

മറ്റൊരു നാട്ടിലേക്ക് പറിച്ചു നടപ്പെടുമ്പോൾ ജീവിക്കാനും നിത്യവൃത്തിക്കും ഏറ്റവും ചുരുക്കത്തിൽ പട്ടിണി കിടക്കാതെ കഴിയാനും എന്തു ചെയ്യുമെന്ന് ആശങ്കപ്പെട്ടു. കോളജിൽ ചേരാന്‍ എറണാകുളത്തെത്തിയ ആദ്യ രണ്ടു ആലുവ റെയിൽ വേ പ്ലാറ്റ്ഫോമിലാണ് അന്തിയുറങ്ങിയത്. കൂട്ടുകാര്‍ ഷെയർ ചെയ്ത ഭക്ഷണവും പ്ലാറ്റ്ഫോമിലെ വെള്ളവും കുടിച്ച് ദിവസം തള്ളിനീക്കി. ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിൽ കൊതുകു കടിയും കൊണ്ട് പെൺകുട്ടിയായ ഞാൻ എന്തു ധൈര്യത്തിൽ കിടന്നു എന്നു പലരും ചോദിച്ചിട്ടുണ്ട്. കാരണം രൂപം കൊണ്ട് പലർക്കും ഞാൻ ആൺകുട്ടിയായിരുന്നു. പെണ്ണാണ് എന്ന് അറിഞ്ഞിരുന്നെങ്കിൽ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഒട്ടും സേഫ് അല്ലാത്ത സാഹചര്യമായിരുന്നു കഴിഞ്ഞു പോയതെന്ന് ചുരുക്കി പറയാം. പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങതിനും ടിക്കറ്റ് എടുക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോഴാണ് ബാഗും സാധനങ്ങളുമായി അവിടെ നിന്നും ഇറങ്ങിയത്. ഇടയ്ക്ക് ബസ് സ്റ്റാൻഡായി അഭയസ്ഥാനം. അന്യസംസ്ഥാന ഭായിമാരുടെ തിക്കും തിരക്കും കൂടിയായപ്പോൾ അവിടെ നിന്നും പടിയിറങ്ങി. അവരുടെ സിഗരറ്റിന്റെയും പുകയും മണവും എനിക്ക് ശരിയായില്ല. റോഡ് ക്രോസ് ചെയ്ത് വന്നപ്പോൾ കോളജിനടുത്തുള്ള പെരുമ്പാവൂരുള്ള അയ്യപ്പൻ ക്ഷേത്രം എപ്പോഴോ ശ്രദ്ധയിൽപെട്ടു. നോക്കുമ്പോൾ കുറേ പേർ തങ്ങളുടെ ഭാണ്ഡക്കെട്ടുകളൊക്കെ ഇറക്കിവച്ച് കിടന്നുറങ്ങുന്നു. ആരോരുമില്ലാത്ത എനിക്ക് അമ്പലനട അഭയമാകുന്നത് അങ്ങനെയാണ്. ആൺവേഷത്തിൽ അമ്പല നടയിൽ അന്തിയുറക്കം. വിശപ്പടക്കാൻ പച്ചവെള്ളത്തിന്റ സ്ഥാനത്ത് മറ്റൊന്നു കൂടിയെത്തി. അമ്പലത്തിലെ പ്രസാദമായ ഉണ്ണിയപ്പം. അപ്പോഴും രണ്ടും മൂന്നും ദിവസം പട്ടിണിയായിരിക്കും. മൂന്നാം ദിവസമായിരിക്കും ബോണസ് പോലെ ആ ഉണ്ണിയപ്പം എനിക്ക് കിട്ടുന്നത്.

കര തൊടാനാകാതെ മുങ്ങിപ്പോയ എനിക്ക് കച്ചിത്തുരുമ്പാണ് ഇന്ന് പഠനവും അതിനൊപ്പമുള്ള ക്രിക്കറ്റും. സ്വന്തമായി ഒരു കൂരപോലുമില്ലാത്തവൾക്ക് ഇതൊക്കെ ആഡംബരമല്ലേ എന്ന് പലരും ചോദിക്കുന്നുണ്ടാകും. ജീവിതത്തില്‍ എത്രയോ വട്ടം ക്ലീൻ ബൗൾഡ് ആയവളാണ് ഞാൻ. ഒരുവട്ടമെങ്കിലും ഞാനൊന്ന് ജയിക്കണ്ടേ.

കോളജിലെ ക്രിക്കറ്റ് ടീമിൽ സജീവമാണ്. ആ യാത്ര ഇന്ന് ഓൾ ഇന്ത്യ കോളജ് ക്രിക്കറ്റ് ടീം പ്ലെയര്‍ എന്ന മേൽവിലാസത്തിൽ എത്തിച്ചിട്ടുണ്ട്. ഓൾ റൗണ്ടറുടെ റോളിലാണ് ഞാൻ. മറ്റൊരു സന്തോഷം കൂടിയുണ്ട്. പട്ടിണി കിടന്നും പച്ചവെള്ളം കുടിച്ചും ജീവിതം തള്ളിനീക്കിയവൾ തങ്ങളെ നയിക്കട്ടെയെന്ന് എന്റെ കോളജ് തീരുമാനിച്ചു. കോളജ് ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത് കഴിഞ്ഞ ദിവസമാണ്. ഇപ്പോൾ കോളജ് ഹോസ്റ്റലിലാണ് താമസം. അതും കോളജ് അധികൃതരുടെ നല്ല മനസിന്റെ പിന്തുണയോടെ. ഉള്ളിന്റെയുള്ളിൽ കൂടുകൂട്ടിയ സ്വപ്നങ്ങൾ ഇനിയും ബാക്കിയുണ്ട്. വേദനിപ്പിച്ച വിധി അതെല്ലാം അതെല്ലാം സാക്ഷാത്കരിച്ച് പ്രായശ്ചിത്തം ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. അല്ലാതെ എവിടെപ്പോകാൻ– രജിത പറഞ്ഞു നിർത്തി.