വളയിട്ട കൈകൾ ഇന്ന് സ്ത്രീകളുടെ മാത്രം കുത്തക അല്ലെങ്കിലും ദീപാവലി ദിവസം മുറ്റത്തും റോഡിലും ഒക്കെ വർണ്ണ പൊടി കളം തീർക്കുന്ന രംഗോലി പെണ്ണുങ്ങൾ ചെയ്യുക ആണ് പതിവ്. ഉത്തരേന്ത്യക്കാരും കൊങ്കണി വിഭാഗക്കാരും നിറയെ ഉള്ള ഫോർട്ട് കൊച്ചി ദീപാവലി ദിനം വർണ പൊടിക്കളങ്ങളാൽ ചമഞ്ഞൊരുങ്ങും. സാധാരണ സ്ത്രീകൾ ആണ് രംഗോലി ഇടുക പതിവ്. ഈ പതിവ് തെറ്റിക്കുകയാണ് സഞ്ജയ് കുമാർ എന്ന മിടുക്കൻ. ഫോർട്ട് കൊച്ചിയിലെ കൊച്ചിൻ കാർണിവലിന്റെ ഭാഗമായി നടക്കുന്ന രംഗോലി മത്സരത്തിൽ മൂന്നു തവണ തുടരെ സഞ്ജയുടെ രംഗോലി കളം ഒന്നാം സ്ഥാനം കൈവരിച്ചപ്പോൾ സംഘാടകർ സഞ്ജയ് കുമാറിനെ പിടിച്ചു ജഡ്ജ് ആക്കി. ഇല്ലെങ്കിൽ വേറെ ആർക്കും ഒന്നാം സമ്മാനം കിട്ടില്ല എന്നു അവർക്ക് ഉറപ്പായിരുന്നു.
"സഞ്ജയ് വന്ന് എന്നെയും മത്സരിക്കാൻ അനുവദിക്കുമോ എന്നു ചോദിച്ചപ്പോൾ ഇത്ര ഭംഗിയായി രംഗോലി വരയ്ക്കും എന്നു കരുതിയില്ല" എന്ന് വർഷങ്ങൾ ആയി കാർണിവൽ രംഗോലി മത്സരത്തിന്റെ ചുമതലയുള്ള ലക്ഷ്മണ പടിയാർ പറയുന്നു.
"1984 ഇൽ ആണ് ഫോർട്ട് കൊച്ചി കാർണിവലിൽ രംഗോലി മത്സരം കൂടി ഉൾപ്പെടുത്തുന്നത്. കാർണിവലിൽ ഉത്തരേന്ത്യൻ, കൊങ്കണി വിഭാഗത്തിലെ സ്ത്രീകളെ കൂടി ഉൾപ്പെടുത്താൻ വേണ്ടിയാണ് ഇത് തുടങ്ങിയത്. ജാതി മത ഭേദം ഇല്ലാത്ത കാർണിവൽ രംഗോലി മത്സരത്തിൽ മുസ്ലിം പെൺകുട്ടികൾ വരെ പങ്കെടുത്തെങ്കിലും ആദ്യമായാണ് ഒരു ആൺകുട്ടി എത്തുന്നത്.

കലയ്ക്ക് എന്തിന് ആൺ പെൺ ഭേദം എന്നു കരുതി അവനെയും മത്സരത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ആദ്യ തവണ അതിശയിപ്പിക്കുന്ന സഞ്ജയ് കുമാറിന്റെ കളം കണ്ട മറ്റു മത്സരാർത്ഥികൾ സഞ്ജയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കൂ എന്നു ഒരേ സ്വരത്തിൽ പറഞ്ഞു. പക്ഷെ, അടുത്ത രണ്ടു വർഷം കൂടി ഇത് ആവർത്തിച്ചപ്പോൾ ഞങ്ങൾ അവനെ ജഡ്ജ് ആക്കി. ഇല്ലെങ്കിൽ മറ്റാർക്കും ഒന്നാം സ്ഥാനം കിട്ടില്ല എന്നു ഉറപ്പായിരുന്നു."- എന്നു ലക്ഷ്മണ പടിയാർ.
"കുട്ടിക്കാലത്തു മുതൽ ഞാൻ രംഗോലി ഇട്ടു തുടങ്ങിയിരുന്നു. കൂട്ടുകുടുംബം ആയിരുന്നു ഞങ്ങളുടേത്. സ്വന്തക്കാരായ ചേച്ചിമാർ രംഗോലി ഇടുമ്പോൾ ഞാനും കൂടും. ഭാഗം വച്ചു മാറിയപ്പോൾ വീട്ടിൽ ഞാനും അച്ഛൻ വൈകുണ്ഠനാഥനും അമ്മ ലീലയും മാത്രം ആയി. അപ്പോൾ രംഗോലി ഇടുന്ന ചുമതല അമ്മയെ ഏല്പിക്കാതെ ഞാൻ ചെയ്തു തുടങ്ങി. കുട്ടിക്കാലം മുതൽ ഞങ്ങളുടെ വിഭാഗക്കാർ നടത്തുന്ന രംഗോലി മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു.
അച്ഛനായിരുന്നു മത്സരങ്ങൾക്കൊക്കെ കൊണ്ടുപോകുന്നത്. അത്രയൊന്നും പണം ഉണ്ടായിരുന്നില്ല അച്ഛന്. എന്നാലും പ്രോത്സാഹിപ്പിച്ചു എന്നെ. ആദ്യമൊന്നും സമ്മാനം ലഭിക്കുമായിരുന്നില്ല. വലുതായപ്പോൾ ഒരു കാര്യം മനസിലായി. സങ്കീർണമായ ഡിസൈനുകൾക്ക് ആണ് സമ്മാനം ലഭിക്കുക. അങ്ങനെ പ്രയാസമുള്ള ഡിസൈനുകൾ ഇട്ടു തുടങ്ങി."- ഇന്ന് പ്രയാസമുള്ള ഡിസൈനുകൾ സഞ്ജയ്ക്ക് പ്രയാസമേ അല്ല.

നിത്യവും വീട്ടുമുറ്റത്ത് ചെറിയ വർണ്ണ പൊടിക്കളവും ദീപാവലിക്ക് വലിയ കളവും തീർക്കുന്നവരിൽ ഉത്തരേന്ത്യക്കാരും കൊങ്കണി, വാണിയ വിഭാഗക്കാരും ഉണ്ട്. വാണിയ വിഭാഗക്കാരൻ ആണ് സഞ്ജയ് കുമാർ. വിവാഹം കഴിഞ്ഞ ശേഷവും വീട്ടിലെ രംഗോലി ഇടൽ സഞ്ജയ് ഭാര്യയ്ക്ക് വിട്ടു കൊടുത്തില്ല. ഐശ്വര്യ ആണ് സഞ്ജയ്‌യുടെ ഭാര്യ. മകൻ ധ്രുവ് ധീറിന് രണ്ടു വയസ്സ് ആയി.
വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിലെ ആർട്ട് അധ്യാപകൻ ആണ് സഞ്ജയ് ഇപ്പോൾ. ഒപ്പം ഫോർട്ട് കൊച്ചിയിൽ ധ്രുവ ആർട്ട് അക്കാദമി നടത്തുന്നു. വലിയ ഒരു ഹാൾ നിറയുന്ന രംഗോലി ഇടണം എന്നാണ് സഞ്ജയ്‌യുടെ സ്വപ്നം. ആ സ്വപ്നം സാധ്യമാക്കാൻ സ്പോൺസേഴ്സിനെ ലഭിക്കും എന്ന പ്രതീക്ഷയിൽ ആണ് സഞ്ജയ്.