ശസ്ത്രക്രിയാ പിഴവ് മൂലം ജീവിതം ഉപേക്ഷിച്ച അനന്യയുടെ ‘അമ്മ’ രഞ്ജു രഞ്ജിമാര്‍ പറയുന്നു, ഒരു ട്രാൻസ്ജെൻഡർ കടന്നുപോകുന്ന പൊള്ളുന്ന ജീവിതവഴികളെക്കുറിച്ച്..
ദൈവം തന്നത് മാറ്റുന്നതെന്തിന് എന്നു ചോദിക്കുന്നവരുണ്ട് ?
മാനസികമായി മറ്റൊരു ജെൻഡർ ആണ് തനിക്കുള്ളത് എന്നു മനസ്സിലാക്കുമ്പോള്‍ അവയവങ്ങളും മാറ്റം വരുത്തണം എന്നാഗ്രഹിക്കും. അതിൽ കുറ്റപ്പെടുത്താനാകില്ല. സ്ത്രീയാകാനുള്ള അതിയായ ആഗ്രഹം കൊണ്ട് ഡോക്ടറെ വിശ്വസിച്ച് സർജറിക്ക് ഒരുങ്ങുകയാണ്. മനസ്സും ശരീരവും രണ്ടായിപ്പോകുന്നവർ ഉണ്ടെന്നു സമൂഹം അംഗീകരിക്കാത്തിടത്തോളം കാലം, ഇങ്ങനെയുള്ളവർ പരിഹസിക്കപ്പെടും. ശാരീരികമായി കയ്യേറ്റം ചെയ്യപ്പെടും.
മനസ്സിനും ശരീരത്തിനും ഏറ്റ കൊടിയ വേദനകളാണ് ‘ഞാൻ അവനല്ല, അവളാണ്’ എന്ന് തലയുയർത്തിപ്പിടിച്ചു പറയാൻ എന്നെ പഠിപ്പിച്ചത്. ഞാൻ വളരുകയായിരുന്നു. ശരീരത്തിലേക്ക് നുഴഞ്ഞു കയറുന്ന കൈകളെ പേടിച്ച പയ്യനിൽ നിന്ന് ‘തൊട്ടുപോകരുത്’ എന്നു പറയാൻ കെൽപ്പുള്ള കരുത്തുറ്റ പെണ്ണിലേക്ക്. പിന്നീടു നല്ലൊരു കരിയർ കണ്ടെത്തി, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് വളർന്നു.

പലര്‍ക്കും ഒരു ധാരണയുണ്ട് ട്രാൻസ്ജെൻഡേഴ്സിന്റെ പ്രധാന തൊഴിൽ സെക്സ് വർക്ക് ആണെന്ന്. അതല്ല എന്നു വിളിച്ചു പറയാനും ലോകത്തിനു മുന്നില്‍ തെളിയിക്കാനും എനിക്കു സാധിച്ചു. ഞങ്ങളുടെ ഉന്നമനത്തിനായി ‘ദ്വയ’ എന്ന സംഘടന തുടങ്ങി. എനിക്ക് ഒരു ചേച്ചിയും രണ്ട് ചേട്ടന്മാരുമാണ്. അടുത്തത് ഒരു പെൺകുഞ്ഞു വേണം എന്ന് അമ്മ ആഗ്രഹിച്ചു. അമ്മ ആഗ്രഹിച്ചതു പോലെ ഞാൻ പെണ്ണായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ശരീരം ആണിന്റേതായിപ്പോയി. ചേട്ടന്മാർ ആദ്യമൊക്കെ കളിയാക്കുകയും വഴക്കു പറയുകയും ചെയ്യുമായിരുന്നു. ചേച്ചി എതിർത്തില്ലെങ്കിലും ഉൾക്കൊണ്ടിരുന്നില്ല. അമ്മ എന്നെ മനസ്സിലാക്കി.
കയ്യും കാലും നഖങ്ങളും വൃത്തിയായി വയ്ക്കുന്ന കാര്യത്തിൽ ഞാൻ ചെറുതിലേ ശ്രദ്ധിച്ചിരുന്നു. പുരികങ്ങൾ ബ്ലേഡ് കൊണ്ടു വെട്ടി ഭംഗിയാക്കും. തീപ്പെട്ടിക്കൊള്ളി കരിച്ചു കുഴച്ച് ഇയർ ബഡ് കൊണ്ട് പുരികം കറുപ്പിക്കും. ‘എന്തു ഭംഗിയാണ് നിന്റെ പുരികത്തിനെ’ന്നു പലരും പറയുന്നത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.
അച്ഛനമ്മമാര്‍ കൂലിപ്പണിക്കാർ ആയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് ഞാന്‍ ഇഷ്ടിക കളത്തില്‍ ജോലിക്കു പോയി. ആഴ്ചയിൽ 270 രൂപ കിട്ടും. ആഹാരം കഴിച്ചാൽ വീട്ടിൽ കൊടുക്കാൻ ഒന്നും കാണില്ല. അതുകൊണ്ട് രാവിലത്തെ ഭക്ഷണം ചായയിൽ ഒതുക്കും. ഉച്ചയ്ക്ക് ചിലരെങ്കിലും അവരുടെ ഭക്ഷണം പകുത്തു തന്നാൽ കഴിക്കും.
ഇതിനൊപ്പം തീരെ ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. പത്തു രൂപ ഫീസായി കിട്ടും. പിന്നീടു തടിമില്ലിൽ കോളപ്പെട്ടി അടിക്കാൻ പോയി. ഒന്നിന് 75 പൈസയാണു കൂലി. ഒരാൾക്ക് 50-60 എണ്ണമേ ഒരു ദിവസം അടിക്കാനാകൂ. ഞാൻ വാശിക്ക് 100 എണ്ണം വരെ അടിക്കും. ജീവിക്കേണ്ടേ?