Thursday 08 February 2018 02:14 PM IST

ആ നാടൻ പയ്യനെ മറന്നേക്കൂ.. ചിന്തയിലും ലുക്കിലും മേക്ക് ഓവറുമായി ശരൺ

V N Rakhi

Sub Editor

sharan-1 ഫോട്ടോ: സരിൻ രാംദാസ്

ഇത്രയും കാലത്തിനിടെ ഒരുപാട് പേർ അടുത്തു വന്നിട്ടുണ്ട്,അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാം സ്ത്രീകൾ. അടുത്തിടെയുണ്ടായൊരു അനുഭവം ശരണിന് ഇപ്പോഴും അദ്ഭുതമാണ്. പതിവു പോലെ രാവിലെ ഷട്ടിൽ കളി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് വരികയായിരുന്നു. നാൽപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരാൾ അടുത്തു വന്നു. ‘ഒറ്റച്ചിലമ്പിലെ ആദിയല്ലേ? പിന്നേയ്, തടി ഇത്തിരി കുറയ്ക്കണം. ഡയലോഗിന്റെ രീതിയും മാറണം.’പുള്ളിയുടെ ഉപദേശം. ‘‘ആദി ഒരു സാധാരണ കഥാപാത്രമല്ല ചേട്ടാ, മെന്റലിസ്റ്റ് ആകുമ്പോൾ വ്യത്യസ്തതയൊക്കെ വേണ്ടേ’ എന്നു പറഞ്ഞു മനസ്സിലാക്കിയപ്പോഴേ സമാധാനമായുള്ളൂ. ഇരുപത്തേഴു വർഷമായി സീരിയലിലും സിനിമയിലുമുണ്ട്. ആദ്യമായിട്ടാണ് പുരുഷന്മാർ ക്ഷേമമന്വേഷിക്കുന്നതും സ്നേഹപൂർവം അഭിപ്രായം പറയുന്നതും. പതിവു സങ്കൽപങ്ങളിൽ നിന്നു മാറി ഹൊറർ സീരിയൽ ആയതുകൊണ്ടാകാം ആൺ പ്രേക്ഷകർ സംസാരിക്കാൻ വന്നു തുടങ്ങിയത്.’’ ശരണിന്റെ സന്തോഷം മുഖത്തു വായിക്കാം.

പഴയ നാടൻ പയ്യൻ ആകെ മാറിയല്ലോ?  

ആദ്യ സീരിയൽ മുതൽ കുറേ കാലം കുറി തൊട്ട നാടൻ പയ്യനായിരുന്നു ഞാൻ. സംവിധായകൻ രഞ്ജിത്തേട്ടൻ ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞു ‘നിന്നെ ഇങ്ങനെ കണ്ടു മടുത്തെടാ’ എന്ന്. സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാനും മേക്ക് ഓവർ നടത്താനും ഒരു വർഷം സീരിയലിൽ നിന്ന് വിട്ടു നിന്നു. ‘സിനിമയ്ക്കു വേണ്ടി സീരിയൽ മാറ്റി വയ്ക്കേണ്ട, നല്ല കഥാപാത്രം തിരഞ്ഞെടുത്ത് ഒരു സമയം ഒരു സീരിയൽ ചെയ്തോളൂ’ എന്ന് പറഞ്ഞു തന്നത് സംവിധായകൻ ജയരാജ് സാറാണ്. അതിനു ശേഷം വ്യത്യസ്തതയുള്ള കഥാപാത്രമാണോ എന്നു നോക്കിയേ സീരിയൽ ചെയ്യുന്നുള്ളൂ. ലുക്കിലും എന്തെങ്കിലും വ്യത്യസ്തത വരുത്താൻ ശ്രമിക്കും. മഴവിൽ മനോരമയിൽ വന്ന എന്റെ പെണ്ണിലെ ഫാദർ ജോസഫ് ഇല്ലിക്കൻ ആകാൻ  മുടി നീട്ടി, മീശ വടിച്ചു. ഇപ്പോൾ ഒറ്റച്ചിലമ്പിലെ മെന്റലിസ്റ്റ് ആദികേശവനാകാൻ ഹെയർസ്റ്റൈൽ മാറ്റി, കളർഫുൾ കോസ്റ്റ്യൂമിട്ടു. ലോറി ഗേൾ എന്ന ടെലിഫിലിമിൽ തല മൊട്ടയടിച്ചു.

സീരിയലിലെ സുവർണകാലം ഓർക്കാറില്ലേ?

ആദ്യത്തെ മെഗാ സീരിയൽ ആണ് ദൂരദർശനിൽ വന്ന വംശം. ഞായറാഴ്ചകളിൽ രാവിലെ 8.30ന് ഒരു എപ്പിസോഡ് മാത്രം. ഒരു വർഷത്തോളം നീണ്ടു സീരിയൽ. അന്ന് സ്വകാര്യ ചാനലുകളോ മെഗാ സീരിയലുകളോ ഇല്ല. മധു സാർ, നരേന്ദ്രപ്രസാദ് സാർ, രവി വള്ളത്തോൾ, സിദ്ദീഖ് സാർ, ഗണേഷേട്ടൻ, കൽപനച്ചേച്ചി, മധുപാലേട്ടൻ തുടങ്ങിയ വലിയ താരനിരയുടെ കൂടെ തുടക്കം.  അച്ഛൻ കാളിദാസ് പുതുമന തിരക്കഥയെഴുതിയ പൂർണവിരാമം എന്ന ടെലിഫിലിമിലാണ് അഭിനയത്തിൽ തുടക്കം. അന്ന് പ്ലസ്ടു പഠിക്കുകയാണ്. അച്ഛന്റെ തന്നെ തിരക്കഥയിൽ തുഞ്ചത്താചാര്യൻ എന്ന സീരിയലിൽ തുഞ്ചത്ത് എഴുത്തച്ഛന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. അതുകണ്ടാണ് വംശത്തിലേക്കു വിളിക്കുന്നത്.
സെറ്റിൽ എങ്ങനെ പെരുമാറണം, ടൈമിങ് എന്താണ്, എന്തൊക്കെ പഠിക്കണം, എന്തൊക്കെ പഠിക്കരുത്, തുട ങ്ങി വിലപ്പെട്ട കുറേ കാര്യങ്ങൾ പഠിച്ചത് ആ സെറ്റിലാണ്. അപ്പോഴേക്കും ഒരുപാട് ചാനലുകൾ വന്നു. സീരിയലുകളും ഇഷ്ടം പോലെ. സ്നേഹാഞ്ജലി, ശ്രീരാമൻ ശ്രീദേവി, സമയം സംഗമം, അലകൾ, സ്ത്രീ, പൂജാപുഷ്പം, സീതാലക്ഷ്മി, അഭയം, മനപ്പൊരുത്തം തുടങ്ങി നൂറോളം സീരിയലുകൾ. അന്ന് ഒരു ചാനലിൽ ആറര മുതൽ ഒമ്പതു വരെയുള്ള അഞ്ചോ ആറോ സീരിയലുകളിൽ നാലെണ്ണത്തിലും ഞാനുണ്ടായിരുന്നു.

അഭിനയം മാത്രമായിരുന്നോ മനസ്സിൽ?

പാലക്കാട് ചിറ്റൂരാണ് എന്റെ വീട്. അമ്മ ശാന്തിനി നന്നായി പാടും. അമ്മയിൽ നിന്നാകണം സംഗീതം കിട്ടിയത്. പതിനാറു വര്‍ഷം ശാസ്ത്രീയ സംഗീതം പഠിച്ചു. അന്നൊക്കെ കച്ചേരികളും നടത്തിയിരുന്നു. പാട്ടുകാരനാകണം എന്നു മാത്രം ആഗ്രഹിച്ച ആളാണു ഞാൻ. അഭിനയത്തിൽ വന്ന ശേഷം സംഗീതവുമായുള്ള ബന്ധം മുറിഞ്ഞു. ഭാര്യ റാണിയുടെ നിർബന്ധം കൊണ്ട് ഇപ്പോൾ സിനിമാ ഗാനങ്ങൾ പാടി നോക്കുന്നുണ്ട്. അത്രയേ ഉള്ളൂ.

സിനിമ വിളിച്ചില്ലേ?

സീരിയലിൽ തിരക്കായ കാലത്ത് പ്രേം പൂജാരി, കൈക്കുടന്ന നിലാവ് സിനിമകളിലേക്ക് വിളിച്ചിരുന്നു. ദൂരദർശനിൽ തിരക്കായിരുന്നതുകൊണ്ട് ആ അവസരങ്ങൾ നഷ്ടമായി. നിവേദ്യത്തിന്റെ കഥ ലോഹി സാർ ആലോചിക്കുന്ന കാലത്ത്, അതായത് നിവേദ്യമിറങ്ങിയതിനും പത്തു വർഷം മുമ്പ്, ഷൊർണൂർ ഗസ്റ്റ് ഹൗസിലേക്ക് ഒരു ദിവസം അദ്ദേഹം വിളിപ്പിച്ചു. ‘ഈ പൊടിമീശ കളയരുത്, ഒരു പൂജാരിയുടെ വേഷം ചെയ്യാനുണ്ട്, ഒരു കള്ളൻ പൂജാരി’ എന്നു പറഞ്ഞു. നായികയെത്തേടി  കലാമണ്ഡലത്തിലും വേറെ കുറേ സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ കൂടെ ഞാനും പോയി. പക്ഷേ, അദ്ദേഹം മനസ്സിൽ ഉദ്ദേശിച്ച നായികയെ കിട്ടിയില്ല. അങ്ങനെ ആ പ്രോജക്ട് അന്ന് നീട്ടി വച്ചു. കൈവിട്ടു പോയ അവസരങ്ങൾ വേറെയുമുണ്ട്. ട്രാഫിക്കും മധുചന്ദ്രലേഖയുമൊക്കെ എന്റെ കരിയറിലെ നഷ്ടങ്ങളാണ്.  

sharan-2

നടനെന്ന നിലയിൽ വേദനിക്കേണ്ടി വന്നിട്ടുണ്ടോ?

അച്ഛന്റെ സുഹൃത്തുക്കളാണ് രഞ്ജിത്തേട്ടനും ജയരാജ് സാറും. ജയരാജ് സാർ ഗുൽമോഹറും ട്രെയിനും ലൗഡ്‌സ്പീക്കറും ചെയ്തപ്പോൾ റോൾ തന്നു. ലൗഡ്സ്പീക്കറിലെ കുട്ടിയുടെ അച്ഛന്റെ റോളായിരുന്നു എനിക്ക്. മമ്മൂക്കയുടെ കൂടെ കോംബിനേഷൻ സീനുമുണ്ടായിരുന്നു. സിനിമ റിലീസ് ആയപ്പോൾ എന്റെയും റാണിയുടെയും വീട്ടുകാരെയെല്ലാം വിളിച്ചു തിയറ്ററിൽ പോയി. ഇപ്പോൾ വരും ‘ഞാൻ’ എന്നു പ്രതീക്ഷിച്ചിരുന്ന് ഒടുവിൽ സിനിമ തീർന്നു. സങ്കടം സഹിക്കാതെ, അപ്പോള്‍ തന്നെ ജയരാജ് സാറിനെ വിളിച്ചു. ‘സിനിമയ്ക്ക് നീളം കുറയ്ക്കാൻ വേറെ വഴിയില്ലായിരുന്നു. ഈ വേദന കാര്യമാക്കേണ്ട. ഓരോ നടനും നടനായത് ഇത്തരം വേദനകളിലൂടെയാണ്’ എന്നു പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചു.

നാടൻ പയ്യന് പ്രണയമൊന്നുമുണ്ടായില്ല?

സീരിയൽ ഒഴുക്കിന്റെ കാലം. മഞ്ചേരി യൂണിറ്റി വിമൻസ് കോളജിലെ ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചു. ധാരാളം മുടിയുള്ള പെൺകുട്ടികളെ പണ്ടേ ഇഷ്ടമായിരുന്നു. കോളജിൽ ചെന്നപ്പോൾ വേദിയിൽ കണ്ട മുടിയുള്ള പെൺകുട്ടിയിൽ സ്വാഭാവികമായി മനസ്സുടക്കി. കോളജ് ചെയർപെഴ്സൺ ആയ അവൾ അന്ന് നന്നായി പ്രസംഗിച്ചു. പിന്നീട് ആ കുട്ടിയുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. പിന്നെ സൗഹൃദമായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.‘ഈ ഫ്രണ്ടിനെ ജീവിതകാലം മുഴുവൻ കൂടെ വേണം’എന്ന്. നിർമാതാവും നടനുമായിരുന്ന മഞ്ചേരി ചന്ദ്രന്റെ മകളാണ് റാണി. ‘ഈ റാണിയെ ഞാനൊരു മഹാറാണിയായി വാഴിക്കും’ എന്നൊക്കെ അമ്മയ്ക്ക് വാക്കു കൊടുത്ത് 2004 ലായിരുന്നു വിവാഹം.

ഛായാമുഖി നാടകത്തിന്റെ ഭാഗമായത് എങ്ങനെയാണ്?

സുഹൃത്ത് പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത ‘ഛായാമുഖി’യുടെ ആദ്യ ഷോ കാണാൻ ഞാനും പോയി. അത് വലിയൊരു പ്രോജക്ട് ആക്കാൻ ഉദ്ദേശിക്കുന്ന കാര്യം പ്രശാന്ത് പറഞ്ഞു. പ്രധാന വില്ലനായ ജീമൂദനെ നീ അവതരിപ്പിക്കണം എന്നും. ലാലേട്ടനും മുകേഷേട്ടനും പ്രൊഡ്യൂസർമാരായ സംരംഭം. മൂന്നു നാലു മാസത്തെ പരിശീലനകാലത്ത് അദ്ദേഹത്തെ കൂടുതൽ അടുത്തറിഞ്ഞു. ആറേഴ് സ്േറ്റജ് കഴിഞ്ഞതോടെ വലിയ സംസാരവിഷയമായി. ബെംഗളൂരുവിലെ അവതരണം കഴിഞ്ഞ് വരുന്ന വഴി ഞങ്ങളുടെ ബസ് ആക്സിഡന്റ് ആയി ഒരു കൊക്കയിലേക്കു വീണു. ഭാഗ്യം എന്താണെന്ന് അന്നാണ് മനസ്സിലായത്. ബസിൽ നിന്നു തെറിച്ച് ഒരു മൺകൂനയ്ക്കു മുകളിൽ ചെന്നു വീണതുകൊണ്ട് വലിയ കുഴപ്പമില്ലാതെ ഞാൻ രക്ഷപ്പെട്ടു. ഗ്രൂപ്പിലെ രണ്ടു കലാകാരന്മാർ മരിച്ചു. ലാലേട്ടന് അത് വലിയ വേദനയായി. ഛായാമുഖിയെക്കുറിച്ച് ആരും പിന്നീട് സംസാരിച്ചില്ല.

ഡബ്ബിങ്ങിലും കഴിവ് തെളിയിച്ചു, അല്ലേ?

ഇരുനൂറോളം സിനിമകളിൽ ഡബ്ബ് െചയ്തു. ജിഷ്ണുവിന് ഡബ്ബ് ചെയ്താണ് തുടങ്ങിയത്. ബാലയുെട സ്ഥിരം ശബ്ദമാണ്. വൈറ്റ് ബോയ്സ് എന്ന സിനിമയിൽ കൗശിക് ബാബുവിന് ഡബ്ബ് ചെയ്തതിനാണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് കിട്ടിയത്. പക്ഷേ, ഈ വീട്ടിൽ ആദ്യമായി ഒരു സംസ്ഥാന അവാർഡ് കൊണ്ടു വരുന്നത് റാണിയാണ് കേട്ടോ. ആഡ് ഫിലിം മേക്കറായ സന്ദീപ് സംവിധാനം ചെയ്ത ‘ലോറി ഗേൾ’ എന്ന ഷോർട്ട്ഫിലിമിൽ ലക്ഷ്മിയായി അഭിനയിച്ചത് റാണിയായിരുന്നു. 2012 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോഴതാ മികച്ച രണ്ടാമത്തെ നടി റാണി. വലിയ അഭിനേതാവാണെന്നു പറഞ്ഞു നടന്ന ഞാൻ ചമ്മിപ്പോയി. ഒറ്റച്ചിലമ്പിൽ ആദികേശവന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതും റാണിയാണ്. സ്ക്രിപ്റ്റ് എഴുത്തും പാട്ടെഴുത്തുമെല്ലാം കൈയിലുണ്ട്.

അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന മകൾ ഗൗരി ഉപാസനയാണ് ഈ വീട്ടിലെ പാട്ടുകാരി. കൺമണിയെന്നാണ് ഞങ്ങൾ വിളിക്കുക. കുറേക്കാലം കാത്തിരുന്ന് കിട്ടിയതാണേ. ‘ഞാൻ രണ്ട് പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട് ട്ടോ. ഈ അച്ഛൻ പറയാൻ മറന്നതാ.’ കൺമണി അച്ഛനെ നോക്കി ചിണുങ്ങി.

സീരിയൽ രംഗത്തേക്കു വരുമ്പോൾ ഹരിശാന്ത്. ഇപ്പോൾ ശരൺ. ഈ പേരുമാറ്റം?

ന്യൂമറോളജി പ്രകാരം നാലക്ഷരമുള്ള പേര് എനിക്ക് നല്ലതല്ല എന്നറിഞ്ഞു. വംശത്തിലെ കഥാപാത്രമായ ശരത് എന്നിട്ടാലോ എന്നാലോചിച്ചതാണ്. അഭിനയ രംഗത്ത് മറ്റൊരു ശരത് നേരത്തേ ഉണ്ടല്ലോ? പേരു മാറ്റുന്നതിനു മുമ്പേ തന്നെ ഞങ്ങൾക്കുള്ള ഫോൺകോളുകൾ പരസ്പരം മാറി വരാറുണ്ടായിരുന്നു. എന്നാൽ പിന്നെ ശരൺ ആകട്ടെ എന്നു തോന്നി. പേരു മാറ്റി കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ സംസ്ഥാന അവാർഡിന്റെ രൂപത്തിൽ ഭാഗ്യമെത്തി. എന്തായാലും ഇപ്പോൾ ശരൺ എന്നേ വിളിക്കാറുള്ളൂ, എല്ലാവരും.