Tuesday 04 January 2022 04:26 PM IST : By സ്വന്തം ലേഖകൻ

‘ഉരുളിയിലെ പാൽപായസം ചീത്തയാക്കാൻ ഒരു തുള്ളി മണ്ണെണ്ണ മതി’; മലയാളികൾ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരോ? യാഥാർഥ്യമെന്ത്?

sex-nayayana-reddy പ്രമുഖ സെക്സോളജിസ്റ്റ് ഡോ. ഡി. നാരായണറെഡ്ഡി

ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ മലയാളികളുമുണ്ട് എന്നൊരു നിഗമനമുണ്ട്.  ഇതിൽ യാഥാർഥ്യമുണ്ടോ? അങ്ങനെയാണെങ്കിൽ എന്തുകൊണ്ടായിരിക്കും ഇത്തരമൊരു സമൂഹം സൃഷ്ടിക്കപ്പെടുന്നത്?

സർദാർജി ഫലിതങ്ങൾ എത്രയോ നമ്മള്‍ വായിച്ചു ചിരിക്കാറുണ്ട്. അതുകൊണ്ട് എല്ലാ സർദാർജിമാരും മണ്ടന്മാരോ കഴിവില്ലാത്തവരോ ആണോ? അതുപോലെയാണ് ഈ പറച്ചിലും. മലയാളികളെക്കുറിച്ചുള്ള ഈ ആക്ഷേപം തമാശയായി മാത്രം കണ്ടാല്‍ മതി. മലയാളികളെക്കാൾ ലൈംഗിക ആർത്തി കാണിക്കുന്ന മറ്റു സംസ്ഥാനക്കാർ എത്രയോ ഉണ്ട്. അത്തരം നിരവധി സംഭവങ്ങള്‍ എന്‍റെ കേസ് ഡയറിയില്‍ തന്നെയുണ്ട്.

ഉരുളിയിലെ പാൽപായസം ചീത്തയാക്കാൻ ഒരു തുള്ളി മണ്ണെണ്ണ മതി എന്നു പറയുന്നതുപോലെ ഒന്നോ രണ്ടോ മലയാളികൾ മതി, ഇങ്ങനെയൊരു ചീത്തപ്പേര് ഉണ്ടാക്കാൻ. ഒരു ഉദാഹരണം പറയാം. കേരളം കാണാനെത്തിയ ഒരു വിദേശ വനിത അർധനഗ്നയായി പൊതുവഴിയിലൂടെ നടക്കുന്നു. ഇതു കാണുന്ന കുറച്ചുപേർ വായ് പൊളിച്ച്, അദ്ഭുതത്തോടെ അവരെ നോക്കി നിൽക്കും. അവരുടെ മാനസികാവസ്ഥ എന്താണ് എന്നു നമ്മൾ ആലോചിക്കുന്നില്ല. പക്ഷേ, അവർ തിരിച്ചു നാട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടു പറയുന്നു, ‘സ്ഥലം നല്ലതാണ് പക്ഷേ, അവിടുത്തെ പെണ്ണുങ്ങൾക്ക് ആണുങ്ങളെ തൃപ്തിപ്പെടുത്താനുള്ള കഴിവ് ഉണ്ടെന്നു തോന്നുന്നില്ല. അവര്‍ വഴിയിലിറങ്ങി പെണ്ണുങ്ങളെ നോക്കി നില്‍ക്കുകയാണ്...’

ഈ അഭിപ്രായം ക്രമേണ പ്രചരിക്കുന്നു. ഇങ്ങനെയാണ് നമ്മുടെ പാൽപായസം കേടാകുന്നത്. ലൈംഗികത മാജിക് പോലെയാണ്. പ്രകടനം ആദ്യമായി കാണുമ്പോൾ അതിലൊരു കൗതുകം തോന്നും. പക്ഷേ, ആ പ്രകടനത്തിനു പിന്നിലെ സൂത്രം എന്തായിരുന്നു എന്നറിയുന്നതോടെ മാജിക്കിന്റെ കൗതുകം നഷ്ടമാകും. സ്നേഹസ്പർശമുള്ള പുതുമകളിലൂടെ ആ കൗതുകം നിലനിർത്താൻ പഠിക്കാം.

ലൈംഗിക കേരളം

സ്ത്രീകൾ ലൈംഗിക സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് ലൈംഗിക പ്രശ്നങ്ങൾക്ക്  കാരണമാകുന്നു എന്നു ചിലർ വാദിക്കുന്നത് ശരിയാണോ? 

ഈ വാദം ഒരിക്കലും ശരിയല്ല.  ഇന്നേ വരെ അപ്രാപ്യമായിരുന്ന പല മേഖലകളിലേക്കും സ്ത്രീകള്‍ ഇപ്പോള്‍ കടന്നുവരുന്നുണ്ട്. ലൈംഗിക കാര്യങ്ങളിലും  അതുണ്ടായി. ലൈംഗികത തങ്ങൾക്കു കൂടി അവകാശപ്പെട്ടതാണ് എന്ന ചിന്തയുണ്ടായി. ലൈംഗികതയെക്കുറിച്ചു സംസാരിക്കാനും സംശയങ്ങൾ ചോദിക്കാനും അവർ തയാറായി. സ്ത്രീകളുടേതായ കാമശാസ്ത്രങ്ങൾ എഴുതപ്പെട്ടു. സത്യത്തില്‍ ലൈംഗികരംഗത്ത് ഉള്ള പ്രശ്നങ്ങൾക്കു കാരണം പഴയ  മൂല്യവ്യവസ്ഥിതികളും കാലത്തിനനുസരിച്ച് മാറാത്ത മനസ്സുകളുമാണ്.

കടപ്പാട് :പ്രമുഖ സെക്സോളജിസ്റ്റ്  ഡോ. ഡി. നാരായണറെഡ്ഡി.ദേഗാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ