Saturday 21 November 2020 03:44 PM IST

ചെറിയ മുതൽ മുടക്കിൽ ആരംഭിച്ച് വലിയ ലാഭം ഉണ്ടാക്കാം; പത്തു കിടിലൻ ബിസിനസ് ഐഡിയാസ് ഇതാ...

Roopa Thayabji

Sub Editor

business334fghhv

ചെറിയ മുതൽ മുടക്കിൽ ആരംഭിച്ച് വലിയ ലാഭം നേടാനാകുന്ന പത്തു ബിസിനസ്.

1. ഭക്ഷണം ഉണ്ടാക്കി നല്‍കാം, വാങ്ങിവില്‍ക്കാം

ഏറ്റവും കുടുതല്‍ വിജയ, ലാഭ സാധ്യതയുള്ള മേഖല ഭക്ഷ്യസംസ്‌കരണ, ഭക്ഷ്യവിതരണ, വില്‍പ്പന രംഗമാണ്. കപ്പ പുഴുങ്ങി സംസ്‌കരിച്ച് കയറ്റുമതി ചെയ്യാം. അല്ലെങ്കില്‍ നല്ല ഒന്നാന്തരം കേക്ക്  ഉണ്ടാക്കി ഓണ്‍ലൈനായി വില്‍ക്കാം. ചിക്കന്‍ കറിയും ബീഫ് ഉലര്‍ത്തിയതും മോരുകറിയുമൊക്ക ഹോട്ടലുകള്‍ക്ക് സപ്ലൈ ചെയ്യാം. നിങ്ങള്‍ക്ക് മാത്രം രസക്കൂട്ടറിയാവുന്ന സ്‌പെഷൽ ചമ്മന്തിപ്പൊടിയോ അച്ചാറോ ബ്രാന്‍ഡാക്കി വളര്‍ത്തി വലുതാക്കാം. പുട്ടുപൊടി, ദോശമാവ്, അപ്പംപൊടി തുടങ്ങിയവ ഉണ്ടാക്കാം. കാറ്ററിങ് സര്‍വീസ് തുടങ്ങാം.

2. അലങ്കാര മല്‍സ്യ ഫാം

ദിവസം തോറും വളർന്നുകൊണ്ടിരിക്കുന്ന ബിസിനസാണ് അലങ്കാര മല്‍സ്യകൃഷി. കുഞ്ഞുങ്ങള്‍ മല്‍സ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു. അതിനോട് കൊഞ്ചാനും കിന്നാരം പറയാനും അവര്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ വളരുന്നത് ഒരു വിപണിയാണ്. അഞ്ചു രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള അലങ്കാര മല്‍സ്യങ്ങളുണ്ട്. ഇവയെ വളര്‍ത്താനും  എളുപ്പമാണ്. സര്‍ക്കാര്‍ സബ്‌സിഡിയും പരിശീലനവും ലഭിക്കും. ആയിരം രൂപ മുടക്കിയും ലക്ഷങ്ങള്‍ മുടക്കിയും ഈ ബിസിനസ് ആരംഭിക്കാം എന്നതാണ് മറ്റൊരു കാര്യം.

3. ഡ്രൈഫ്ലവര്‍ മേക്കിങ്

ഡ്രൈ ഫ്ലവര്‍ അഥവാ ഉണങ്ങിയ പൂക്കൾ കൊണ്ടുള്ള അലങ്കാര വസ്തുക്കളുടെ വിപണി അനുദിനം വളരുന്നുണ്ട്. ഡ്രൈഫ്ലവര്‍ കൊണ്ട് കമനീയമാക്കിയ ബാംബൂ ബാസ്‌കറ്റ്, കശ്മീരി ബാസ്‌ക്കറ്റ്, ഭിത്തിയില്‍തൂക്കിയിടുന്ന വസ്തുക്കള്‍ തുടങ്ങി ആകർഷകമായ എന്തും ഡ്രൈ ഫ്ലവേഴ്‌സ് കൊണ്ട് ഉണ്ടാക്കാം. പ്രകൃതിദത്തമായ പൂവുകള്‍, ഇലകള്‍, നാരുകള്‍ തണ്ടുകള്‍ തുടങ്ങിയവ ഉപയോഗിക്കാം. പൂക്കടകളിലും മറ്റും ബാക്കി വരുന്ന പൂക്കൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഡ്രൈ ഫ്ലവർ ആക്കിയെടുക്കാനുമാകും.

4. കൂണ്‍കൃഷി

മായവും  ഹോര്‍മോണും പേടിച്ച് ആളുകള്‍ മല്‍സ്യ, മാംസാഹാരങ്ങള്‍ ഉപേക്ഷിച്ചോ? ഇല്ലേയില്ല. ആ രുചി വിട്ടുകളയാന്‍ പറ്റാത്തതു തന്നെ കാരണം. ഈ സാഹചര്യത്തിലാണ് കൂണ്‍വിഭവങ്ങള്‍ക്കു പ്രിയമേറുന്നത്. മല്‍സ്യത്തിന്റെയും മാംസത്തിന്റെയും രുചിക്ക് ബദലായി കൂണ്‍ തീന്‍മേശയില്‍ ഇടംപിടിക്കുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായി കൃഷി ചെയ്യാവുന്നവയാണ് ചിപ്പിക്കൂണും പാല്‍ക്കൂണും. കൂണുകളായി വില്‍ക്കുകയോ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയോ വിത്തുകള്‍ വിപണനം ചെയുകയോ ആകാം.

5. ആട് ഒരു ലാഭജീവി

ആട്ടിറച്ചിയോടുള്ള മലയാളികളുടെ താല്‍പര്യം അനുദിനം വര്‍ധിക്കുകയാണ.് ഹോര്‍മോണ്‍ പേടി വേണ്ടെന്നതും ഇതിന്റെ ഡിമാൻഡ് കൂട്ടുന്നു. എന്നാല്‍ ഈ പ്രിയത്തിന് അനുസരിച്ച് സപ്ലൈ ഇല്ല എന്നതാണ് ആടുവളര്‍ത്തലിന് വലിയ ബിസിനസ് സാധ്യത നൽകുന്നത്.   കുറഞ്ഞ മുതല്‍മുടക്കില്‍ ആടുകൃഷി  ആരംഭിക്കാം. തീറ്റച്ചെലവും പരിപാലന ചെലവും താരതമ്യേന കുറവാണ്. പെട്ടെന്ന് പ്രസവിക്കുന്ന ഇനവുമാണ് ആടുകള്‍. ശരാശി എട്ടുവര്‍ഷത്തെ ഉല്‍പ്പാദന ജീവിത ചക്രത്തില്‍ നിന്ന് 25 ആട്ടിന്‍കുട്ടികളെ വരെ ലഭിക്കും.

6. പേപ്പര്‍ പ്ലേറ്റ് നിർമാണം

പ്ലാസ്റ്റിക്കിനെ പടിക്കു പുറത്ത് നിര്‍ത്തിയപ്പോള്‍ നമ്മുടെ വിട്ടിനകത്തേക്ക് വരെ കടന്നുവന്ന ഉല്‍പ്പന്നമാണ് പേപ്പര്‍ പ്ലേറ്റ്. പേപ്പർ പ്ലേറ്റിനും ഗ്ലാസിനുമൊക്കെ ലോക്ഡൗൺ കാലത്തും വലിയ ഡിമാൻഡായിരുന്നു.  കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രം ഉപയോഗിച്ച് ചെറിയ മുതൽ മുടക്കിൽ പേപ്പര്‍ പ്ലേറ്റ് നിര്‍മ്മാണം ആരംഭിക്കാം. ഇതിനായി സർക്കാരിന്റെ വിവിധ പ്രൊജക്റ്റുകൾക്കു കീഴിൽ ലോൺ കിട്ടും. വിപണിയില്‍ നല്ല മല്‍സരമുണ്ടെങ്കിലും പ്രാദേശിക വിപണിയില്‍ സവിശേഷ വിപണനത്തിലൂടെ മികച്ച വില്‍പ്പന നേടാം.

7. ഹോം സ്റ്റേ

വീട്ടുഭക്ഷണം കഴിച്ച് ഗ്രാമഭംഗി കാണാനെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം ദിനം തോറും വര്‍ധിക്കുകയാണ്. കോവിഡ് ഭീതി അകലുന്നതോടെ കേരളത്തിലേക്ക് ടൂറിസ്റ്റ് പ്രവാഹം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിങ്ങളുടെ വീട്ടിലെ ബാത് അറ്റാച്ഡ് ആയ ഒരു മുറി നല്ല നിലവാരത്തില്‍ ഒരുക്കിയാൽ ഹോംസ്റ്റേ ആരംഭിക്കാം. പരിചയത്തിലോ ബന്ധത്തിലോ ഉള്ള 10 വീടുകളില്‍ കൂടി ഓരോ റൂം ഒരുക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഹോട്ടല്‍ ഉടമ തന്നെയാകാം. നല്‍കുന്ന ഭക്ഷണത്തിനും ടൂര്‍ പാക്കേജിനും അധിക വരുമാനവും ലഭിക്കും.

8. നഴ്‌സറി

സ്വന്തമായി ഒരു പൂന്തോട്ടമില്ലാത്ത വീടുകള്‍ അപൂര്‍വമാണ്. പൂച്ചെടികള്‍ ചട്ടിയോടെ വാങ്ങി വീട്ടുമുറ്റത്ത് വച്ച് പരിപാലിക്കുന്നതാണ് മിക്കവരുടെയും രീതി. ഈ സാഹചര്യത്തിലാണ് നഴ്‌സറി ബിസിനസിന് ഡിമാൻഡ് കൂടുന്നത്. അല്‍പ്പം അഭിരുചിയുണ്ടെങ്കില്‍ ആര്‍ക്കും തുടങ്ങാവുന്ന ബിസിനസ് ആണിത്. ചെറിയ മുതൽ മുടക്കിൽ കുറച്ചു ചെടികൾ വാങ്ങി അവയിൽ നിന്നു തന്നെ പുതിയ തൈകൾ ഉത്പാദിപ്പിക്കാം. ഫ്ലാറ്റുകൾക്കും മറ്റും വേണ്ടി ഇൻഡോർ പ്ലാന്റുകളും ടെറേറിയവുമൊക്കെ ഉണ്ടാക്കി ലാഭത്തിൽ വിൽക്കാം.

9. പെറ്റ് ബോട്ടിലുകളും പാക്കേജിങ് സാമഗ്രികളും

ഭക്ഷ്യസംസ്‌കരണ വ്യവസായം തഴച്ചു വളരുമ്പോള്‍ അവയ്ക്കാവശ്യമായ ബോട്ടിലുകള്‍, ജാറുകള്‍ തുടങ്ങിയവയുടെ നിര്‍മാണം വലിയ ലാഭ സാധ്യതയാണ് ഒരുക്കുന്നത്. മുടക്കുമുതല്‍ അല്‍പ്പം കൂടുതല്‍ വേണ്ടിവരുമെങ്കിലും  ആദ്യഘട്ട ഇൻവെസ്റ്റ്മെന്റായി കണ്ടാൽ മതി. പിന്നീട് നല്ല രീതിയില്‍ വില്‍പ്പന കിട്ടും. 10-15 ശതമാനമാണ് ഈ രംഗത്തെ ലാഭമാര്‍ജിന്‍. ഉല്‍പ്പന്നവില വളരെ കുറവായതിനാല്‍ കൂടിയ അളവില്‍ ഉല്‍പ്പാദനം ആവശ്യമാണ്. മെഷിനറികളും ജോലിക്കാരും കൂടുതലായി വേണ്ടി വരും.  

10. ഡിസൈനര്‍ ബെഡ്ഷീറ്റ്, കുട്ടിയുടുപ്പുകള്‍

വസ്ത്രവില്‍പ്പന വലിയ ലാഭം കിട്ടുന്ന ബിസിനസ് ആണ്. അഭിരുചിയും അൽപം കലാബോധവുമുണ്ടെങ്കിൽ ബെഡ്ഷീറ്റും സാരിയുമൊക്കെ വാങ്ങി അതില്‍ ഡിസൈനുകളും സീക്വന്‍സുകളും നല്‍കി വില്‍ക്കുന്ന ബിസിനസിനു വലിയ സാധ്യതകളാണ് ഉള്ളത്. 400 രൂപയുടെ ഒരു സാരിയില്‍ അത്രയും തുക കൂടി മുടക്കി സീക്വന്‍സുകളും ഡിസൈനുകളും ഇഴചേര്‍ത്താല്‍ നാലായിരം രൂപയ്ക്ക് വില്‍ക്കാം. ഡിസൈനര്‍ ബെഡ്ഷീറ്റുകള്‍, കുട്ടിയുടുപ്പുകള്‍, ചുരിദാർ സെറ്റുകൾ, കര്‍ച്ചീഫുകള്‍, പില്ലോ കവറുകള്‍ തുടങ്ങിയവയ്ക്കും ഡിമാൻഡുണ്ട്.