Tuesday 26 November 2024 03:34 PM IST : By സ്വന്തം ലേഖകൻ

യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാനോ ജോലിക്കോ ശ്രമിക്കുവാണോ നിങ്ങൾ? ഈ 7 കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം

career-europe

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ജോലിക്കു ശ്രമിക്കുന്നതെങ്ങനെ ? പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ആൻ മാത്യു , കുറവിലങ്ങാട്, കോട്ടയം

യൂറോപ്യൻ വൻ‌കരയിലെ 27 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണു യൂറോപ്യൻ യൂണിയൻ. ഇക്കാലത്തു കേരളത്തിലെ യുവതലമുറയ്ക്കു യൂറോപ്പിനോടുള്ള താത്പര്യം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. EU തൊഴിൽ ദാതാക്കൾ അവരുടെ കമ്പനി വെബ്‌സൈറ്റുകളിൽ നേരിട്ട് ഒഴിവുകൾ പോസ്റ്റ് ചെയ്യാറുണ്ട്. കൂടാതെ സ്വകാര്യ റിക്രൂട്മെന്റ് ഏജൻസികൾ, പ്രത്യേക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, യൂണിവേഴ്‌സിറ്റി റിക്രൂട്ട്‌മെന്റ് സെല്ലുകൾ മുഖേനയും ഒഴിവുകൾ പരസ്യപ്പെടുത്താറുണ്ട്.

എല്ലാ EU രാജ്യങ്ങളിലെയും ജീവിത, തൊഴിൽ സാഹ ചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യൂറോപ്യൻ ജോബ് മൊബിലിറ്റി പോർട്ടലായ EURES-ൽ കാണാം.

EURES പോർട്ടലിൽ, നിങ്ങൾക്ക് ഒരു രാജ്യം തിരഞ്ഞെടുത്ത് ഒഴിവുകൾ കാണുന്നതിന് living and working conditions വിഭാഗത്തിനു കീഴിലുള്ള ‘finding a job’ എന്നതിൽ ക്ലിക്ക് ചെയ്യാം. മേഖലയും തൊഴിലും അനുസരിച്ച് നിങ്ങൾക്കു ജോലി കണ്ടെത്താം . ഇത്തരത്തിൽ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ചില കാര്യങ്ങൾ പ്രാഥമികമായി ശ്രദ്ധിക്കണം.

∙ EU ഇതര പൗരന്മാർക്കായി ഇത് തുറന്നിട്ടുണ്ടോ?

∙ എന്താണ് റിക്രൂട്ട്മെന്റ് പ്രക്രിയ?

∙ ഈ ജോലിക്കുള്ള അപേക്ഷാ സമയപരിധി ?

∙ കരാർ എത്ര കാലത്തേക്കാണ്?

∙ ആവശ്യമായ ഭാഷാ കഴിവുകൾ എന്തൊക്കെയാണ്?

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആവശ്യമായ എല്ലാ രേഖകളും നിങ്ങളുടെ പക്കലുണ്ടോ എന്നു പരിശോധിക്കുക. പാസ്‌പോർട്ട്, വിദ്യാഭ്യാസ യോഗ്യതകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മുൻ തൊഴിൽ ദാതാവിൽ നിന്നുള്ള റഫറൻസുകൾ, ജോലിക്കായുള്ള ഒരു കവർ ലെറ്റർ, ഇംഗ്ലിഷിൽ അപ്‌ഡേറ്റ് ചെയ്‌ത CV, (ആവശ്യമെങ്കിൽ അതത് രാജ്യത്തിന്റെ ദേശീയ ഭാഷയി ൽ തർജമ ചെയ്തത്) എന്നിവ തയാറാക്കുക.

കൂടാതെ എല്ലാ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അവയുടെ വിവർത്തനവും കരുതുക. ഇതോടൊപ്പം നിങ്ങളുടെ രേഖകളുടെ ഡിജിറ്റൽ ഫയലുകൾ കൂടി തയാറാക്കി സൂക്ഷിക്കണം.

EU-ൽ ജോലി കണ്ടെത്താൻ സഹായിക്കുന്നതിനു നിങ്ങൾക്കു റജിസ്റ്റർ ചെയ്ത റിക്രൂട്ട്മെന്റ് ഏജൻസിയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

റിക്രൂട്ട്മെന്റ് ഏജൻസി കേന്ദ്ര സർക്കാരിന്റെ കീഴിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നു പരിശോധിക്കുക. കേന്ദ്ര സർക്കാരിന്റെ പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്സ് (PGE) കൊടുത്തിരിക്കുന്ന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അ വരോട് ആവശ്യപ്പെടാവുന്നതാണ്. റജിസ്ട്രേഷൻ ലഭിച്ച ഏജൻസിയുടെ സേവനം മാത്രം സ്വീകരിക്കുക.

ഒരു റിക്രൂട്ട്‌മെന്റ് ഏജൻസി MEA (Ministry of External Affairs) ൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ അവർ ഇ -മൈഗ്രേറ്റ് പോർട്ടലിൽ (e-migrate) സജീവമാണോ അല്ലയോ എ ന്നു നിങ്ങൾക്കു പരിശോധിക്കാൻ സാധിക്കും.1983-ലെ എമിഗ്രേഷൻ ആക്ട് പ്രകാരം സബ്-ഏജന്റുമാർക്കു റിക്രൂട്ട് ചെയ്യാൻ അനുവാദമില്ല.

നിങ്ങൾക്ക് EU-ൽ ജോലി ലഭിച്ചാൽ ആദ്യപടിയായി തൊഴിൽ കരാർ ലഭിക്കും. നിങ്ങളുടെയും തൊഴിലുടമയുടെയും പേരും വിലാസവും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. തൊഴിൽ കരാറിൽ ജീവനക്കാരന്റെയും ഉടമയുടെയും അവകാശങ്ങളും കടമകളും വിവരിക്കുന്നു. ജോലി വിവരണം, പ്രതിഫലം, ശമ്പളം കിട്ടുന്ന തീയതി, ബോണസ്, അവധി ദിനങ്ങൾ, ജോലി സമയം എന്നീ വിവരങ്ങളെല്ലാം ഉൾപ്പെടുന്നതാണു തൊഴിൽ കരാർ.

വിവരങ്ങൾക്ക് കടപ്പാട്:


അജിത് കോളശ്ശേരി
സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്

(വിദേശ കുടിയേറ്റം സംബന്ധിച്ച സംശയങ്ങൾ ‌
വാട്സാപ് സന്ദേശമായി:98953 99206 ‌
എന്ന നമ്പരിലേക്ക് അയയ്ക്കുക)